(Madhu Kizhakkkayil)
മനസ്സിന്റെ പുനരുജ്ജീവനത്തിനു ഏറെ സഹായകരമാണ് യാത്രകൾ. അത് ദൈനംദിന ജീവിതം പകരുന്ന ആവർത്തന വിരസതകളിൽ നിന്നുള്ള ഒരു താത്കാലികമായ മോചനം കൂടിയാണ്.യാത്രകൾ ആസ്വദിക്കാൻ നാം നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കേണ്ടതുണ്ട്. എങ്കിലേ യാത്രയുടെ ലക്ഷ്യം സഫലമാവുകയുള്ളു. കുറച്ചു വർഷത്തിനു മുമ്പ് തഞ്ചാവൂർ പോയപ്പോൾ യാദൃച്ഛികമായി ഒരു സുഹൃത്തിനോടൊപ്പം കോടിക്കരൈ വന്യജീവി സങ്കേതം സന്ദർശിക്കാൻ ഒരവസരം ലഭിച്ചു.
തഞ്ചാവൂർ നിന്ന് കോടിക്കരൈക്ക് 90 കിലോമീറ്ററുണ്ട്. തഞ്ചാവൂർ നിന്ന് കോടിക്കരൈ സ്ഥിതി ചെയ്യുന്ന വേദാരണ്യത്തേക്ക് നേരിട്ടു ബസ്സില്ല. തഞ്ചാവൂർ നിന്ന് നാഗപട്ടണം ബസ്സിൽ കയറി തിരുത്തിറൈപൂണ്ടി ഇറങ്ങി അവിടെനിന്ന് വേറെ ബസ്സിൽ വേദാരണ്യത്തേക്ക് പോകണം.
വ്യത്യസ്തമായ അനുഭവങ്ങൾ ലക്ഷ്യമിടുന്നവർക്ക് ഏറെ അനുരൂപമായ ഒരു സ്ഥലമാണ് വേദാരണ്യവും കോടിക്കരൈയും. അതിസുന്ദരമായ കടൽത്തീരം ഇവിടുത്തെ സവിശേഷതയാണ്. ഇന്ത്യയിൽ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഏക വന്യമൃഗസംരക്ഷണകേന്ദ്രമാണ് കൊടിക്കരൈ (Point Calimere ).
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേദാരണ്യം താലൂക്കിലാണ് കോടിക്കരൈ. വേദാരണ്യം ചരിത്രത്താളുകളിൽ ഇടം നേടിയ പ്രശസ്തമായൊരു സ്ഥലമാണ്, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീപ്പൊരികൾ ചിതറിയ മണ്ണ്. ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് തമിഴ്‌നാട്ടിൽ ഉപ്പു കുറുക്കാൻ തീരുമാനിച്ചത് വേദാരണ്യത്തായിരുന്നു. തൃശ്നാപള്ളിയിൽ നിന്ന് വേദാരണ്യത്തേക്ക് പുറപ്പെട്ട ഉപ്പു സത്യാഗ്രഹജാഥയുടെ നേതൃത്വം സർ. സി. രാജഗോപാലാചാരിക്കായിരുന്നു. അതിന്റെ ഓർമ്മയ്ക്കായി ഒരു സ്തൂപം ഇന്നുമവിടെയുണ്ട്. വേദാരണ്യത്തിലെ മറ്റൊരു പ്രധാന ആകർഷണം അവിടുത്തെ ചിരപുരാതനമായ വേദാരണ്യേശ്വര ക്ഷേത്രമാണ്. ഒമ്പതാം നൂറ്റാണ്ടിൽ ആദിത്യ ചോളന്റെ കാലത്താണ് ഈ മഹാ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു.ചോളശില്പകലയുടെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നായ ഈ ശിവക്ഷേത്രം സഞ്ചാരികളെ വിസ്മയിപ്പിക്കും.
