mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തൂങ്ങിയാടുന്ന ഒരു കയർ!
അതിൻ്റെ മുമ്പിൽ ഊഴം കാത്തെന്ന പോലെ ഒരാൾരൂപം. ആരാച്ചാർ അയാളുടെ മുഖം കറുത്ത തുണികൊണ്ട് മൂടുന്നു. കൈകൾ പിന്നിലേയ്ക്ക് ബന്ധിക്കുന്നു. 
ആധിയോ, നിർവികാരമോ എന്താവും അയാളുടെ മനസിൽ?
ആരാച്ചാർ ആ കയർ അയാളുടെ കഴുത്തിലിട്ടു.

പെട്ടന്ന് സിസ്റ്റർ കാതറിൻ ഞെട്ടിയുണർന്നു. 
ഈശോയേ! താൻ കണ്ടത് സ്വപ്നമോ, യഥാർത്ഥ്യമോ?'

സിസ്റ്റർ നെറ്റിയിൽ കുരിശു വരച്ചു കണ്ണടച്ചു കിടന്നു.
ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാലും തുറന്നാലും ആ കാഴ്ച കൺമുന്നിൽ നിന്ന് മായുന്നില്ല.

നാളുകളായി പീറ്റർ പോളിനെക്കുറിച്ചും, അയാൾ നടത്തിയ കൊലപാതകത്തെക്കു റിച്ചുമുള്ള വാർത്തകൾ മീഡിയകളിൽ നിറഞ്ഞിരുന്നെങ്കിലും താനറിയുന്ന പീറ്ററാണീ പ്രതിയെന്ന് ഒരാഴ്ച മുൻപാണ് സിസ്റ്റർക്ക് മനസിലായത്. അറിഞ്ഞ നിമിഷം മുതൽ കേട്ടതൊന്നും സത്യമാവരുതേ എന്ന പ്രാർത്ഥനയിലായിരുന്നു.

രാവിലെ വായിച്ച പത്രവാർത്ത അവരുടെ ഓർമ്മയിലെത്തി. 
'കൊലയാളി പീറ്റർ പോളിന് വധശിക്ഷ.'
'കൊലയാളി' എന്ന വാചകം സിസ്റ്ററിന് അരോചകമായി തോന്നി.

എളിമയും ലാളിത്യവും നിറഞ്ഞ ജീവിതത്തിനുടമയായിരുന്നു സിസ്റ്റർ കാതറിൻ്റെ പ്രിയ ശിഷ്യൻ പീറ്റർ പോൾ. സിസ്റ്ററുടെ മാത്രമല്ല, ഉദയഗിരി സ്ക്കൂളിലെ എല്ലാ അധ്യാപകരുടേയും.

രണ്ട് പതിറ്റാണ്ട് മുൻപാണ് സിസ്റ്റർ കാതറിന് ഉദയഗിരി സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ അധ്യാപികയായി ആദ്യ നിയമനം ലഭിച്ചത്. കോൺവെൻ്റിനടുത്തു തന്നെയായിരുന്നു പള്ളിയും, പള്ളി വക സ്ക്കൂളും.

അധ്യാപക ദമ്പതികളായ പോൾ മാത്യുൻ്റെയും മിനിയുടേയും ഇളയ മകനായ പീറ്റർപോൾ പഠനത്തിലും, പാഠ്യേതര വിഷയത്തിലും മിടുക്കനായിരുന്നു. സൽസ്വഭാവവും, എളിമയുമായിരുന്നു അവൻ്റെ മുഖമുദ്ര. അൽത്താര ബാലസംഘത്തിൻ്റെ ലീഡറുമായിരുന്നു അവൻ. എല്ലാ അധ്യാപകരും തൻ്റെ വിദ്യാർത്ഥികളോട് 'പീറ്റർ പോളിനെ കണ്ട് പഠിക്ക് ' എന്നു പറഞ്ഞിട്ടുണ്ട്.

