മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

mumbai

Sohan PK

നെടുമ്പാശ്ശേരിയില്‍ നിന്നും വെളുപ്പിന് 5.30 യ്ക്ക് തന്നെ മുംബൈയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നു. രാവിലെ പെയ്ത മഴയില്‍ എയര്‍പോട്ട് നനഞ്ഞു കിടക്കുകയായിരുന്നു. വിണ്ണിലേയ്ക്കുയര്‍ന്ന യന്ത്രപക്ഷിയുടെ ജാലകത്തിലൂടെ നോക്കുമ്പോള്‍  അത്ഭുതകരവും കൗതുകവുമുണര്‍ത്തുന്ന ദ്യശ്യമാണ് കണ്ടത്. അങ്ങു താഴെ വളരെവളരെ താഴെയുള്ള കെട്ടിടങ്ങളില്‍  നിന്നുള്ള വൈദ്യുതവിളക്കുകള്‍  നനുത്ത മഴചാറ്റലിന്‍ടെ പശ്ചാത്തലത്തില്‍ വലിയ ഉത്സവാലങ്കാരവിളക്കുകള്‍ പോലെ മിന്നിത്തിളങ്ങുന്ന മനോഹരമായ ഒരു കാഴ്ച.

ഈ യാത്രയില്‍  ഞങ്ങള്‍ 3 പേര്‍ മാത്രമേ ഉള്ളൂ, ഞാനും  ജയയും (wife) സൂരജും (son).   ഒരാഴ്ചത്തെ മുംബൈ  പര്യടനമായിരുന്നു പ്ളാന്‍ ചെയ്തത്. ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. മുംബൈ എയര്‍പോര്‍ട്ടും കാര്‍മേഘാവ്യതമായിരുന്നു.  ഇന്‍ഡിഗോയുടെ airport bus ല്‍ കയറി exit ലുടെ പുറത്തിറങ്ങി. ഉമയും (daughter) ജിഷ്ണുവും (son in law) കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

വസായ് റോഡിലെ ഒരു പുതിയ ഫ്ളാറ്റിലാണ്  അവര്‍ താമസിയ്ക്കുന്നത്. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മാറിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. യഥാര്‍ത്ഥത്തില്‍  ജിഷ്ണുവിനെയും ഉമയെയും കാണുക എന്നത് തന്നെയായിരുന്നു ഈ ചെറുയാത്രയുടെ ഉദ്ദേശ്യങ്ങളില്‍ ഒന്ന്.

മുംബൈ എന്ന മഹാനഗരത്തിലേയ്ക്ക് ഇതിനു മുന്‍പും വന്നിട്ടുണ്ട്. പക്ഷേ അതൊരു 30 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. പിന്നീട് വന്ന മെട്രോ ട്രെയിനും, നൂതനമായ  വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ചിലതെങ്കിലും സന്ദര്‍ശിക്കാനുള്ള ജിജ്ഞാസയും ഒരു പ്രേരകശക്തിയെന്നോണം മനസ്സിലുണ്ടായിരുന്നു.

ഫ്ളാറ്റിലെത്തിയ ശേഷം പകല്‍സമയം മിക്കവാറും വിശ്രമിയ്ക്കാനാണ് ചിലവഴിച്ചത്. തലേ ദിവസത്തെ കലശലായ ഉറക്കക്ഷീണം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

വൈകുന്നേരം  ആയപ്പോള്‍ ടൗണിലേയ്ക്ക് നടക്കാനിറങ്ങി. വസായ്റോഡ് മുംബൈ യുടെ വടക്കു വശത്തുള്ള സാമാന്യം വലിയ ടൗണാണ്. വെസ്റ്റേണ്‍ റെയില്‍വേലൈനിലെ, പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനാണ്. കൂടാതെ മുംബൈയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗെറ്റ് വേ  ഓഫ് ഇന്‍ഡ്യ, മറൈന്‍ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഏകദേശം 50 km അകലെയുമാണ്.  ഞങ്ങള്‍ താമസിയ്ക്കുന്ന,ഫ്ളാറ്റ് ഉള്‍പ്പടെയുള്ള  കെട്ടിടസമുച്ചയങ്ങളിള്‍ പണികള്‍, തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നു. കൂടാതെ നിരവധി പുതിയ വമ്പന്‍ കെട്ടിടങ്ങളുടെ പണിയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവസാനമില്ലാതെ.

