പരിചിതമല്ലാത്ത ഒച്ചപ്പാടുകൾ കേട്ടതുകൊണ്ടാവണം ജാനുവമ്മയ്ക്കു ശ്വാസംമുട്ടുന്നതുപോലെതോന്നി. അഞ്ചുമക്കളുടെ അമ്മയാണവർ. എന്നിട്ടും ആരുമില്ലാത്തവരെപ്പോലെ ആ വീട്ടിൽ അവരൊറ്റയ്ക്കു കഴിഞ്ഞു. മക്കളെല്ലാവരും നല്ലനിലയിലെത്തണമെന്നാണ് അവരെപ്പോഴും പ്രാർഥിക്കാറുള്ളത്.
ദൈവം സഹായിച്ച് അവരെല്ലാവരും നല്ല സ്ഥിതിയിലാണിപ്പോൾ. സമ്പത്തിനുപിറകെപ്പോയതിനാലാവാം അവർക്കു അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ കഴിയാതെയായി. ഉള്ളിലെത്ര വിഷമങ്ങൾ തോന്നിയാലും അവരതൊന്നും പുറത്തു കാണിക്കാറില്ല.
ഇന്ന് വീട് നിറയെ മക്കളുടേയും കൊച്ചുമക്കളുടേയും ബഹളമാണ്. അവരുടെ ഈ വരവിന്റെ ഉദ്ദേശം ജാനുവമ്മയ്ക്കു നന്നായിട്ടറിയാം. മുറ്റത്തും പറമ്പിലും നിൽപ്പുള്ള മരങ്ങളെല്ലാം വിറ്റ് കാശാക്കണമെന്ന് പലപ്പോഴും തന്റെ മക്കൾ പറയുമായിരുന്നു. അതിനുള്ള മുഹൂർത്തം അവരിന്നാണ് കണ്ടെത്തിയത്. അല്ലാതെ അമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ഒന്നുമില്ലാതിരുന്ന കാലത്ത് മാവിലേയും പ്ലാവിലേയും ഫലങ്ങൾ കഴിച്ചുകൊണ്ടാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മക്കൾ വലിയ ഉദ്യോഗസ്ഥരായപ്പോൾ കഴിഞ്ഞതെല്ലാം അവർ മറന്നു.
വീടിനോട് ചേർന്നാണ് മാവ് നിൽക്കുന്നത്. കാറ്റത്തോ മഴയത്തോ മാവ് വീടിനുമേൽപ്പതിച്ചാലോയെന്ന ഭയമാണ് മക്കൾക്കുള്ളത്. ആദ്യമൊക്കെ അവർ കരുതിയിരുന്നത് അമ്മയുടെ സുരക്ഷയെച്ചൊല്ലിയുള്ള വേവലാതിയാവുമെന്നാണ്. പക്ഷേ, പിന്നീടാണ് അവർക്ക് മനസ്സിലായത് വീട് പുതുക്കിപ്പണിയുവാനുള്ള മടിയായിരുന്നു അതിന് പിന്നിലുണ്ടായിരുന്നതെന്ന്. ആയുസ്സിന്റെ അവസാനപ്പടിയിലെത്തിനിൽക്കുന്ന തനിക്കുവേണ്ടി കാശുമുടക്കുന്നത് മണ്ടത്തരമാണെന്ന് ബുദ്ധിമാന്മാരായ മക്കൾക്കു നന്നായിട്ടറിയാം. എല്ലാം വിറ്റ് വിദേശത്തേക്കു പറക്കാനിരിക്കുന്നോർക്ക് എന്തിനൊരു പാഴ്ച്ചെലവ്.
ആ മരങ്ങളോട് അവർക്കുള്ള ആത്മബന്ധമെന്താണെന്ന് മക്കൾക്കറിയില്ല. അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളുമെല്ലാം ആ മരങ്ങളോടും അതിൽ വസിക്കുന്ന കിളികളോടുമാണ് പങ്കുവയ്ക്കാറുള്ളത്. ഒറ്റപ്പെടലിന്റെ വിരസതയിൽനിന്നും അവരെയകറ്റിയത് അവയൊക്കെയായിരുന്നു.
