mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അസ്തമിച്ചുകഴിഞ്ഞശേഷവും അവശേഷിച്ച നാട്ടുവെളിച്ചത്തിൽ ദൂരെ ദൂരെ മലയടിവാരത്തിലുള്ള വീടുകളിലൊന്നിനെ ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. അല്പനേരത്തിനുള്ളിൽ എങ്ങും കൂരിരുട്ടു പടരും. തനിക്കൊട്ടും പരിചയമില്ലാത്ത വഴിയാണ്. എങ്കിലും ജന്മാന്തരങ്ങളിലെപ്പൊഴോ ഇവിടെയെവിടെയെല്ലാമോ താനെത്തിപ്പെട്ടിരിക്കാമെന്നും പുതിയൊരു സ്ഥലത്തു ചെന്നെത്തിപ്പെട്ടാലുള്ള വേവലാതിയൊന്നും മനസ്സിൽ രൂപം കൊള്ളുന്നേയില്ലെന്നും അത്ഭുതത്തോടെ ഓർത്തു.

വിജനമാണ് പരിസരമെങ്കിലും കൂടണയുന്ന പക്ഷികളുടെ മനോഹര ശബ്ദം തനിക്കെത്രയോ ആശ്വാസമായി പിന്തുടർന്നെത്തുന്നതു പോലെ തോന്നി.വഴിയോരത്ത് ഒന്നു രണ്ടു പെട്ടിക്കടകൾ മാത്രമേ ഇത്ര നേരമായിട്ടും കാണാൻ കഴിഞ്ഞുള്ളൂ. അവയാണെങ്കിൽ താഴിട്ടുപൂട്ടിയ അവസ്ഥയിലും ..
തനിക്കു വഴിതെറ്റിയോ എന്ന ആശങ്ക കൂടി മനസ്സിൽ കുടിയേറിയതോടെ ശരീരം ഒന്നുകൂടി അവശതയാർന്ന തു പോലെ തോന്നി.
വിശന്ന് കുടലുകരിയുന്നു ...
വല്ലാത്ത ദാഹവുമുണ്ട്... ഒരിത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ...

ഇവിടമാണോ സമൃദ്ധിയുടെ ഉറവിടമായി എത്രയോ തവണ കേട്ടുകേട്ട് മനസ്സിൽ പതിഞ്ഞ സ്ഥലം? കുട്ടിക്കാലം കഴിച്ചുകൂട്ടിയ വർണനകളെ നിറം ചാലിച്ച കഥകളുടെ കെട്ടഴിക്കുമ്പോൾ എന്നും കേട്ടിരുന്ന ആ നിത്യഹരിത പ്രദേശം. ഗ്രാമീണ ലക്ഷ്മിയുടെ മാസ്മരിക നൃത്തച്ചുവടുകൾ കണ്ടു വളർന്ന ബാല്യകാലത്തിന്റെ കഥകൾ എത്രയോ വട്ടം മനസ്സിലൊരു ചിത്രം തന്നെ നിർമിച്ചിട്ടുണ്ട് ...
അച്ഛന്റെ തറവാടിനെക്കുറിച്ചും അവിടത്തെ ജീവിതകാലം അല്പകാലത്തേക്കെങ്കിലും തനിക്കു നൽകിയ കുളിരോർമകളെക്കുറിച്ചും എത്രയോ തവണ അമ്മയിൽ നിന്നും കേട്ടിരിക്കുന്നു..

ആമ്പൽപ്പൂക്കൾ നിറയെവിരിഞ്ഞ് ഇളം തെന്നലേറ്റ് അലക്കൈകകളാൽ മെല്ലെ മെല്ലെയുള്ള താലോലമേറ്റ് ചാഞ്ചാടിയിരുന്ന കാഴ്ചകൾ എന്നും മനസ്സിലൊരു ദൃശ്യവിരുന്നൊരുക്കും വിധം അമ്മ വർണിച്ചിരുന്നത് അയാളോർത്തു. പടിപ്പുരയും നാലുകെട്ടും എല്ലാമെല്ലാം തികഞ്ഞ ഗൃഹാതുരതയോടെ അമ്മയുടെ തൊണ്ടയിൽക്കുടുങ്ങിയ വാക്കുകളായി പലപ്പോഴും..
നന്മയുടെ കേദാര ഭൂമിയായിരുന്നു അമ്മ.. പുരാണ കഥകൾ കേട്ടുറങ്ങാനും ആ വാത്സല്യം ആവോളം നുകരാനും ഭാഗ്യം കിട്ടിയ പുണ്യജന്മത്തിനവകാശിയെന്ന സ്വകാര്യ അഹങ്കാരം ഉള്ളിൽ ആരോരുമറിയാതെ കൊണ്ടു നടന്നിരുന്ന കാലം..
അന്നപൂർണേശ്വരിയായ അമ്മയുടെ കൈപുണ്യ മറിയാത്തവർ ആ ഗ്രാമത്തിലുണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ലായിരുന്നു.
മാവും പിലാവും തെങ്ങും കവുങ്ങുമെല്ലാം സമൃദ്ധമായി തണൽ വീശി നിന്നിരുന്ന തറവാട്ടുവളപ്പിലെ വറ്റാത്ത തെളിനീരുറവയുള്ള ഒരു ചോല രൂപപ്പെട്ടത് അമ്മ വിവാഹിതയായി തറവാട്ടിൽ വന്നു കേറിയ അന്നാണത്രെ. അത്രയൊക്കെ മതി സാക്ഷാൽ മഹാലക്ഷ്മി തന്നെയന്ന് വന്നു കയറിയ വധുവിനെക്കുറിച്ചു പുകഴ്ത്തിപ്പറയാൻ അന്നാട്ടുകാർക്ക്...

