മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

രാവിന്റെ ആയിരംനാവുള്ള നിശബ്ദത. ഇരുളിന്റെ കനത്തപാളികളാൽ സർവ്വം മൂടപ്പെട്ടിരിക്കുന്നു. വിസ്മൃതിയുടെ ഇതളുകൾ കീറി നിഴലിലേയ്ക്കണയും മുമ്പ് അവൾ മെല്ലെ കണ്ണുകൾ തുറന്നു.

' സെക്സ് ടോയ് '

അഭിസാരിക എന്ന വാക്കിനു ന്യൂ ജനറേഷൻ വിളിപ്പേര് കിട്ടിയവൾ. എന്തിനെന്നറിയാതെ അവളുടെ ചുണ്ടുകൾ വിതുമ്പി, അനുവാദമില്ലാതെ നിറഞ്ഞ കണ്ണുകൾ ചൂണ്ടുവിരലിന്റെ അറ്റംക്കൊണ്ടവൾ തുടച്ചെറിഞ്ഞു. സംഹാരതാണ്ഡവം കഴിഞ്ഞ കാറ്റുലച്ച മരംപ്പോലെ ഒടിഞ്ഞുകിടന്നവൾ കാതോർത്തു. ശരീരത്തിന്റെ വിലയറിയാതെ കൂടെ കിടന്നവൻ കിതപ്പകറ്റി ഇരുട്ടിൽ ഉടയാടകൾ തിരയുന്നതിന്റെ നേരിയ ശബ്ദം.  രാവ് പൂക്കുമ്പോൾ  പുകഞ്ഞുപൊന്തിയ ത്രിഷ്ണയടക്കാൻ  പെണ്ണുടൽ തേടിയെത്തുന്ന നേരും, നെറിയും നിറംമങ്ങിയ നോട്ടുകളിൽ ചുരുട്ടി വലിച്ചെറിയുന്ന വിലകെട്ട സംസ്കാരത്തിന്റെ പ്രതിരൂപം.

ത്ഫൂ..

ഒരാട്ടലിൽ തെറിച്ചുപോയ ചിന്തകളെ പെറുക്കിയെടുത്തവൾ കൈവെള്ളയിലേയ്ക്ക് നോക്കി. അൻപത് ആകും അതുമല്ലെങ്കിൽ നൂറ്. അതിൽ കൂടുതൽ അവൾ പ്രതീക്ഷിക്കാറില്ല കിട്ടാറുമില്ല.

ഒരിക്കൽ അച്ഛൻ തിരുമേനിയുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി, ശബ്ദിക്കാൻ ഭയന്നു നിന്നവർ  വരെ മൃഗത്യഷ്ണയുടെ വേലിയേറ്റങ്ങളുമായ് തന്നിലേയ്ക്ക് എത്തിയിരിക്കുന്നു.

വേച്ചുപോകുന്ന കാലടികളെ പെറുക്കിയെടുത്തവൾ പടിപ്പുര കടന്നു. ഓർമ്മകളിലേക്കൊലിച്ചിറങ്ങിയ കണ്ണുനീരിൽ നിറം കെട്ട ചുവരുകളുള്ള നാലുകെട്ട് തിളങ്ങി നിന്നു. ചുവരിലെ ഒറ്റയാണിയിൽ ഇളകിയാടുന്ന പാൽമണമുള്ള പുഞ്ചിരിയവളെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ടായിരുന്നു.  ഒരു നിമിഷം ഒന്നേങ്ങി നിന്നവൾ.   തെക്കിനിയിലെ കറുത്ത മുറിയിൽ നിന്നും അസ്വസ്ഥതയുടെ ഉൾവലിവുകളിലേയ്ക്ക് പുളഞ്ഞിറങ്ങുന്ന വിശപ്പിനെ അറ്റുപോയ കൈകൾകൊണ്ട് അമർത്തിവെയ്ക്കാൻ വെമ്പൽ പൂണ്ടൊരു രൂപം ദയനീയമായി നടുമുറ്റവും കടന്ന് ഇളംതിണ്ണയിലേക്കെത്തിനോക്കി.

