അമ്മയുടെ കയ്യിൽ മുറുകെ പിടിച്ച് നടന്നു എട്ടുവയസുകാരൻ ദേവരാഗ്. അമ്മയുടെ മുഖത്ത് നല്ല ക്ഷീണമുണ്ട്. നടക്കുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു, ‘എന്തായിത് സൂര്യൻ ഭൂമിയിലേക്ക് ചാടാൻ തുടങ്ങുന്നോ. കത്തുന്ന ചൂട്.’
ഉടുത്തിരുന്ന പശമുക്കാത്ത കോട്ടൺ സാരിയുടെ കോന്തല മകന്റെ തലയിലൂടെ ഇടുമ്പോൾ പറഞ്ഞു: ‘അമ്മയുടെ നിഴലിൽ നിന്നോളു.’
"എത്ര ദിവസമായി ആശുപത്രി കയറിയിറങ്ങുന്നു. ഇതിനെന്നാണൊരവസാനം. എന്റെ അവസാനം തന്നെ. കുറച്ചു വർഷങ്ങൾ കൂടി കിട്ടിയിരുന്നെങ്കിൽ മകൻ ഒറ്റപ്പെടില്ലായിരുന്നു." അവൾ നെടുവീർപ്പിട്ടു.
സ്ക്കൂളില്ലാത്ത കാരണം മകനെ കൂടെകൂട്ടാതെ നിവർത്തിയില്ല.
‘അമ്മേ എന്തിനാ എനിക്ക് ദേവരാഗ് എന്ന് പേരിട്ടെ?’ മകന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഒരുനിമിഷം നിന്നുപോയി.
‘അമ്മേ കേട്ടില്ല?’ വീണ്ടും മകന്റെ ചോദ്യം.
‘അമ്മയ്ക്കറിയുമോ അമ്മ ഡോക്ടറുടെ അടുത്തു പോയപ്പോൾ ആ നേഴ്സാന്റി ചോദിച്ചു. പിന്നെ പലരും ചോദിച്ചു. അച്ഛന്റെ പേര് എന്താണ് എന്നും ചോദിച്ചു.’
‘വീട്ടിലെത്തട്ടെ, അപ്പോൾ പറയാം.’ അവൻ സമ്മതം മൂളി.
മുന്നോട്ട് നടകുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. ഒരാന്റിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന അങ്കിൾ.
"എന്താണ് എന്റെ അമ്മയ്ക്ക് അങ്ങനെ ഒരാൾ ഇല്ലാതെ പോയത്. അങ്ങനെ ഒരാളുണ്ടായിരുന്നെങ്കിൽ അത് എന്റെ അച്ഛനാകില്ലായിരുന്നോ? കൂട്ടുകാരും പിന്നെ ചുറ്റിനും കാണുന്നവരും പറയില്ലേ, കൂടെയുള്ള ആൾ മക്കളുടെ അച്ഛനാണെന്ന്. എങ്കിൽ ഈ വെയിലത്ത് പാവം അമ്മ ഒറ്റയ്ക്ക് ഇങ്ങനെ നടക്കണമായിരുന്നോ?
അമ്മയുടെ സൈഡിലൂടെ എത്തിനോക്കി അവൻ വീണ്ടും വീണ്ടു ആ കാഴ്ച നോക്കിക്കണ്ടു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്താശ്വാസമാകുമായിരുന്നു. അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല അച്ഛനെവിടെയെന്ന്."
അവൻ അമ്മയുടെ മുഖത്തേക്കെത്തിനോക്കി. കരുവാളിച്ച മുഖം. അമ്മയ്ക്കെന്തോ വലിയ അസുഖമാണെന്നും നല്ല വിശ്രമം വേണന്നൊക്കെ ആ നേഴ്സ് ആന്റി പറഞ്ഞു. അമ്മ വീടുകളിലൊക്കെ ജോലിക്കു പോയാണ് തന്നെ വളർത്തുന്നത്. അടുത്ത വീട്ടിലെ ഒത്തിരി കാശുള്ള ഒരമ്മയാണ് വല്ലപ്പോഴും അമ്മയെ സഹായിക്കാറ്. തനിക്ക് പഠിക്കാനും സഹായിക്കും. നല്ലുടുപ്പും പലഹാരവുമൊക്കെ തരും. എന്നാലും അച്ഛൻ...