വേദാരണ്യത്തിൽ നിന്ന് കോടിക്കരൈയിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. ഇത് ഉപ്പളങ്ങളുടെ നാടാണ്. നിരവധി ഉപ്പു നിർമാണ കേന്ദ്രങ്ങൾ ഈ കടലോര ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബസ്സിറങ്ങി അല്പദൂരം നടന്നാൽ കോടിക്കരൈ വന്യജീവി - പക്ഷി സംരക്ഷണ കേന്ദ്രത്തിലെത്താം. അതിനു മുന്നിലെ അതിവിശാലമായ മണൽക്കൂനകൾക്കപ്പുറം കിഴക്കു ഭാഗം ബംഗാൾ ഉൾക്കടലും തെക്കുഭാഗം പാക് കടലിടുക്കുമാണ്.ഒരു വശത്ത് കടലുകളുടെ സംഗമവും വേറൊരുഭാഗത്ത് കടലിനോട് ഓരം ചേർന്നു കിടക്കുന്ന ഉപ്പളങ്ങളും.മൊത്തത്തിൽ ആകാശവും ഭൂമിയും ശുഭ്രവർണ്ണാലംകൃതം.
ടിക്കറ്റ് എടുത്ത് സന്ദർശക രജിസ്റ്ററിൽ പേരു വിവരങ്ങൾ നല്‌കിയാൽ സന്ദർശകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാം. അവിടെനിന്ന് സംരക്ഷണകേന്ദ്രത്തിന്റെ മറുഭാഗത്ത് ബീച്ചിലെ നിരീക്ഷണഗോപുരം വരെ 7 കിലോമീറ്റർ ദൂരത്തിൽ നീർത്തടങ്ങൾക്കു നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു ചെമ്മൺ പാതയുണ്ട്. ചെറിയ വാഹനങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശനാനുമതിയു ണ്ട്. പൂർവ്വഡക്കാൻ വരണ്ട നിത്യഹരിത പരിസ്ഥിതി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വനമാണിത്. വന്മരങ്ങളില്ലാത്ത, കുറ്റിക്കാടുകളും കണ്ടലുകളും ചതുപ്പും നീർത്തടങ്ങളും നിറഞ്ഞ വനം. വൻമരങ്ങൾ നിറഞ്ഞ മഴക്കാടുകൾ കണ്ടു ശീലിച്ചവർക്ക് ഈ ഭൂപ്രകൃതിയുമായി പൊരുത്തപ്പെടാൻ അല്പം സമയമെടുക്കും.
കോടിക്കരൈ വന്യജീവി സംരക്ഷണകേന്ദ്രം ആരംഭിച്ചത് 1967 ജൂൺ 13 നാണ്. അന്ന് 24.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ഇത് 1988 ൽ 377 ചതുരശ്ര കിലോമീറ്ററായി വർദ്ധിപ്പിച്ചു.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 'ആന്റിലാപ് ' വിഭാഗത്തിൽ ഇന്ത്യയിൽ അവശേഷിക്കുന്ന ഏക വിഭാഗമായ കരിമാൻ അഥവാ കൃഷ്ണാമൃഗത്തെ (blackbuck ) സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ കേന്ദ്രം ആരംഭിച്ചത്. ആ ലക്ഷ്യം നിറവേറ്റപ്പെടുന്നുവെന്ന് ഇവിടം സന്ദർശിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും.കാരണം ഇവിടെ കരിമാൻ കൂട്ടങ്ങളെ ധാരാളമായി നമുക്കു കാണാം.
