mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മീത്തലിൽ മജീദ് അന്തരിച്ചു. വളരെക്കാലമായി ഗള്ഫിലായിരുന്ന മജീദിന്റെ മരണകാരണം വ്യക്‌തമല്ല. രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് കണ്ണിലുടക്കിയത് ഈ വാർത്തയും അതോടൊപ്പം

കൊടുത്തിരുന്ന ഫോട്ടോയുമാണ്. ഇദ്ദേഹത്തെ ഞാനെവിടെയോ?... പെട്ടന്ന് വയറിനകത്ത് ഒരു ആളൽ .ദൈവമേ മജീദ്ക്ക.ഒരു ജീവിതകാലം മുഴുവൻ പ്രവാസിയാവാൻ വിധിക്കപ്പെട്ട ഒരു പാഴ്ജന്മം.
രണ്ടായിരത്തി ആറിലെ ഒമാൻ.ഞാൻ ജോലി ചെയ്യുന്ന ആയുർവേദ ഹോസ്പിറ്റലിലേക്ക് അവശനായ ഒരു മനുഷ്യൻ കയറിവന്നു. റിസപ്ഷനിൽ പേര് രജിസ്റ്റർ ചെയ്ത് അദ്ദേഹം അവിടെ ഇരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ ഡോക്ടർ വിളിച്ച് അദ്ദേഹത്തിനുള്ള ചികിത്സകൾ നിർദ്ദേശിച്ചു തന്നു.അങ്ങനെ ഞാൻ അദ്ദേഹത്തെയും കൂട്ടി ട്രീറ്റ്മെന്റ് റൂമിലെത്തി ചികിത്സ ആരംഭിച്ചു.ദിവസങ്ങൾ കടന്നുപോയി.രാവിലെയും വൈകിട്ടും ചികിത്സ ഉണ്ട്. ചികിത്സാസമയത്ത് അദ്ദേഹം ധാരാളം സംസാരിക്കും.അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതം ഞാനറിയുന്നത്.

