(Manjusha Murali)
വാതിൽ പഴുതിലൂടെ അരിച്ചെത്തിയ നേരിയ പ്രകാശം എൻ്റെ മുഖത്തും പ്രതീക്ഷയുണർത്തി.ആരുടെയോ പാദപതന ശബ്ദം കേട്ടു ഞാൻ ശ്വാസമടക്കി പിടിച്ചിരുന്നു.
വാതിലിന്നരുകിലാ ശബ്ദം നിലയ്ക്കുന്നതും ആരോ ഒരു കവർ വാതിലിന്നടിയിലൂടെ ഉള്ളിലേക്ക് തള്ളുന്നതും കണ്ടു. പതിയെ എഴുന്നേറ്റു ചെന്നാ കവർ കൈയ്യിലെടുത്തു. ലൈറ്റിടാൻ അനുവാദമില്ലാത്തതിനാൽ നേരം പുലർന്നേ വായിക്കാനാകൂ. വീട്ടിൽ നിന്നുള്ള കത്താവും; കത്തു പൊട്ടിച്ചു വായിക്കാനും വിശേഷങ്ങളറിയാനുമുള്ള മനസ്സിൻ്റെ വെമ്പലടക്കി കട്ടിലിൽ വന്നിരുന്നു.
അടക്കിപ്പിടിച്ച ഗദ്ഗദങ്ങളുമായി മുറിയിലെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരിക്കേ ചിന്തിച്ചു പോയി ഞാനെത്ര മാറിപ്പോയിരിക്കുന്നു. അല്ല കാലമെന്നെ മാറ്റിമറിച്ചു എന്നു പറയുന്നതാവും ശരി.
വീട്ടിലും കൂട്ടുകാർക്കിടയിലും കിലുക്കാംപെട്ടിയായി ഓടിനടന്നിരുന്ന ഞാൻ, പപ്പാ ഇടയ്ക്ക് എന്നെ ചൊടിപ്പിക്കാൻ "ഇത്തിരി നേരമാ വായൊന്നടച്ചു വയ്ക്കുമോ ശ്രുതി മോളെ" എന്നു ചോദിക്കുമായിരുന്നു. അന്നേരം പപ്പായോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുമായിരുന്ന ഞാൻ. പിണക്കം മാറ്റാൻ എൻ്റെ പുറകെ നടക്കുന്ന പപ്പാ, എല്ലാം ഇന്ന് ഓർമ്മകൾ മാത്രം. എല്ലാവരെയും കാണാൻ കൊതിയാവുകയാണ്. അമ്മയുടെയും പപ്പായുടെയും അരുമയായി, അനുജത്തിയുടേയും അനുജൻ്റെയും പ്രിയപ്പെട്ട ചേച്ചിയായി ഞങ്ങളുടെ വീടെന്ന സ്വർഗ്ഗത്തിൽ ഇനി എന്നെത്തപ്പെടും..??
ഈ ഇരുട്ടിലടയ്ക്കപ്പെട്ടിട്ടിന്ന് 56 ദിവസമാകുന്നു. ഇവിടെ നിന്ന് പുറത്തു കടക്കാനാകുമോ എന്നും നിശ്ചയമില്ല. ജീവിതം എത്ര വേഗമാണ് മാറിമറിയുന്നത്.
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു പഠിക്കാൻ ഇഷ്ടപ്പെട്ട പ്രൊഫഷൻ തന്നെ കിട്ടിയപ്പോൾ ഒത്തിരി സന്തോഷിച്ചു. വീട്ടിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പഠനത്തിൽ മാത്രം ശ്രദ്ധിച്ച് ഒതുങ്ങി ജീവിച്ചു. വാരാന്ത്യങ്ങളിൽ കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ച് സന്തോഷമായി നടക്കുമ്പോൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി, റൂമിൽ ഒതുങ്ങിക്കൂടുമായിരുന്നു. കാണാൻ തരക്കേടില്ലാത്തതിനാൽ പലരും പ്രണയാഭ്യർത്ഥനകളുമായി വന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാൻ നിന്നില്ല. റൂംമേറ്റായിരുന്ന അനിത പറയുമായിരുന്നു ..''എൻ്റെ കർത്താവേ ഇവൾക്കു കൊടുത്ത സൗന്ദര്യത്തിൻ്റെ ഒരംശമെങ്കിലും എനിക്കു തന്നിരുന്നേൽ ഞാനൊന്ന് അർമാദിച്ചേനേ''. ഇഷ്ടം കൂടാൻ വരുന്നവരെ പിന്നാലെ നടത്തി രസിക്കുക, അവരുടെ ചെലവിൽ സിനിമ കാണാനും ഐസ്ക്രീമും, ബിരിയാണിയും കഴിക്കാനും, പുതിയ ആളെ കിട്ടുമ്പോൾ അവരെ തഴഞ്ഞുപോകാനും അനിത മിടുക്കി ആയിരുന്നു. ഇടയ്ക്ക് ബിരിയാണി പാഴ്സൽ എനിക്കും കൊണ്ടുവന്നു തരും, കൂടെ കുറച്ച് ഉപദേശങ്ങളും തരാൻ മറക്കില്ലായിരുന്നവൾ.
