mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പുതിയ മൺവെട്ടി കഴുകി, കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിച്ച് വരണ്ട മണ്ണിലേക്ക് ആഞ്ഞു വെട്ടുമ്പോൾ ശങ്കരന്റെ നെറ്റിയിൽ നിന്നും നീർ തുള്ളികൾ താഴേക്ക് വീണുടഞ്ഞു.

വിഷു സദ്യയ്ക്ക് മുമ്പ് ചാലിടുന്നതിനായി വയലിലേക്ക് വന്നതാണ്. കണി കണ്ടതിനു ശേഷം ഒരു കട്ടൻ മാത്രമാണ് കുടിച്ചത്. അതിനു ശേഷം ഈ നേരമത്രയുമായിട്ടും ജലപാനം പോലും ചെയ്തിട്ടില്ല. മേടവെയിലിന്റെ കാഠിന്യത്തിൽ കഷണ്ടിത്തല വെട്ടിത്തിളങ്ങി. ഈ കാഴ്ച കണ്ടു കൊണ്ടാണ് കൗസു അങ്ങോട്ട് വന്നത്. അരികിലായി 'പാറുകുട്ടിയെ' കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിച്ചു നിർത്തിയിട്ടുണ്ട്. 

കൗസുവിനെ കണ്ട മാത്രയിൽ അവൾ തല കുലുക്കി "മ്ബേ...!" എന്ന ശബ്ദത്തിൽ സ്നേഹം പ്രകടമാക്കി.പാറുക്കുട്ടിയുടെ മിനുത്ത പുറം മേനിയിൽ കൗസു പതിയെ തലോടിയപ്പോൾ കുറച്ചൂടെ ചേർന്ന് നിന്നവൾ മുഖമിട്ടുരസി. അവളെ കൊഞ്ചിച്ചു കൊണ്ട് കൗസു അയാളോടായി ചോദിച്ചു.
"എന്റെ ശങ്കരേട്ടാ... വിഷു ആയിട്ട് ഇത്തിരി നേരൊന്ന് അടങ്ങി നിന്നൂടെ നിങ്ങക്ക്!. അതും ഒറ്റയ്ക്ക് എന്തിനാ ഇങ്ങനെ കഷ്ടപ്പെടണേ! വടക്കേതിലെ രമേശൻ കൂടി വന്നിട്ട് തൊടങ്ങിയാ പോരേ...?''
ശങ്കരന്റെ മുഖത്തൊരു ചിരി പടർന്നു.