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍മഴ മുലം റോഡിലെമ്പാടും മഴവെള്ളം നിറഞ്ഞ ചെറിയ കുഴികളുണ്ട്. അതിനിടയിലൂടെ ആളുകള്‍ തിരക്കീട്ടു നീങ്ങുന്നു. കൂടാതെ വാഹനത്തിരക്കും. മഹാരാഷ്ട്രയിലെ പാലഗാര്‍ ജില്ലയിലാണ് ഈ സ്ഥലം. പുതിയ കണക്കനുസരിച്ച് 2 കോടി ആളുകളോളം ഇപ്പോള്‍ തന്നെ മുംബൈയിലുണ്ട്. സ്ഥലപരിമിതി മൂലം നഗരം അവസാനമില്ലാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

തെരുവിലെ, ഓട്ടൊറിക്ഷകളുടെ ബാഹുല്യം അത്ഭുതപ്പെടുത്തി. ബഹുദൂരത്തില്‍ കടകള്‍, ചെറിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തുണിക്കടകള്‍. ഫുട് പാത്ത് കച്ചവടക്കാര്‍. ഇതിനിടയിലൂടെ നടന്നു നീങ്ങുന്നവര്‍. ആകെ ബഹള മയമാണ്.

മദുര എന്ന പേരിലുള്ള സൗത്ത് ഇന്‍ഡ്യന്‍ റസ്റ്റേറന്‍റില്‍ കയറി. കൂടുതലും കര്‍ണാടക, തമിഴ് നാട് വിഭവങ്ങളാണ് മെനുവില്‍,കണ്ടത്.  എങ്കിലും നാട്ടിലെ  ഇഡ്ഢലി, ദോശ, മസാലദോശ ഇവയെല്ലാം അവിടെ  ലഭ്യമാണ്. 

ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍ പിന്നെയും മഴക്കാറ് വ്യാപിച്ചിരുന്നു. മഴ എപ്പോള്‍ വേണമെങ്ങിലും പെയ്യാം എന്ന അവസ്ഥ.

ഒരു ഓട്ടോറിക്ഷ വിളിച്ചു. 5 പേരും ഒരു ഓട്ടോറിക്ഷയില്‍ കയറി. അതൊന്നും ഇവിടെ പ്രശ്നമല്ല. ആളെ എണ്ണിയാണ് വാടക. ഒറ്റയ്ക്ക് പോകുന്നവര്‍ ഷെയര്‍ ഓട്ടോ യിലാണ് പോകുന്നത്. കൂടാതെ ബൈക്കുകളില്‍ പോകുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബ്ബന്ധമല്ല. അല്ലെങ്കില്‍  അങ്ങനെ ചെക്ക് ചെയ്യുന്ന പതിവില്ല.

ഈ season ല്‍ സൂര്യാസ്തമനം 7.30 pm നും 8 നും ഇടയിലാണ്. അതു കൊണ്ട് സമയം പോയതും രാത്രിയാകുന്നതും അറിയില്ല. അരമണിക്കൂര്‍ ഓട്ടോയില്‍ യാത്ര ചെയ്ത് ലിഫ്റ്റ്, കയറി ഫ്ളാറ്റിലെത്തിയ പ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു. അങ്ങനെ മുംബൈയിലെ ആദ്യദിവസത്തിന് സമാപനമായി. പിറ്റെ ദിവസം മുബൈ ദര്‍ശന്‍ ബസിന് ടിക്കറ്റ് എടുത്തിട്ടുണ്ട്. ബസിന്‍ടെ starting point ഭയന്തറില്‍ 6.40 am ന് എത്തണം. Vasai road കഴിഞ്ഞ് 2 rlwy station കഴിഞ്ഞാല്‍ ഭയന്തര്‍ സ്റ്റേഷനാണ്.

