നിലാവ് പൊഴിയുന്ന ആകാശത്തിനു കീഴെ തലയുയർത്തി നിൽക്കുന്ന കമുകിന് തോട്ടത്തിന് നടുവിലെയാ കുടുസ്സ് വീട്ടിൽ നിന്നും പുറത്തേക്കുതിരുന്ന റാന്തൽ വെട്ടത്തിനെ അത്ഭുതത്തോടെ നോക്കുന്ന പത്തു വയസ്സുകാരൻ അഖിൽ തന്നെ മടിയിലിരുത്തി സുവിശേഷം വായിക്കുന്ന അപ്പയോട് ലോകത്തിലെ ഏറ്റവും വലിയ ചോദ്യം ചോദിച്ചു
: അപ്പാ.. ഈ ജനാധിപത്യ ന്നാ ന്താ..? ലോകത്തിലെ ഏറ്റവും വലിയ ചെറിയ ചോദ്യം കേട്ട ആഘാതത്തിൽ സെബാസ്റ്റ്യൻ സുവിശേഷ ലോകങ്ങളെ രണ്ടായി മടക്കി. ജനാധിപത്യ ഭൂമികയിലേക്ക് ഇറങ്ങി വന്നു. ജനാധിപത്യം.. ഇതുവരെയായി പല വിവാദ ങ്ങൾക്കും അപവാദങ്ങൾക്കും കാരണമായ ഇന്നോളം ആർക്കും കൃത്യമായ ഉത്തരമില്ലാത്ത വാക്ക്. അതിന് വെറുമൊരു നാട്ടുമ്പുറക്കാരൻ സെബാസ്റ്റ്യൻ എന്ത് നിർവചനം പറയാൻ. അപ്പാക്ക് അറിയില്ല കുഞ്ഞാ..!
അപ്പാക്ക് അറിയാം.. പറഞ്ഞു താ അപ്പാ.
കർത്താവെ ഇവനോട് ഞാൻ എന്ത്
പറയാൻ.?
ജനാധിപത്യത്തിന്റെ അർത്ഥം ആരായുന്ന തന്റെ കുഞ്ഞിനോട് എന്തർത്ഥം പറയണമെന്നറിയാതെ ഇരുട്ടിലേക്ക് നോക്കി നിന്ന അപ്പയെയാണ് ഇന്നാ നീതിയുടെ കൂട്ടിൽ നിൽക്കുമ്പോൾ അഖിലിനാദ്യം ഓർമ വന്നത്. നീതിപീടത്തിൽ ഇരിക്കുന്ന ന്യായാധിപൻ അഖിലിന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ തൊട്ടപ്പുറം നിൽക്കുന്ന കൃത്രിമ ബുദ്ധിയുടെ വാക്കുകൾ അതേപടി പകർത്തുകയായിരുന്നു. ഇനി അഖിലിന്റെ ഊഴമാണ് നിങ്ങൾക്ക് സംസാരിക്കാം.കൃത്രിമ ബുദ്ധിയിൽ ഉണ്ടായ മനുഷ്യ പുത്രന് രണ്ടു വശവും കേൾക്കാതിരിക്കാൻ ആവില്ലല്ലോ.
എന്റെ പേര് അഖിൽ. ഭൂമിയിലെ ഏറ്റവും ചെറിയ തുരുത്തിലാണ് ഞാനും എന്നോടൊപ്പമുള്ള മനുഷ്യവർഗവും ജീവിക്കുന്നത്. ആധുനികതയിൽ മുളച്ചുപൊങ്ങിയ പുതിയ യന്ത്ര മനുഷ്യർ ഭൂമിയിലെ മുക്കാൽ ഭാഗം മനുഷ്യരെയും വേട്ടയാടി. നശിപ്പിച്ചു കളഞ്ഞു. ഇനി ബാക്കി വരുന്നത് ഞാനും ഈ അഞ്ഞൂറിൽ കുറവ് മനുഷ്യരും മാത്രമാണ്. ബാക്കിയെല്ലാം നിങ്ങൾ സ്വന്തമാക്കിയില്ലേ. കടലും കാടും നിങ്ങൾ തരിശാക്കി. നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങൾ അവിടെ ചെയ്യുന്നു. ഇനി ബാക്കി വരുന്ന ആ ഒരു തരി മണ്ണുകൂടി നിങ്ങൾക്കെന്തിനാണ്. ഞങ്ങൾ വളർന്നു ജീവിച്ച മണ്ണാണത്. അവിടം വിട്ട് ഞങ്ങൾ എങ്ങോട്ട് പോവാൻ. മലയാളമെന്ന പ്രാകൃത ഭാഷയിൽ സംസാരിക്കുന്ന അപരിഷ്കൃത വർഗത്തെയും അതിന്റെ തലവനായ അഖിലെന്ന നിരക്ഷരനെയും ആധുനികതയുടെ യന്ത്രമനുഷ്യർ അവക്ജ്ഞയോടെ നോക്കി. യന്ത്രക്കുട്ടികൾ അയാളുടെ ഭാഷാശൈലി യെ അനുകരിച്ച് കളിയാക്കി ആധുനിക യന്ത്ര ഭാഷയിൽ ഭ്രാന്തനെന്ന് ഉച്ചരിച്ചു കൊണ്ടേയിരുന്നു. ആ വലിയ കോടതിയിലെ അരണ്ട ചുവപ്പ് വെളിച്ചത്തിൽ അഖിലും ബാക്കി വരുന്ന