നല്ല മാർക്കോടെ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി. നല്ല സ്ഥാപനത്തിൽ ജോലിക്കു കയറി. പപ്പാ വേണ്ടന്നു പറഞ്ഞാലും കിട്ടുന്ന ശമ്പളം മിച്ചം പിടിച്ച് വീട്ടിലേക്ക് അയക്കാനും ശ്രമിച്ചിരുന്നു. പപ്പയ്ക്കതൊരാശ്വാസമായിരുന്നു. അതിനിടയിലാണ് പപ്പായുടെ ഒരു സുഹൃത്തിൻ്റെ മകൻ ഗൾഫിലേക്ക് പോകാൻ ഒരു ചാൻസുണ്ടെന്ന് പറഞ്ഞ് പപ്പായെ സമീപിച്ചത്. ഗൾഫിലെ കാര്യങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ലാതിരുന്ന പപ്പാ അവർ പറഞ്ഞതെല്ലാം വിശ്വസിച്ചു.
അടുത്ത ദിവസം എന്നെ ഫോൺ ചെയ്ത് "മോളെ നല്ല ചാൻസാണെന്നാ പ്രിൻസ് പറഞ്ഞത്, ഇതു കിട്ടിയാൽ നമ്മുടെ കുടുംബം രക്ഷപെടും. നീ ഉടനെ വരണം. ടിക്കറ്റിനുള്ള പൈസ മാത്രം മതി" എന്നു പറഞ്ഞു. ഞാനന്നേരവും പപ്പായോട് പറഞ്ഞു .." മൂന്നു വർഷം ജോലി ചെയ്ത സർട്ടിഫിക്കറ്റ് വേണം പുറത്തേക്ക് പോകാൻ, ഇനി രണ്ടു മാസം കൂടിയേയുള്ളൂ ബോണ്ട് പീരിയഡ് കഴിയാൻ. അതിനു ശേഷം പോരെ പപ്പാ''
അപ്പോൾ പപ്പാ പറഞ്ഞത് "പ്രിൻസാകുമ്പോൾ നമുക്കറിയാവുന്ന പയ്യനല്ലേ.. അറിയാവുന്ന ആരേലും അടുത്തുണ്ടേൽ ഞങ്ങൾക്കൊരു സമാധാനമല്ലേ''
പപ്പായെ വിഷമിപ്പിക്കേണ്ട എന്നു കരുതി പിന്നീടു ഞാനൊന്നും മറുത്തു പറഞ്ഞില്ല. അടുത്ത ദിവസം തന്നെ ഞാൻ ജോലി റിസൈൻ ചെയ്യാൻ എഴുതി കൊടുത്തു. അവിടെയും പ്രശ്നങ്ങൾ, ഒരു മാസത്തെ സാവകാശം വേണ്ട കാര്യം. ബോണ്ട് തീരാതെ സാധാരണ റിസൈൻ അംഗീകരിക്കില്ല. പിന്നെ ഡൊറോത്തി മാഡത്തിൻ്റെ പ്രത്യേക ശുപാർശയിൽ കാര്യങ്ങൾ വേഗം ചെയ്തു തന്നു. യാത്ര ചോദിക്കാൻ ചെന്നപ്പോൾ സുപ്പീരിയേഴ്സിൽ പലരും 'ഇങ്ങനെ പോകുന്നതെന്തിനാണ്. മിനിസ്ട്രിയുടെ ഡയറക്ട് ഇൻ്റെർവ്യു നടക്കുമ്പോൾ അതിൽ അറ്റൻഡ് ചെയ്ത് പോകുന്നതല്ലേ നല്ലത്?