സാധാരണ ഏതൊരു വ്യക്തിയെയും പോലെ ഒരുപാട് സ്വപ്നങ്ങളുമായി ഗള്ഫിലെത്തിയതാണ് മജീദ്ക്കയും. അഞ്ചുവർഷത്തോളം തുടർച്ചയായി ജോലി ചെയ്ത് കിട്ടിയ പണവുമായി ആറു മാസത്തെ ലീവിന് നാട്ടിലെത്തി. ആർഭാടപൂർണമായ അവധിക്കാലം. ഒപ്പം കൊണ്ടുപിടിച്ച പെണ്ണന്വേഷണവും. ഒടുവിൽ മനസ്സിനിണങ്ങിയ ഒരു പെണ്കുട്ടിയെ കിട്ടി. കല്യാണം കഴിഞ്ഞപ്പോഴേക്കും. അഞ്ചുമാസവും തീർന്നു. ബാക്കിയുള്ള ഒരു മാസം കൊണ്ട് ഹണിമൂണും വിരുന്നുകളും എല്ലാം തീർത്ത് മജീദ്ക്ക വിമാനം കയറി. അടുത്ത രണ്ടു വർഷത്തെ പ്രവാസത്തിലേക്ക്. കൃത്യം പത്താം മാസം മജീദ്ക്ക ഒരു വാപ്പയായി. തന്റെ വാത്സല്യത്തെ ഹൃദയത്തിന്റെ അറയിൽ ഉറക്കികിടത്തി മജീദ്ക്ക അധ്വാനിച്ചു. അവരുടെ നല്ല ഭാവിക്കുവേണ്ടി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ വർഷങ്ങൾ കടന്നുപോയി. ഓരോ രണ്ടു വർഷം കൂടുമ്പോളും ലഭിക്കുന്ന രണ്ടു മാസം അദ്ദേഹം ഒരു കുടുംബസ്ഥനായി, ഭർത്താവായി. ബാപ്പയായി. ഓരോ തവണയും അദ്ദേഹം നിക്ഷേപിക്കുന്ന ബീജങ്ങൾ അടുത്ത രണ്ടു വർഷത്തേക്കുള്ള ബാധ്യതയായി. ചെറിയ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്കു നിന്നിരുന്ന മജീദ്ക്കയോട് ആ കട വിലക്ക് വാങ്ങുന്നോ എന്ന് അതിന്റെ മുതലാളി ചോദിച്ചപ്പോൾ തന്റെ വർഷങ്ങളായുള്ള സേവനത്തിനുള്ള പ്രതിഫലമാണ് അത് എന്നേ ആ പാവത്തിന് തോന്നിയുള്ളൂ. കയ്യിലുള്ള പണവും കടം വാങ്ങിയതും എല്ലാം ചേർത്ത് അങ്ങനെ ആ കട അദ്ദേഹം സ്വന്തമാക്കി. രണ്ടു മാസത്തോളം കഴിഞ്ഞപ്പോളാണ് ദേശവത്കരണത്തിന്റെ ഭാഗമായി സൂപ്പർ മാർക്കറ്റുകളെല്ലാം സ്വദേശികൾക്ക് മാത്രമായി വിജ്ഞാപനം വന്നത്. ഗത്യന്തരമില്ലാതെ കിട്ടിയ വിലക്ക് കട ഒരു ഒമാനിക്ക് കൊടുത്ത് മജീദ്ക്ക പടിയിറങ്ങി. പക്ഷെ തോറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. കയ്യിലുള്ള പണമെല്ലാം ചേർത്ത് മസ്കറ്റിൽ കൊട്ടാരത്തിന്റെ അടുത്തായി ഒരു ചായക്കട തുടങ്ങി. കഷ്ടകാലം കൊട്ടാരത്തിന്റെ രൂപത്തിലും പാവത്തിനെ പിന്തുടർന്നു. കൊട്ടാരം വിപുലീകരണത്തിന്റെ ഭാഗമായി പരിസരങ്ങളിലുള്ള എല്ലാ കടകളും ഒഴിപ്പിച്ചതിൽ മജീദ്ക്കയും പെട്ടുപോയി. അങ്ങനെ മുപ്പത് വർഷത്തെ പ്രവാസത്തോട് വിട പറഞ്ഞ് അദ്ദേഹം നാട്ടിലെത്തി. സ്വന്തം ഭാര്യയോടും മക്കളോടുമൊപ്പം ജീവിക്കാൻ. ആറു മാസത്തോളം കഴിഞ്ഞപ്പോളാണ് മജീദ്ക്ക ആ സത്യം മനസ്സിലാക്കുന്നത്. ഒരു രണ്ടുമാസത്തേക്ക് മാത്രമുള്ള ഭർത്താവിനെയും ബാപ്പയെയുമാണ് തന്റെ ഭാര്യക്കും മക്കൾക്കുമാവശ്യം. ശീലവുമതാണ്. അതിനപ്പുറത്തേക്ക് അവർക്ക് ബാപ്പയെന്നു പറഞ്ഞാൽ മാസാമാസം പണം അയക്കാനുള്ള ഒരു യന്ത്രം മാത്രമാണ്‌. വീട്ടുകാരെ ഒന്നു വഴക്കു പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടപ്പോൾ മജീദ്ക്ക മനസ്സിലാക്കി. തിരിച്ചുപോകാം. തനിക്കു വിധിക്കപ്പെട്ട ആ രാജ്യത്തേക്ക് തന്നെ. അങ്ങനെ വീണ്ടും അദ്ദേഹം ഒമാനിലെത്തി. പഴയ ബന്ധങ്ങൾ മുതലാക്കി കുറച്ചു പണം സംഘടിപ്പിച്ച് അദ്ദേഹം ഒരു ഗുഡ്സ് വാൻ വാങ്ങി. ദുബായിൽ നിന്നും ചരക്കുകൾ വാങ്ങി ഒമാനിലെ കടകൾക്ക് നൽകാനുള്ള ഒരു പദ്ധതിയും തയ്യാറാക്കി. അപ്പോഴാണ് കാലിന് ഒരു കടച്ചിലും സ്വാധീനക്കുറവും അനുഭവപ്പെടുന്നത്. രണ്ടുനേരമുള്ള ചികിത്സക്കു വേണ്ടി ഒരു ബന്ധുവിന്റെ റൂമിൽ താമസമാക്കി. പക്ഷെ ബന്ധുവിന്റെ ഭാര്യ അവിടെ ഉള്ളതിനാൽ അദ്ദേഹം രാവിലത്തെ ചികിത്സ കഴിഞ്ഞാൽ അടുത്തുള്ള ഫ്ലൈ ഓവറിന്റെ അടിയിൽ പോയി വിശ്രമിക്കും. ഉച്ചക്ക് പട്ടിണി കിടന്ന് വൈകിട്ടത്തെ ചികിത്സയും കഴിഞ്ഞ് ബന്ധു എത്തിയാൽ നേരെ റൂമിലേക്ക് പോകും. പക്ഷെ ശരിയായ രീതിയിലുള്ള വിശ്രമം ഇല്ലാത്തതു കാരണം അദ്ദേഹത്തിന്റെ അസുഖം കൂടിക്കൂടി വന്നു. അവസാനം ഗത്യന്തരമില്ലാതെ മജീദ്ക്കയ്ക്ക് വീണ്ടും നാട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. വിമാനത്താവളത്തിലേക്ക്പോകുന്ന വഴിക്ക് അദ്ദേഹം ക്ലിനിക്കിൽ എന്നെ കാണാൻ വന്നു."മോനെ ഞാനിപ്പോ പോവുകയാണ്. പക്ഷെ ഞാനിനിയും തിരിച്ചുവരും. ഒരു പുതിയ പരിപാടി മനസ്സിലുണ്ട്. കാലിന്റെ ഈ പ്രശ്നമൊന്ന് തീരട്ടെ"അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ എന്നെ കാണിക്കാതെ ആ മനുഷ്യൻ നടന്നു നീങ്ങി. ഞാൻ മനസ്സാലെ ആ കാൽക്കൽ വീണു മാപ്പിരന്നു. ആ ഭാര്യക്കും മക്കൾക്കും വേണ്ടി.

പ്രവാസം ... അത് അനുഭവിച്ചവർക്കെ അറിയൂ. ജീവിതത്തിന്റെ നല്ല വശങ്ങൾ മുഴുവൻ മരുഭൂമിയിൽ ഹോമിച്ചു നാമമാത്രമായ സമ്പാദ്യവും എണ്ണിയാൽ തീരാത്ത അസുഖങ്ങളും കൊണ്ട് നാട്ടിലെത്തുന്ന ആ മനുഷ്യരെ പഴിക്കുന്ന വീട്ടുകാരും ബന്ധുക്കളും അറിയുന്നില്ല ആ പാവത്തിന്റെ ജീവിതത്തിലെ ബാലൻസ് ഷീറ്റിൽ എന്താണുള്ളത് എന്ന്...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