കരിമാനിനെ കൂടാതെ പുള്ളിമാൻ, കാട്ടുപന്നി, കാട്ടുപൂച്ച,കാട്ടുമുയൽ, കുറുക്കൻ, കുരങ്ങുകൾ,കരടി, വെരുക്, കീരി, മട്ടക്കുതിര(feral pony), തുടങ്ങിയ മൃഗങ്ങളും ഇവിടെയുണ്ട്.കൂടാതെ വന്യജീവി സങ്കേതത്തിനോടു ചേർന്നുള്ള കടൽത്തീരത്ത് ഡോൾഫിനുകളേയും അപൂർവ്വമായ ഒലിവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട കടലാമകളേയും കാണാം. ഈ കടലാമകളുടെ മുട്ടകൾ സംരക്ഷിക്കുന്നതിനായി ഒരു കൃത്രിമ ഹാച്ചറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വന്യജീവി സങ്കേതത്തിലെ പാതക്കിരുവശവുമുള്ള പുൽമേടുകളിൽ മേല്പറഞ്ഞ മിക്കവാറും മൃഗങ്ങളെ നമുക്കു നേരിൽക്കാണാം.ഞങ്ങൾ ഈ കേന്ദ്രം നടന്നു കാണുകയാണ് ചെയ്തത്. തലയ്ക്കു മുകളിൽ സൂര്യന്റെ പ്രഭാവം നമ്മെ ക്ഷീണിപ്പിക്കാതിരിക്കില്ല. കാരണം തുറസ്സായ സ്ഥലത്ത് ആശ്വാസത്തിനായി ഒരു നിഴൽ പോലുമില്ല.മാൻകൂട്ടങ്ങളുടെ കുട്ടിക്കുറുമ്പുകളും വാത്സല്യപ്രകടനങ്ങളും മട്ടക്കുതിരകളുടെ അലസതയും കാട്ടുപന്നികളുടെ നിസ്സംഗതയുമെല്ലാം കണ്ട് നടക്കുമ്പോൾ മറ്റെല്ലാ പ്രയാസങ്ങളും നമുക്കു വിസ്മരിക്കാൻ ശ്രമിക്കാമെന്നു മാത്രം.എങ്കിലും ഈ മൺപാതയിൽ അധികൃതർക്ക് കുറച്ച് തണൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കാമായിരുന്നെന്ന് ഇതുവഴി നടക്കുമ്പോൾ ആരും ആത്മാർഥമായി ആഗ്രഹിച്ചു പോകും.
ഈ പാതയുടെ ഇരുവശങ്ങളിലുമായുള്ള വിശാലമായ ഭാഗങ്ങളിൽ നിരവധി പക്ഷികളെ നമുക്കു കാണാം. ചെറുതും വലുതുമായ വിവിധതരം വർണ്ണകൊക്കുകളുടെ (painted strokes )ഒരു സാമ്രാജ്യം തന്നെയാണിത്. അവ തലയ്ക്കു മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുമ്പോഴാണ് വെയിലിന്റെ കാഠിന്യത്തിൽ നിന്ന് അല്പം ആശ്വാസം ലഭിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശാടനപക്ഷികൾ എത്തുന്ന രണ്ടാമത്തെ സ്ഥലമാണ് കോടിക്കരൈ. ഫ്ലെമിംഗോ, പെലിക്കൺ, പെയിന്റഡ് സ്‌ട്രോക്സ്, സ്പൂൺ ബിൽഡ് സാൻഡ് പൈപ്പർ തുടങ്ങി നൂറിലധികം ഇനം ദേശാടനപക്ഷികൾ ഇവിടെയെത്താറുണ്ട്. പ്രതിവർഷം ഇരുപത്തിനായിരത്തിലധികം ഫ്ലെമിംഗോകൾ കോടിക്കരൈ സന്ദർശിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് ദേശാടനപക്ഷികൾ ഇവിടെയെത്തുന്നത്. സ്പൂൺ ബിൽഡ് സാൻഡ്പൈപ്പറുകളുടെ അറിയപ്പെടുന്ന അപൂർവ്വമായ ആവാസസ്ഥാനമാണിത്. ദേശാടനപക്ഷികൾക്കു പുറമേ നീലപൊന്മാൻ, മരംകൊത്തി തുടങ്ങിയ നിരവധി നാട്ടു പക്ഷികളേയും നമുക്കിവിടെ കാണാം. പക്ഷിനിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു പറുദീസ തന്നെയാണ്.
സംരക്ഷണകേന്ദ്രത്തിലെ നടപ്പാത അവസാനിക്കുന്നത് അതിമനോഹരമായ കടൽതീരത്താണ്. അവിടെയുള്ള നിരീക്ഷണ ഗോപുരത്തിൽ കയറിയാൽ പ്രകൃതിയുടെ വിസ്മയകരമായ വൈരുദ്ധ്യം നമുക്ക് നേരിട്ടനുഭവിച്ചറിയാം.
