മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐ. ടി.കേന്ദ്രം എന്നതിലുപരി സഞ്ചാരികൾക്ക് എന്നും പ്രിയങ്കരമായ ഒരു ലക്ഷ്യ സ്ഥാനമാണിത്.

വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന നിരവധി ഘടകങ്ങൾ നമുക്കിവിടെ ലഭ്യമാണ്.പ്രാചീന സംസ്കാരത്തിന്റെ അടയാളങ്ങളായുള്ള വിവിധ സ്മാരകങ്ങൾ, ദേശീയവും വിദേശീയവുമായ കലാമാതൃകകൾ,കാലത്തിന്റേയും കലയുടേയും കയ്യൊപ്പു പതിഞ്ഞ വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ,ആധുനിക സാങ്കേതിക നിർമ്മിതികൾ, പ്രകൃതിസൊന്ദര്യം വാരിവിതറിയ ഭൂപ്രദേശങ്ങൾ, ഇതെല്ലാം ഹൈദരാബാദിലും സമീപങ്ങളിലുമായി നമ്മെ കാത്തിരിക്കുന്നുണ്ട്.

ഹൈദരാബാദ് യാത്രയിൽ സഞ്ചാരികളുടെ മനം കവരുന്ന നിരവധി കാഴ്ചകൾക്കിടയിൽ ഏറെ വ്യത്യസ്തവും അമൂല്യവുമായ അനുഭവങ്ങൾ പകരുന്ന ഒന്നാണ് ഗോൽകൊണ്ട കോട്ട.ഹൈദരാബാദ് നഗരത്തിൽ നിന്നു 11 കിലോമീറ്റർ അകലെ, നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്.ഒരു ക്യാൻവാസിലെന്ന പോലെ പ്രകൃതി രചിച്ച അതിസുന്ദരമായ ഒരു പശ്ചാത്തലത്തിലാണ് 11കിലോമീറ്ററോളം വ്യാപിച്ചിരിക്കുന്ന ഈ ചരിത്ര വിസ്മയമുള്ളത്.

നാഗരാതിർത്തിയിലെ സ്വച്ഛമായ ഗ്രാമീണാന്തരീക്ഷത്തിൽ ഏതാണ്ട് 120 മീറ്റർ ഉയരമുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു കുന്നിൻ മുകളിലാണ് ചരിത്രപ്രസിദ്ധമായ ഈ കോട്ട പണിതിട്ടുള്ളത്.കാകതീയ രാജാക്കന്മാർ 1143 ലാണ് ഇതു നിർമിച്ചത്. അവർ മണ്ണുകൊണ്ട് നിർമ്മിച്ച ഈ കോട്ട പിന്നീട് ബാഹ്മിനി സുൽത്താന്മാരും ഖുത്തബ് ഷാഹി രാജവംശവും ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു.

ഖുതബ് ഷാഹി രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഗോൽകൊണ്ട.അതുകൊണ്ടു തന്നെ ഇതിന്റെ വികസനത്തിൽ അവർ ഏറെ ശ്രദ്ധ പതിപ്പിച്ചു. പ്രത്യേകിച്ച്, ഈ രാജവംശത്തിലെ ഏറ്റവും പ്രശസ്തനായിരുന്ന മുഹമ്മദ്‌ ക്വിലി ഖുതബ് ഷാഹി രാജാവ്(1565 - 1612). ബഹുഭാഷാ പണ്ഡിതനും കവിയും ചിത്രകാരനുമായ അദ്ദേഹമാണ് നാം ഇന്നു കാണുന്ന രീതിയിൽ കോട്ടയെ നവീകരിച്ചത്.

കോട്ടയിലേക്ക് പ്രവേശിക്കുന്ന ഉടനെ  അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മെ സ്വാഗതം ചെയ്യുക.അവിടെ നിന്നു നോക്കുമ്പോൾത്തന്നെ മുമ്പ് യഥാർത്ഥത്തിൽ അവിടെ ഉണ്ടായിരുന്നതിന്റെ എത്രയോ മടങ്ങ് നഷ്ടപ്പെട്ടുവെന്ന ദുഃഖസത്യം നമുക്ക് ബോധ്യമാകും.കയ്യടക്കിയതിനേക്കാൾ അഭിമാനം അത് നശിപ്പിക്കുന്നതിൽ കണ്ടെത്തിയ അധമ മനസ്സുകളെ പ്രാകി കൊണ്ടല്ലാതെ ആർക്കും ഗോൽകൊണ്ടയുടെ ഉയരങ്ങളിലേക്ക് നടന്നുകയറാനാവില്ല. 