ക്ലാസിലെ സാധുക്കളായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാനും, അവരുടെ വീട്ടിലെ പട്ടിണി മാറ്റാനും ബുദ്ധിമുട്ടനുഭവിക്കുന്നവരെ ക്കുറിച്ചുളള
വിവരങ്ങൾ അധ്യാപകരെ അറിയിക്കാനും പ്രത്യേക നൈപുണ്യമായിരുന്നു പീറ്ററിന്.

പുറമ്പോക്കിൽ കുടിലുകെട്ടി താമസിച്ചിരുന്ന വിജയൻ്റെ വീട്ടിലെ ദാരിദ്യവും, അവൻ്റെ അമ്മയുടെ രോഗവും ഒരു പരിധി വരെ പരിഹരിച്ചത് പീറ്റർ പോളിൻ്റെ ഇടപെടലോടെയായിരുന്നു. സ്ക്കൂളിൽ നിന്നും മിച്ചം വരുന്ന ഉച്ചക്കഞ്ഞിയും മറ്റും സ്ക്കൂൾ അതികൃതരുടെ സമ്മതതോടെ പീറ്ററിൻ്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ അവിടെത്തിച്ചു കൊടുത്തു. പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കാനും, സ്ക്കൂളും പരിസരവും വൃത്തിയാക്കിയിടാനും, പീറ്ററും സംഘവും മുൻപന്തിയിലായിരുന്നു.
അവൻ്റെ ഹൈസ്ക്കൂൾ പഠനകാലത്തെ ക്ലാസ്‌ ടീച്ചർ കാതറിൻ സിസ്റ്ററായിരുന്നു.

കോളേജിൽ എത്തിയിട്ടും എന്നും പള്ളിയിൽ വരാനും കെ സി വൈ എം പോലുള്ള യുവസംഘടനയിൽ സജീവ പ്രവർത്തനം കാഴ്ചവെയ്ക്കാനും അവനു കഴിഞ്ഞു. സ്ഥലം മാറ്റം കിട്ടി അവിടെ നിന്ന് പോന്നതിനു ശേഷം കുറച്ചു കാലം സിസ്റ്റർ കാതറിൻ മിനിടീച്ചറിനേയും പീറ്ററിനെയുമൊക്കെ ഫോണിൽ വിളിച്ചിരുന്നു.

പീറ്റർ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവൻ്റെ ചേച്ചി ബെറ്റിപോൾ ശങ്കർദാസ് എന്ന ഒരു ഹൈന്ദവ യുവാവുമായി പ്രണയബന്ധത്തിലാവുകയും, വീടുവിട്ട് ഇറങ്ങിപ്പോവുകയും ചെയ്തത്. ചേരിപ്രദേശത്തെ അവൻ്റ കൊച്ചു വീട്ടിൽ ജീവിതം ആരംഭിക്കുകയും ചെയ്തു. നാട്ടിലെ അറിയപ്പെടുന്ന കുടുംബക്കാരും അധ്യാപകരുമായ ആ ദമ്പതികൾക്ക് മകളുടെ പ്രവൃത്തികൾ വല്ലാത്ത മാനക്കേടായി.

സിസ്റ്റർ പിന്നീട് പലപ്പോഴും അവരെ വിളിച്ചെങ്കിലും അവരാരും തന്നെ ഫോണെടുക്കുകയോ സംസാരിക്കുകയോ ചെയ്യാതായി. കുടുംബത്തിൽ ആകസ്മികമായി ഉണ്ടായ ആ സംഭവത്തോടെ ആകെ തളർന്നു പോയ അവർ പുറം ലോകവുമായി വലിയ ബന്ധമില്ലാതെ ഒതുങ്ങിക്കൂടി.


മദർ സുപ്പീരിയറിനോടും മേലധികാരികളോടും പീറ്റർ പോളിനെ കാണാനും, സംസാരിക്കാനും അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. അനുവാദം കിട്ടിയാൽ നാളെ തന്നെ പോയി പീറ്ററെ കാണണം.