ബംഗാൾ ഉൾക്കടലും പാക് കടലിടുക്കും സന്ധിക്കുന്ന സ്ഥലത്താണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് 46 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്ക. പ്രകൃതിയുടെ തികച്ചും വ്യത്യസ്തമായ രണ്ടു വിരുദ്ധ ഭാവങ്ങൾ നമുക്കിവിടെ നിന്നാൽ കാണാം. ഒരു ഭാഗത്ത് തീരത്തെ തകർക്കാൻ വെമ്പൽകൊണ്ട് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ. തൊട്ടപ്പുറത്ത് ഒരു കോട്ടപോലെ കടലിനെ തടഞ്ഞു നിർത്തുന്ന വിശാലമായ മണൽത്തിട്ട. അതിന്റെ ചാരെ കടലിന്റെ ഈ പരാക്രമങ്ങൾ ഒന്നുമറിയാതെ നീർത്തടത്തിനു സമീപത്തായി നിരവധി സസ്യ - ജന്തുജാലങ്ങൾ. വൈരുദ്ധ്യങ്ങൾക്കിടയിലെ ഈ ഏകത്വം പ്രകൃതി നമുക്കു നൽകുന്ന ഒരു പാഠം തന്നെയാണ്.
നിരീക്ഷണ ഗോപുരത്തിനു മുമ്പിൽ അല്പം അകലെയായി ഒരു തകർന്ന നിർമ്മിതിയുടെ അവശിഷ്ടങ്ങൾ കാണാം. പത്താം നൂറ്റാണ്ടിൽ രാജരാജ ചോളൻ ഒന്നാമൻ പണിത ലൈറ്റ് ഹൌസിന്റെ അവശിഷ്ടമാണത്. 2004 ലെ സുനാമിയിൽ ഇത് ഏറെക്കുറെ പൂർണമായും തകർന്നു. നിരീക്ഷണഗോപുരത്തിന് കുറച്ചകലെയായി ഒരു ലൈറ്റ് ഹൌസ് കാണാം. 1890 ൽ ബ്രിട്ടീഷുകാർ പണിത ഇതിന് 13 മീറ്റർ ഉയരമുണ്ട്. സന്ദർശകർക്ക് അതിനുള്ളിലേക്ക് പ്രവേശനമില്ല. കോടിക്കരൈ ബീച്ചിൽ 45 മീറ്റർ ഉയരമുള്ള ഒരു ആധുനിക ലൈറ്റ് ഹൌസ് കൂടി പ്രവർത്തിക്കുന്നുണ്ട്.
ഈ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഇവിടെ സ്വാഭാവികമായി വളരുന്ന ഔഷധ സസ്യങ്ങളാണ്. നൂറ്റിഅൻപതിലധികം ഔഷധസസ്യ ഇനങ്ങൾ ഇവിടെയുണ്ടെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ തന്നെ ശംഖു പുഷ്പം, കാട്ടു വെള്ളരി, കാട്ടുപടവലം, കാട്ടു കയ്പ തുടങ്ങി വിവിധയിനം ഔഷധസസ്യങ്ങൾ കാണാം.
വന്യജീവികേന്ദ്രം കണ്ട് തിരിച്ചെത്തിയപ്പോൾ സംരക്ഷണകേന്ദ്രത്തിന്റെ പുറത്ത് പക്ഷികൾ ധാരാളമായുണ്ടാകുന്ന ഒരു സ്ഥലത്തെക്കുറിച്ച് വനപാലകർ സൂചിപ്പിച്ചു. പക്ഷേ നട്ടുച്ച ആയതിനാലാകാം കുറച്ച് കൊറ്റികളേയും കുരുവികളേയുമല്ലാതെ വേറൊന്നിനേയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല.നല്ല വെയിലിൽ വന്യജീവി കേന്ദ്രത്തിനുള്ളിൽ പതിന്നാലു കിലോമീറ്റർ നടന്ന ക്ഷീണം വല്ലാതെ അലട്ടിയിരുന്നു. മുൾക്കാട്ടിലെ പഞ്ചാരമണലിലൂടെ ക്ഷീണിതരായി തിരിച്ചു നടക്കുന്നതിനിടയിലാണ് ഞങ്ങൾ അതിമനോഹരമായ ഒരു ഗാനം കേൾക്കാനിടയായത്. ആ നാദസ്രോതസ്സ് തേടി നടന്നപ്പോൾ ഒരു വലിയ മരത്തിന്റെ മുകളിലാണതിന്റെ ഉറവിടം എന്നു മനസ്സിലായി.ഗായകനെ കണ്ടില്ലെങ്കിലും ഞങ്ങൾ ആ പാട്ടിൽ ലയിച്ച് കുറേ നേരം ആ വൃക്ഷച്ചുവട്ടിൽ നിശ്ശബ്ദരായിരുന്നു.
