മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Vysakh M)
"ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് പ്രശ്നമാണ് നിനക്ക് ?" 

ഞാൻ അവളോട് ചോദിച്ചു.

"തോറ്റു പോകുന്നു ഞാൻ എല്ലായിടത്തും. പ്രണയത്തിൽ, കുടുംബത്തിൽ, പഠിപ്പിൽ, ജോലിയിൽ ... ജയിക്കും എന്നു കരുതിയിട്ടും അവസാന നിമിഷം കൈവിട്ടു പോകുന്നു... തോൽവി. എല്ലായിടത്തും തോൽവി. മടുത്തു."

അവളെ നന്നായി അറിയാമായിരുന്നതു കൊണ്ട് ഞാൻ പറഞ്ഞു:

"അത് നിന്റെ തെറ്റിദ്ധാരണയാണ്. നിനക്ക് കഴിവുണ്ട്. നിന്റെ ജോലികൾ ചെറിയ രീതിയിലെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്."

പിന്നെയും അവൾ മുൻപ് പറഞ്ഞതുപോലെ പരാതികളുടെ കെട്ടഴിച്ചു. അപ്പോൾ ഒന്നു വാശി കയറ്റാൻ വേണ്ടി ഞാൻ പറഞ്ഞു:

"എന്തൊക്കെ പറഞ്ഞാലും ആത്മഹത്യ ഒരു വെറും മണ്ടൻ തീരുമാനമാണ്... വെറും മണ്ടത്തരം"

ഇതു കേട്ടതും അവളാകെ മാറി. മുഖം തുടുത്തു, കണ്ണു ചുവന്നു, ചുണ്ടും കൈയ്യും ദേഹമാസകലവും വിറച്ചു. ഒരു ഈറ്റപ്പുലിയെ പോലെ എന്റെ നേരെ ചീറി. ആരോടൊക്കെയോ ഉള്ള ദേഷ്യം ഒരു മഴ പോലെ എന്നോട് തീർത്ത്, തളർന്ന്, അവൾ ഒരു മൂലയ്ക്ക് പോയി വീണു.

ഒരു ഗ്ലാസിൽ കുറച്ചു വെള്ളവുമായി ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. ആകെ വിയർത്തിട്ടുണ്ട്. ഞാൻ പറഞ്ഞു:

"സമ്മതിച്ചു. ഇതൊരു ഉഗ്രൻ തീരുമാനമാണ്. പക്ഷേ ഒന്ന് ചോദിച്ചോട്ടെ? ഇപ്പോൾ ഈ തർക്കത്തിലെങ്കിലും നീ ജയിച്ചില്ലേ? എല്ലായിടത്തും തോൽവി മാത്രം എന്ന പരാതി ഇനി പിൻവലിച്ചുകൂടെ? എന്നെ തോൽപ്പിച്ചതു പോലെ നിന്റെ ഉഗ്രൻ തീരുമാനത്തെയും തോൽപ്പിച്ചുകൂടെ?"

ഒന്നരവർഷം മുൻപ്, ആ സന്ധ്യയിൽ, ആ ഗ്ലാസ് അവിടെ വെച്ച് ഞാൻ തിരിച്ചുപോന്നു.

ഇന്ന് , ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴും അവൾ എന്നെ വിളിച്ചു. എന്തെങ്കിലും പറഞ്ഞ് തർക്കിക്കാനായിരിക്കും. 

തർക്കിക്കട്ടെ... വിജയിക്കട്ടെ; അല്ലേ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