കോട്ടയുടെ ഉൾഭാഗത്ത് വിവിധ ഭാഗങ്ങളിലായി പഴയ കൊട്ടാര അവശിഷ്ടങ്ങളും പള്ളികളും കൊത്തുപണികളാൽ അലംകൃതമായ നിരവധി മണ്ഡപങ്ങളുമുണ്ട്.അവയെല്ലാം ഇന്തോ - പേർഷ്യൻ ശില്പകലയുടെ ഉത്തമ മാതൃകകളാണ്.പല കെട്ടിടങ്ങളിലും കൊത്തിവച്ചിട്ടുള്ള പൂക്കളുടെയും പക്ഷികളുടെയും രൂപങ്ങൾ മനോഹരങ്ങളും ശില്പകലയുടെ സൂക്ഷ്മത വെളിപ്പെടുത്തുന്നതുമാണ്. കോട്ടയുടെ ഏറ്റവും മുകളിലുള്ള മനോഹരമായ മണ്ഡപത്തിലെത്തിയാൽ നമ്മൾ മറ്റേതോ കാലത്തെ ഏതോ സ്ഥലത്ത് എത്തിച്ചേർന്ന പ്രതീതിയാണുണ്ടാവുക.അവിടെ നിന്നു ചുറ്റും നോക്കുമ്പോൾ കോട്ടയുടെ പൂർണദൃശ്യവും സമീപപ്രദേശങ്ങളുടെ ദൂരക്കാഴ്ചയും മാത്രമല്ല തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ദൂരെ ചാർമിനാറും നമുക്ക് അവ്യക്തമായി കാണാം.

ഗോൽകൊണ്ടയുടെ പഴയ പേര് 'ഗൊല്ല കൊണ്ട' എന്നായിരുന്നു. 'ഇടയന്റെ കുന്ന് 'എന്നാണ് ഈ തെലുങ്ക് വാക്കിന്റെ അർത്ഥം.ഇപ്പോൾ കോട്ട നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ ഒരു ഇടയബാലൻ ആകസ്മികമായി ഒരു വിഗ്രഹം കണ്ടുവെന്നും തുടർന്ന് ഈ വിവരമറിഞ്ഞ അന്നത്തെ കാകതീയ രാജാവ് ആ വിഗ്രഹം കണ്ട കുന്നിനു ചുറ്റും മണ്ണുകൊണ്ട് ഒരു കോട്ട പണിത് ആ സ്ഥലം സംരക്ഷിച്ചുവെന്നുമാണ് ഐതിഹ്യം.പിന്നീട് രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം
ബാഹ്മിനി രാജാക്കന്മാരുടേയും തുടർന്ന് ഖുതബ് ഷാഹി രാജാക്കന്മാരുടേയും അധീനതയിലായി ഇത്. ഈ രാജവംശങ്ങളായിരുന്നു കോട്ട കരിങ്കല്ലിൽ ബലപ്പെടുത്തി അതിന്റെ വ്യാപ്തി വർധിപ്പിച്ചത്.

നിരവധി ചരിത്രസംഭവങ്ങൾക്ക് മൂകസാക്ഷിയായിട്ടുണ്ട് ഗോൽകൊണ്ട കോട്ട.അധികാര മത്സരങ്ങൾക്കൊപ്പം നിരവധി കലകളുടേയും ഭാഷകളുടേയും വളർച്ചയ്ക്കും മതസൗഹാർദത്തിന്റെ മഹനീയമായ മുഹൂർത്തങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്.

1687 ലെ മുഗളാക്രമണത്തോടെ ഖുതബ് ഷാഹി രാജവംശത്തിന്റെ ഭരണം അവസാനിച്ചു.കോട്ട തകർത്ത ഔറംഗസേബ്, പക്ഷേ പള്ളിയും ഇതോടനുബന്ധിച്ചുള്ള ഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങളും നശിപ്പിക്കാതെ വിട്ടു.

നഷ്ടസ്വർഗ്ഗങ്ങളുടെ തേങ്ങലുകൾക്കിടയിലും കാലം അവശേഷിപ്പിച്ച വസ്തുക്കളുമായി ഗോൽകൊണ്ട അഭിമാനപുരസ്സരം സന്ദർശകരെ സ്വീകരിക്കാനായി തലയുയർത്തി നിൽക്കുകയാണ്. കുന്നിൻ മുകളിൽ സ്ഥാപിച്ച പീരങ്കികളും നാലു മടക്കു പാലങ്ങളും 87 കൊത്തളങ്ങളും 8 ബൃഹദ്കവാടങ്ങളും രാജകീയമായ ഹാളുകളും ആയുധസംഭരണ ശാലകളും കുതിരലായങ്ങളും വിശാലമായ 'നാഗിന പൂന്തോട്ട'വുമെല്ലാം നമുക്കായി ഇവിടെയുണ്ട്. കോട്ടയിലെ ദർബാർ ഹാളിൽ നിന്ന് കുന്നിന്റെ താഴ്‌വാരത്തിൽ എത്തിച്ചേരുന്ന ഒരു രഹസ്യമായ തുരങ്ക പാതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.