"മൂന്നു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കേ ഇൻ്റെർവ്യൂവിൽ പങ്കെടുക്കാനാകൂ. രണ്ടു രണ്ടര മാസം കഴിഞ്ഞാൽ നിനക്ക് മൂന്നു വർഷം ജോലി ചെയ്ത സർട്ടിഫിക്കറ്റുമായി ഒരു പൈസാ ചെലവുമില്ലാതെ പൊയ്ക്കൂടെ."
അവരുടെയൊക്കെ ചോദ്യങ്ങൾക്ക് മുന്നിൽ മിണ്ടാതെ നിന്നു ഞാൻ. പപ്പാ പറഞ്ഞുള്ള അറിവല്ലാതെ എനിക്കും കൂടുതലൊന്നും അറിയില്ലായിരുന്നു. നാട്ടിലെത്തി ഒരാഴ്ചക്കുള്ളിൽ വിസ വന്നു. അത് ഒരു ബിസിനസ്സ് വിസയായിരുന്നു. അവിടെ ചെന്ന് എക്സാമെഴുതി MOH Licence ആ വിസാ കാലാവധിക്കുള്ളിൽ എടുക്കണമെന്നവർ പറഞ്ഞു. പരീക്ഷ പാസായില്ലെങ്കിൽ മടങ്ങിപ്പോരേണ്ടി വരും. റിട്ടേൺ ടിക്കറ്റുമെടുപ്പിച്ചു, ഒത്തിരി ടെൻഷനോടെയാണ് യാത്ര തിരിച്ചത്.
എല്ലാവരെയും വിട്ടു ദൂരത്തേക്കു പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. വീട്ടിൽ പപ്പായുടേയും അമ്മയുടേയും കൂടെ നിന്ന് കൊതി തീർന്നിരുന്നില്ല. ഒത്തിരി ആഗ്രഹങ്ങളും പ്രതീക്ഷകളും അതിലേറെ ടെൻഷനുമായി ഞാൻ ഗൾഫിൽ വന്നിറങ്ങി.
എയർപോർട്ടിൽ നിന്ന് എനിക്ക് വിസ തന്ന സ്ഥാപനത്തിൽ നിന്ന് ആൾക്കാർ വന്നിരുന്നു കൊണ്ടു പോകാൻ. ഒരു വലിയ കെട്ടിടത്തിനു മുന്നിൽ ഞാനെത്തി. അതിൻ്റെ മുന്നിലെ ബോർഡിൽ അൽ സഹവാ പോളിക്ലിനിക്ക് എന്നെഴുതിയിരുന്നു. ക്ലീനിക് എന്നു കണ്ടപ്പോഴേ മനസിടിഞ്ഞു. ഉള്ളിൽ കയറി അവർ കാണിച്ചു തന്ന വഴിയേ നടന്ന് ഈ മുറിയിലെത്തി.
നന്നായി ഫർണിഷു ചെയ്ത നല്ല മുറി, ഞാൻ കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും ഭക്ഷണം കൊണ്ടുവന്നു തന്നു. അതിനു ശേഷം അവിടുത്തെ ഒരു ഡോക്ടറും ഭാര്യയും വന്നു പരിചയപ്പെട്ടു. മലയാളികളാണെന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി. അവരും അതിനടുത്ത കെട്ടിടത്തിലാണ് താമസം എന്നു പറഞ്ഞു. എന്താവശ്യമുണ്ടേലും പറയാൻ മടിക്കേണ്ട എന്നു പറഞ്ഞവർ പോയി.
അടുത്ത ദിവസം എന്നെയും കൊണ്ടവർ മിനിസ്ട്രിയിലും, എംബസ്സിയിലുമൊക്കെ പോയി. എക്സാമിന് വേണ്ട പേപ്പേർസ് എല്ലാം ഒപ്പിട്ടു കൊടുത്തു. താമസിയാതെ എക്സാമിന് ഡേറ്റുകിട്ടി.
ഒത്തിരി ടെൻഷനോടെയാണ് എക്സാമിനു പോയത്. എങ്ങാനും തോറ്റു പോയാൽ മടങ്ങേണ്ടി വരും. പൈസ മുടക്കിയത് വെറുതെയാകും.