'പീറ്റർ ഒരിക്കലും ഒരു കൊലപാതകിയല്ല.' ഉള്ളിലിരുന്നാരോ പറയും പോലെ സിസ്റ്റർക്കു തോന്നി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവർ നേരം വെളുപ്പിച്ചു.

കോൺവെൻ്റ് അധികാരികളിൽ നിന്നും ജയിൽ സൂപ്രണ്ടിൽ നിന്നും അനുമതി കിട്ടിയ ഉടൻ മദർ സുപ്പീരിയർ ഗ്ലാഡിസും, സിസ്റ്റർ കാതറിനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പീറ്റർ പോളിനെ കാണാൻ പുറപ്പെട്ടു.

"അയാളെ കാണാൻ സിസ്റ്റർ തനിച്ച് പോയാൽ മതി. എനിക്കാ ദുഷ്ടനെ കാണുകയേ വേണ്ട."

ആ വലിയ മതിൽ കെട്ടിനുള്ളിലേയ്ക്ക് വാഹനം കയറും മുൻപേ തന്നെ മദർ ഗ്ലാഡിസ് സിസ്റ്റർ കാതറിനോട് പറഞ്ഞു.

"മദർ .. ഒരു പക്ഷേ അയാൾ നിരപരാധിയാണെങ്കിലോ?"

"സിസ്റ്റർ കാതറിൻ, ഒരു തർക്കത്തിനൊന്നും ഞാനില്ല. സിസ്റ്ററിൻ്റെ വിശ്വാസം സിസ്റ്ററെ രക്ഷിക്കട്ടെ. ഞാൻ കാറിൽ തന്നെയിരിക്കാം. സിസ്റ്റർ പോയി കണ്ടിട്ട് വന്നോളൂ."

മുൻകൂട്ടി അനുവാദം വാങ്ങിയതിനാൽ ഏറെ സമയം കാത്തിരിക്കേണ്ടി വന്നില്ല. ജയിൽ വാർഡൻ അവരെ സ്വീകരിച്ച് പാർലറിൽ കൊണ്ടിരുത്തി.

"ബന്ധുക്കൾ പലരും അയാളെ കാണാൻ വന്നിട്ട് ആരേയും കാണാനയാൾ സമ്മതിച്ചിട്ടില്ല. ആദ്യമായാണയാൾ ഒരു വിസിറ്ററെ കാണാൻ സമ്മതിച്ചത്."
സൂപ്രണ്ട് പറഞ്ഞു.

"സിസ്റ്റർ പോയി വരൂ, ഞാനിവിടെ ഇരിക്കാം." മദർ പറഞ്ഞു. 
ജയിൽ വാർഡൻ സിസ്റ്റർ കാതറിനേയും കൂട്ടി നീണ്ട ഇടനാഴിയിലൂടെ നടന്നു.


കമ്പിയിഴയിട്ട ജയിലറകൾ. അതിനുള്ളിൽ ജീവിതത്തിൻ്റെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെട്ടതിൻ്റെ ആകുലതയോ, ഇനിയുമൊരു പ്രഭാതം തനിക്കായ് എന്നെങ്കിലും വന്നണയുമോ എന്ന ആകാംക്ഷയോ ആവാം ഓരോ മുഖങ്ങളിലും തെളിയുന്നത്.


ഏറ്റവും അറ്റത്തുള്ള മുറിയുടെ മുൻപിലെത്തിയ വാർഡൻ അകത്തേയ്ക്ക് നോക്കി വിളിച്ചു. "പീറ്റർപോൾ.. " 
ജനലഴികളിൽ പിടിച്ച് തങ്ങളെ നോക്കി നിൽക്കുന്ന ആളെ കണ്ട സിസ്റ്ററിന് ആ രൂപം കണ്ടിട്ട് തിരിച്ചറിയാനായില്ല. നീണ്ടു കിടക്കുന്ന മുടിയും താടിയും. ക്ഷീണിച്ച ശരീരം. പക്ഷേ മുഖത്തും കണ്ണുകളിലും സ്ഫുരിക്കുന്ന പ്രകാശം.