യാത്രയ്ക്കിടയിലെ സഫലമായ ആ നിമിഷങ്ങൾ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നു. കുറച്ചുനേരത്തെ ഗാനാലാപനത്തിനു ശേഷം ആ മരത്തിൽ നിന്ന് ഒരു കൂട്ടം കൊച്ചു പക്ഷികൾ പറന്നു പോകുന്നതു കണ്ടു. അവരിൽ ഞങ്ങളെ ആനന്ദിപ്പിച്ച ഗന്ധർവ്വ ഗായകൻ ആരായിരിന്നുവെന്ന് മനസ്സിലായില്ല.പക്ഷേ, ഈ യാത്രയിൽ പ്രകൃതി ഞങ്ങൾക്കായി ഒരുക്കിയ അതി വിശിഷ്ടമായ സമ്മാനമായിരുന്നു അതെന്നതിൽ സംശയമില്ല.
കോടിക്കരൈയിൽ ഇനിയും നിരവധി കാഴ്ചകൾ ബാക്കിയുണ്ട്. രാമർപാദമണ്ഡപം, ഔഷധ സസ്യ ഉദ്യാനം, നവകോടി സിതാർ ആലയം, സന്യാസിൻ മുനീശ്വര ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകൾ. പക്ഷേ ആത്മനിർവൃതിയുടെ പാരമ്യത്തിലെത്തിച്ച കുഞ്ഞു പക്ഷിയുടെ ഗാനം കേട്ടതോടെ ഞങ്ങൾ സാഫല്യത്തിന്റെ പരകോടിയിലായിരുന്നു.ഇനി ഒന്നും കണ്ടില്ലെങ്കിലും സാരമില്ല എന്ന അവസ്ഥ.വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് രാമർ പാദ മണ്ഡപം.സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് പുറപ്പെട്ട ശ്രീരാമന്റെ കാലടികൾ ഇവിടെ ശിലയിൽ പതിഞ്ഞുവെന്നാണ് ഐതിഹ്യം.ഈ മണ്ഡപത്തിൽ നിന്നു നോക്കിയാൽ വന്യജീവി സങ്കേതത്തിന്റെ മൊത്തത്തിലുള്ള മനോഹരമായ കാഴ്ച്ച നമുക്കു ലഭ്യമാകും.
മൺസൂണിനു ശേഷം നവംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് വന്യജീവി കേന്ദ്രം സന്ദർശിക്കാൻ ഏറെ അനുരൂപമെന്ന് തദ്ദേശ വാസിയായ ഒരു സുഹൃത്ത് സൂചിപ്പിച്ചു.ജനുവരിക്കുശേഷം ഈ പ്രദേശത്ത് രൂക്ഷമായ വരൾച്ച അനുഭവപ്പെടും. എന്നാൽ 'ബീച്ച് ' ഇഷ്ടപ്പെടുന്നവർക്ക് മെയ് വരെ ഉപയോഗപ്പെടുത്താം.ഇനിയും വലിയ തോതിൽ മലിനീകരിക്കപ്പെടാത്തതും ജനത്തിരക്കില്ലാത്തതുമായ ഈ സ്ഥലം എല്ലാവർക്കും ഇഷ്ടപ്പെടും.അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയാണ് കോടിക്കരൈയിൽ അന്ന് ഞങ്ങൾക്കനുഭവപ്പെട്ട ഏക പ്രതികൂല ഘടകം.
എങ്കിലും കടലിനോടു ചേർന്നുള്ള ഒരു വന്യജീവി - പക്ഷി സംരക്ഷണ കേന്ദ്രമെന്ന തികച്ചും വ്യത്യസ്തമായ അനുഭവങ്ങളെ ആവോളം ആസ്വദിക്കുമ്പോൾ മറ്റെല്ലാ പരിമിതികളും നമ്മൾ മറക്കും. ഞങ്ങൾ തികഞ്ഞ ആത്മസംതൃപ്തിയോടെയാണ്കോടിക്കരൈയിൽ നിന്നും വേദാരണ്യത്തു നിന്നും മടങ്ങിയത്, കൂടുതൽ ഊർജ്ജവുമായി ജീവിതത്തിന്റെ പതിവ് കർമ്മകാണ്ഡത്തിലേക്ക്.
Image courtesy - black buck image by Rajesh mpt.