എന്നോടൊപ്പം ഇരുപതു പേർ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നു. ആദ്യം റിട്ടൺ എക്സാം, അതിൻ്റെ മാർക്കു തന്നിട്ട് ഇൻ്റെർവ്യൂ. എക്സാം ഞാൻ പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു. ഇൻ്റെർവ്യൂവിന് നേഴ്സിങ്ങ് ഡയറക്ടറുടെ മുന്നിലെത്തിയ ഞാൻ അവരുടെ ചോദ്യം കേട്ട് പകച്ചു നിന്നു. അവർ അറബി സ്ത്രീയായിരുന്നു. അവരെന്നോട് "'നീയെങ്ങനെ പ്രൈവറ്റ് ഫേമിലെത്തി ''
88% മാർക്ക് സ്കോർ ചെയ്ത ആൾ, ഈസിയായി മിനിസ്ട്രിയിൽ കയറിപ്പറ്റാവുന്നതാണല്ലോ"
അവരതു ചോദിക്കും വരെ ഞാനെവിടെയാണ് എത്തപ്പെട്ടതെന്നെ നിക്കറിയില്ലായിരുന്നു. ഞാനകപ്പെട്ട ചതിക്കുഴി എന്താണെന്ന് അപ്പോഴാണ് മനസിലായത്. പ്രൈവറ്റിൽ സാലറി കുറവാണ്, ആരോടു പറയണം, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി ഞാൻ. എക്സാം പാസായി അടുത്ത ദിവസം മുതൽ ജോലിക്കിറങ്ങി.
വരുന്ന രോഗികളിലധികവും ബംഗാളികളും പാക്കിസ്ഥാനികളും, മലയാളികളും ആയിരുന്നു. ഇതിനിടയിൽ ഒന്നു രണ്ടുവട്ടം ഡോക്ടറുടെ ഫോണിൽ നിന്ന് നാട്ടിലേക്കു വിളിച്ചു വിവരങ്ങൾ പറഞ്ഞു. പോസ്റ്റ് ബോക്സ് നമ്പറും അഡ്രസ്സും കൊടുത്തു. നാട്ടിലേക്കാരേലും മലയാളികൾ പോകുമ്പോൾ കത്തുകൾ എഴുതി കൊടുത്തയച്ചു. ദിവസങ്ങൾ അതിവേഗം കടന്നു പോയി. എൻ്റെ വിസാ കാലാവധി തീരാറായി. ഇവിടുത്തെ മറ്റൊരു ഇറാക്കി ഡോക്ടർ ആ വിവരം എന്നോടു പറഞ്ഞു. സ്പോൺസറിനോട് സംസാരിക്കണമെന്ന് പറയാൻ പറഞ്ഞു.
അങ്ങനെ ഞാൻ മലയാളി ഡോക്ടറോട് അതിനെക്കുറിച്ചു ചോദിച്ചു. "സ്പോൺസർ UKയിൽ പോയിരിക്കുകയാണ്, വന്നാലുടനെ ജോബ് വിസ അടിച്ചു തരും എന്നു പറഞ്ഞു"
പിന്നെയും മാസങ്ങൾ കഴിഞ്ഞു. ശമ്പളവുമില്ല, വിസയുമില്ല. ഭക്ഷണം മാത്രം മൂന്നു നേരം കിട്ടും. ചോദിക്കുമ്പോഴൊക്കെ അർബാബ് ഉടനെ വരും വന്നാലുടനെ കിട്ടും എന്ന മറുപടി. അങ്ങനെ വിസയില്ലാതെ രണ്ടു മൂന്നു മാസം ജോലി ചെയ്തു. അതിനിടയിൽ ഇടയ്ക്ക് ചെക്കിങ്ങിന് ആളു വരും അന്നേരമെന്നെ റൂമിലേക്ക് പറഞ്ഞയക്കും..
അതിനിടയിൽ അടുത്തുള്ള മറ്റൊരു ക്ലീനിക്കുകാർ വിസയില്ലാത്തവർ ജോലി ചെയ്യുന്നു എന്ന് പരാതികൊടുത്തു. തമ്മിൽ തമ്മിൽ മത്സരമാണ് ക്ലീനിക്കു കാർ. പുതിയ നേഴ്സുമാർ, സുന്ദരി നേഴ്സുമാർ, ഡോക്ടർമാർ ഉള്ളിടത്തേക്ക് രോഗികൾ കൂടുതലെത്തും.
