മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നീണ്ടുപോകുന്ന പാളം മുറിച്ചുകടന്ന് റെയില്‍വേ ജങ്ങ്ഷനോടടുത്തതും മകന്‍റെ കണ്ണില്‍ വല്ലാത്തൊരു തിളക്കം അനുഭവപ്പെട്ടത് ഞാന്‍ ശ്രദ്ധിച്ചു.

‘’ഇന്ന് ഞാന്‍ അര്‍ജുനനെ തോല്‍പ്പിക്കും’’. അവന്‍ പിറുപിറുത്തു. അവന്‍റെ തീക്ഷ്ണതയോടെയുള്ള സ്വരത്തില്‍ പകച്ചുനിന്ന എന്നോടായി അവന്‍ പറയുകയാണ്.

‘’അച്ഛനറിയോ..എഫ്.ബി. യില്‍ അവനിട്ട പോസ്റ്റിനു പതിനായിരത്തില്‍ കൂടുതല്‍ ലൈക്‌. ഞാനിതെങ്ങിനെ സഹിക്കും. നോക്കിക്കോ ഞാനവനെ കടത്തിവെട്ടും’’

അങ്കത്തട്ടില്‍ കലിപൂണ്ടുനില്‍ക്കുന്ന ചേകവരെപ്പോലെ വിറളിപൂണ്ട അവന്‍റെ സ്വരത്തില്‍ വല്ലാത്തൊരു വീറും വാശിയും പടര്‍ന്നു കത്തിയിരുന്നു.

‘’അതിനു നിനക്കെന്ത്...? എന്‍റെ മൂഢമായ ചോദ്യത്തില്‍ അവനെന്നെ കനപ്പിച്ചൊന്നു നോക്കി.

‘’എന്തെന്നോ..അച്ഛനൊന്നും അറിഞ്ഞൂടാ.... അതന്നേ.... ഞാനിന്നു ഒരു സെല്‍ഫിയെടുക്കാന്‍ പോവുന്നു." അഭിമാനത്തോടെ നെഞ്ചുവിരിച്ചുകാട്ടി അവന്‍ തുടര്‍ന്നു. അതിന് എത്ര ലൈക്കുകള്‍ കിട്ടുമെന്ന് ഇപ്പോ പറയാനാകില്ല. ഒരുപക്ഷേ...ലക്ഷം.. അതിലും കൂടുതല്‍.. അവന്‍റെ കണ്ണുകളിലെ തീക്ഷ്ണഭാവം ചോണനുറുമ്പുകളായി ദേഹത്തെവിടെയോക്കെയോ തിമിര്‍പ്പുണ്ടാക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് അവന്‍ എന്നില്‍ നിന്നും കണ്ണുവെട്ടിച്ച് ആള്‍ത്തിരക്കിലേയ്ക്ക് പടര്‍ന്നു കയറിയത്. തിരക്കിലൂടെ ഊളിയിട്ടു പായുന്ന അവന്‍റെമേല്‍ എന്‍റെ നോട്ടത്തിന്‍റെ കടിഞാണിട്ട് അവനു പിറകെ ഞാനും പായുകയായിരുന്നു. എന്നാല്‍ അവന്‍ തിരക്കിനിടയില്‍ അപ്രത്യക്ഷമായതു എത്ര വേഗത്തിലായിരുന്നു.

ആദ്യവും അവസാനവും കാണാനാകാതെ സമയം കാത്തുകിടക്കുന്ന തീവണ്ടികള്‍. സ്റ്റേഷനില്‍ തിരക്കോടു തിരക്ക് . അവനെവിടെ പോയി ഒളിച്ചു.

അപ്പുറത്തെ രണ്ടാം പാതയില്‍ തീവണ്ടി ചൂളംവിളിയോടെ പുറപ്പെടാനൊരുങ്ങി നില്‍ക്കുകയാണ്. എന്‍ജിന്‍ ചുമച്ചു ശബ്ദമുണ്ടാക്കിയതും അതു മെല്ലെ നീങ്ങി തുടങ്ങി. ആള്‍ത്തിരക്കിലന്വേക്ഷിച്ചു നടന്ന എന്‍റെ കണ്ണുകള്‍ ശരവേഗത്തിലാണ് ആകാഴ്ചയില്‍ ചെന്നുതറച്ചത്. നീങ്ങികൊണ്ടിരിക്കുന്ന തീവണ്ടിയ്ക്കു മുകളില്‍ അവന്‍ . അവനെങ്ങനെ അതിനുമുകളില്‍ കയറിപറ്റി. ഒരുമിന്നല്‍പിണര്‍ ഹൃദയത്തെ തുളച്ചു കടന്നുപോയി.

‘’മോനെ...’ തൊണ്ടയില്‍ നിന്നുംപൊട്ടിയടര്‍ന്ന നിലവിളി ചിതറിവീണു. ആരൊക്കെയോ കൂവിവിളിക്കുന്നുണ്ട്. എല്ലാകണ്ണുകളും അവനിലാണ്.

അവനതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സെല്‍ഫിയെന്ന മായാവലയത്തിന്‍റെ ചുഴിയില്‍ അവന്‍ ചുറ്റി കറങ്ങുകയാണ്. വണ്ടി നീങ്ങിയതും അവനൊന്നു ആടിയുലഞ്ഞു. ഒരുനിമിഷം. അവന്‍ പിറകോട്ടൊന്നു മലച്ചു. റെയില്‍പാളത്തിലെ ഇരുമ്പുപാളികള്‍ അവന്‍റെ ദേഹത്തെ ചേര്‍ത്തമര്‍ത്തി. തീവണ്ടിയുടെ ചക്രങ്ങള്‍ അവനെ തഴുകി കടന്നുപോയി.

കണ്ണുകള്‍ക്ക്‌ മുന്നില്‍കണ്ട ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ വെമ്പുന്ന കാഴ്ചക്കാരായി നിന്നവരെ തള്ളിമാറ്റി പാളത്തില്‍ ഞെരിഞ്ഞമര്‍ന്ന രക്തതുണ്ടിനെ മാറോടണച്ച് അലറിവിളിച്ചു....’മോനെ...’

അപ്പോഴും പാളത്തിനപ്പുറത്ത് തെറിച്ചുവീണിട്ടും അനക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്‍റെ മൊബൈലില്‍ അവനെടുത്ത ആ സെല്‍ഫി ചിത്രം ചിരിതൂകികൊണ്ടേയിരിക്കുകയായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