പ്രാകൃത മനുഷ്യരും കണ്ണുതുറക്കാനാവാതെ പെടാപാട് പെട്ടു. ആകാശത്തിലോടുന്ന കോടതിക്കു പുറത്ത് താഴെ ഭൂമി ചുട്ടു പഴുത്തു കിടന്നു. കണ്ണെത്താ ദൂരമത്രയും പടുകൂറ്റൻ ഇരുമ്പ് കെട്ടിടങ്ങളും ഇലക്ട്രിക്കൽ ചാർജിങ് സ്റ്റേഷനുകളും മാത്രം ഉള്ള ഭൂമി. അതിനിടയിൽ ആദിമ മനുഷ്യരുടെ ശിലാ സ്മാരകങ്ങളായി കൃത്രിമ ബുദ്ധി നിലനിർത്തിക്കൊണ്ടു പോരുന്ന ചിതലരിക്കുന്ന കല്കെട്ടിടങ്ങൾ. ഭക്ഷ്യ കടകളായും. മതസ്ഥാപനങ്ങളായും. തുണിക്കടകളായും. യന്ത്രക്കുട്ടികൾക്ക് കണ്ടത്ഭുതപ്പെടാൻ വേണ്ടി മാത്രം നിലനിർത്തിയ കുളവും മരവും മലയും അടങ്ങിയ വലിയ പൈതൃക മ്യൂസിയം. അതിനൊത്ത നടുക്ക് തലവിരിച്ചു നിൽക്കുന്ന കാട്ടാനയുടെ അസ്ഥിക്കൂടം. ആ വലിയ സെൻസർ വാതിൽ കടന്നു അകത്തേക്ക് കയറിയാൽ കാണുന്ന വലിയ ചുമരിൽ ഷർട്ടും പാന്റ്സും ബൂട്ടുമിട്ടു നിൽക്കുന്ന പ്രാകൃത മനുഷ്യന്റെ വലിയൊരു രൂപവും. അത്തരത്തിലൊരു കാഴ്ച്ച വസ്തുവിനെ നേരിട്ടു കണ്ട അത്ഭുതം കൊണ്ടാവാം ആ കോടതിമുറിയിലെ മുഴുവൻ യന്ത്രമനുഷ്യരും അഖിലിനെയും മറ്റു മനുഷ്യരെയും കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നത്. നീതിക്കു വേണ്ടി പൊരുതുന്ന പ്രാകൃതർ എല്ലാ കാലത്തും അത്ഭുതമാണല്ലോ..! ഇരുപക്ഷത്തിന്റെയും വാദം കഴിഞ്ഞപ്പോൾ നേരം ഒരുപാട് വൈകി. മനുഷ്യരുടെ വയറുകൾ വിശന്നു തുടങ്ങി. വിശപ്പിനെ പോലും പിന്നിലാക്കുവാൻ കെൽപ്പുള്ള പ്രത്യാഷ മനുഷ്യരിൽ നിറഞ്ഞു നിന്നിരുന്നു. അതവരുടെ കണ്ണുകളിൽ തെളിഞ്ഞുകാണാം. സൂര്യന്റെ സ്വർണ വെളിച്ചം ഇരുമ്പ് കാടുകളിൽ തട്ടി പിന്നോട്ട് വലിഞ്ഞു. ചന്ദ്രൻ വെള്ളിനിറമുള്ള നിധി കുംഭമായി മാനത്തുദിച്ചു. ന്യായാധിപൻ അവസാന നീതി പത്രം വായിച്ചു : പരിണാമ സിദ്ധാന്തം : നമ്മുടെ പിൻഗാമികളായ മനുഷ്യരിൽ ജനിച്ച ഡാർവിന്റെ സിദ്ധാന്ത പ്രകാരം. ഭൂമിയിൽ പുതിയൊരു ആവാസ വ്യവസ്ഥ രൂപം കൊള്ളുമ്പോൾ പഴയ പുതിയ ആവാസ വ്യവസ്ഥകളിലെ ജീവികൾ തമ്മിൽ ശണ്ട കൂടുകയും അതിനെ അധിസാമർഥ്യമുള്ളവർ അതി ജീവിക്കുകയും അവരീ ഭൂമിയിൽ ജീവിക്കുകയും ചെയ്യും. എന്നിരുന്നാലും നമ്മുടെ പിൻഗാമികളെന്ന നിലയിൽ ഭൂമിയിൽ ജീവിക്കുന്ന പ്രാകൃതരെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് തന്നെ പ്രാകൃതരുടെ പച്ചപ്പ് അവർക്കുതന്നെ വിട്ടു നല്കാനും. അവരെ സംരക്ഷിക്കാനും ഉത്തരവാകുന്നു.
സ്വന്തം മണ്ണിലേക്ക് തിരികെ നടക്കുമ്പോൾ അഖിലിന്റെ മുന്നിൽ വീണ്ടും ചില ചോദ്യങ്ങൾ ഉണ്ടായി. എന്താണ് ജനാധിപത്യം?: ജനങ്ങൾക്ക് ആധിപത്യമുള്ള നാട്.. ആരാണ് ജനങ്ങൾ..? : ഭൂമിയിലെ മറ്റുള്ള ജീവികളെക്കാൾ ചിന്തയും വൈധഗ്ദ്യവുമുള്ള ജിവികൾ..
(ഇന്നിന്റെ ആധുനികത നാളെയുടെ പ്രാകൃതം)