പരാതി കിട്ടിയതനുസരിച്ച് അന്വേഷിക്കാൻ ആളു വന്നു. ആ സമയത്ത് എന്നെ മാറ്റിയെങ്കിലും കർശനതാക്കീതു നൽകിയിട്ടാണവർ പോയത്. അതോടെ ഞാനീ മുറിക്കുള്ളിലായി. രാവിലെ രോഗികളെത്തും മുൻപ് ഭക്ഷണം, വെള്ളം കൊണ്ടുവന്നു തരും. പിന്നെ വൈകിട്ടു ക്ലീനിക്ക് അടച്ചതിനു ശേഷം ഭക്ഷണപ്പൊതിയെത്തും
ആദ്യമൊക്കെ ഭ്രാന്തു പിടിയ്ക്കുന്ന അവസ്ഥ ആയിരുന്നു. ഇപ്പോൾ മനസ്സതുമായി താദാത്മ്യം പ്രാപിച്ചുതുടങ്ങി.. മറ്റൊരു മനുഷ്യജീവിയെ കാണാതെ, സംസാരിക്കാതെ തീർത്തും ഒറ്റപ്പെട്ട് പോയ എൻ്റെ മാനസികനില തകിടം മറിയാത്തത് മുൻജന്മസുകൃതമാവാം.
വീട്ടിലേക്കെഴുത്തുകൾ എഴുതുമ്പോൾ ആദ്യമൊന്നും ഇവിടുത്തെ വിഷമതകളൊന്നും അറിയിച്ചില്ല. മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം കിട്ടാതെ വന്നപ്പോൾ പപ്പായോട് മാത്രം ചെറുതായി കാര്യങ്ങൾ പറഞ്ഞു. പപ്പാ ഉടനെ പ്രിൻസിനെ വിളിച്ച് എന്താണിങ്ങനെയെന്ന് തിരക്കിയപ്പോൾ 'അങ്ങനെ വരാൻ വഴിയില്ല, ഞാൻ ഒന്നന്വേഷിക്കട്ടെ " എന്നയാൾ പറഞ്ഞു.
അടുത്ത ദിവസം പപ്പായെ വിളിച്ചിട്ടയാൾ പറഞ്ഞുവെന്ന് "അവൾക്കവിടെ പ്രശ്നമൊന്നുമില്ല, ശമ്പളമൊക്കെ കൃത്യമായി കിട്ടുന്നുണ്ട്. അവൾ അവിടെ അടിച്ചു പൊളിച്ചു നടക്കുവാണ് എന്ന്''
അയാളുടെ വീട്ടുകാരോടും ഇതു തന്നെ പറഞ്ഞു.
പപ്പാ മാത്രം എന്നെ അവിശ്വസിച്ചില്ല. മറ്റുള്ളവരൊക്കെ ഞാൻ വീടിനെയും വീട്ടുകാരേയും മറന്നിവിടെ ജീവിക്കുകയാണെന്ന് വിശ്വസിച്ചു. അവരറിയുന്നില്ലല്ലോ യാഥാർത്ഥ്യം.
ഗൾഫ് എന്നാൽ സ്വർഗ്ഗമെന്ന് കരുതുന്നവരാണധികവും.എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്നവരേക്കാൾ എത്രയോ അധികമാണ് ഇവിടെ ദുരിതമനുഭവിക്കുന്നവർ എന്ന സത്യം പലർക്കുമറിയില്ല..