കള്ളിനും പെണ്ണിനും വേണ്ടി പൈതൃകമായി കിട്ടിയ സമ്പത്തുകളെല്ലാം ദാനം നൽകി, ഒറ്റയാനായി ഒരായുസ്സിന്റെ അടക്കിവാഴ്ച്ച നടത്തിയ  അച്ഛൻ തിരുമേനിയിൽ നിന്നും  കാലം കാത്തുവെച്ചത്  ഉണ്ണാനോ ഉടുക്കാനോ പോലും  മറ്റൊരാളെ ആശ്രയിക്കേണ്ടിവന്ന ഗതികേടായിരുന്നു .   അച്ഛന്റെ വൈകൃതങ്ങൾക്കിടയിലെപ്പോഴോ  അമ്മയുടെ ജീവൻ മുറിഞ്ഞു പോകുമ്പോൾ ചുരത്തിയ മുലകളെ വായിൽ നിന്നും അടർത്തി മാറ്റിയതിന്റെ അലറിക്കരച്ചിലിലായിരുന്നു അവൾ. വളരുന്നതിനൊപ്പം ഇല്ലത്തെ പത്തായപ്പുരകൾ ശൂന്യമായികൊണ്ടിരുന്നതും,  ഒറ്റപെടുന്നതും  തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും  ചിതലരിച്ചു തുടങ്ങിയിരുന്ന ആ വലിയ വീട്ടിൽ ദാരിദ്ര്യവും ഇരു കൈകളും നഷ്ട്ടമായ അച്ഛൻതിരുമേനിയും മാത്രമായി അവളുടെ കൂട്ടുകാർ.

ഓർമ്മകൾ വീണ്ടുമവളെ പിടിച്ചുലച്ചുകൊണ്ടുപോയത് രണ്ടു കൈകൾ അറ്റുവീണ പകലിലേക്കായിരുന്നു.

വിഷുവിന്റെ തലേന്ന് ഉമ്മ കൊടുത്തയച്ച പച്ചക്കറികളുമായി തന്നെത്തേടി ഇല്ലത്തു വന്നതായിരുന്നു കളികൂട്ടുകാരിയായ നബീസ. കുളിച്ചുകൊണ്ടിരുന്ന താൻ അച്ഛൻതിരുമേനിയുടെ അലർച്ചകേട്ടോടിയെത്തി നിന്നത് ചോരയിറ്റിച്ചു കിടക്കുന്ന രണ്ടു കൈപ്പത്തികൾക്കു മുമ്പിലായിരുന്നു . ചുവരിൽ തൂക്കിയിട്ടിരുന്ന വാളുമായി സംഹാരരുദ്രയെ പോലെ നബീസയും. സംഭവിച്ചതെന്താണെന്ന് ആരും പറയാതെ തന്നെ മനസ്സിലായി. ബഹളം കേട്ടത്തിയ നബീസയുടെ ഉമ്മ അവളെയും പിടിച്ചുവലിച്ചുപോകുന്ന കാഴ്ച്ച കണ്ണീരിനിടയിലൂടെ അവൾ നോക്കിനിന്നു. ആകെയുണ്ടായിരുന്ന ആശ്വാസത്തിന്റെ തുരുത്തും നഷ്ട്ടമായി താൻ തീർത്തും ഒറ്റപെടുമ്പോൾ പ്രാണനൊപ്പം ചേർത്തുപിടിച്ചൊരു  പ്രണയം അസ്തമയചുവപ്പണിയുകയായിരുന്നു.

റിയാസ്! തനിക്കെന്നും ആശ്വാസമായി നബീസക്കൊപ്പം അവനും ഉണ്ടായിരുന്നു. ഇല്ലപ്പറമ്പിനപ്പുറം കോയിക്കൽ വീട്ടിൽ അടുപ്പ് പുകഞ്ഞാൽ അതിലൊരോഹരി തനിക്കുമുണ്ടായിരുന്നു. സ്നേഹിക്കാൻ  ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ട് കാറ്റിൽ പറന്നു പൊങ്ങി ദൂരെ വിജനതയിൽ ഒറ്റയ്ക്കകപ്പെട്ട കരിയില പോലെ പെട്ടെന്ന് ശൂന്യമാക്കപ്പെട്ടൊരു ജീവിതം.