വർഷങ്ങൾക്ക് മുൻപ് കണ്ട ആ കൗമാരക്കാരനിൽ നിന്നും ഈ ജയിൽപുള്ളിയിലേയ്ക്കുള്ള മാറ്റം സിസ്റ്ററെ ആശ്ചര്യപ്പെടുത്തി.

"ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ." കരങ്ങൾകൂപ്പി അയാൾ സിസ്റ്ററെ അഭിവാദനം ചെയ്തു.

"ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ." സിസ്റ്റർ പ്രത്യഭിവാദനം ചെയ്തു.

വാർഡൻ തിരിഞ്ഞു നടന്നു.

എന്തു പറയണമെന്ന് അറിയാതെ ഒരു നിമിഷം സിസ്റ്റർ നിശബ്ദയായി അയാളെ നോക്കി നിന്നു. സിസ്റ്ററുടെ മിഴികളിലേയ്ക്ക് ഉറ്റുനോക്കി പീറ്റർ പോളും.

അയാളുടെ മിഴികളിൽ ഒരു നനവു പടർന്നിട്ടുണ്ടോ ?

"പീറ്റർ.." എവിടെ തുടങ്ങണമെന്നറിയാതെ സിസ്റ്റർ വിളിച്ചു.

"സിസ്റ്റർ.. ഞാൻ പറയുന്ന കാര്യങ്ങൾ രഹസ്യമായിരിക്കണം. ഒരു കുമ്പസാര രഹസ്യം പോലെ. അത് എൻ്റെ മരണത്തോടെ അവസാനിക്കണം. ഈ കാര്യങ്ങൾ ഒരിക്കലും എൻ്റെ വീട്ടുകാരോ മറ്റാരെങ്കിലുമോ അറിയാൻ പാടില്ല." പീറ്റർ പറഞ്ഞു.

സിസ്റ്റർ പീറ്ററിൻ്റെ മുഖത്തേയ്ക്ക് സാകൂതം നോക്കി നിന്നു.

"ഈ രഹസ്യം ആരോടും പറയരുത് എന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ സിസ്റ്ററിൻ്റെ അപ്രതീക്ഷിതമായ ഈ വരവ് അറിഞ്ഞപ്പോൾ മുതൽ ഒരാളോടെങ്കിലും എല്ലാം തുറന്നു പറയണമെന്നു തോന്നി. "

അയാൾ തുടർന്നു.  "ചേച്ചി ഇഷ്ടപുരുഷനോടൊപ്പം ഇറങ്ങി പോയതേ പപ്പയും മമ്മിയും ആകെ തളർന്നു പോയി. അവരുടെ വിഷമവും ദു:ഖവും കാണാൻ ഞാൻ മാത്രം. അവളുടെ ഇറങ്ങിപ്പോക്ക് അവർക്ക് സഹിക്കാനാവുമായിരുന്നില്ല. അതിനാൽ തന്നെ നല്ല ദ്വേഷ്യവും വെറുപ്പും അവർക്ക് ചേച്ചിയുടെ കുടുംബത്തോട് ഉണ്ടായിരുന്നു. അവൾ പലപ്പോഴും ഫോൺ വിളിക്കാനും, വീട്ടിൽ വരാനും ശ്രമിച്ചിരുന്നു. പക്ഷേ.. പപ്പയും മമ്മിയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാക്കുന്നു .

