മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നീലനിലാപേടകത്തിൽ രാക്കുളിര് തീരുവോളം അവളോട് യാത്ര ചെയ്യാൻ, കിന്നരിക്കാൻ അവനു കൊതി തോന്നിയതെപ്പോഴാണ്? കൃത്യമായി പറഞ്ഞാൽ കോളേജ് വിദ്യാഭ്യാസത്തിന്റെ ശൈശവദശയിൽ

തന്നെ. കരൾക്കുടങ്ങളിൽ സ്നേഹവും പ്രണയവും നിറയ്ക്കുന്ന കാമ്പസിലെ അശോകവനിയുടെ താഴെ ഒഴിവു സമയങ്ങളിൽ ഏകനായി ഇരിക്കുവാൻ ആയിരുന്നു അവന്റെ മോഹം. കൗമാരത്തിന്റെ ചപലതകളിൽ  നിന്നും, ചർച്ചകളിൽ നിന്നും വിട്ടൊഴിഞ്ഞ് ഗൃഹാതുരത്വം പേറുന്ന ആ അന്തർമുഖിയെ അവൾ കണ്ടെത്തി. മറ്റുള്ളവരുടെ കണ്ണുകൾക്ക് കീഴ്‌പെട്ടു മുഖം താഴ്ത്തുന്ന അവൻ അവളെ കണ്ടതായി നടിച്ചില്ല.

പതിവായി ചെമ്പരത്തിപ്പൂ നിറമുള്ള മിഡിയും ടോപ്പും അണിയുന്ന അവൾ അവനെ ഇമയടയ്ക്കാതെ നോക്കി. സ്ഥലകാല ബോധമില്ലാതെ, സ്നേഹ തൃഷ്ണയോടെ...!.

പ്രണയത്തിൻറെ ദ്രുതതാളം മനസ്സിന്റെ പളുങ്കു ദളങ്ങളിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവർ മൂകമായി പ്രണയിച്ചു. സന്ധ്യയിൽ ചെമ്മൺ പാതയിലൂടെ എതിർദിശകളിലേക്ക് പിരിയുന്ന അവർ വേദനയോടെ പ്രണയത്തിൻറെ  വിങ്ങുന്ന അഗ്നിപർവ്വതം നെഞ്ചിലേറ്റി പരസ്പരം തിരിഞ്ഞുനോക്കി; ദിവസങ്ങളോളം

തമ്മിൽ കണ്ടുമുട്ടാൻ ആകാത്ത നിമിഷങ്ങളിൽ രാത്രിയുടെ ശപിതയാമങ്ങളെ പഴിച്ച് ഇരുട്ടറകളിൽ ഇരുന്നവർ തേങ്ങി. ജനാലയ്ക്കപ്പുറത്ത് അവന്റെ നിഴൽ മാറ്റം ശ്രദ്ധിച്ച്  അവൾ എത്രയെത്ര രാത്രികൾ പ്രതീക്ഷയോടെ കാത്തിരുന്നു.

അവളുടെ വീടെത്തുവോളം ധൈര്യനായി എത്തി അധൈര്യനായി പിൻവാങ്ങിയ രാത്രികളും അവനിലൂടെ കടന്നുപോയി, പുലരുമ്പോൾ മിഴികളുടെ ഭാഷയിലൂടെ സ്നേഹം പങ്കുവെക്കാമെന്ന പ്രതീക്ഷയിൽ.

ചെമ്മൺപാതയുടെ എതിർ ദിശകളിൽ നിന്നും  ഒരേ സമയം അവർ ബസ്റ്റോപ്പിൽ എത്തിച്ചേർന്നു. അവർക്ക് സൗന്ദര്യം ഉണ്ടായിരുന്നു സംസാര ശേഷിയുണ്ടായിരുന്നു. പക്ഷേ അവർ വ്യത്യസ്ത സമുദായക്കാർ ആയിരുന്നു.

