മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


കടല്‍ക്കരയില്‍ തിരക്ക് കുറവായിരുന്നു. സൂര്യാസ്തമയം കാത്ത് മണല്‍ പരപ്പിലിരിക്കുകയായിരുന്ന ഞാന്‍ വീണ്ടും ആ പെണ്‍ക്കുട്ടിയുടെ ശബ്ദം കേട്ടു.
''സാര്‍ .....കപ്പലണ്ടി വേണോ..... ''


ഇവിടെ വരുമ്പോഴൊക്കെ അവള്‍ കപ്പലണ്ടി പൊതികളുമായി കടലോരത്ത്‌ നടക്കുന്നത് കാണാം. ചിലര്‍ വാങ്ങും. അവള്‍ എന്റെ അരികെയും വന്നിട്ടുണ്ട്. വാങ്ങാറില്ലെങ്കില്‍ പോലും അവള്‍ വന്നുചോദിക്കും
''സാര്‍... കപ്പലണ്ടി... ചുടുകപ്പലണ്ടിയാണു സാര്‍... എടുക്കട്ടെ....''
ഒരു പത്തുപന്ത്രണ്ടു വയസ്സു പ്രായം കാണും അവള്‍ക്ക്. എന്‍റെ മൂത്ത മകളുടെ പ്രായവും ഇതു തന്നെ. അവളുടെ മുഖംവല്ലാതെ വാടിയിട്ടുണ്ട്. മുഷിഞ്ഞ പാവാട തുമ്പുകൊണ്ട് മുഖം തുടച്ച് അവള്‍ വീണ്ടും കപ്പലണ്ടിപ്പൊതി എനിയ്ക്ക് നേരെനീട്ടി. അവളുടെ കയ്യില്‍ ഒരു കീറിയസഞ്ചിതൂങ്ങികിടക്കുന്നുണ്ടായിരുന്നു.
അതിലായിരുന്നു കപ്പലണ്ടിപ്പൊതികള്‍ .

കടല്‍ത്തീരത്ത് ആളുകള്‍ കുറവായിരുന്നതുകൊണ്ട് പ്രതീക്ഷിച്ചതുപോലെ ഇന്നവളുടെ കപ്പലണ്ടിക്കച്ചവടം നടന്നിട്ടില്ല. അവളുടെ ദൈന്യത നിറഞ്ഞ മുഖം എന്റെ മനസ്സില്‍ വേദനയുണ്ടാക്കി. എനിക്കവളോട് അനുകമ്പ തോന്നി
ഞാന്‍ ചോദിച്ചു.
''നിന്റെ വീടെവിടെയാണ് കുട്ടി?''
അവള്‍ അകലെ കുറെ ചെറ്റക്കുടിലുകള്‍ നില്ക്കുന്ന ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി
''അതിനപ്പുറത്ത്.''
''വീട്ടിലാരോക്കെയുണ്ട്?''
''അമ്മയും അനുജനും''
''അമ്മയ്ക്ക് ജോലിയില്ലേ?''
''അമ്മയ്ക്ക്... കൂലിപ്പണിയാര്‍ന്നൂ. ഇപ്പൊ വയ്യാണ്ടായപ്പോഴാ... ഈ കപ്പലണ്ടി കച്ചോടം തൊടങ്ങീത്. ''
ചെറുപ്രായത്തിലെ കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്നവള്‍.
''സാറേ കപ്പലണ്ടി... എടുക്കട്ടെ ഒരു പൊതി...
അവള്‍ വീണ്ടും ചോദിച്ചു
''രണ്ടു പൊതിയെടുക്ക്....''
അവള്‍ ഉത്സാഹത്തോടെ തുണി സഞ്ചിയില്‍ നിന്നും കപ്പലണ്ടിപൊതിയെടുത്തു .
''നീ പഠിക്കുന്നുണ്ടോ... ''ഞാന്‍ അന്വേഷിച്ചു
''ആറാം ക്ലാസില്... അമ്മയ്ക്ക് ദീനമായോടെ ഇപ്പോ പോണില്ല ''
''അച്ഛനോ?'
അവളുടെ മുഖം വാടി.
''അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു..പോയി''
അവളുടെ കഥ കേട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി..
പോക്കറ്റില്‍ നിന്നും എടുത്ത നൂറു രൂപ നോട്ടു കണ്ട് അവള്‍ പറഞ്ഞു
''സാര്‍ ..ചില്ലറയില്ലല്ലോ...''
''നീ അതു വച്ചോ.....''
''വേണ്ട സാര്‍....''
''നീ വച്ചോളൂ..ഇന്ന് കച്ചവടം മോശമായിരുന്നില്ലേ ...''
''വെറുതെ... തരുന്നത് വാങ്ങരുതെന്ന്..എന്റെ. അമ്മ എപ്പഴും പറയും. അതുകൊണ്ട്...ഞാനിത് വാങ്ങില്ല സാര്‍ ...''
അവളുടെ അഭിമാനംകൊള്ളുന്ന വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ പറഞ്ഞു
ഞാന്‍ ഇവിടെ മിക്കപ്പോഴും വരുന്നതാണ്, ബാക്കിയ്ക്ക്‌ കപ്പലണ്ടി തന്നാല്‍ മതി. എന്നാലോ? അവള്‍ തലയാട്ടി..
''പോട്ടെ സാര്‍.''
അതും പറഞ്ഞ് ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കികൊണ്ട്‌
അടുത്ത ആള്‍ക്കൂട്ടത്തിലേയ്ക്ക് കപ്പലണ്ടിപ്പൊതികളുമായി അവള്‍ നടന്നകന്നു.