ചേച്ചി പോയതോടെ വീടിൻ്റെ താളം തന്നെ തെറ്റി. എൻ്റെ പപ്പയുടേം മമ്മിയുടേയും മനസ്സിൻ്റെ താളം തെറ്റാതിരിക്കാൻ ഞാൻ കുറച്ചൊന്നുമല്ല പരിശ്രമിച്ചത്. അവർ ശരിക്കും തളർന്നു പോയി. പപ്പയും മമ്മിയും ഞങ്ങളെ പൊന്നുപോലെ സ്നേഹിച്ചു വളർത്തിയതാണ്. ചേച്ചി ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ആ പ്രേമ ബന്ധത്തെക്കുറിച്ച് ഒരു മുന്നറിയിപ്പും ആർക്കും കിട്ടിയിട്ടുണ്ടായിരുന്നില്ല. അവൾ പോയതോടെ വീടാകെ ഉറങ്ങി. എന്തെങ്കിലും ഉണ്ടാക്കിയാൽ കഴിക്കാൻ പോലും ആർക്കും താൽപ്പര്യമില്ലാതായി.

പക്ഷേ എന്തായാലും ജീവിച്ചല്ലേ പറ്റൂ, ഞാൻ എൻ്റെ വിദ്യാഭ്യാസം തുടർന്നു. പപ്പയും മമ്മിയും കുറെ നാള് ലീവ് എടുത്തിരുന്നെങ്കിലും വീണ്ടും സ്കൂളിൽ പോയി തുടങ്ങി. പിന്നീടങ്ങോട്ട് ഞങ്ങളുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങളൊന്നും ഇല്ലാരുന്നെങ്കിലും കാലം ഒരു താളത്തിൽ അങ്ങനെ മുന്നോട്ടു പോയി.

ചേച്ചിയെ കുറിച്ച് ഇടയ്ക്കൊക്കെ ഞാൻ അന്വേഷിക്കും. കൂട്ടുകാർ വഴി ഞാനറിഞ്ഞു. അവർ സന്തോഷമായി ജീവിക്കുന്നു എന്ന്. പിന്നീടറിഞ്ഞു. ചേച്ചയ്ക്ക് ഒരു കുഞ്ഞുണ്ടായി എന്ന്. അക്കാര്യം ഞാൻ പപ്പയോടും മമ്മിയോടും പറഞ്ഞപ്പോൾ അവർ അവളെയും കുഞ്ഞിനേയും കാണാൻ ഒരു താൽപ്പര്യവും കാണിച്ചില്ല. പേരക്കുട്ടിയെ കാണാനായിട്ട് അവർ ശ്രമിക്കുമെന്നും അങ്ങനെ ചേച്ചിയു മായിട്ടുള്ള പിണക്കം ഒക്കെ മാറ്റാം എന്നും ഞാൻ കരുതി. പക്ഷേ.. പപ്പയും മമ്മിയും ഒരിക്കലും അതിന് തയ്യാറായിരുന്നില്ല. അവൾ നൽകിയ വേദന അത്ര ആഴമേറിയതായിരുന്നു.

 

ചേച്ചിയും ഞാനും കുഞ്ഞുനാൾ മുതലേ ഉറ്റ കൂട്ടുകാരായിരുന്നു.

അമ്മയേക്കാൾ ചേച്ചിയുടെ കൈകളാണ് എന്നെ താങ്ങിയിരുന്നത്. അവളുടെ കണ്ണുകളാണ് എന്നെ പിൻതുടർന്നിരുന്നത്. ഉറങ്ങി കിടക്കുന്ന എന്നെ നന്നായി പുതപ്പിച്ചിട്ടേ അവളുറങ്ങൂ. കുട്ടിക്കാലത്ത് ഞാൻ ദൂരെയെങ്ങും പോവാതെയിരിക്കാൻ അവൾ എപ്പോഴും എൻ്റെ അരികിൽ തന്നെ നിൽക്കുമായിരുന്നു.

സ്കൂൾ വരാന്തകളിൽ നിന്നും എന്നെ തേടിപിടിച്ചു വീട്ടിലെത്തിക്കുന്നത് അവളുടെ അവകാശമായിരുന്നു. എനിക്ക് ഭക്ഷണം വാരി തന്നിരുന്നതും എന്നെ പഠിപ്പിച്ചിരുന്നതുമെല്ലാം അവളാണ്.സ്നേഹമല്ലാതെ മറ്റൊന്നും അവളെന്നിൽ പകർന്നിട്ടില്ല. ഞാൻ ഒന്നു ചെറുതായി കരയുമ്പോൾ പോലും ചേച്ചി അമ്മയോട് ബഹളം വെക്കും. അത്ര ഗാഡമായി ചേച്ചി എന്നെ സ്നേഹിച്ചിരുന്നു. അവളിറങ്ങി പോയ വിടവ് ഇല്ലാണ്ടാക്കാൻ ഇന്നോളം മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.