പിന്നീടുള്ള നാളുകളിലെ ജോലി തേടിയുള്ള അലച്ചിലുകളും, കത്തിക്കാളുന്ന വിശപ്പും, അച്ഛൻതിരുമേനിയുടെ ദൈന്യതയും അവളെ കൊണ്ടെത്തിച്ചത് ഒരു ഹോട്ടലിന്റെ അടുക്കളയിലായിരുന്നു . പക്ഷേ പകലന്തിയോളം പണിയെടുത്തു നടുവൊടിഞ്ഞു കൂലിക്കു വേണ്ടി കൈ നീട്ടി നിന്നപ്പോൾ ചായക്കറ പറ്റിയ മേശമുകളിലേയ്ക്കവളെ  മലർത്തിക്കിടത്തിയ ഹോട്ടലുടമയ്ക്കു അച്ഛൻതിരുമേനിയേക്കാൾ പ്രായമുണ്ടായിരുന്നു. കൂട്ടുകാരി നബീസ കാണിച്ച ധൈര്യം അവൾക്കുണ്ടായിരുന്നില്ലല്ലോ. അഥവാ കൈകളില്ലാതെ മെലിഞ്ഞുണങ്ങി കട്ടിലിൽ തന്റെ വരവും കാത്തുറങ്ങാതെ എരിയുന്ന വയറുമായി കിടക്കുന്ന രൂപത്തെ ഓർക്കുമ്പോൾ എതിർക്കാൻ ഉള്ളിൽ ചുരമാന്തിയെത്തുന്ന ആവേശം തനിയെ വറ്റിപോയതും ആവാം. ഒരു മൃഗം തന്നിലേക്കണച്ചിറങ്ങി ഞെരിച്ചു കളഞ്ഞ പരിശുദ്ധിയെ പിന്നീടവൾ പതിയെ മറക്കാൻ പഠിച്ചു.  അവിടുന്നിറങ്ങി നടന്ന അവളുടെ രാവുകൾക്കു പിന്നീടെന്നും അത്തറിന്റെ മണമായിരുന്നു.



എന്നോ നട്ട നിശാഗന്ധിയിലെ ഒറ്റമൊട്ടു വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. കാറ്റിൽ ഒഴുകിയെത്തിയ അതിന്റെ  ഗന്ധം നുകർന്ന്,  വേച്ചുപോയ കാലുകളെ ശാസിച്ചുകൊണ്ടവൾ പതിയെ എഴുന്നേറ്റു പടിപ്പുരയടക്കാൻ തുടങ്ങുമ്പോൾ തൂണിനോട് ചാരിയൊരു നിഴൽ.

"ആരാദ് "?

കണ്ണിനു മുമ്പിലേക്ക് വെളിച്ചംകുടഞ്ഞുകൊണ്ട്  കടന്നുവന്ന രൂപം കണ്ട് അവളൊന്നു പകച്ചു.  പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു പിഞ്ഞിപ്പതറിയ ശബ്ദത്തിൽ പോയിട്ട് നാളെ വരൂ എന്നു പറയുമ്പോൾ പ്രണയമൊഴുകിയ ഹൃദയത്തിന്റെ തുടിപ്പാ നിമിഷം നിന്നിരുന്നെങ്കിലെന്നവളാശിച്ചു.

"ശ്രീക്കുട്ടി "

ശക്തമായ രണ്ടു കരങ്ങൾ തോൾ ഞെരിക്കുമ്പോൾ  തൊണ്ടക്കുഴിയിലൊരു തേൾ വാലിൽ കുത്തി പൊങ്ങുന്നത്  അവളറിഞ്ഞു.   ഇറുക്കിയടച്ച കണ്ണിനു മുമ്പിൽ കപ്പത്തണ്ടിൽ തീർത്ത മാലകൊണ്ടൊരു കല്യാണം വിരുന്നെത്തി.   തേക്കില കൂമ്പ് കൊണ്ട് സീമന്തരേഖയിൽ ചാർത്തിയ കുങ്കുമത്തിനും, ചതച്ചെറിയുന്ന ശരീരത്തിന് വിലയിട്ടുറപ്പിച്ച നോട്ടുകൾക്കുമിടയിലെ ദിനരാത്രങ്ങളെ  അവളിൽ നിന്നും ഇറക്കി വിടാൻ അവനെടുത്ത തീരുമാനങ്ങളുടെ കരുത്തിൽ അവൾ നിദ്രവിട്ടുണർന്നു.

സ്വപ്നം കണ്ടതുപോലെ കൈവിരലുണ്ടു ചിരിക്കുന്ന കുഞ്ഞിന്റെ നെറ്റിയിലൊരു മുത്തം നൽകി തന്നെ പൊതിഞ്ഞു പിടിച്ചിരുന്ന കരുത്തിനെ ഉണർത്താതെ അടർത്തിയെടുത്ത് ചേർത്തുപിടിക്കുമ്പോൾ,  നിറചിരി പോലെ  കിഴക്ക് പുലരി കുളിച്ചൊരുങ്ങിക്കഴിഞ്ഞിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