മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Yoosaf Muhammed)

ഗ്രാമ പഞ്ചായത്തിലെ ജീപ്പുവന്ന് വീട്ടുപടിക്കൽ നിറുത്തിയപ്പോഴാണ് സുരേന്ദ്രൻ മൊബൈൽ ഫോണിൽ നിന്നും തല ഉയർത്തിയത്. പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നാലഞ്ചു പേർ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കു കയറി.

വന്നപാടെ പ്രസിഡൻറ് സുരേന്ദ്ര നോട് ചോദിച്ചു "അച്ഛനെവിടെ? ഞങ്ങൾ ഒരു സമ്മാനവുമായി വന്നതാണ്.അദ്ദേഹത്തെ വിളിക്കു "

കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ സുരേന്ദ്രൻ പകച്ചു നിന്നു. അപ്പോൾ പ്രസിഡൻ്റ് ഒരു മുഷിഞ്ഞ കടലാസിൽ എഴുതിയിരിക്കുന്ന ഒരു കത്തെടുത്ത് അയാളുടെ നേർക്ക് നീട്ടി. കത്ത് എഴുതിയിരിക്കുന്നത് സുരേന്ദ്രൻ്റെ അച്ഛൻ ഗോപാലപിളളയാണ്.

" ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് അറിയാൻ, ഞാൻ ഈ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന തെക്കേവീട്ടിൽ ഗോപാലപിള്ളയാണ്. എനിക്ക് രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ കുടുംബസമേതം വിദേശത്താണ്.പിന്നെ രണ്ടാമൻ്റ കൂടെയാണ് ഞാൻ കഴിയുന്നത്. 

മകനും, ഭാര്യയും രാവിലെ ജോലിക്കു പോകും.വൈകിട്ട് തിരിച്ചു വന്നാൽ അവരുടെ പണികൾ എല്ലാം തീർത്ത ശേഷം രണ്ടു പേരും ഫോണിൽ കുത്തിക്കൊണ്ടിരിക്കും. മകൻ്റെ കുട്ടികളാണെങ്കിൽ ഓരോ ഫോണുമായി അവരുടെ മുറിയിൽ ഇരുന്നു സമയം കളയുന്നു

ഞാനാണെങ്കിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എൻ്റെ ഭാര്യ മരിച്ചിട്ട് നാലു വർഷം കഴിഞ്ഞു. എന്നോട് വീട്ടിൽ ആരും സംസാരിക്കാറില്ല. കുട്ടികൾക്ക് പഠിക്കണമെന്ന് പറഞ്ഞ് ടി.വി. വെയ്ക്കാൻ സമ്മതിക്കില്ല. മകനാണെങ്കിൽ ഞാൻ പറയുന്നത് കേൾക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല.

അതു കൊണ്ട് ദയവായി എനിക്കും ഒരു മൊബൈൽ ഫോൺ വാങ്ങിത്തരണം 'അതാകുമ്പോൾ അതിൽ തോണ്ടി സമയം കളയാമല്ലോ. എൻ്റെ ഈ കത്ത് ഒരപേക്ഷയായി കരുതി എന്നെ സഹായിക്കണമെന്ന് വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു.'' '' എന്ന് ഗോപാലപിളളi ' .

കത്തു വായിച്ച്  സ്തബധനായി നിന്ന സുരേന്ദ്രൻ ഒന്നും മിണ്ടിയില്ല. വെളിയിൽ വർത്തമാനം കേട്ട് ഇറങ്ങി വന്ന ഗോപാലപിള്ളയുടെ കൈയ്യിൽ ഫോണെടുത്ത് കൊടുത്തിട്ട്  പ്രസിഡൻ്റ് പറഞ്ഞു "അച്ഛാ ഇനി സമയം പോകാൻ എളുപ്പമായി. വേഗം ഇതിൻ്റെ ഉപയോഗം പഠിച്ചോളൂ".

വിറയാർന്ന കൈകളോടെ ഫോൺ വാങ്ങിയ ഗോപാലപിള്ളയുടെ കണ്ണിൽ നിന്നും രണ്ടിറ്റു കണ്ണീർ ഫോണിലേക്ക് വീണു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