മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓർമകളുടെ നൂലിഴകളാൽ നെയ്ത പട്ടുറുമാലിൽ വീണ്ടും വീണ്ടും മനസ്സുടക്കുകയാണല്ലോ. എത്രയായിട്ടും മറക്കാൻ പറ്റാത്ത ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച് എന്തിനാണാവോ ജീവിതത്തിൽ നിന്നും ഒളിച്ചോടിയത്.

ഒരുമിച്ചിരുന്ന് ഒട്ടേറെ സ്വപ്നങ്ങളൊന്നും കണ്ടില്ലെങ്കിലും എന്നെങ്കിലുമൊരിക്കൽ ഒരു ജീവിതം പരസ്പരം തുണയായി ജീവിച്ചു തീർക്കണം എന്നാഗ്രഹിച്ചതു തെറ്റല്ലല്ലോ! അഥവാസ്വപ്നത്തിന് നിറച്ചാർത്തുകൾ വരച്ചു ചേർത്ത് ഭംഗിയേകിയതും താനല്ലല്ലോ.

അറിയാമായിരുന്നു പരിമിതികൾ. കുടുംബത്തിൻ്റെ വ്യക്തമായ ചിത്രം ഓർമ്മയിലെന്നേ കോറിയിട്ടത് ഒരിക്കലും മാറ്റിയെഴുതാനായി ഒരു ദേവദൂതനും എത്തിയില്ലല്ലോ. അമ്മയുടെ പ്രതീക്ഷകളിൽ മെനഞ്ഞ കഥകൾ ഒരിക്കലും തളിരിടാത്ത പൂവാടിയിലെ കുഞ്ഞു ചെടികളെപ്പോലെ മുരടിച്ചു തന്നെ നിന്നതും ഓർമച്ചിത്രമായുണ്ട്.

ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ചൊരാൾ ഇത്രയൊക്കെ കരുതലുള്ളവനാണെന്നറിഞ്ഞ നിമിഷം പതറിയ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാനുള്ള വിവേകവുമുണ്ടായിരുന്നു. എന്നിട്ടുമെപ്പൊഴോ ആ സ്നേഹ സാമീപ്യത്തിനായി കൈവിട്ടു പോവുകയായിരുന്നു മനസ്സ്.

കൈക്കുടന്ന നിറയെ മുല്ലപ്പൂക്കളുമായി തൊട്ടടുത്തെത്തി മുടിയിഴകളിൽ ചൂടിത്തരു മ്പോഴാണ് ഒരിയ്ക്കൽ ആ മനസ്സിലെ ആഗ്രഹം ആത്മഗതമെന്നോണം പുറത്തുവന്നത്.

മുടിയിൽ മുഴുവൻ മുല്ലപ്പൂമാല ചൂടി അണിഞ്ഞൊരുങ്ങിയ എൻ്റെ സുന്ദരിക്കുട്ടിയെ ഒരിക്കൽ ജീവിതത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന്. തന്നെ സ്വന്തമാക്കുന്നുണ്ടെന്ന്. പിന്നീട് ഈ ആഗ്രഹം വീട്ടിലറിയിച്ചപ്പോൾ നേരിട്ട എതിർപ്പുകളെ വകവെക്കാതെ തൻ്റെയടുത്തെത്തി ഉറപ്പുതരികയായിരുന്നു. നീയല്ലാതൊരുവൾ എൻ്റെ ജീവിതത്തിലുണ്ടാവില്ലെന്ന്. സ്വന്തമായൊരു ജോലിക്കായി നെട്ടോട്ടമോടുമ്പോൾ എല്ലാം മറന്നാലോ നമുക്ക് എന്ന് ഒരിക്കൽ ചോദിച്ചത് ആ കഷ്ടപ്പെടുന്നതു കണ്ടു സഹിക്കാനാവാത്തതു കൊണ്ടു മാത്രം. തനിക്കതിനാവുമോ എന്ന മറുചോദ്യം കണ്ണുകളിൽ നോക്കി. ഇല്ലെന്ന തലയാട്ടലിനൊടുവിൽ ഒഴുകിയിറങ്ങുന്ന കണ്ണീർ തുടച്ച് മെല്ലെ മുഖമുയർത്തി ചെവിയിൽ മന്ത്രിച്ചതാണ്. മരണം വരെ കൈവിടില്ല നിന്നെ എന്ന്. എന്തൊരു സ്നേഹമാസ്മരികതയായിരുന്നു ആ വാക്കുകൾക്ക്. അവസാനം ചെറിയൊരു ജോലി ശരിയായിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ യാത്ര പോവുമെന്നും പറഞ്ഞു പിരിഞ്ഞതാണ്. എങ്ങോട്ടായിരുന്നു നാടുകടത്തിയത് ആ പാവത്തിനെ? അഥവാ എന്തു സൂത്രമുപയോഗിച്ചാണ് ആ മനസ്സിൽ നിന്നും തന്നെ മായ്ച്ചു കളഞ്ഞത്.

എന്തായാലും ജീവിതത്തിൽ താനാദ്യമായും അവസാനമായും സ്നേഹിച്ചവനുമൊത്ത് കൂടുതൽ സമയം ചെലവഴിച്ച മാവിൻ ചുവട്ടിലേക്കാണ് പതിവുപോലെ കാലുകൾ കൊണ്ടെത്തിച്ചത്. അവിടെ കരിയിലകൾക്കിടയിൽ ആർക്കും വേണ്ടാതെ കിടക്കുന്ന അനേകം കണ്ണിമാങ്ങകൾ അനാഥക്കുഞ്ഞുങ്ങൾ പോലെ... ഒരു കാലത്ത് ആളും ആരവവുമായി ഉത്സവ പ്രതീതിയായിരുന്നു ഇവിടം. തൻ്റെ മനസ്സു പോലെ. ഇന്നെല്ലാം ശൂന്യം. ഒരു തേക്കില പൊട്ടിച്ച് കുമ്പിൾ പോലാക്കി നിറയെ കണ്ണിമാങ്ങകൾ പെറുക്കിയെടുത്ത് നിറക്കുമ്പോഴും എന്തിനു വേണ്ടി ആർക്കു വേണ്ടിഎന്ന മനസ്സിൻ്റെ ചോദ്യങ്ങളെ ശ്രദ്ധിച്ചതേയില്ല.

കാത്തിരിപ്പിനൊടുവിൽ എത്തുന്ന കഥാനായകൻ തൻ്റെ ജീവിതത്തേയും മനോഹരമാക്കുമെന്ന പ്രതീക്ഷയായിരുന്നു അപ്പോൾ മനസ്സിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