തിരമാലകള്‍ക്ക് ശക്തികൂടിയിരുന്നു. പ്രക്ഷുബ്ധമായ കടല്‍ . മാനത്തെ ചുവപ്പുരാശി പടര്‍ത്തിയ സൂര്യന്‍ കടലിലേയക്കാഴ്ന്നിറങ്ങാന്‍ തുടങ്ങുന്നു. ആ ദൃശ്യ ചാരുതയില്‍ മയങ്ങിയിരിക്കെ ആളുകള്‍ ഓടുന്നത് കണ്ടു. എന്താണ് ബഹളമെന്നു വിചാരിച്ച് ഞാനും എഴുന്നേറ്റു. കടല്‍തീരത്ത് കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടു. ആളുകള്‍ പോകുന്ന ദിക്കിലേയ്ക്കു ഞാനും നടന്നു.

മണല്‍പരപ്പില്‍ ചിതറികിടക്കുന്ന കപ്പലണ്ടിപ്പൊതികള്‍ ...
അവളുടെ മുഷിഞ്ഞ പാവാട ഒട്ടുമുക്കാലും കീറിയിരിക്കുന്നു. മണല്‍പരപ്പില്‍ കുനിഞ്ഞ് മുഖംപൊത്തി കരയുകയാണ് അവള്‍..
ആളുകള്‍ അവള്‍ക്കു ചുറ്റും വട്ടം കൂടി നിന്ന് പലതും പറയുന്നുണ്ട്. അവരുടെ കുറ്റപ്പെടുത്തലുകള്‍
അവളുടെ നേര്‍ക്കുതന്നെയായിരുന്നു .
ഞാന്‍ അവള്‍ക്കരികിലേയ്ക്കു ചെന്നു.
എന്നെ കണ്ടതും അവള്‍ മുഖം പൊത്തി അലറിക്കരഞ്ഞു.

കടല്‍ത്തിരകള്‍ ആര്‍ത്തിരമ്പുകയായിരുന്നു. പെട്ടെന്നാണ് പെണ്‍ക്കുട്ടി മണല്‍ പരപ്പില്‍ നിന്നെഴുന്നേറ്റത്. ചുറ്റിലും നില്ക്കുന്നവരെ തള്ളിമാറ്റി അവള്‍ കടലിനുനേര്‍ക്ക് ഓടി. എന്തെങ്കിലും ചെയ്യാനാകും മുന്‍പേ അവള്‍ കടലിലേയ്ക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു.

തിരകള്‍ ആര്‍ത്തിരമ്പികൊണ്ടിരുന്നു. ആ തിരകളില്‍ അവള്‍ അലിഞ്ഞില്ലാതാകുന്നത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