 

ചേച്ചിയെ കാണാനുള്ള മോഹം കൊണ്ട് ഞാൻ ഒരിക്കൽ ആരുമറിയാതെ അവളുടെ വീട്ടിൽ പോയി. ചേച്ചിയേയും, ഒന്നരവയസ്സുകാരി കിങ്ങിണിമോളെയും കണ്ടു. ഒരിക്കൽ കണ്ടാൽ
ആർക്കും ഒന്നുകൂടി ഓമനിക്കാൻ തോന്നുന്ന ഒരു കൊച്ചു സുന്ദരി.

ഞാൻ ചെന്നപ്പോൾ ചേച്ചിയുടെ ഭർത്താവ് അവിടെ ഇല്ലായിരുന്നു. തുടർന്നും ഞാൻ ആരുമറിയാതെ ഇടയ്ക്കിടയ്ക്ക് ചേച്ചിയെ കാണാൻ പോകുമായിരുന്നു.

ചേച്ചി എന്നോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അയാൾ കുറേശ്ശെ മദ്യപാനം തുടങ്ങിയിട്ടുണ്ട് എന്നും പറഞ്ഞു. ഇതിനിടെ ഞാൻ ബാംഗ്ലൂര് ഒരു ജോലിയിൽ പ്രവേശിച്ചു. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു വീതം ഞാൻ ചേച്ചിക്ക് അയച്ചുകൊടുത്തിരുന്നു. 

കിങ്ങിണി മോള് വളർന്നു. അതോടൊപ്പം അയാളുടെ മദ്യപാനവും കൂടി.

മോൾ പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായി. അവൾക്കു വേണ്ട ഡ്രസ്സുകളും, സമ്മാനങ്ങളും, ഒക്കെ ഞാൻ വാങ്ങി അയച്ചുകൊടുത്തു. ഇടയ്ക്ക് നാട്ടിലെത്തുമ്പോൾ ചേച്ചിയെ കാണാൻ പോകാറുണ്ട്. ഒന്ന് രണ്ടു പ്രാവശ്യം അയാളെ ഞാൻ നേരിൽ കണ്ടു. ഒരിക്കൽ അയാൾ എന്നോട് 'നിങ്ങളുടെ സ്വത്തിൽ നിന്നും ബെറ്റിയുടെ വീതം തരണമെന്ന്' പറഞ്ഞു.

ഞാൻ കൂടുതലൊന്നും മിണ്ടാതെ അവിടെ നിന്ന് പോന്നു. മദ്യപനായ അയാളോടൊത്തുള്ള ചേച്ചിയുടെ ജീവിതം ദുരിതപൂർണ്ണമെന്ന് എനിക്കു മനസിലായി. ലോക് ഡൗൺ തുടങ്ങിയശേഷം മോളുടെ വിദ്യാഭ്യാസമൊന്നും ശരിക്കും നടക്കുന്നില്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു.

ഫോൺ വിളിക്കുമ്പോൾ അച്ഛൻ്റെ മദ്യപാനം കൂടുതലാണെന്നും, അമ്മയുമായി എന്നും വഴക്കാണെന്നും, അയാൾ ശാരീരികമായി അവരെ ഉപദ്രവിക്കുന്ന കാര്യവുമെല്ലാം മോൾ എന്നോട് പറയാറുണ്ട്.