ജീവിത സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് മാറി മറഞ്ഞത് ... അത്താഴം കഴിഞ്ഞ് മുറ്റത്തൂടെ വെറുതെയിത്തിരി നേരം നടക്കുന്ന  പതിവുണ്ടായിരുന്നത്രെ അച്ഛന്. പതിവിനു വിപരീതമായി പൂമുഖത്തെ ചാരുകസേരയിൽ വിശ്രമിക്കുന്നതു കണ്ടപ്പോഴും ആരും അതത്ര കാര്യാക്കിയില്ല.
എല്ലാരും ഭക്ഷണം കഴിഞ്ഞെണീറ്റതിനു ശേഷമുള്ള തനിക്കായി ചെയ്തു തീർക്കാനുള്ളജോലികളെല്ലാം ചെയ്തു തീർത്ത് ഉറങ്ങാൻ ചെന്ന അമ്മ അപ്പോഴാണ് പൂമുഖത്തെ ചാരുകസേരയിലിരുന്ന് എന്നെന്നേയ്ക്കുമായുറങ്ങിപ്പോയ അച്ഛനെ കണ്ടത്.

ഉറക്കെയൊന്നു നിലവിളിക്കാൻ പോലുമാകാതെ തറയിൽ തളർന്നിരുന്നു പോയി അമ്മ. അമ്മയെ കാണാതെ ഉണർന്നു ഉച്ചത്തിൽ കരയുന്ന തന്നെ എടുക്കാനോടിയെത്തിയ ചെറ്യമ്മയാണത്രെ എല്ലാം മനസ്സിലാക്കി ആളുകളെ വിളിച്ചുണർത്തിയത്.

എന്തായാലും അവിടത്തെ പൊറുതിഏതാണ്ടൊരു മാസത്തിനുള്ളിൽത്തന്നെ തീരുമാനമായി. അച്ഛന്റെ അകാലവിയോഗം ഏല്പിച്ച ആഘാതത്താൽ ആകെ തളർന്നിരുന്ന അമ്മയെക്കൊണ്ട് ഏതെല്ലാമോ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയ നിഷ്ഠുരതയും ഏറെ സ്വാഭാവികമായൊരു കാര്യം പറയുന്നതുപോലെയാണ് അമ്മ പറഞ്ഞു തന്നത്. അതു കൊണ്ടു തന്നെയാവാം യാതൊരു പ്രതികാരബുദ്ധിയ്ക്കും തന്റെ മനസ്സിലിടം നേടാൻ കഴിയാതിരുന്നത്. അവിടെ നിന്നും ഒരു കൈക്കുഞ്ഞുമായി ഇറക്കി വിട്ടവരെ മനസാ ശപിക്കാൻ പോലുമാവാത്ത ആ മഹത്വത്തിലാണ് താൻ ഇന്നും അഭിമാനം കൊള്ളുന്നത്.

ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കാതെ തന്റെ കുഞ്ഞിനെ വളർത്താനുള്ള വഴിയും അമ്മ തന്നെ കണ്ടെത്തി. വിദ്യാസമ്പന്നയായ അമ്മ വീടുകളിൽ പോയി ട്യൂഷനെടുത്തും തനിക്കെന്നും തുണയായിരുന്ന സംഗീതത്തിന്റെ മാസ്മരികത പ്രയോജനപ്പെടുത്തിയും ജീവിതം കരുപ്പിടിപ്പിച്ചപ്പോൾ ആ മനസ്സിന്റെ ദൃഢനിശ്ചയത്തെ പ്രശംസിക്കാതിരിക്കാനാർക്കുമായില്ല. 

