മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അങ്ങനെ നാളെ നാട്ടിൽ പോവുകയാണ്..വർക്ക് ലോഡ് കാരണം മൂന്നുമാസത്തിലേറെയായി നാട്ടിൽ പോയിട്ട്. സാധാരണ രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്ക് പോയി വരാറുള്ളതാണ്.വീട്ടിൽ ഭാര്യയും

മക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിരഹം എന്താണെന്ന് ശരിക്കും മനസ്സിലാക്കിയ ദിനങ്ങൾ.ചെയ്തു തീർത്ത ജോലിയുടെ കാഠിന്യം കാരണം കമ്പനി മൂന്നാഴ്ചത്തെ ലീവ് ചോദിക്കാതെ തന്നെ അനുവദിച്ചു തന്നു. പ്രിയതമക്കും മക്കൾക്കുമുള്ള സമ്മാനങ്ങളും മറ്റും ബൈക്കിൽ കെട്ടിവെച്ച് യാത്ര തുടങ്ങി. വല്ലാത്തൊരു വീർപ്പുമുട്ടൽ. മനസ്സിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ വണ്ടിയുടെ എൻജിൻ കഷ്ടപ്പെടുന്നുണ്ട്. നരകത്തിൽ നിന്ന്‌ പറുദീസായിലേക്കുള്ള ഈ യാത്രയെ ഞാൻ ഇന്ന് വരെ ഇത്രക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

ഒടുവിൽ വീടെത്തി. വണ്ടി സ്റ്റാൻഡിൽ നിർത്തുമ്പോൾ കാത്തുനിൽക്കുന്ന ഭാര്യയുടെ കണ്ണിൽ ഇതു വരെ കാണാത്ത ഒരു തിളക്കം. വെറും മൂന്നു മാസത്തെ വിരഹത്തിന് ഇത്ര തീവ്രതയെങ്കിൽ രണ്ടും മൂന്നും വർഷം വിദേശത്ത് നിൽക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും? പാവങ്ങൾ. മക്കൾക്കുള്ളതെല്ലാം വീതിച്ചു കൊടുത്തിട്ട് ബാക്കിയുള്ളവ ബെഡ്റൂമിൽ ഒളിപ്പിച്ചു വെച്ചു, ഞങ്ങളുടെ സ്വകാര്യ നിമിഷത്തിൽ പുറത്തെടുക്കാൻ. ലോകത്തിലെ ഏറ്റവും വലിയ മടിയൻ സമയമാണ് എന്നു തോന്നിപ്പോകും ചില നേരത്ത്. നിമിഷങ്ങൾക്ക് പോലും എന്തൊരു താമസം. രാത്രിയിൽ അവൾ വിളമ്പി തന്ന ജീവിതത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി. അവളുടെ മുഖം തുടുത്തു ചുവന്നു. കുട്ടികളുമായി കുറച്ചു നേരം കളിച്ച് അവരുടെ വിശേഷങ്ങളെല്ലാം കേട്ട് പതുക്കെ അവരെ ഉറക്കി ഞാൻ കാത്തിരുന്നു. 

ജോലിയെല്ലാം തീർത്ത് വന്നപ്പോൾ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന ഗിഫ്റ്റ് അവൾക്കു നേരെ നീട്ടി. ആ മുഖത്തെ സന്തോഷവും അഭിമാനവും എന്റെ മനസ്സ് നിറക്കാൻ പോന്നതായിരുന്നു. അവളുടെ മാറിൽ തല വെച്ച് കിടക്കുമ്പോൾ ഈ ദിനങ്ങൾ ഒരിക്കലും അവസാനിക്കരുതെ എന്നായിരുന്നു മനസ്സിൽ.മൂന്നാഴ്ചക്കു ശേഷം ഇവളെയും മക്കളെയും പിരിഞ്ഞു തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ.

അങ്ങനെ ഒച്ചിന്റെ വേഗതയുള്ള പകലുകളും ഇടിമിന്നൽ പോലത്തെ രാത്രികളുമായി മൂന്നു ദിവസം. നാലാം ദിവസം പതിവ് പോലെ രാവിലെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോൾ ഭാര്യയുടെ മുഖം കടന്നാൽ കുത്തേറ്റ പോലെ.രാവിലെ സഹായത്തിന് എന്നെ വിളിച്ചപ്പോൾ ഞാൻ വിളി കേട്ടില്ല എന്നതാണ് പ്രശ്നം. ഞാൻ സത്യത്തിൽ കേൾക്കാത്തതാണ് എന്നതൊന്നും അവിടെ വിലപ്പോയില്ല. അതൊരു തുടക്കം മാത്രമായിരുന്നു.മക്കൾ വികൃതി കാട്ടിയപ്പോൾ ശാസിച്ചപ്പോൾ അവർക്കത് ദഹിച്ചില്ല. അമ്മയുടെ അടുത്ത് ചേർന്നു നിന്ന് അവർ പറഞ്ഞു."അച്ഛനെന്തിനാ ഞങ്ങളെ വഴക്കു പറയുന്നത് അതിനമ്മയുണ്ടല്ലോ ഇവിടെ". അവളുടെ മുഖത്ത് വിജയിയുടെ ആത്മവിശ്വാസം. "പത്തു മാസം ഞാൻ ചുമന്ന് പെറ്റ മക്കളാ ഇവർ. ഇവരെ വഴക്കു പറയണതിനു ഞാൻ   മതി. മറ്റാരും പറയുന്നത് അവർക്കിഷ്ടമല്ല." പത്തു മാസം മക്കളെ ചുമന്നതിന് കണക്കുപറയുന്ന അവരെന്തേ ജീവിതകാലം മുഴുവൻ ഒരു കഷ്ടപ്പാടും അറിയിക്കാതെ ഒരു മുഷിച്ചിലുമില്ലാതെ അവരെ ചുമന്നു കൊണ്ടിരിക്കുന്ന എന്നെ മനസ്സിലാകാത്തത്?
അങ്ങനെ തുടുത്ത മുഖത്തിന് പകരം കനത്ത മുഖം അവളുടെ സ്ഥായീഭാവമായി. അപ്പോഴാണ് എനിക്ക് ആ സത്യം മനസ്സിലായത്. രണ്ടാഴ്ചയിലൊരിക്കൽ ആവശ്യത്തിന് പണവും സമ്മാനങ്ങളും ശാരീരിക ആവശ്യങ്ങളും നിറവേറ്റാനുള്ള ഒരു ഉപാധി മാത്രമാണ് ഞാൻ. അതിനപ്പുറം അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിൽ ഞാനെന്ന വ്യക്തിക്ക് ഒരു റോളുമില്ല. ലീവ് കാൻസൽ ചെയ്ത് തിരിച്ചു പോകാനൊരുങ്ങുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഇറ്റ് വീണ ആ രണ്ടു തുള്ളി കണ്ണീരിനെ എനിക്ക് നിർവചിക്കാനാവുന്നില്ല. വീണ്ടും ഞാൻ യാത്ര തുടങ്ങി. പറുദീസയിൽ നിന്നും നരകത്തിലേക്ക്. അതോ തിരിച്ചോ?
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