രാവിലെ 5.45 നാണ് station ല്‍ എത്തേണ്ടത്. എന്തായാലും ക്ഷീണം കൊണ്ടോ എന്തോ  കിടന്ന വഴി ഉറക്കം പിടിച്ചു

പിറ്റെ ദിവസം രാവിലെ 5 മണിയ്ക്കാണ് ഉണര്‍ന്നത്. എല്ലാവരും റെഡിയായി ഇറങ്ങിയപ്പോള്‍ സമയം 5.45 am. അല്‍പ്പം പരിഭ്രമം തോന്നാതിരുന്നില്ല.  ഒരു auto വിളിച്ച് വസായ്റോഡ് ല്‍ എത്തിയപ്പോഴേയ്ക്കും 5.55 am നുള്ള സബര്‍ബന്‍ ട്രേയിന്‍ പൊയ്ക്കഴിഞ്ഞിരുന്നു. അടുത്ത 6.05 നുള്ള ട്രെയിനില്‍ കയറി. 20 മിനിറ്റെങ്കിലും എടുക്കും ബസ് പുറപ്പെടുന്ന ഭയന്തറില്‍ എത്താന്‍. ടൂര്‍ ഓപ്പറേറ്ററെ ഫോണില്‍ contact ചെയ്തപ്പോള്‍, station ല്‍ എത്തിയാല്‍ വിളിയ്ക്കാനാണ് പറഞ്ഞത്. 

ഭയന്തറില്‍ ഇറങ്ങി auto വിളിച്ചപ്പോഴേയ്ക്കും സമയം 6.30 കഴിഞ്ഞിരുന്നു. മാത്രമല്ല  യാത്ര ബുക്ക് ചെയ്തിരിയ്ക്കുന്ന ബസിന്‍ടെ ഗൈഡ് തുടര്‍ച്ചയായി വിളിച്ച് എവിടെ എത്തി.. എത്താറായോ എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി. ഒടുവില്‍  10 മിനിറ്റ് വൈകി ഓടി ബസില്‍ കയറി. ഇവിടെ ബസ് മിസ് ആയാല്‍ ട്രെയിനിന്‍ യാത്ര, ചെയ്ത്  അന്ധേരിയില്‍ പോയികയറുകയേ നിവ്യത്തിയുള്ളു. ഏതായാലും starting point ആയതു കൊണ്ടാകണം ബസ് ഞങ്ങള്‍ക്ക് വേണ്ടി വെയ്റ്റ് ചെയ്തു.  ആദ്യം കയറിയ യാത്രക്കാരും  ഞങ്ങളായിരുന്നു.  വലിയ ഒരു ac tourist bus ആണ്. Maharashtra tourist devolopment corparation കൂടാതെ നിരവധി പ്രൈവറ്റ് ടൂറിസ്റ്റ് ബസുകള്‍ മുംബൈ ദര്‍ശന്‍ ട്രിപ്പ് നടത്തുണ്ട്. Ac, Non ac, food included or excluded. അങ്ങനെ ഏതു രീതിയിലും പോകാം. Charge വലിയ വ്യത്യാസമൊന്നുമില്ല.  Rs 450 ordinary ticket  ആണെങ്കില്‍ ബ്രേക്ഫാസ്റ്റ്(സമൂസ) ലഞ്ചും (വെജ് ബിരിയാണി)ഉള്‍പ്പെടുന്ന ടിക്കറ്റിന് Rs 550 ആണ്.