ഒഴിവു സമയങ്ങളിൽ വിവിധയിനം അച്ചാറുകളും, കൊണ്ടാട്ടങ്ങളുമുണ്ടാക്കി അയൽവാസികളായ അഞ്ചാറു പേർക്കു കൂടി വരുമാനമാർഗം കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞതോടെ ഗ്രാമശ്രീയായി, നാട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരിയായിത്തീരുകയും ചെയ്തു. വിശ്രമമെന്തെന്നറിയാതെ ജോലി ചെയ്തിരുന്ന അമ്മ സന്ധ്യാസമയത്തെ പ്രാർത്ഥനാ സമയത്തു മാത്രമേ ഇരിക്കുന്നതായി കണ്ടതോർമ്മയുള്ളൂ.

അമ്മയുടെ കഷ്ടപ്പാടു കണ്ടു വളർന്ന കുട്ടിയാകട്ടെമിടുക്കനായി ,ഓരോ ക്ലാസ്സിലും ഒന്നാമനായി പഠിച്ചുയർന്ന് നല്ലൊരു ഉദ്യോഗസ്ഥനായി. ആദ്യമായി അമ്മയെ വിട്ട് വിദൂര നഗരത്തിലേക്കുള്ള മകന്റെ യാത്രയിലും അസാധാരണമായ ധൈര്യത്തോടെ ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ച് യാത്രയാക്കിയത് ഇന്നലെ കഴിഞ്ഞു പോയതുപോലെ ഓർമയിലുണ്ട്.

മരിക്കുന്നതിനു മുമ്പ് ഒരു തവണയെങ്കിലും തറവാട്ടു വകയുള്ള അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് ദീപാരാധന തൊഴണം എന്ന അമ്മയുടെ ആഗ്രഹം മാത്രം സാധിച്ചു കൊടുക്കാനാണീ യാത്രയെന്നോർത്തപ്പോൾ കാലുകൾക്കു വേഗതയേറി.

അവകാശത്തിനു വേണ്ടിയാരോടും തർക്കിക്കാനല്ല തന്റെ യാത്ര. എന്തു വില കൊടുത്തും അമ്മയുടെ ആഗ്രഹ സഫലീകരണം സാധ്യമാക്കണം. തറവാടു സ്വന്തമാക്കണം. അവിടെ അമ്മയോടൊപ്പം ഈ അവധി ചെലവഴിക്കണം.

മനസ്സിൽ ചിന്തകൾ കാടുകയറി പടിപ്പുരയുംകടന്ന് വീടിനു മുന്നിലെത്തിയത് എത്ര പെട്ടെന്നാണ്. മങ്ങിയ വെളിച്ചത്തിൽ ചാരുകസേരയിൽ മയങ്ങുന്നതായിരിക്കും വല്യച്ഛൻ. തന്നെയും അമ്മയെയും അനിശ്ചിതത്വത്തിലേക്ക് ഇറക്കിവിട്ടയാൾ.

ഉണ്ണീ.... അരുത് ... അതവരുടെ കഥയില്യായ്മ. എന്റെ ഉണ്ണിക്കിപ്പോൾ ഒന്നിനും ഒരു കുറവുമില്ലല്ലോ. ആരെയും ദുഷിക്കരുത്. പകയൊന്നും മനസ്സില് കരുതുക പോലുമരുത്. അമ്മയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി. തന്റെ ഉന്നതിക്കു കാരണമായ പ്രാർത്ഥനാനിർഭരമായ ആ മനസ്സ്. ആ വാക്കുകൾ തന്നെയാണ് തന്റെ വെളിച്ചം.

അച്ഛന്റെ മരണശേഷം അമ്മയെയും പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞിനേയും നിർദാക്ഷിണ്യം ഇറക്കിവിട്ടവരോടു പോലും ഒരു പരിഭവവും മനസ്സിൽ സൂക്ഷിക്കാത്ത അമ്മ എന്നും തനിക്കൊരത്ഭുതം തന്നെയായിരുന്നു.

അമ്മയുടെ മകനായി പിറന്നതു തന്നെയാണു തന്റെ സുകൃതം. വലതുകാൽ വെച്ച് അമ്മയെത്തന്നെ ധ്യാനിച്ച് ഞാനിതാ സ്വപ്നഭവനത്തിലേക്കു കയറുകയാണ്, അമ്മേ... ജഗദംബികേ... അനുഗ്രഹിച്ചാലും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