ഗുണശീലാ ആശുപത്രിയിലെ കോവിഡ് ഐ.സി.യുവിലിരുന്നാണ് ഈ കദനലേഖനമെഴുതുന്നത്. ഇവിടെ അഡ്മിറ്റായിട്ട് ഇന്നേക്ക് 18 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. കോവിഡ് വാർഡായതിനാൽ ഇവിടത്തെ
നഴ്സമ്മമാരൊന്നും ഇവിടേക്ക് കടക്കുന്നു കൂടിയില്ല. വല്ലപ്പോഴും വന്ന് ആരെങ്കിലും തട്ടിപ്പോയിട്ടുണ്ടോ എന്നൊന്നു നോക്കിയിട്ടു പോകും. അതു കൊണ്ടൊരു സ്വസ്ഥതയുണ്ട്. മൂക്കിലും വായിലുമൊക്കെ ഫിറ്റു ചെയ്തു വച്ചിരിക്കുന്ന കുന്ത്രാണ്ടങ്ങളൊക്കെ പറിച്ചെറിഞ്ഞിട്ട് സുഖമായിരുന്ന് എഴുത്ത് തുടരാം.
എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം ഇതൊന്നുമല്ല. അതൊരു മൊബൈൽ ദുരൂഹതയാകുന്നു. അക്കഥ പിന്നാലെ പറയാം. അതിനു മുമ്പ് ഇവിടെ ഞാനെങ്ങനെ എത്തി എന്നറിയേണ്ടേ?.... കേൾക്കൂ .
കോവിഡ് കാലം തുടങ്ങിയതു മുതൽ വീട്ടിൽ അടച്ചിരിപ്പായിരുന്നു. പണ്ടൊക്കെ ഇടയ്ക്ക് ചില യാത്രയൊക്കെ പതിവുണ്ടായിരുന്നു. കഥകൾക്ക് പ്ലോട്ട് കണ്ടെത്താനുള്ള ഏകാന്ത സഞ്ചാരങ്ങൾ. വളരെ നാളുകൾക്കു ശേഷം അത്തരമൊരു യാത്ര നടത്താൻ ഞാൻ നിശ്ചയിക്കുന്നു. അപ്പോഴാണ് എന്നത്തെയും പോലെ ഭാര്യ എടഞ്ചെറുപ്പുമായി രംഗത്തു വന്നത്. "മനുഷ്യാ, കൊറച്ചു നാളു കൂടി നിങ്ങളൊന്നടങ്ങിയിരിക്ക്, ഈ ദീനക്കാലമൊക്കെ കഴിഞ്ഞിട്ടു പോരേ സർക്കീട്ടൊക്കെ. കതയൊക്കെ പിന്നീടും എഴുതാല്ലോ..... ഒരു ചാകിത്യകാരൻ!" അവൾ സ്ഥിരം പല്ലവി തുടങ്ങി. അതു വരെ ഒരര മനസ്സായിരുന്നു എനിക്ക്. ഇതു കൂടി കേട്ടപ്പോൾ മുഴുവനായി .അതങ്ങനെയാണല്ലൊ! പ്രതിരോധങ്ങൾ വാശി കൂട്ടുമെന്നല്ലേ മനശാസ്ത്രികളും പറയുന്നത്. അവളുടെ ജല്പനങ്ങളെ അവഗണിച്ച് യാത്രാ ബാഗുമെടുത്ത് ഞാനിറങ്ങി. "പോയിത്തൊലഞ്ഞിട്ടു വായോ....... തിര്യെ വരുമ്പോ ആ കൊറോണേ ക്കൂടി കൊണ്ടു വന്നേക്കണേ...." പിറകേ വന്ന് അവൾ അനുഗ്രഹിച്ചിട്ടു പോയി. ഞാനതു ഗൗനിക്കാതെ നടന്നു. ദീർഘയാത്രയൊന്നുമല്ലായിരുന്നു.മൂകാംബിക വരെ. എല്ലാവർഷവുമുള്ള പതിവാണ്. അവിടെച്ചെന്ന് വാഗ്ദേവതയെ വണങ്ങീട്ടു വരുന്നതൊരു സുഖമാണ്. തിരികെ വരും വഴി കഥക്കുള്ള ചില ത്രെഡുകളും വീണു കിട്ടാറുണ്ട്. ഇക്കുറി അങ്ങിനെയല്ല സംഭവിച്ചത്. കഥയുടെ ത്രെഡിനു പകരം കയറിക്കൂടിയത് കോവിഡിൻ്റെ ഭേദപ്പെട്ടൊരു പ്ലോട്ടായിരുന്നു.
