മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചുറ്റിലുമായ് കൂടിയവരോട് അയാൾ പറഞ്ഞു തുടങ്ങി. അത്രയും ആഗ്രഹിച്ച് നേടിയ തന്റെ അത്ഭുതശേഷികളിൽ നിന്നെല്ലാം സ്വതന്ത്രനായ യുവാവിന്റെ കഥ.

'ആരെങ്കിലും ഉണ്ടാകുമോ അങ്ങനെ?' നാട്ടുകാരെ പരിഹസിച്ചു.

'എന്തിന് വേണ്ടിയെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുമോ?'
ഒരാൾ ചോദിച്ചു.

'ഉണ്ടാകും.' അയാൾപറഞ്ഞു.
'അത്രയും തീവ്രമായ് പ്രണയം അനുഭവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ.'

'അമാനുഷികർക്കുള്ളതല്ല പ്രണയം.
തന്റെ പ്രണയിയോട് ചേരുമ്പോൾ മാത്രം പൂർണ്ണരാകുന്നവർക്ക്;
തന്റെ പ്രണയിയോട് ചേരുമ്പോൾ മാത്രം തങ്ങളുടെ നിസ്സഹായതകൾ വെടിയാൻ കഴിയുന്നവർക്ക്.
അവനു മാത്രമേ അതിന്റെ രഹസ്യങ്ങൾ എല്ലാം അറിയാനുള്ള അർഹതയുള്ളൂ: അതിലെ അത്യാഹ്ളാദങ്ങൾ,
വിസ്മയങ്ങൾ,
നോവുകൾ,
പിടച്ചിലുകൾ,
ശാന്തത,
ഉന്മാദം,
നന്മകൾ,
മുറിവുകൾ,
സാമീപ്യങ്ങൾ,
വിരഹം,
സംശയങ്ങൾ,
കുറവുകൾ,
കുസൃതികൾ,
കൂടിച്ചേരലുകൾ,
യാത്രപറച്ചിലുകൾ,
മടങ്ങിപ്പോക്കുകൾ,
ഏകാഗ്രത,
ശ്രദ്ധ.

അതിലെ
സമർപ്പണം.'

അത് പറഞ്ഞു അയാൾ ഒരു കവിത ചൊല്ലി:

'ആ രാത്രി മഴ പെയ്തു;
എല്ലാം തികഞ്ഞൊരു മഴ.
നഗരം ഇരുട്ടിലായ് -
അത് മഴയെ മാത്രം തിരഞ്ഞെടുത്തിരിയ്ക്കാം; 
അതിന് മഴയോട് മാത്രമായ് ചിലത് പങ്കിടാനുണ്ടായിരുന്നിരിയ്ക്കാം..
ദൂരെ, ഒരു പൊട്ടു പോലെ, തെളിഞ്ഞു കത്തിയ വിളക്ക് നോക്കിയിരുന്ന്
ഞാൻ നിന്നെ മാത്രം ഓർത്തു.
അകലെ, 
ആ നേരം പ്രകാശം നിറഞ്ഞ ഒരിടത്തായിരുന്ന നീ,
എന്നോട് പിണങ്ങി
നിന്നിലെ വെളിച്ചമെല്ലാം
കെടുത്തിവെച്ചു. '

കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ, യാത്രാസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി അയാളുടെ അരികിലേക്ക് വന്നു.

ചിരപരിചിതരെന്നപോലെ അവർ ചിരിച്ചു. 
അടുത്തടുത്തിരുന്ന് അന്നേരം ആകാശത്തു തെളിഞ്ഞ നക്ഷത്രങ്ങളിൽ ഒന്ന് നോക്കി, ഏതോ ഒരു വീടിന്റെ ഓർമ്മകൾ പറയാതെ പങ്കിട്ടു.

പെൺകുട്ടി ഉറങ്ങിപ്പോയി.

മകളെപ്പോലെ അവളെ മടിയിൽ ചേർത്തുകിടത്തി, അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ വരികൾ ഓർത്തെടുത്തു; ഓർമ്മകളിലെ ഏറ്റവും പ്രിയമായൊരു മുഖത്തോട് ഇങ്ങനെ ചോദിച്ചു:

'നിന്നെ അന്വേഷിയ്ക്കുന്ന പ്രണയത്തിൽ നിന്ന്
എങ്ങനെ നീ ഒളിച്ചിരിയ്ക്കും?
എന്നും നിന്നെ ഓർക്കുന്ന പ്രണയത്തിൽ നിന്ന്
എങ്ങനെ നീ
മറവികൾ മാത്രം തിരഞ്ഞെടുക്കും?'

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