"അവനെ കാത്തിട്ട് കാര്യംല്ല. അന്തിയാവുമ്പോഴേക്കും മഴയ്ക്ക് സാധ്യതയ്ണ്ട്!" പുരികത്തിനു മേലെ കൈപ്പടം വെച്ച് മാനത്തേക്ക് അയാൾ നോക്കി.
"ചാല് കീറിയിട്ട് വിത്തും പാകി, മഴയും പെയ്താ... നമ്മടെ കാര്യം ജോറായി".
"എന്നാലും..." കൗസു പാതി നിർത്തി അയാളെ നോക്കി.
" ഒരു എന്നാലും ഇല്ല നമ്മള് ചെയ്യേണ്ടത് നമ്മള് തന്നെ ചെയ്യണ്ടേ, കൗസ്വേ?"
"അതൊക്കെ ശെരിയന്നെ പ്രായം അതിപ്പോ ചെറ്തല്ലല്ലോ! അത് നോക്കണ്ടേ നമ്മള്.''
"പ്രായം നോക്കിയാലൊന്നും ശെരിയാവൂലാ പെണ്ണേ... ഈ മണ്ണിനോട് മല്ലിടുന്നതു കൊണ്ടാ പത്തെഴുപത് വയസായിട്ടും, ഞാനിങ്ങനെ ചുറുചുറുക്കോടെ നിക്ക്ന്നത്!".
"ഓ... ആയ്ക്കോട്ടെ, ഞാനൊന്നും പറയുന്നില്ല. ഇന്നാ ഈ മോരും വെള്ളം അങ്ങ് കുടിച്ചാട്ടെ... ദാഹം തീരട്ട്". മൺവെട്ടി താഴത്തു വെച്ച് വരണ്ട വരമ്പിലയാൾ അമർന്നിരുന്നു. ആർത്തിയോടെ അത് വാങ്ങി ചുണ്ടോട് ചേർക്കുന്നതിനിടയിൽ ചോദിച്ചു.
"സദ്യയൊക്കെ ആയാ...?"
"അതൊക്കെ എപ്പഴേ ആയി, മക്കളുടെ ഭാര്യമാരൊക്കെ ചേർന്ന് അതൊക്കെ ഭംഗിയാക്കി. അമ്മയ്ക്ക് പ്രായമായില്ലേന്ന് പറഞ്ഞ് എന്നെ കൊണ്ട് ഒരു വകേം ചെയ്യീച്ചില്ല."
"അക്കാര്യത്തിൽ നീ ഭാഗ്യവതിയാ കൗസു! മരുമക്കളൊന്നും പോരെട്ക്ക്ന്നില്ലല്ലോ". ഗ്ലാസ് തിരികെ നൽകി കൊണ്ടയാൾ പറഞ്ഞു.
"ഊം... അയിന് ഞാനും അമ്മായിയമ്മ പോരൊന്നും കാണിക്ക്ന്നില്ലല്ല.. പിന്നെയെങ്ങനാ". കൗസുവിന്റെ സ്വരത്തിൽ ഇത്തിരി കുശുമ്പു നിറഞ്ഞു.
"ഓ.. എന്റെ പൊന്നേ ഞാനൊരു ഭംഗിവാക്ക് പറഞ്ഞൂന്നേയുള്ളു". അയാൾ അവളുടെ കൈത്തണ്ടയിൽ പിടിച്ച് അരികിലായി ഇരുത്തി.
"വല്ലോരും കണ്ടോണ്ട് വന്നാ... ഛെ, നാണക്കേട് ".
അവരുടെ മുഖം നാണം കൊണ്ട് തുടുത്തു.
"നമ്മളിങ്ങനെ സ്വാതന്ത്ര്യത്തോടെ അടുത്തിരുന്നിട്ട് എത്ര കാലായി... വീട്ടിലാണേ നീയെപ്പോം കൊച്ചു മക്കൾടെ പെറകെയല്ലേ...! എന്നെയൊന്ന് ശ്രദ്ധിക്ക്ന്ന് പോലും ഇല്ല".ശങ്കരന്റെ വാക്കിൽ പരിഭവം നിറഞ്ഞു.
"പിന്നേ അടുത്തിരുന്നു കൊഞ്ചി ക്കൊഴയാൻ പ്രായം പതിനേഴല്ലേ...!" അയാളുടെ മുറിക്കൈയ്യൻ ബനിയനിൽ പറ്റിപ്പിടിച്ച പൊടി തട്ടിക്കളഞ്ഞ് അയാൾക്കു മാത്രം കേൾക്കാനായ് അവൾ പറഞ്ഞു.
"ആഹ്..." ശങ്കരനിൽ നിന്നും ഒരു ദീർഘനിശ്വാസം പുറത്ത് ചാടി.

"മോള് വര്വോ..." വിഷയം മാറ്റിക്കൊണ്ടയാൾ ആരാഞ്ഞു.
"ഉണ്ണി അവളെ കൂട്ടികൊണ്ടരാൻ പോയിറ്റ്ണ്ട്. ഉച്ചയൂണിന് മുന്നേ എത്തും ന്ന് ഹരി പറഞ്ഞു. മരുമോന്റെ സമ്മതൊക്കെ വാങ്ങി കൊച്ചുങ്ങളെയൊക്കെ ഒരുക്കി എറങ്ങണ്ടെ?"
"ഊം.. " ആലോചനയിൽ അയാൾ മൂളി. എന്തോ ചിന്തയിൽ കൗസു; ശങ്കരന്റെ ചുമലിലേക്ക് തന്റെ നെറ്റി ചേർത്തു. തീക്ഷണമായ വെയിൽച്ചൂടിൽ വിയർപ്പുകണങ്ങൾ മുഖത്തൂടെ ഒഴുകി പരന്നു. നെറ്റിയിലണിഞ്ഞ കുങ്കുമത്തിന്റെ വലിയ വട്ടപൊട്ട് പാതി ചന്ദ്രക്കലയായ് അയാളുടെ ബനിയനിൽ പടർന്നു തുടങ്ങിയിരുന്നു.
ആ ഇരിപ്പിൽ വെയിലിന്റെ തീവ്രതയൊന്നും രണ്ടു പേരും അറിയുന്നുണ്ടായിരുന്നില്ല. മണ്ണിന്റെ മണമുള്ള ഉച്ചക്കാറ്റിൽ സർവ്വവും അവർ മറന്നപ്പോലെ... അപ്പോഴാണ്, "അമ്മൂമ്മേ... അപ്പൂപ്പാ... നമ്മള് വന്നൂട്ടാ!" എന്ന കലപിലകൾ അവരുടെ സ്വൈര്യ സല്ലാപത്തിനെ വിഘ്നപ്പെടുത്തിയത്.