‘അമ്മേ എനിക്കച്ഛനില്ലെ?’ അവൻ പെട്ടെന്ന് ചോദിച്ചു
'രാഗു, എന്തായിത്. ഇനിയും ദൂരം നടക്കണ്ടെ ബസ്റാറാന്റിലേക്ക്. എല്ലാം വീടെത്തിയിട്ട് പറയാം.’
കാല് നന്നായി വേദനിക്കുന്നു. എങ്കിലും അവർ മിണ്ടാതെ നടന്നു. പക്ഷേ, അവനെറിഞ്ഞിട്ട തീപ്പൊരി അവരുടെയുള്ളിൽ പുകഞ്ഞു കൊണ്ടിരുന്നു.
"ദേവരാഗ്, മകന് ആ പേരിട്ടത് ദേവേട്ടനാണ്. അവന്റെ മുഖം കാണുന്നതിനും മുൻപ്. സംഗീതത്തെ ഏറെ സ്നേഹിച്ചു. വലിയ പാട്ടുകാരനാകാൻ മോഹിച്ചു. മുത്തശ്ശി മാത്രം ആശ്രയമായ തന്നെ കൂടെകൂട്ടാമെന്ന് ഉറപ്പുതന്നതായിരുന്നു. ചെന്നൈയിലേക്ക് ഒരിന്റർവ്യൂവിനുപോയ ദേവേട്ടൻ ഒരിക്കലും മടങ്ങിയെത്തിയില്ല. പോകുംമുൻപ് തന്ന സമ്മാനം ഉദരത്തിൽ നാമ്പിട്ടതറിഞ്ഞ മുത്തശ്ശിയുടെ അപമാനഭാരം താങ്ങാത്ത ശരീരം ഉപേക്ഷിച്ച് ആ ആത്മാവ് പടിയിറങ്ങി. അപമാനവും ഒറ്റപ്പെടീലും തളർത്തിയ തന്റെ ജീവൻ നിലനിന്നതുതന്നെ അമ്മയുടെ കൂട്ടുകാരിയായ സുമത്രേച്ചിയുടെ കാരുണ്യം കൊണ്ടാണ്. കൊത്തിപ്പറിക്കാൻ വന്ന കഴുകൻ കണ്ണുകളെ എല്ലാം തലയ്ക്കൽ സൂക്ഷിച്ച വെട്ടുകത്തിയുടെ മൂർച്ച അകറ്റി നിർത്തി. എങ്ങനെയൊക്കെയോ ഇവിടം വരെയെത്തി. എവിടെയോ നഷ്ടപ്പെട്ട ദേവേട്ടൻ. മകനിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകൾ ഉള്ളിൽ ജീവിക്കുന്നു. എങ്ങനെയണ് മകനോട് പറയുക, വിവാഹത്തിന് മുൻപ് ജന്മം കൊടുത്തതാണ് അവനെയെന്ന്. എന്നെങ്കിലും ദേവേട്ടൻ തേടിവരുമെന്ന് പ്രതീക്ഷിക്കാത്ത ഒരു ദിവസവുമില്ല. 'സുമിത്രാ...' എന്നൊരു വിളി കാതോർത്തിരിക്കാത്ത ഒരു രാത്രിപോലുമില്ല. മരിക്കുന്നതിനു മുമ്പെത്തിയുരുന്നെങ്കിൽ മകനെ ആ കൈകളിലേൽപ്പിക്കാമായിരുന്നു."
ഉള്ളലുയർന്ന നൊമ്പരം വാക്കുകളായി പെയ്തൊഴിയാതിരിക്കാൻ ശ്രദ്ധിച്ച് മകന്റെ കയ്യിൽ പിടുത്തം മുറുക്കി അവർ പതുക്കെ നടന്നു.