വിസാത്തട്ടിപ്പിനിരകളായി ആവശ്യമുള്ള രേഖകളില്ലാതെ ഒളിച്ചു കഴിയുന്നവർ ധാരാളമുണ്ട്. സ്ഥിരമായി ക്ലീനിക്കിൽ വരുമായിരുന്ന കൃഷ്ണേട്ടൻ, പകൽ മുഴുവൻ മുറിയിലിരിക്കും രാത്രിയിൽ കമ്പനിയിൽ ജോലിക്കു പോകും. ഇരുപത് വർഷത്തിലേറെയായി ഇവിടെത്തിയിട്ട്. എല്ലാം അവസാനിപ്പിച്ച് പൊതുമാപ്പിൻ്റെ സമയത്ത് നാട്ടിൽ പോകാമെന്ന് കരുതുമ്പോഴൊക്കെ നാട്ടിൽ നിന്ന് പുതിയ ആവശ്യങ്ങൾ പറഞ്ഞ് വിളി വരുമെന്ന്, അല്ലേൽ നീണ്ട ആവശ്യങ്ങൾ മാത്രമടങ്ങിയ ഭാര്യയുടെ കത്തു വരുമെന്ന്. അങ്ങനെ കാലങ്ങൾ കടന്നു പോയീന്ന്. ഒടുവിൽ എന്നെ കാണാൻ വന്നപ്പോൾ ഒത്തിരി സങ്കടപ്പെട്ടു. അന്ന് കൃഷ്ണേട്ടൻ്റെ മകളുടെ വിവാഹമായിരുന്നു, കൃഷ്ണേട്ടൻ സ്ത്രീധനത്തുകയും, സ്വർണ്ണം വാങ്ങാനുള്ള തുകയും എല്ലാം എത്തിച്ചു കൊടുത്തു. കൃഷ്ണേട്ടൻ നാട്ടിലേക്കു ചെല്ലാൻ വേണ്ട കാര്യങ്ങൾ ചെയ്യുവാണെന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞുവത്രെ "നിങ്ങൾ ഇപ്പോൾ ഇങ്ങോട്ടോടി വന്നിട്ടെന്തു ചെയ്യാനാ, ഇനിയും കാര്യങ്ങൾ കിടക്കുവല്ലേ.. ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം" എന്ന്.
മോൾക്ക് ഒന്നര വയസുള്ളപ്പോൾ നാട്ടിൽ നിന്ന് പോന്നതാണാ മനുഷ്യൻ, കുറച്ചു നാൾ ബോംബെയിൽ ജോലി ചെയ്തു. അവിടുന്ന് ഗൾഫിലെത്തി. ഇടയ്ക്കൊക്കെ എൻ്റെടുത്ത് വന്ന് സംസാരിക്കുമായിരുന്നു. "നിൻ്റെത്രയും കാണും എൻ്റെ മോൾ,ഫോൺ ചെയ്താലും സംസാരിക്കാനങ്ങനെ വരില്ല. ഒത്തിരി പഠിക്കാനുണ്ടതാവും" എന്നൊക്കെ ആ പാവം പറയും.
അങ്ങനെ എത്രയോപേർ.
വെള്ളിയാഴ്ചകളിൽ വരുമായിരുന്ന ആലപ്പുഴക്കാരി നസ്രിയാത്ത. കാണാൻ അതിസുന്ദരി. ഒന്നരവർഷത്തെ നേഴ്സിങ്ങ് പഠനം കഴിഞ്ഞ് നാട്ടിൽ ഒരാശുപത്രിയിൽ ജോലി നോക്കവെയാണ് ഗൾഫ്മോഹമുദിച്ചത്. ഏജൻ്റിന് കിടപ്പാടം പണയം വെച്ച് ചോദിച്ച പൈസ കൊടുത്തു. ഇത്താക്കു താഴെയും മൂന്നു പെൺകുട്ടികളാണ്. അരയ്ക്കു കീഴ്പ്പോട്ട് തളർന്നു കിടക്കുന്ന ബാപ്പായെയും,കുടുംബം പോറ്റാൻ നെട്ടോട്ടമോടുന്ന ഉമ്മച്ചിയെയും, അനുജത്തിമാരെയും പൊന്നു പോലെ നോക്കണമെന്ന ആഗ്രഹം മാത്രം മനസ്സിലിട്ട് ഇവിടെ വന്നിറങ്ങിയ ഇത്ത എത്തപ്പെട്ടത് ഒരു അറബിയുടെ വീട്ടിലാണ്.മിനിസ്ട്രിയിൽ ഉദ്യോഗസ്ഥനായിരുന്ന അറബിയുടെ പീഡനം സഹിക്കവയ്യാതെ അവിടുന്ന് ഒന്നു രണ്ടുവട്ടം ചാടിപ്പോയെങ്കിലും അവർ പിടിച്ചോണ്ടുവന്നു. വെള്ളിയാഴ്ചകളിൽ പുറത്തു പോകാനനുവാദമുണ്ട്. ഓരോ വെള്ളിയാഴ്ചയും ഓരോ ആൾക്കാരാവും കൂടെ. ഒരിയ്ക്കൽ ഞാൻ ചോദിക്കാതെ ഇങ്ങോട്ടുപറഞ്ഞു. ഒന്നരവർഷത്തെ നേഴ്സിങ്ങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് MOH ലൈസൻസ് കിട്ടില്ല. വീട്ടുകാർക്ക് കാര്യങ്ങളൊന്നുമറിയില്ല. തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. അത് ഒന്നിനും തികയില്ല. വന്നിട്ടിതു വരെ നാട്ടിൽപോയില്ല. വീടിൻ്റെ കടം തീർന്നു. ഒരനുജത്തിയുടെ നിക്കാഹ് കഴിഞ്ഞു. ബാപ്പച്ചിയുടെ ചികിത്സ, അനുജത്തിമാരുടെ പഠനവും നന്നായി പോകുന്നു. എല്ലാത്തിനും പൈസ വേണ്ടേ കുട്ടി, എന്നു ചോദിച്ച് നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നൊളിപ്പിക്കാൻ പാടുപെട്ട് വേഗത്തിൽ നടന്നു മറഞ്ഞ ഇത്ത.. മനസ്സിൽ ഒരു നൊമ്പരമായി ..
