(Saraswathi T)
പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാമാസം ഒന്നാം തീയതിയാണ്. ദൂരദേശങ്ങളിൽ നിന്നു പോലും ധാരാളം ഭക്തജനങ്ങൾ എത്തി ദർശനം നടത്തുന്നു. മല കയറാൻ പല വഴികളുമുണ്ട്. അധികവും കുറച്ചു ദുർഘടപ്പാതകൾ തന്നെ. പറയിപെറ്റ പന്തിരുകുലത്തിൻ്റെ പിന്തുടർച്ചക്കാരാണ് നാം എന്നാണ് വിശ്വാസം.നാനാജാതി മതസ്ഥർ തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള കഥയാണെങ്കിലും ആ ഉദ്ദേശശുദ്ധി എത്ര മഹത്തരമാണ്!
വരരുചി എന്ന ബ്രാഹ്മണ പണ്ഡിതന് പഞ്ചമി എന്ന പറയപെൺകൊടിയിൽ ജനിച്ച 12 മക്കളിലൊരാളായിരുന്നു നാറാണത്തു ഭ്രാന്തൻ. അദ്ദേഹം ഒരു പാട് സിദ്ധികളും കഴിവുകളുമുള്ള ദിവ്യനായിരുന്നത്രെ. എന്നാലും നിത്യേന രായി രനെല്ലൂർ മലയുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ ഉന്തിക്കയറ്റി പിന്നീടത് താഴേക്കു തള്ളിയിടും.കs കട ശബ്ദത്തോടെയുള്ള പാറഉരുണ്ടു വീഴുന്ന കാഴ്ച കണ്ട് അദ്ദേഹം കൈകൊട്ടിച്ചിരിക്കുമായിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ പ്രവർത്തിയെ പലതരത്തിലും വ്യാഖ്യാനിയ്ക്കാം. ഏറെ കഷ്ടപ്പെട്ട് നേടിയെടുക്കുന്നതെന്നും ക്ഷണനേരം കൊണ്ട് കൈമോശം വരുന്ന കാഴ്ച അനുഭവവേദ്യമാക്കാനാണിങ്ങനെ ചെയ്തതെന്നും പറയപ്പെടുന്നു.
മലയുടെ മുകളിൽ നാറാണത്തു ഭ്രാന്തൻ്റെ വലിയ പ്രതിമയുണ്ട്. ഭ്രാന്താചലം എന്നും ഈ മല അറിയപ്പെടുന്നു. ഇന്നേ ദിവസം ഇവിടെയുള്ള ജലാശയത്തിൽ ഗംഗാനദിയിലെ പുണ്യ ജലം എത്തിച്ചേരുന്നു എന്നാണ് ഭക്തജന വിശ്വാസം.
ഉയരത്തിലുള്ള മലമുകളിലെ വിസ്തൃതിയിലൂടെ നടക്കുന്നത് നല്ലൊരനുഭൂതി പ്രദാനം ചെയ്യും. അവിടെ നിന്നും നോക്കിയാൽ കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിൻ്റെ ചാരുത ഒരിക്കൽ കണ്ടാൽത്തന്നെ എന്നെന്നേക്കുമായി മനസ്സിലങ്ങനെ പതിഞ്ഞു കിടക്കും. നല്ല തണുത്ത കാറ്റ് വീശിയടിക്കുന്ന കുളുർമയുമാസ്വദിച്ച് പ്രകൃതിയുടെ വർണചിത്രമാസ്വദി 'ക്കുമ്പോൾ കയറി വന്ന ദുർഘടപ്പാതകൾ ഏല്പിച്ച ക്ഷീണം എങ്ങോ മറഞ്ഞിരിക്കും.
പാലക്കാട് ജില്ലയിലെ കൊപ്പം എന്ന സ്ഥലത്തിനു സമീപമാണ് രായിരനെല്ലൂർ മല.മലയക്കു മുകളിലെ ക്ഷേത്രത്തിൽ ദർശനം നടത്തി ചുറ്റും നടന്നു കാണുന്നത് നല്ലൊരനുഭൂതി പകരും എന്നുറപ്പാണ്.
നാറാണത്തു ഭ്രാന്തനു ദർശനം നൽകാൻ എത്തിയ ദേവി കണ്ടത് പാറയുരുട്ടിക്കയറ്റുന്ന ഭ്രാന്തനെയത്രേ.. ദേവി അമ്പരന്ന് പരിഭ്രമിച്ച് ഓടിയെന്നും പറയപ്പെടുന്നു. ദേവിയുടെ കാലടികൾ പതിഞ്ഞ അടയാളം ഭക്തിപൂർവം പൂജിച്ചു വരുന്നു.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുള്ള പട്ടാമ്പിയ്ക്കടുത്താണ് കൊപ്പം സ്ഥിതി ചെയ്യുന്നത്. അതിനു സമീപമാണ് രായിര നെല്ലൂർ. കൊപ്പം വരെ തീവണ്ടി വഴിയും അവിടെ നിന്നും റോഡുമാർഗത്തിലും എളുപ്പത്തിലിങ്ങോട്ട് എത്തിച്ചേരാം.