കോട്ട പിടിച്ചെടുത്തതിനു ശേഷം ഔറംഗസേബിന്റെ സൈന്യം കോട്ടയുടെ ഏറ്റവും പുറത്തുള്ള കവാടത്തിലൂടെആയിരുന്നു മാർച്ചു ചെയ്ത് ഉള്ളിൽ കടന്നത്.അതിനാൽ ആ കവാടം വിജയ കവാടം എന്നർത്ഥമുള്ള  'ഫത്തേഹ് ദർവാസാ' എന്നാണ് അറിയപ്പെടുന്നത്.ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്ന അക്കാലത്തെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ മഹത്തായ ചില മാതൃകകൾ നമുക്കു കാണാം.അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് ഈ കവാടത്തിലെ ശബ്ദസംവിധാനം. ഇതിലെ ചില പ്രത്യേക സ്ഥാനങ്ങളിൽ വച്ചു നാം കൈകൊട്ടിയാൽ അതിന്റെ മാറ്റൊലി ഏതാണ്ട് ഒരു കിലോമീറ്റർ അകലെ മലയുടെ ഏറ്റവും മുകളിലുള്ള 'ബാലഹിസാർ' മണ്ഡപത്തിൽ വ്യക്തമായി കേൾക്കാം. ആസന്നമായ അപകടങ്ങളെക്കുറിച്ച് കോട്ടയിലുള്ളവർക്ക് മുന്നറിയിപ്പുനൽകാനായി തീർത്ത ഈ സംവിധാനം സന്ദർശകരെ വിസ്മയിപ്പിക്കും. ഈ കോട്ടയിലെ മറ്റൊരു ആകർഷകമായ പ്രത്യേകത ഇതിനകത്തെ ജലവിതരണ സംവിധാനമാണ്. അക്കാലത്തും ഇത്രയും കുറ്റമറ്റ രീതിയിലുള്ള ഒരു ജലവിതരണ പദ്ധതിയുണ്ടായിരുന്നുവെന്ന് അറിയുമ്പോൾ അതിനു പിന്നിലെ ബുദ്ധിയെ നമുക്ക് നമിക്കാതിരിക്കാൻ കഴിയില്ല. ഇതിനായി പണിത 12മീറ്റർ ആഴമുള്ള മൂന്നു ജല സംഭരണികൾ ഇന്നും നമുക്കിവിടെ കാണാം.

കോട്ടയ്ക്കകത്ത് എത്തുന്ന സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരിടമാണ് 'രാംദാസ് തടവറ'. ഇതിനു പിന്നിൽ പറഞ്ഞു കേൾക്കുന്ന ഒരു കഥയുണ്ട്. ഷാഹി രാജവംശത്തിലെ രാജാവായിരുന്ന അബ്ദുൽഹസ്സൻ ഷാഹിയുടെ നികുതി പിരിക്കുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു രാംദാസ്. എന്തോ കാരണത്താൽ രാജാവ് അയാളെ തടവിലിട്ടു. തടവറയിൽ കിടക്കുന്ന സമയത്ത് അയാൾ ആ മുറിയുടെ ചുവരുകളിൽ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങൾ കൊത്തി വച്ചു. അദ്ദേഹം അന്നു കൊത്തിയ ഹനുമാന്റെ രൂപത്തിൽ ആളുകൾ ഇന്നും കുങ്കുമം പൂശുകയും അതിനു മുമ്പിൽ വിളക്കു തെളിയിക്കുകയും ചെയ്തു വരുന്നു.

കോട്ടയുടെ പുറത്തായി രണ്ടു മനോഹരങ്ങളായ കരിങ്കൽ മണ്ഡപങ്ങൾ നമുക്കു കാണാം. താരാമതി ഗാനമന്ദിരം, പ്രേമാമതി നൃത്യമന്ദിരം എന്നീ പേരുകളിൽ അറിയപ്പെടുന്ന അവ വിഖ്യാതരായ രണ്ടു കലാകാരികളായ സഹോദരിമാരുടെ സ്മാരകങ്ങളാണ്. അവർ അവിടെ വച്ചു നടത്തിയിരുന്ന കലാപ്രകടനങ്ങൾ രാജാവിന് കുന്നിൻ മുകളിലുള്ള തന്റെ ദർബാർ ഹാളിലിരുന്നാൽ കാണാമായിരുന്നത്രെ.

ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം പതിനേഴാം നൂറ്റാണ്ടോടെ രത്നങ്ങളുടെ നഗരം എന്ന നിലയിലും ഗോൽകൊണ്ട ലോകപ്രശസ്തമായിരുന്നു. ഒരുകാലത്ത് ലോകത്തിൽ അറിയപ്പെട്ട രത്നഖനികളുള്ള ഏക നഗരം ഗോൽകൊണ്ടയായിരുന്നു. കോഹിനൂർ, ബ്ലൂ ഹോപ്പ്, പിങ്ക് ഡാരിയ - ഇ - നൂർ, വൈറ്റ് റീജന്റ്, ഡ്രെസ്ഡാൻ ഗ്രീൻ തുടങ്ങിയ വിശ്വപ്രശസ്ത രത്നങ്ങളെല്ലാം ഗോൽകൊണ്ടയുടെ സംഭാവനകളാണ്.
രാവിലെ 9 മണി മുതൽ വൈകീട്ട് 5.30 വരെയാണ് കോട്ടയിലേ സന്ദർശക സമയം. സന്ദർശകർക്കു വേണ്ടി ഇപ്പോൾ ലൈറ്റ് & സൗണ്ട് ഷോ അവതരിപ്പിച്ചു വരുന്നുണ്ട്. ഗോൽകൊണ്ടയുടെ ഇന്നലെകളെകുറിച്ചറിയാൻ ഇതു നമുക്ക് ഏറെ സഹായകരമാണ്.

ഗോൽകൊണ്ട കോട്ടയുടെ ഏറ്റവും മുകളിലുള്ള മണ്ഡപത്തിൽ നിന്നുള്ള അസ്തമയ ദൃശ്യം സമാനതകളില്ലാത്ത ഒരനുഭവം തന്നെയാണ് നമ്മിലേക്ക്‌ ചാലിച്ചു ചേർക്കുന്നത് .ചരിത്രം പ്രകൃതിക്കു വഴിമാറികൊടുക്കുന്ന അനർഘനിമിഷങ്ങൾ നമുക്കവിടെ വച്ച് നേരിട്ടനുഭവിക്കാം.ചുറ്റുമുള്ള വയലുകൾ കടന്ന് പാറക്കൂട്ടങ്ങളെ തഴുകിയെത്തുന്ന ഇളം കാറ്റിന്റെ പായ്യാരങ്ങളിൽ അടങ്ങിയിരിക്കുന്ന വികാരങ്ങളെ വേർതിരിച്ചറിയുക പ്രയാസകരമാണ്.അതിൽ ഈ കുന്നിൻമുകളിൽ ആദ്യമായി വിഗ്രഹം കണ്ട ഇടയബാലന്റെ അത്ഭുതവും അതിനെ സംരക്ഷിക്കാൻ മണ്ണുകൊണ്ട് കോട്ട പണിത കാകതീയ രാജാവിന്റെ ഭക്തിയുമുണ്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ പിതാവിനെ കൊന്ന് ഭരണം പിടിച്ചെടുത്ത ഖുതബ് ഷാഹി രാജാവിന്റെ അധികാരമോഹവും മതാതീതമായ മനുഷ്യസ്നേഹത്തെ ഉപാസിച്ച അതേ രാജവംശത്തിലെ പിൻതലമുറക്കാരന്റെ വിശാല മനസ്കതയുമുണ്ട്.അസാധ്യമെന്നു തോന്നുംവിധം കോട്ട രൂപകല്പന ചെയ്ത ബുദ്ധികേന്ദ്രങ്ങളുടെ അഭിമാനബോധവും പുതിയ രാഗങ്ങളും ചുവടുകളും കൊണ്ട് കലയുടെ പുതുവസന്തം തീർത്ത കലാകാരന്മാരുടെ സർഗ്ഗാത്മകതയുണ്ട്.സഫലമാകാതെപോയ  പ്രണയങ്ങളുടെ വിങ്ങലുകളും ഇതു പടുത്തുയർത്താൻ പണിയെടുത്ത ആയിരങ്ങളുടെ വിയർപ്പിന്റെ ഗന്ധവുമുണ്ട്.മറ്റു ചിലപ്പോൾ അധികാരധാർഷ്ട്യത്താൽ നിമിഷനേരം കൊണ്ട് എല്ലാം തകർത്ത മുഗൾ രാജാവിന്റെ ആക്രമണത്തിന്റെ ത്ധണത്ക്കാരവും ഇവിടുത്തെ സായന്തനത്തിലെ ഇളം കാറ്റിൽ നമുക്കു കേൾക്കാം.

യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും ഒരിക്കലെങ്കിലും ഗോൽകൊണ്ട കണ്ടിരിക്കണം. ചരിത്രവുമായി ചേർന്നു നിൽക്കുന്ന ഈ ശില്പവൈദഗ്ദ്ധ്യ വിസ്മയം മാനസികമായ അതിജീവനത്തിനു നമുക്ക് ഊർജ്ജം പകരും. . ഹൈദരാബാദിന്റെ ഗതകാല പ്രൗഢിയുടെ ഈ അടര് ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരു കനത്ത കണ്ണി കൂടിയാണ്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