ഏതോ മാഗസിനിൽ നിന്നും മോഷ്ടിച്ചെടുത്ത സാഹിത്യ ശകലങ്ങളുടെ അകമ്പടിയോടെ  അവൻ അവൾക്ക് ആദ്യമായി പ്രണയലേഖനം കുറിച്ചു. മറുപടിയിൽ ഒരു ദളിതയുടെ കരുത്ത് ചോരാതെ അവന്  ധൈര്യം പകരാൻ അവൾ ശ്രമിച്ചു. ഒന്നുമുരിയാടാതെ പ്രണയ ലേഖനങ്ങൾ പുസ്തകത്തളുകൾക്കിടയിൽ തിരുകി കൈമാറുംബോൾ അവന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കി നിന്നു. ശക്തമായ ദളിതു സമൂഹത്തെ താൻ ഒറ്റയ്ക്കെങ്ങനെ ന്നേരിടും? ഭീരുത്വത്തിന്റെ വിവിധ മുഖങ്ങൾ അവനെ വേട്ടയാടി. സവർണ്ണനെ സ്വന്തമാക്കാനുള്ള ഒരു അവർണ്ണയുടെ പ്രണയ നാടകമാണോയെന്നുപോലും അവൻ സംശയിച്ചു തുടങ്ങി. പ്രണയ നൊംബരത്തിൽ ഹൃദയം നൂറുങ്ങുംബോഴും അവൻ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ശ്രമിക്കുകയായിരുന്നു.

ഒരു സന്ധ്യയിൽ ചെമ്മൺപാതയിലൂടെ അവളോടൊപ്പം നടന്ന് മുഖമുയർത്തി അവൻ സംസാരിച്ചു.  ഒരു സവർണ്ണന്റെ കുടുംബാംഗങ്ങളുടെ ദുഃഖം, തറവാടിന്റെ അഭിമാനം. അവളുടെ മാൻമിഴികൾ കുതിർന്നു. ഹിന്ദി ക്ലാസുകളിൽ കൈമാറിയ പ്രണയലേഖനങ്ങൾ അവൻ അവൾക്കു തിരികെ നൽകി.

ഇരുവരും തമ്മിൽ പിരിയുകയായിരുന്നു. പരിഭവമില്ലാതെ പരസ്പരം മനസ്സിലാക്കി ഒരുപാടിഷ്ടപ്പെട്ട് ഇരുവഴികളിലേക്ക്....ചെമ്മൺപാതയുടെ എതിർദിശകളിലേക്ക് നടക്കുംബോൾ അവർ അവസാനമായി തിരിഞ്ഞു നോക്കി.ചങ്കിലേക്കിറ്റിറ്റു വീഴുന്ന വിരഹവേദനയുടെ രുധിരപുഷ്പങ്ങൾ മിഴികളുടെ ഭാഷയിൽ അവർ കൈമാറി.

സ്നേഹത്തിന്റെ അനിർവചനീയമായ നിധികുടം കണ്ടെത്തിയിട്ടും  അത് കൈവിട്ടു കളഞ്ഞതിൽ വർഷങ്ങളെത്ര കഴിഞ്ഞിട്ടും അവന്റെ മനസ്സിന്റെ നീറ്റൽ കെട്ടടങ്ങിയിട്ടില്ല.

കാലഗതിയുടെ ഒരു നാഴിക മധ്യേ വീണ്ടുമൊരു കണ്ടുമുട്ടൽ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. വിധിയുടെ കുരുക്ഷേത്രഭൂമിയിൽ ഒറ്റപ്പെട്ടു രോഗശയ്യയിൽ എത്തപ്പെട്ട അയാളെ അവൾ ശുശ്രൂഷിച്ചു. രോഗി പരിചരണം അവളുടെ ഡ്യൂട്ടിയായിരുന്നു അവൾ അയാളുടെ കരതലം നിവർത്തി ബെഡ്ഡിൽ വച്ച് ഇഞ്ചക്ഷൻ കൊടുത്തു. അവൾ അവനെ ആദ്യമായി സ്പർശിച്ചത് അന്നായിരുന്നു അവരിരുവരും കോരിത്തരിച്ചില്ല. സൗഹൃദത്തിന്റെ നിഴൽപരപ്പിലൂടെ അവരുടെ മനസ്സുകൾ സഞ്ചരിച്ചു. ഒഴിവുസമയങ്ങളിൽ അവൾ അയാളോട് സംസാരിച്ചു. രോഗീ പരിചരണത്തിന്റെ കഷ്ടപ്പാടുകൾ, വൃദ്ധ രോഗികൾ ഉണ്ടാക്കുന്ന കൊച്ചുകൊച്ചു ശാഠ്യങ്ങളും തമാശകളും.