വാതിലിന്നരുകിൽ വീണ്ടും കാൽപെരുമാറ്റം കേൾക്കുന്നു. ഭക്ഷണം കൊണ്ടുവന്നതാവും. രാത്രി പത്തുമണിക്കു ശേഷം ഭക്ഷണപ്പൊതി വാതിലിന്നരുകിൽ വയ്ക്കും, തുറന്നെടുക്കണം.
ഞാനയക്കുന്ന കത്തുകളും വരുന്ന കത്തുകളും അവർ വായിച്ചിട്ടേ തരൂ. ഈ ഏകാന്തതയിൽ ഇനിയുമെത്ര നാളെന്ന് അറിയില്ല. വിസ ഇല്ലാത്തതിനാൽ മടങ്ങിപ്പോകാനുമാവില്ല. പിടിക്കപ്പെട്ടാൽ ജയിൽവാസവും കിട്ടും. ഏകാന്തതയെ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഞാനിന്ന് അതിനെ പ്രണയിച്ചു തുടങ്ങി.
പതിയെ വാതിൽ തുറന്ന് ഭക്ഷണപ്പൊതിയെടുത്തു. നല്ല വിശപ്പുണ്ട്, പൊതി തുറന്ന് ഒരു കുബ്ബൂസ് കഴിച്ചെന്നു വരുത്തി, പതിവുപോലെ പ്രാർത്ഥിച്ചു കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുമുറങ്ങാനാവുന്നില്ല. ഇന്നു വന്ന കത്ത് വായിക്കാതെ ഉറങ്ങാനാവില്ല. കൈയ്യെത്തി കവറെടുത്തു കൈയ്യിലുള്ള ചെറിയ പെൻലാമ്പുമെടുത്ത് ബ്ലാങ്കറ്റിനടിയിൽ കയറി വെട്ടമടിച്ചു നോക്കി. വീട്ടിൽ നിന്നുള്ള കത്താണ്. വേഗം പൊട്ടിച്ചു വായിച്ചു. വായിക്കുന്തോറും മനസ്സ് സന്തോഷഭരിതമായി. എൻ്റെ അവസ്ഥകൾ നാട്ടിലെ പപ്പയുടെ ചില രാഷ്ട്രീയ സുഹൃത്തുക്കൾ അറിയുകയും അവർ ഇവിടുത്തെ ചില പ്രവാസി സുഹൃത്തുക്കൾ വഴി എന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്നായിരുന്നു ഉള്ളടക്കം.ഇവിടെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഭവിച്ചതിനെ ചൊല്ലി വിഷമിക്കേണ്ടെന്നും, ദൈവം നിനക്കായി നല്ലതെന്തോ കരുതിവച്ചിട്ടുണ്ടെന്നും, സന്തോഷമായിരിക്കാനും അമ്മ പ്രത്യേകം എഴുതിയിരിക്കുന്നു.
ഏറെ നാളുകൾക്കു ശേഷം മനസ്സിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടി, ഏറെ സന്തോഷത്തോടെ ദൈവം ഒരു വഴി കാണിച്ചു തരുമെന്ന പ്രതീക്ഷയോടെ ഇരുട്ടിനെ പ്രണയിച്ച് മെല്ലെ ഉറക്കത്തിലേക്ക്....!!