ബസ് മെല്ലെ നീങ്ങാന്‍ തുടങ്ങി. നേരം പുലര്‍ന്നു വരുന്നതേയുള്ളു എന്നതിനാല്‍,കടകളൊക്കെ അടഞ്ഞു കിടക്കുയാണ്‌ എങ്കിലും ട്രാഫിക് ശക്തമായിരുന്നു.  മീരാ റോഡ് എന്ന stop ല്‍ ബസ് നിര്‍ത്തി. അവിടെ നിന്നും സ്ത്രീകളടക്കം അഞ്ചാറു പേര്‍ കയറി. പിന്നീട് വന്ന ദഹിസര്‍, ബോറിവില്ലി, മലാഡ് തുടങ്ങിയ ബസ് സ്റ്റോപ്പുകളില്‍ നിന്നും ആളുകള്‍ കയറിക്കൊണ്ടിരുന്നു. ഏകദേശം പകുതിയോളം ആളുകള്‍ ബസില്‍ നിറഞ്ഞപ്പോള്‍ ടൂര്‍ ഗൈഡ് തന്‍ടെ പ്രഭാഷണം ആരംഭിച്ചു. ഹിന്ദി അറിയില്ലാത്തവര്‍ക്ക് തീര്‍ച്ചയായും മനസ്സിലാകാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിയ്ക്കും. പ്രധാനമായും ബസിന്‍ടെ പേരും നമ്പറും മൊബൈല്‍ നമ്പറും നോട്ട് ചെയ്യുക. ഒരു സ്ഥലം സന്ദര്‍ശിച്ച് തിരികെ സമയത്തിനുള്ളില്‍ ബസിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഹാള്‍ട്ടിംഗ് പോയിന്‍റിലെത്തുക. ഞങ്ങള്‍ക്ക് ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ സമയം പാഴാകും. അതു കൊണ്ട് ക്യത്യസമയത്ത് തന്നെ ബസില്‍ തിരികെ എത്തണം.. അറിയിപ്പുകള്‍ ഇങ്ങനെ പോകുന്നു.

Real time ഷെഡ്യൂള്‍ അനുസരിച്ച് 9.00 am ന്, തുടങ്ങി 6 pm ന് അവസാനിയ്ക്കുന്ന ഒരു ഏകദിനയാത്രയാണ് മുംബൈ ദര്‍ശന്‍. ഈ യാത്രയില്‍ ഛത്രപതി ശിവാജി മ്യൂസിയം, ഗെറ്റ് വേ ഓഫ് ഇന്‍ഡ്യ, മറൈന്‍ ഡ്രൈവ്, സയന്‍സ് മ്യൂസിയം, ജുഹു ബീച്ച് , സിദ്ധി വിനായകര്‍ ടെമ്പിള്‍, മഹാലക്ഷ്മി ടെംപിള്‍ ഹാംഗിംഗ് ഗാര്‍ഡന്‍സ് എന്നിവയായിരുന്നു പ്രധാനപ്പെട്ട സ്ഥലങ്ങള്‍. ഇത്, ശ്രീസായ് സര്‍വ്വീസ് എന്ന ബസിന്‍ടെ കാര്യം മാത്രമാണ്. സ്ഥലങ്ങളുടെ കാര്യത്തില്‍ പല ഏജന്‍സികള്‍ക്കും വ്യത്യാസങ്ങളുണ്ട്. മാത്രമല്ല ഇത് ഒരു ഓട്ടപ്രദക്ഷിണമാണ്. മുംബൈയില്‍ വരുന്ന ടുറിസ്റ്റുകളെ സഹായിക്കാനുള്ള ഒരു കുറുക്കു വഴി. സമയവും സൗകര്യവുമാണ് പ്രധാനം. അങ്ങനെയെങ്കില്‍ നേരിട്ട് പോയി കാണാവുന്ന എത്രയോ സ്ഥലങ്ങള്‍ ഈ മഹാനഗരത്തിലുണ്ട്. ആഴ്ചകളോ മാസങ്ങളോ പോലും എടുത്ത് സന്ദര്‍ശിച്ചാല്‍ പോലും തീരാതെ; അതങ്ങനെ വിശാലമായി നീണ്ടു നിവര്‍ന്നു, കിടക്കുകയാണ്.

ആദ്യത്തെ ഹോള്‍ട്ടിംഗ് പോയിന്‍റില്‍ ബസ് നിന്നു. തലയുയര്‍ത്തി നില്‍ക്കുന്ന വലിയൊരു കൊട്ടാരം പോലെയുള്ള കെട്ടിടമാണ് കണ്ടത്. മുന്‍പില്‍ ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രാഹാലയ് എന്നെഴുതി  വച്ചിരുന്നു.(CSMVS) ഇതൊരു മ്യൂസിയമാണ്. എല്ലാ മുംബൈ ദര്‍ശന്‍ ട്രിപ്പിലും ഈ സ്ഥലം ഉള്‍പ്പെടുത്താറുണ്ട്.