"ആഹാ... മക്കള് വന്നാ!" ശങ്കരന്റെ അടുത്തു നിന്നും, കൗസു പെട്ടെന്ന് എഴുന്നേറ്റ് അവരെ ചുറ്റിപിടിച്ച് വരമ്പിലേക്ക് കയറി.
"വരാനായില്ലേ...! മക്കളേം കൊണ്ട് ഞാനങ്ങ് പോട്ടെ, അവർക്ക് വെശക്ക്ന്ന് ണ്ടാവും." മറുപടിയെന്നോണം അയാളവിടെ നിന്നും എഴുന്നേറ്റ് മൺവെട്ടിയെ തലോടി.
"നിങ്ങ നടന്നോ... ഞാനീ കീറിയ ചാലിൽ വിത്ത് ഇട്ടേച്ചും വരാം." അയാളെ വീണ്ടും തനിച്ചിട്ട് പോകാൻ അവൾക്കെന്തോ വൈഷമ്യം പോലെ...
"എന്നാ മക്കള് നടന്നോ അമ്മൂമ്മയും, അപ്പൂപ്പനും ഇത് പെട്ടെന്നങ്ങ് തീർത്തിട്ട് വെരാം".
"എന്നാ ഞങ്ങള് കൂടി നിക്കാം" കൊച്ചുമക്കളുടെ വർത്തമാനത്തിന് തടയിട്ടു കൊണ്ട് കൗസു പറഞ്ഞു.
"വേണ്ട വേണ്ട പുത്തനുടുപ്പൊക്കെ മോശാവും, അത് കണ്ട് അമ്മ വഴക്ക് പറയും". കുഞ്ഞു മുഖങ്ങൾ വാടിയെങ്കിലും അമ്മൂമ്മയുടെ വാക്ക് കേട്ട് വീട്ടിലേക്കവർ നടന്നു. തഞ്ചി തഞ്ചിയുള്ള അവരുടെ പോക്ക് നോക്കി ശങ്കരനും, കൗസുവും പുഞ്ചിരി തൂകി.

പിന്നെ കൊത്തിക്കിളച്ച വയലിൽ ചെറിയ കുഴി കുത്തി ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ ഒരുമിച്ച് ചേർന്ന് നടാൻ തുടങ്ങി. ഓരോ വിത്തിടുമ്പോഴും ശങ്കരന്റെ ചുണ്ടിൽ
"പുത്തന്‍ വരിഷത്തിന്‍
പുലരിക്കളി കാണാന്‍
എത്തും കിളി പാടീ
വിത്തും കൈക്കോട്ടും
ഒത്തു നിരക്കട്ടെ
വിത്തും കൈക്കോട്ടും"...
എന്ന പാട്ട് തത്തി കളിച്ചു. അതിൽ മുഴുകി പാറുകുട്ടി ചെവി രണ്ടും ആട്ടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിത്തുകളെല്ലാം നട്ടതിനു ശേഷം ശങ്കരനും, കൗസുവും പരന്നു കിടക്കുന്ന പാടത്തേക്ക് ദീർഘമായി ഒന്ന് നോക്കി. ദൂരെ മാനത്ത് മേഘങ്ങൾ കറുത്തിരുണ്ട് ഭൂമിയെ പുളകിതയാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത് കാണാമായിരുന്നു. ആ കാഴ്ച ശങ്കരന്റെ മനസ് നിറച്ചു.മഴത്തുള്ളികൾ മണ്ണിനെ ഉമ്മ വയ്ക്കുന്നതിനും മുന്നേ വീടണയണം കൗസു തിരക്ക് കൂട്ടി. മണ്ണുപുരണ്ട പണി സാധനങ്ങൾ ചുമലിലേക്കെടുത്ത് വെച്ച് അടുത്തുള്ള ആണിച്ചാലിലേക്ക് ഇറങ്ങുന്നതിനിടയിൽ അയാൾ കൗസുവിനെ നോക്കി. നല്ല പച്ചപ്പുള്ളിടത്തേക്ക് പാറുകുട്ടിയെ മാറ്റികെട്ടാനുള്ള ശ്രമത്തിലാണ്. നീരൊഴുക്ക് കുറഞ്ഞ ചാലിൽ ചെറിയ പരലുകൾ നീന്തി തുടിക്കുന്നുണ്ടായിരുന്നു. ഇളം ചൂടുള്ള ആ ജലാശയത്തിൽ കാലും മുഖവും കഴുകി മൺവെട്ടിയിലെ മണ്ണ് കളഞ്ഞ് മുകളിലേക്ക് കയറുമ്പോഴാണ് അയാളാ കാഴ്ച കണ്ടത് ആണിച്ചാലിനടുത്തുള്ള പൊട്ടക്കിണറ്റിലേക്ക് പാറുകുട്ടിയും, അവളുടെ കയറിൽ കുരുങ്ങി കൗസുവും നിലം പതിക്കുന്നത്!!!.