 

അയാൾ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് മോൾ ഫോൺ വിളിച്ചു പറഞ്ഞു. "പപ്പ എൻ്റെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞു. എനിക്ക് പഠിക്കാൻ നിവൃത്തിയില്ല. അങ്കിളേ എനിക്ക് ഒരു ഫോൺ കൂടി വാങ്ങി തരുമോ" എന്ന്. 
"ആ ഫോൺ ഞാൻ അച്ഛനെ കാണിക്കാതെ സൂക്ഷിച്ചു വെച്ചോളാം എന്നൊക്കെ അവൾ പറഞ്ഞു. മൂന്നാലു ദിവസത്തിനുള്ളിൽ നാട്ടിൽ വരുന്നുണ്ട് അപ്പോൾ മോൾക്ക് ഫോൺ കൊണ്ട് തരാമെന്ന് ഞാൻ പറഞ്ഞു. അവൾ അതും പ്രതീക്ഷിച്ച് കാത്തിരുന്നു. ഇരുപത്തിയൊന്നാം തീയതി വൈകിട്ട് നാലുമണിക്ക് ഞാൻ അവരുടെ നാട്ടിൽ ബസിറങ്ങി.

ഞാൻ ഒരു 5 മിനിറ്റ് മുമ്പ് എത്തിയിരുന്നെങ്കിൽ ആ സംഭവം നടക്കില്ലായിരുന്നു. കാരണം ടൗണിൽ ഇറങ്ങിയപ്പോൾ ഒരു പഴയ കൂട്ടുകാരനെ കണ്ടു. കുറെ നേരം ഞങ്ങൾ സംസാരിച്ചു നിന്നു.

ഞാനൊരൽല്പം നേരത്തെ വന്നിരുന്നുവെങ്കിൽ .."
അയാൾ ഒന്നുവിതുമ്പി. പെട്ടന്നു തന്നെ അയാൾ ആത്മസംയമനം വീണ്ടെടുത്തു പറഞ്ഞു.


"ഞാൻ വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. അയാളുടെ അവസാന പിടച്ചിൽ കണ്ടു കൊണ്ടാണ് ഞാൻ ആ വീട്ടിലേക്ക് കാലെടുത്തുവച്ചത്. 

മുളചീന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് കിങ്ങിണി മോൾ എന്നെ കെട്ടിപ്പിടിച്ചു. ചേച്ചിയും വല്ലാത്തൊരവസ്ഥയിലായിരുന്നു. ഉൻമാദിനിയെപ്പോലെ അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവസാനം മോളെന്നോട് എല്ലാ കാര്യവും പറഞ്ഞു. അയാൾ മദ്യപിച്ചു വന്നു ചേച്ചിയെ ഉപദ്രവിച്ചു. പിന്നീടയാൾ ചേച്ചിയെ വിളിച്ച് റൂമിലേക്ക് വരാൻ പറഞ്ഞു. ചേച്ചി പോകാൻ എതിർപ്പ് കാട്ടിയപ്പോൾ അയാൾ 'നിന്നെ കിട്ടിയില്ലേലും കുഴപ്പമില്ല, നിൻറെ മോൾ ഉണ്ടല്ലോ 'എന്ന് പറഞ്ഞു മോളുടെ കയ്യിൽ പിടിച്ച് മുറിക്കകത്ത് കയറി വാതിലടച്ചു. ചേച്ചി കൈയ്യിൽ കിട്ടിയ വാക്കത്തിയുമായ് വന്ന് വാതിൽ തല്ലിപ്പൊളിച്ചു. മോളെ കീഴ്പ്പെടുത്താൻ തുടങ്ങുന്ന അയാളെ കണ്ട ചേച്ചിയുടെ സമനില തെറ്റി. കൈയിലുണ്ടായിരുന്ന വാക്കത്തി വെച്ച് ചേച്ചി അയാളെ നേരിട്ടു.

