കൗമാരക്കാർക്ക് നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ ഫാദർ നർമ്മവും ചിന്തയും കലർത്തി സംസാരിക്കുകയാണ്. കുട്ടികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സംഭാഷണ രീതി.
കുട്ടികളെ ബോറടിപ്പിക്കാതെ, മനോഹരമായ ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പല വിഷയങ്ങളും ഫാദർ സംസാരിച്ചുകൊണ്ട് പോവുകയാണ്. ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളി. അവരുടെ ഭാവി നശിപ്പിക്കുന്ന ലഹരി മാഫിയകളും.. സോഷ്യൽ മീഡിയ എന്ന വലിയ ചിലന്തിവലകളും എന്നിവയെ കുറിച്ച് എല്ലാം ഒരു ബോധവൽക്കരണം, എന്നതായിരുന്നു ഓറിയന്റേഷൻ ക്ലാസിന്‍റെ ലക്ഷ്യം.
മുന്നിലിരിക്കുന്ന കുട്ടികളിൽ പലരും ഫാദർ പറയുന്നത് ശ്രദ്ധിച്ചിരിക്കുന്നുണ്ട്. കുറച്ചുപേർ അതിലൊന്നും ശ്രദ്ധിക്കാതെ അവരുടേതായ ലോകത്താണ്. ഫാദർ പെട്ടെന്നാണ് ഒരു ചോദ്യം ചോദിച്ചത്.
"കടപ്പാട് എന്നാൽ എന്ത്?"
ഫാദറിന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ, കുട്ടികൾ പരസ്പരം ഒന്നു നോക്കി. തങ്ങൾക്ക് കടപ്പാട് എന്നാൽ നന്നായി അറിയാം. പലരുടെ മുഖഭാവവും അത്തരത്തിൽ ആയിരുന്നു.
"നിങ്ങൾക്ക് പലർക്കും അറിയാവുന്നത് തന്നെയാണ് സമൂഹത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.. ചില വ്യക്തികളോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.. അച്ഛനോട് അമ്മയോട് അല്ലെങ്കിൽ കൂട്ടുകാരനോട് കൂട്ടുകാരിയോട്.. അങ്ങനെ പല രീതിയിൽ. കടപ്പാട് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആരോടൊക്കെ കടപ്പാട് തോന്നാം? നിങ്ങൾ ഓരോരുത്തരുടെയും വ്യക്തിവികാസം രൂപം പ്രാപിക്കപ്പെടാൻ സഹായകമാകുന്നത് എന്താന്നോ അതിനോടെല്ലാം നിങ്ങൾ കടപ്പെട്ടവരാണ്!! നിങ്ങൾക്ക് ഓരോരുത്തർക്കും ഒരു വൈറ്റ് പേപ്പർ ഇവിടെ നിന്ന് ലഭിക്കും. കടപ്പാടിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അതിൽ എഴുതുക.. നിങ്ങളുടെ പേരോ പഠിക്കുന്ന ക്ലാസ്സോ ഡിവിഷനോ ഒന്നും വെക്കേണ്ടതില്ല!! നിങ്ങൾക്ക് ഇഷ്ടമുള്ളത്ര എഴുതാം."
ഫാദർ പറഞ്ഞപ്പോൾ കുട്ടികൾക്ക് ആകാംക്ഷയായി. അവർക്ക് അറിയുന്ന കാര്യങ്ങൾ എഴുതാമല്ലോ? എല്ലാവരുടെ കൈകളിലേക്കും വെള്ളപേപ്പർ എത്തി. ഓരോരുത്തരും അത് വാങ്ങി എഴുതാൻ തുടങ്ങി! എന്നാൽ അവസാന ബെഞ്ചിലിരുന്ന ഒരു കുട്ടി മാത്രം ആലോചനയിൽ മുഴുകി ഇരിക്കുന്നത് കണ്ടു ഫാദർ.
"എല്ലാവരും എഴുതാൻ തുടങ്ങിക്കോളൂ.."
അവനെ ശ്രദ്ധിച്ചുകൊണ്ട് ഫാദർ പറഞ്ഞു.
വീണ്ടും ഒരു നിമിഷത്തെ ആലോചനക്കു ശേഷം അവൻ എഴുതാൻ തുടങ്ങി.. ആ വെള്ള പേപ്പറിൽ അവൻ്റെ തൂലികയിൽ നിന്നും മനോഹരമായ അക്ഷരങ്ങളാൽ അവൻ എഴുതി.
അവ ഇപ്രകാരമായിരുന്നു.
"എൻ്റെ ഈ ജീവിതം കൊണ്ട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നത് ആരെന്നറിയാത്ത എന്റെ മാതാപിതാക്കളോടാണ്. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ, എന്നെ ഉപേക്ഷിച്ച് എൻ പെറ്റമ്മയോട്. അല്ലെങ്കിൽ അതിന് സാഹചര്യം ഒരുക്കിയ ആളുകളോട്. കാരണം.. അവർ എന്നെ ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ, ഞാൻ ഒരുപക്ഷേ ഈ ക്ലാസിൽ പങ്കെടുക്കാൻ ഉണ്ടാകുമായിരുന്നില്ല!! എന്നെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച്, പോയതുകൊണ്ടാണ് എനിക്ക് ഒരുപാട് അമ്മമാരെ കിട്ടിയത്. അവരുടെ സ്നേഹത്തണലിൽ ആണ് എനിക്ക് ജീവിക്കാനുള്ള അവസരം ലഭിച്ചത്! അതുകൊണ്ട് ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്നെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച എന്റെ മാതാപിതാക്കളോടാണ്.."
എഴുതിക്കഴിഞ്ഞ് പേപ്പർ നാലാക്കി മടക്കി. അവൻ ഫാദർ അവനെ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്. ഓരോരുത്തരായി പേപ്പർ മടക്കി നൽകി. അവന്റെ ഊഴം എത്തിയപ്പോൾ ഫാദറിനു നേരെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്, അവൻ പേപ്പർ നീട്ടി.
ആകാംക്ഷയോടെ പേപ്പർ വാങ്ങി...അദേഹം.
മനോഹരമായ കൈപ്പടയിലൂടെ ഫാദറിന്റെ കണ്ണുകൾ ചലിച്ചു.
ആ വരികളിലൂടെ ഫാദർ ഒരു യാത്ര പോയി.. തൻ്റെ ബാല്യത്തിലേക്ക്. അതെ ഒന്നും അവസാനിക്കുന്നില്ല! ആ വരികളിൽ ഫാദർ കണ്ടത് തന്നെ തന്നെയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വലിച്ചെറിയപ്പെട്ട തൻ്റെ ബാല്യം!