അവളുടെ ഹൃദയം സ്നേഹത്തിന്റെ അക്ഷയഖനിയാണെന്ന് അയാൾക്ക് തോന്നി. തേജസ്സു നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി വിവാഹിതയാണെന്നറിഞ്ഞിട്ടും കുസൃതിയോടെ അയാൾ  ചോദിച്ചു.

“എന്തേ നെറ്റിയിൽ കുങ്കുമം തൊട്ട്?.”

അവൾ ഒന്ന് ചിരിച്ചു. പരിഭവമില്ലാതെ.

അന്ന് രാത്രി അയാൾ പനിച്ചു കിടന്നപ്പോൾ  അവൾ പുലരുവോളം അയാളെ ശുശ്രൂഷിച്ചിരുന്നു. പനി കുറഞ്ഞ് ഉറക്കം വിട്ടപ്പോൾ അയാൾ പറഞ്ഞു;

“അന്നു പിരിഞ്ഞില്ലായിരുന്നെങ്കിൽ നീ ഈ നിലയിൽ എത്തുമായിരുന്നോ?”

അവൾ അയാളെ നോക്കി. നിഷ്കളങ്കമായ മുഖത്ത് നിർഭാഗ്യത്തിന്റെ കറുത്ത പാടുകൾ. കഷ്ടതയുടെ കാരാഗൃഹത്തിൽ കഴിഞ്ഞവനെപ്പോലെ ചോര വറ്റിയ ശരീരം.

“ഈശ്വരനല്ലേ നിശ്ചയിക്കുന്നത്.”

അവൾ പതിയെ പറഞ്ഞു. സൗഹൃദത്തിന്റെ അതിരുകൾ ഭേദിക്കാതെ അവർ പലതും സംസാരിച്ച് ചിരിച്ചു. അവൾ  നല്ലൊരു കൂട്ടുകാരിയാണെന്ന് അയാൾക്ക് തോന്നി.

ഡിസ്സ്ചാർജ് ദിവസം വൈകുന്നേരം അയാൾ ആശുപത്രിയുടെ തൊട്ടടുത്തുള്ള കടൽക്കരയിൽ പോയിരുന്നു. അഗാധ മൌനത്തോടെ അയാൾ തിർകളെ നോക്കി.ഡ്യൂ ട്ടി കഴിഞ്ഞിറങ്ങിയ അവൾ അയാൾക്കരികിലെത്തി.

“വിവാഹം ആകാമായിരുന്നില്ലേ?”

ഒരു അമ്മയുടെ, സഹോദരിയുടെ വാത്സല്യത്തോടെ അവൾ ചോദിച്ചു.

“കണ്ടെത്തിയത് കൈവിട്ടുകളഞ്ഞില്ലേ...സ്വയം. പിന്നീട് കഴിഞ്ഞില്ല“

അയാളുടെ കണ്ണുകളിലെ കുറ്റബോധം അവൾ വായിച്ചെടുത്തു.

“ഒരിക്കലും തമ്മിൽ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വരട്ടെ ഞാൻ...”

അവൾ യാത്ര പറഞ്ഞു നീങ്ങി. പ്രാണൻ പിടയുന്നതു പോലെ അയാൾ എഴുന്നേറ്റ് അവളെ നോക്കി നിന്നു. ചെമ്മൺപാതയിലൂടെ എതിർ ദിശകളിലേക്ക് നടന്ന് പിരിയാനാകാത്ത വിധം തിരിഞ്ഞു നോക്കുന്ന കൌമാരാക്കാരാകാൻ അയാൾ കൊതിച്ചു.

അവൾ തിരിഞ്ഞു നോക്കിയില്ല. അവൾ നല്ലൊരു ഭാര്യയാണ്. തന്റെ ജീവചൈതന്യവും മാർഗ്ഗദർശിയും ആകേണ്ടിയിരുന്നവൾ... ഒന്നു നെടുവീർപ്പിട്ടു കടലിലേക്ക് നോക്കി അയാൾ മനസ്സിൽ പറഞ്ഞു :

വഹ് രോഷ്ണി ഥീ........!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