ആദ്യത്തെ വെട്ടിനു തന്നെ അയാൾ വീണു പോയി. ചീറ്റിയൊഴുകിയ ചോര കണ്ട ചേച്ചി ഒരു ഭ്രാന്തിയെപ്പോലെ തലങ്ങും വിലങ്ങും അയാളെ വെട്ടി. ആ സമയത്താണ് ഞാൻ വീട്ടിലെത്തുന്നത്. എൻറെ ചേച്ചിയുടെ അവസ്ഥ, കിങ്ങിണി മോളുടെ ഭാവി, ഇതെല്ലാം ഓർത്ത് ഞാൻ പറഞ്ഞു. നിങ്ങൾ രണ്ടുപേരും ഇതൊന്നും കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല.

വാക്കത്തിയിലുള്ള ചേച്ചിയുടെ കൈ മുദ്രകൾ ഞാൻ തുടച്ചു മാറ്റി. എല്ലാ തെളിവുകളും എനിക്ക് അനുകൂലമാക്കി. ഞാൻ തന്നെ പോലീസിന് ഫോൺ ചെയ്തു. പോലീസ് വരും മുൻപ് എൻ്റെ കിങ്ങിണിക്കുട്ടിക്ക് ഞാൻ ആ ഫോൺ കൊടുത്തു. ഞാൻ ഇല്ലാതായാലും നിങ്ങൾക്ക്പപ്പയും മമ്മിയും ഉണ്ട്. നിങ്ങൾ അവരുടെ അടുത്തേക്ക് തിരിച്ചു പോകണം എന്ന് പറഞ്ഞാണ് ഞാൻ പോലീസിനു പിടികൊടുത്തത്. പിന്നീടുള്ള വിവരങ്ങൾ ഒന്നും എനിക്കറിയില്ല സിസ്റ്റർ.

ഞാൻ കുറ്റമേറ്റതു കൊണ്ട് എൻ്റെ ചേച്ചിയും മോളും രക്ഷപ്പെടും എന്നാണ് എൻ്റെ പ്രതീക്ഷ.

ഒരുപക്ഷേ ചേച്ചി സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തു എന്നറിഞ്ഞാൽ നിയമത്തിൻ്റെ ആനുകൂല്യം കൊണ്ട് വെറുതെ വിട്ടു എന്ന് വരാം. എൻ്റെ കിങ്ങിണി മോള് ഒരു കൊലപാതകിയുടെ മകളാണ് എന്ന് അറിയുമ്പോൾ അവൾക്ക് നല്ലൊരു ഭാവി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. അത് പാടില്ല. അതിനു വേണ്ടിയാണ് ഞാൻ ഈ കുറ്റം ഏറ്റെടുത്തത്.

സിസ്റ്റർ.. എന്നോടുകൂടി ഈ രഹസ്യം ഇവിടെ അവസാനിക്കണം. പറ്റുമെങ്കിൽ എനിക്ക് ഒരു ഉപകാരം സിസ്റ്റർ ചെയ്തു തരണം."

"എന്താ പീറ്റർ? " സിസ്റ്റർ ആകാംക്ഷയോടെ ചോദിച്ചു.

"ചേച്ചിയേയും, മോളേയും സിസ്റ്റർ തന്നെ മുൻ കൈയ്യെടുത്ത് എൻ്റെ വീട്ടിൽ എത്തിക്കണം. പപ്പയും മമ്മിയും അവരോടൊത്ത് സന്തോഷത്തോടെ കഴിയുന്നത് കണ്ട് വേണം എൻ്റെ ആത്മാവ് ഈ ലോകം വിട്ടു പോകാൻ. ഇനി എനിക്കൊന്നും പറയാനില്ല. സിസ്റ്റർ പൊയ്ക്കോളൂ." അയാൾ തിരിഞ്ഞു നടന്നു.

തൻ്റെ പ്രിയശിഷ്യനോട് ഒരു സാന്ത്വനവാക്കു പോലും ഉരിയാടാനാവാതെ നിന്ന സിസ്റ്ററുടെ മിഴികൾ നിറഞ്ഞൊഴുകി. പുറത്തപ്പോഴും മഴ ആർത്തലച്ച് ചെയ്തു കൊണ്ടിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