നാലഞ്ചു ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തി വീട്ടിലേക്ക് കയറിയതും ശരീരം ലക്ഷണങ്ങൾ കാട്ടാൻ തുടങ്ങി. ചെറിയ പനി, തലവേദന, മൂക്കടപ്പ് ..... അങ്ങനെ. വേഗം അടുത്തുള്ള ഗുണശീല ഹെൽത്ത് കെയറിലെ ടെസ്റ്റിംഗ് കേന്ദ്രത്തിലേക്കു വിട്ടു. മൂക്കിനകത്തേക്ക് കോഴിത്തൂവൽ പോലൊരു സാധനം കടത്തി സ്രവമെടുത്തുള്ള പരിശോധനയാണ്. സാധാരണ മൂക്കിലേക്ക് ഇതു കടത്തുമ്പോൾ അനിർവചനീയമാമൊരു ഇക്കിളി ഉണ്ടാവുമെന്നൊക്കെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. എന്നാൽ ശരീരം നിറയെ മാംസളതയുമായി മുന്നിലേക്ക് അന്ന നടയിട്ടു വന്ന മധ്യവയസ്കയായ നഴ്സിനെ വായിനോക്കിയിരുന്നതു കാരണം ആ ഇക്കിളി അനുഭവിക്കാനിടവന്നില്ല. ആ സൗന്ദര്യധാമം മുന്നിലേക്ക് കുനിഞ്ഞതും ,തൂവൽ കടത്തിയതുമൊന്നും ഞാനറിഞ്ഞതേയില്ല. ഒരിക്കിളിയുടെ മേൽ മറ്റൊരിക്കിളിക്കു പ്രവർത്തിക്കാനാവില്ലല്ലൊ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ റിസൾട്ട് കിട്ടി. ടെസ്റ്റ് പോസിറ്റീവ് ! ഉടൻ തന്നെ നാലഞ്ചു ശൂന്യാകാശസഞ്ചാരികൾ അവിടെ പ്രത്യക്ഷപ്പെടുകയും, അവരെന്നെ ഒരു സ്ട്രെച്ചറിലേക്കു വലിച്ചെടുത്തു കിടത്തി Icu വിലേക്ക് ഉന്തിക്കൊണ്ടുപോവുകയും ചെയ്തു. എൻ്റെ ഉടുമുണ്ടെല്ലാം യാതൊരു ലജ്ഞയുമില്ലാതെ ആ കശ്മലൻമാർ (കശ്മലകളോ) പറിച്ചെറിഞ്ഞിട്ട് അവരുടുത്തിരുന്ന പോലത്തെ ഗഗനചാരീ വേഷം എന്നെയും ധരിപ്പിച്ചു. അന്നുതൊട്ടിന്നു വരെ ഞാൻ മനുഷ്യരെ ദർശിച്ചിട്ടില്ല. എന്നോ ഒരിക്കൽ ഭാര്യ വന്ന് ICU വിൻ്റെ ഗ്ലാസ്സിലൂടെ ഒന്നു നോക്കിയിട്ടു പോയി.