ഇവിടെ entry fee ticket എടുക്കണം. സമയം ലാഭിയ്ക്കാന്‍ അത്തരം കാര്യങ്ങളെല്ലാം ബസ് ഗൈഡിനെ ഏല്‍പ്പിച്ചിരുന്നു. 

മുന്‍പ് പ്രിന്‍സ്  ഓഫ് വെയില്‍സ് മുസിയം എന്നാണ് അറിയപ്പെട്ടിരുന്നത്. കര്‍ശനമായ സെക്യൂരിറ്റി ചെക്ക് അപ് കഴിഞ്ഞാണ് അകത്തേയ്ക്ക് പ്രവേശിച്ചത്. അതിമനോഹരമായ ഒരു ഗാര്‍ഡനും ലോണും അവിടെ പുല്‍ത്തകിടിയിര്‍ ധ്യാനാവസ്ഥയിരുള്ള ബുദ്ധ പ്രതിമയുമാണ് ആദ്യം കാണുന്നത്. മ്യൂസിയത്തില്‍ പ്രധാനമായും ഇന്‍ഡ്യന്‍ പെയിന്‍ടിംഗ്സ്. ഇന്‍ഡസ് വാലി സംസ്ക്കാരത്തിലെ ആയുധങ്ങള്‍, നാണയങ്ങള്‍ എന്നിവയാണ് ആദ്യനിലയില്‍ കണ്ടത്. അടുത്ത നിലയില്‍ പ്ളാന്‍റ് സ്പെസിമന്‍റസ് , മിനറല്‍സ്, ഡെക്കററ്റീവ് ആര്‍ട്ടിലുള്ള നിരവധി ചിത്രങ്ങളും ശില്‍പ്പങ്ങളും. ഉണ്ടായിരുന്നു.

ഇതില്‍ രാജസ്ഥാനിലെ ബിക്കാനീര്‍ കളക്ഷന്‍ എടുത്തു പറയെണ്ട അത്രയും മനോഹരമാണ്. ഛത്രപതി ശിവാജിയുടെയും മുഗല്‍ കാലഘട്ടത്തിലെയും ആയുധങ്ങള്‍ 'നാണയങ്ങള്‍  എന്നിവയും അത്ഭുതത്തോടെയാണ് കണ്ടത്. 

മുഗള്‍ മറാത്ത ജെയിന്‍ സങ്കര ആര്‍ക്കിട്ടേച്ചര്‍ ശൈലിയില്‍ ജോര്‍ജ് വിറ്ററ്റ് ഡിസൈന്‍ ചെയ്ത ഈ മഹാനിര്‍മ്മിതിയില്‍ ഏകദേശം 50000 ശില്‍പ്പങ്ങള്‍ തന്നെ ഉണ്ട്. ഒരു ദിവസം എടുത്താലും കണ്ടു തീരുക എന്നത് അസാധ്യമാണ്. ഞങള്‍ക്ക്  അനുവദിച്ച ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടു എന്ന് സ്വയം ആശ്വസിച്ച് ബസിലേയ്ക്ക് മടങ്ങി. എല്ലാ യാത്രക്കാരും ക്യത്യസമയത്തു തന്നെ ഹാജരായിരുന്നു.  ഗെറ്റ്  വേ ഓഫ് ഇന്‍ഡ്യയാണ് അടുത്തതായി ഇറങ്ങാനുള്ള സ്ഥലം. അവിടെ ബോട്ടിംഗ് നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ടിക്കറ്റിനുള്ള പണം ഗൈഡിനെ ഏല്‍പ്പിക്കാനുള്ള അനൗണ്‍സ്മെന്‍റ് മുഴങ്ങികേട്ടു കൊണ്ടേയിരുന്നു.

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