ശങ്കരന്റെ തൊണ്ടക്കുഴിയിൽ നിന്നും ''കൗസൂ...!" എന്ന പദം നിലവിളിയായി ആ തരിശുപാടത്തെ പ്രകമ്പനം കൊള്ളിച്ചു. അപ്പോഴേക്കും മേഘമിരുണ്ട് വാനം കണ്ണീർ വാർക്കാൻ തുടങ്ങി. എന്തു ചെയ്യേണ്ടു എന്നറിയാതെ ആ പൊട്ടക്കിണറ്റിന്റെ അരികിലേക്ക് കുതിക്കുമ്പോൾ മഴത്തുള്ളികൾ ശക്തിയായി അയാളുടെ മുഖത്തേക്ക് പതിച്ചു.

"അമ്മാമേ...ശങ്കരമ്മാമേ...!"ആരോ കുലുക്കി വിളിക്കുന്നതു പോലെ. അയാൾ ഞെട്ടി എഴുന്നേറ്റു. പകപ്പോടെ ചുറ്റിലും നോക്കി. കൗസുവും, പാറു കുട്ടിയും എവിടെ! ആർത്തലച്ചു വന്ന പേമാരി എവിടെ?.
പ്രായത്തിന്റെ അവശതയിൽ രൂപം കൊണ്ട ശ്വാസം മുട്ടൽ തിരികെ വന്നു. നരച്ച നെഞ്ച് തടവി ചാരുകസേരയിൽ എഴുന്നേറ്റിരുന്നു. അടുത്താരോ ഇരിപ്പുണ്ട്. കണ്ണിന്റെ മൂടലിൽ കാഴ്ചകൾ അവ്യക്തം.
"അമ്മാമേ..." പരിചയമുള്ള ശബ്ദം. അരയിൽ നിന്നും മൂക്കു കണ്ണാടിയെടുത്ത് കണ്ണിന് മുകളിൽ വെച്ചു. മുമ്പിൽ അനന്തിരവൾ സീത!
"അമ്മാമയെന്താ ഇങ്ങനെ തുറിച്ച് നോക്ക്ന്നത്! എന്തൊരു ഒറക്കായ്രുന്നു. ഒറക്കപ്പിച്ചിൽ എന്തൊക്കെയോ പറഞ്ഞു. ഞാനെത്ര വട്ടം വിളിച്ചൂന്നറിയ്യോ? വിളി കേക്കാതായപ്പോ പേടിച്ചു. അതാ മുഖത്ത് ഇത്തിരി വെള്ളം തളിച്ചത്."

എല്ലാം ഇപ്പോൾ മനസ്സിൽ തെളിയുന്നു. ഉച്ചയ്ക്ക് ഒരിത്തിരി കഞ്ഞി കോരി കുടിച്ച് ഈ കസേരയിൽ വന്ന് കിടന്നതാണ് ഉറങ്ങിപ്പോയി. മതിമറന്നുള്ള ഉറക്കം, അതിനിടയിൽ വിഷുവും, വിഷുക്കണിയും, ചാലിടലും, വിത്തിടലും, കൗസുവും, പാറുവും എല്ലാം ഭൂതകാലത്തിൽ നിന്നും തിരികെ വന്നു. ഇതെല്ലാം പടിയിറങ്ങിപ്പോയിട്ട് വർഷം ഒരുപാടായിരിക്കുന്നു. കൗസുവിന്റെ വിയോഗത്തോടെ വരണ്ട തന്റെ ജീവിതത്തിൽ പുതിയൊരു കൊന്നയോ, മഴയോ തളിർത്തതും, പെയ്തതും ഇല്ല.
തിരക്കുള്ള മക്കളുടെ ജീവിതത്തിൽ അവരുടെ സൗകര്യാർത്ഥം അച്ഛനെ നോക്കാനായി ജോലിക്കാരിയെ വെച്ച് അവരുടെ കടമ ഭംഗിയായി നിറവേറ്റി.
ചിന്തകൾ കാടുകയറുന്നതിനിടയിൽ സീതയുടെ സ്വരം വീണ്ടും കേട്ടു.
"അമ്മാമ യെന്താ ഇര്ന്ന് ഒറങ്ങുവാണോ? അതും നല്ലൊരു ദെവസായിട്ട്...! "
"നല്ലൊരു ദെവസോ! ഇന്നെന്താ പ്രത്യേകത". വാക്കുകൾ അവ്യക്തമായി പുറത്തുചാടി.
"എന്റെ അമ്മാമേ... അതും ഓർമ്മയില്ലാണ്ടായോ..! ഇന്ന് വിഷുവല്ലേ! വിഷുകൈനീട്ടം വാങ്ങാനാ ഞാനിത്രയും ദൂരം പിന്നിട്ട് ഇവ്ടെ വന്നത്, അറിയ്യോ അമ്മാമയ്ക്ക്. ഇവിടത്തെ കയ്യോണ്ട് ഒരു രൂപയായാലും കൈനീട്ടം കിട്ടിയാ അതൊരു ഭാഗ്യാണ്". സീതയുടെ സ്വരത്തിൽ പരിഭവം നിഴലിച്ചു.