നേരത്തേ സൂചിപ്പിച്ച പോലെ ഇപ്പോഴത്തെ പ്രശ്നം എൻ്റെ ആ മൊബൈൽ ഫോണാണ്. അഡ്മിറ്റായ ദിവസം അവരത് നേർ പകുതിയെ ഏൽപ്പിച്ചത്രേ. അതു തന്നെയാണെന്നെ തീ തീറ്റിച്ചു കൊണ്ടിരിക്കുന്നതും.ഏതു നിമിഷവും അതിൽ സ്ഫോടനാത്മകമായൊരു കോൾ വന്നേക്കാം. എഴുത്തുകാരനെന്ന നിലയിൽ എനിക്ക് ധാരാളം ആരാധികമാരുണ്ടെന്നുള്ളത് നിങ്ങൾക്കറിവുള്ളതാണല്ലൊ. അതിലേതെങ്കിലും ഒരുവൾ വെറുതേ ഒരു തമാശക്ക് ..... ഹോ ... എനിക്കതോർക്കാൻ കൂടിവയ്യാ.പ്രശ്നമതു മാത്രമല്ലല്ലൊ. ആ നശിച്ച പേടകത്തിൽ സഭ്യരല്ലാത്ത പല വീഡിയോകളും കുടികിടപ്പുകാരായുണ്ട്. ഷിബി എന്ന ഒരു സുഹൃത്തയക്കുന്നതാണെല്ലാം. തെറ്റിദ്ധരിക്കേണ്ട, പേരു സൂചിപ്പിക്കുമ്പോലെ ഷിബി ഒരു വനിതാരത്നമ്മയല്ല. കുംഭ, പുറത്തു രോമം ഇത്യാദി സകല ലക്ഷണങ്ങളുമൊത്തൊരു പുരുഷ കേസരി തന്നെ. വന്യ ജീവി വകുപ്പിൽ ക്ലാർക്കാണ്. മൃഗങ്ങളോട് വല്ലാത്ത പ്രതിബദ്ധതയുള്ളൊരു മനുഷ്യനാണ്. അതുകൊണ്ടുതന്നെ സകല മൃഗങ്ങളുടേയും പോൺ വീഡിയോസ് ഇഷ്ടൻ്റെ കയ്യിലുണ്ട്. ഒരിക്കലദ്ദേഹമയച്ചു തന്ന കുരങ്ങൻ്റെയും, കുരങ്ങി യുടേയും നർമ്മസല്ലാപങ്ങളടങ്ങിയ വീഡിയോ എൻ്റെ എത്ര രാത്രികളാണ് അപഹരിച്ചുകളഞ്ഞതെന്നറിയാമോ? കഴിഞ്ഞ തവണ അയച്ചു തന്നത് കുതിര വിളയാട്ടത്തിൻ്റെ സുന്ദരദൃശ്യങ്ങളായിരുന്നു. ഇനിയദ്ദേഹമയക്കുന്നത് ഒരു പക്ഷേ ഗജരാജ ചാപല്യങ്ങളാകാം. ഹോ .. എൻ്റെ പരദൈവങ്ങളേ ... ഇതൊക്കെ വീട്ടുകാരത്തിയുടെ നയനങ്ങൾക്കു പാത്രീഭവിച്ചാൽ... അഹോ കഷ്ടം.... പരമേശ്വരാ... ഈ ബാഹുബലിയെ അർ രക്ഷിക്കും!
വാക്സിനെടുക്കാൻ കളത്രം പലവുരു പറഞ്ഞതാണ്. കേട്ടില്ല. അവൾ പറഞ്ഞതു കൊണ്ടു മാത്രമത് ചെയ്തില്ല. അന്ന് അതെടുത്തിരുന്നെങ്കിൽ ഇന്നീ ഗതി വരുമായിരുന്നോ? പെൺബുദ്ധി പിൻബുദ്ധിയല്ല, മുൻ ബുദ്ധിയാണന്ന് ഞാനിതാ സമ്മതിച്ചിരിക്കുന്നു. എനിക്കിപ്പോൾ നിങ്ങളെ ഉൽബോധിപ്പിക്കാനുളളത് ഒറ്റക്കാര്യം മാത്രം. വേഗം വാക്സിൻ കേന്ദ്രത്തിലേക്കു മാർച്ചുചെയ്യൂ. കോവിഡേറ്റഡാവുന്നതിനു മുമ്പേ വാക്സിനേറ്റഡാവൂ ..............
കോവിഡ് ..... നോ പ്രോബ്ലം
അഡ്മിറ്റ് ...... നോ പ്രോബ്ളം
ഐ.സി.യൂ.......പ്രോബ്ളമേ പ്രോബ്ളമാണ് സൂർത്തുക്കളെ .
ഓർക്കുക .. ...ദീനമല്ല വലുത്, മാനമാണ്! അതു കൊണ്ട് പ്ലീസ്... വേഗം പോയി വാക്സിനേറ്റഡാവൂ. ശുഭസ്യ ശീഘ്രം!നന്ദി, നമോവാകം... അവിഘ്നമസ്തൂ!