സാൻവിയിലെ അണ്ണൻ മരിച്ചു. കേട്ടവർ, കേട്ടവർ അന്തം വിട്ടുനിന്നു.
സാൻവിതരിയ കവലയിലെ ഏറ്റവും വലിയ കടയാണ്. എന്തും, ഏതും, എപ്പോഴും കിട്ടുന്ന മിനിമാർട്ടാണ്. അതിൻ്റെ ഉടമസ്ഥനാണ് ഷംസുദീൻ. രാവിലെ അണ്ണൻ വന്ന് കട തുറന്നതാണ്. കടയിൽ നല്ല തിരക്കുണ്ടായിരുന്നപ്പോഴാണ് അദ്ദേഹം കുഴഞ്ഞു വീണത്. അപ്പോൾ തന്നെ മരിക്കുകയും ചെയ്തു.
കടയിൽ ഉണ്ടായിരുന്നവരും, അടുത്തുള്ള കടക്കാരും കൂടി അദ്ദേഹത്തെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. വിവരമറിഞ്ഞു ഭാര്യയും, മക്കളും ആശുപത്രിയിൽ വന്ന് കൂട്ടക്കരച്ചിലായി.അവരെ സമാധാനിപ്പിച്ച് അളുകൾ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
ആശുപത്രിയിൽ നിന്നും വന്ന ഉടൻ അമ്മയും, മക്കളും വീടുപൂട്ടി വരാന്തയിൽ ഇരുന്നു. മൃതശരീരവുമായി വന്നവരോട് ഭാര്യ പറഞ്ഞു - "ഞങ്ങൾക്ക് ഈ ബോഡി വേണ്ട. ഇവിടെ ഇറക്കുകയും വേണ്ട. മരിച്ചയാളുടെ സഹോദരങ്ങൾ വേണമെങ്കിൽ എടുത്തോട്ടെ ". അവർ വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കാം".
സാൻവിയിലെ അണ്ണന് ആറു സഹോദരങ്ങളാണ്. ഒന്നുമില്ലായ്മയിൽ നിന്നാണ് അയാൾ എന്തെങ്കിലുമൊക്കെ ആയത് ' ,അയാൾ കുറെക്കാലം ഗൽഫിലായിരുന്നു. ഗൽഫു ജീവിതത്തിനിടക്ക് വിവാഹം കഴിച്ച് രണ്ടു കുട്ടികളുമായി. രണ്ടും പെൺമക്കൾ
ഭാര്യക്കും, മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട മനുഷ്യൻ. സ്വയം ജീവിക്കാൻ മറന്നു പോയി. കഷ്ടപ്പാടിനിടയിൽ രോഗങ്ങൾ വന്നത് അയാൾ അറിഞ്ഞില്ല. മരുന്നുകൾ പോലും വാങ്ങാതെ, ആ പൈസയും കൂടി ഭാര്യക്കും, മക്കൾക്കും തുള്ളാൻ കൊടുത്തു.
ഭാര്യ വന്നതോടുകൂടി, അയാൾ തൻ്റെ വീട്ടുകാരെയും ബന്ധുക്കളെയും മറന്നു. ഒപ്പം അവരിൽ നിന്നും അകന്നു മാറി.
ബന്ധുക്കളുടെ ഏതെങ്കിലും വീട്ടിൽ, എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ, ഭാര്യ ഓരോരോ കുറ്റങ്ങൾ കണ്ടെത്തി അതിൽ നിന്നും അയാളെ പങ്കെടുപ്പിക്കാതിരിപ്പിക്കും.
ഷംസുദീൻ്റെ അച്ഛനും, അമ്മയും മരിച്ചിട്ട് പോലും അയാൾ കാണാൻ പോയില്ല. അതിലും അവർ ഓരോ കാരണങ്ങൾ കണ്ടെത്തി.
ഇയാൾ മരിച്ച് ബോഡി കൊണ്ടുവന്നതറിഞ്ഞ്, സഹോദരങ്ങൾ എല്ലാവരും എത്തിയപ്പോൾ, ഭാര്യയും മക്കളും, എണീറ്റു നിന്ന് ഒരേ സ്വരത്തിൽ, അവരെ നോക്കിപ്പറഞ്ഞു.- "ഈ ശവശരീരം നിങ്ങൾ എല്ലാവരും കൂടി പങ്കിട്ടെടുത്തോളൂi ഞങ്ങൾക്കു വേണ്ട." - ഉടൻ തന്നെ അവർ വീടു തുറന്ന് അകത്തു കയറി ,കതക് വലിച്ചടച്ച് കുറ്റിയിട്ടു.
കണ്ടു നിന്ന സമുദായക്കാരോ, ബന്ധുക്കളോ, ഒന്നും അവരെ വിളിക്കാനോ, പറയാനോ പോകാതെ പെട്ടെന്നു തന്നെ വേണ്ട ക്രീയകൾ ഒക്കെ ചെയ്ത് പള്ളിയിൽ കൊണ്ടുപോയി കബറടക്കി.
കബറടക്കത്തിനു ശേഷമുള്ള പ്രാർത്ഥനകൾക്ക് ആളുകൾ ചെന്നപ്പോൾ, അവർ കതകു തുറന്നില്ല
ആചാരപ്രകാരം ഭർത്താവു മരിച്ചാൽ ഭാര്യ നാൽപ്പത് ദിവസം, മറ്റുള്ളവരുമായി ഇടപഴകാതെ മറ ഇരിക്കണം. എന്നാൽ ഒരു ദിവസം പോലും അതിനു തയ്യാറാകാതെ, പ്രായപൂർത്തിയായ പെൺമക്കളെയും കൂട്ടി ഭർത്താവിൻ്റെ കട തുറന്നു.
ജീവിച്ചിരുന്നപ്പോൾ ഭർത്താവിന് നല്ലൊരു ആഹാരം ഉണ്ടാക്കി കൊടുക്കാനോ, നല്ലൊരു കുടുംബ ജീവിതം കാഴ്ചവെയ്ക്കാനോ കഴിയാതെ അയാളുടെ സ്വത്തു മാത്രം ആഗ്രഹിച്ച സ്ത്രീയും, അവരുടെ ചരടിൽ മാത്രം നിൽക്കുന്ന രണ്ടു പെൺമക്കളും
സാൻവിതരിയായിലെ അണ്ണൻ്റെ ഭാര്യയും മക്കളും..''