ഓഹ് ഇന്ന് വിഷുവായിരുന്നോ!? ഭാര്യയുടെ നഷ്ടത്തോടെ ആഘോഷങ്ങളെല്ലാം ഈ വൃദ്ധന് അന്യമായി പോയെന്ന് ആരറിയുന്നു. മക്കള് പോലും ഓർത്ത് വന്നില്ല. ഈ പെണ്ണ് വന്നിരിക്കുന്നു. തന്റെ കൈയ്യോണ്ട് ഭാഗ്യം സ്വീകരിക്കാൻ. എല്ലാ വർഷവും അവളതോർത്ത് വാങ്ങാൻ വരുന്നു. മറന്നു പോയത് താനാണ്. മറവി ഒരു കണക്കിന് നന്നായി. അതു കൊണ്ടാവും പലതും സ്വപ്നത്തിലൂടെ തിരിച്ച് വന്ന് മോഹിപ്പിക്കുന്നത്. വേച്ച് വേച്ച് അവിടെ നിന്നും പതിയെ എഴുന്നേറ്റു. അലമാരയിൽ ഉണക്കി മടക്കി വെച്ച തുണികൾക്കിടയിൽ നിന്നും നരച്ച് പിന്നി തുടങ്ങിയ പേഴ്സ് എടുത്തു. മക്കൾ തന്നതും, പെൻഷനും എല്ലാം അതിലാണ് വയ്ക്കാറ് ചിലവുകൾ ഒന്നും ഇല്ലാത്ത തനിക്കെന്തിനാണ് ഇനിയത്. അതും എടുത്ത് സീതക്കരികിലേക്ക് നടന്നു.
പേഴ്സ് അങ്ങനെ തന്നെ സീതയുടെ കൈകളിലേക്ക് വച്ച് നെറുകയിൽ രണ്ടു കരങ്ങളും വിറയലോടെ ചേർത്തു. "നന്നായി വെരും, ചിലപ്പോ ഇനിയൊരു വിഷൂന് കൈനീട്ടം തരാൻ അമ്മാമ ഇണ്ടായീന്ന് വരില്ല". സീതയുടെ കണ്ണുകൾ നിറഞ്ഞു. കുനിഞ്ഞവൾ അയാളുടെ പാദങ്ങൾ തൊട്ട് കണ്ണിൽ വെച്ചു. തിരിച്ചിറങ്ങും നേരം അയാളുടെ വാക്കുകൾ കാതിൽ വീണു.

"പെട്ടെന്ന് പൊക്കോളൂ കുട്ട്യേ! മഴ എന്തായാലും പെയ്യും. ഒട്ടും അമാന്തിക്കണ്ട". അപ്പോൾ സീത കാണുകയായിരുന്നു, മാനത്ത് മാത്രമല്ല അമ്മാമയുടെ മുഖത്തും ഇരുളലകൾ നിറയുന്നത്; ഇപ്പോൾ പെയ്യുമെന്ന മട്ടിൽ. ആ ആർത്തലച്ചലിൽ താൻ നനയുക മാത്രമായിരിക്കില്ല, ചിലപ്പോ ആ പ്രളയത്തിരയിൽ ഒഴുകിപ്പോവാനും സാധ്യതയുണ്ട്. ആ വലിയ വീടും, ആ മനുഷ്യനെയും അവിടം വിട്ടിറങ്ങുമ്പോൾ സീതയുടെ ഉള്ളിൽ;
കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
എന്ന കവിതയുടെ വരികൾ ഉണരുകയായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