കൊച്ചുമക്കളിലൊരാൾ പഴുത്തമാങ്ങ തിന്നുകൊണ്ട് ജാനുവമ്മയുടെ മുന്നിലേക്ക് വന്നു. ആ കുഞ്ഞുകണ്ണുകൾ മാവിലെന്തോ തിരഞ്ഞു. ആനന്ദത്തിന്റെ ഒരു തിരയിളക്കം ആ കണ്ണുകളിൽ ജാനുവമ്മയും കണ്ടു. തനിക്കു ലഭിച്ച ആ സൗഭാഗ്യം കൊച്ചുമകൾ മുത്തശ്ശിക്കു കാണിച്ചുകൊടുത്തു. ജാനുവമ്മയുടെ സന്തോഷത്തിനായി പാട്ടുപാടിയിരുന്ന കുയിലമ്മയുടെ കൂടായിരുന്നു അത്. പക്ഷേ, കൊച്ചുമകൾ എത്രയൊക്കെ നോക്കിയിട്ടും കുയിലമ്മയെ മാത്രം കാണുവാൻ കഴിഞ്ഞില്ല. അവൾ മുത്തശ്ശിയോട് അതിനേപ്പറ്റി ചോദിച്ചു. കൂട് വയ്ക്കുവാനുള്ള മറ്റേതെങ്കിലും വൃക്ഷം നോക്കി അത് പോയതാവുമെന്ന് മുത്തശ്ശി വിഷമത്തോടെ പറഞ്ഞു.
മാവിൻകൊമ്പിലുള്ള ഊഞ്ഞാലിന്റേയും മനസ്സ് നിശ്ചലമായി! കാറ്റ് വീശിയിട്ടും അനക്കമില്ലാതെ അതങ്ങനെ നിന്നു. ഇന്നത്തെ ദിവസം കഴിഞ്ഞാൽ അത് വെറുമൊരു ഓർമമാത്രമാകുമെന്നറിഞ്ഞതുകൊണ്ടാവും. ആ വാർത്ത കേട്ടപ്പോൾ കൊച്ചുമക്കളും സങ്കടത്തിലായി. ഇത്രയും തിടുക്കത്തിൽ അവയെ പറിച്ചെറിയേണ്ട ആവശ്യമെന്താണെന്ന് അവർ പരസ്പരം ചർച്ച ചെയ്തു. രക്ഷിതാക്കൾക്ക് കാശിന്റെ ബുദ്ധിമുട്ടിലെന്ന് അവർക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ എന്തൊക്കെ വന്നാലും രക്ഷിതാക്കളുടെ തീരുമാനത്തിൽനിന്നും അവരെ പിന്തിരിപ്പിക്കുമെന്ന് കൊച്ചുമക്കൾ മുത്തശ്ശിക്ക് വാക്കുനൽകി. ഇത്തിരിപ്പോന്ന മക്കൾക്കെങ്കിലും തന്റെ മനസ്സ് വായിക്കുവാൻ കഴിഞ്ഞുവല്ലോയെന്നോർത്തപ്പോൾ അവർക്ക് സന്തോഷം തോന്നി.
ജാനുവമ്മയുടെ മൂത്തമകൻ ഗോവിന്ദൻ ആരെയോ കാണുവാനായി കാറിൽ തിരക്കിട്ട് പായുകയാണ്. നഗരത്തിരക്കിൽ യാത്രചെയ്ത് മടുത്തിട്ടുള്ള അയാൾക്ക്, ഗ്രാമത്തിലൂടെയുള്ള ആ യാത്ര മനസ്സിനു സന്തോഷം നൽകിയെന്നുവേണം പറയുവാൻ. റോഡിന്റെ ഇരുവശങ്ങളിലും കുടനിവർത്തിനിൽക്കുന്ന വൃക്ഷങ്ങളെക്കണ്ടപ്പോൾ അയാൾക്ക് ആശ്ചര്യം തോന്നി! മരക്കൊമ്പുകൾക്കു താഴെ വൈദ്യുതിലൈനുണ്ടായിരുന്നിട്ടുപോലും ആരും അവയൊന്നും വെട്ടിമാറ്റുവാൻ തുനിഞ്ഞില്ലല്ലോയെന്ന് അയാൾ ചിന്തിച്ചു. ഓരോ മരത്തിലും താവളമുറപ്പിച്ച പക്ഷികളേയും അയാൾ ശ്രദ്ധിച്ചു.
കടുത്ത വേനൽ വന്നിട്ടുപോലും അവിടെയുള്ളവരാരും സൂര്യന്റെ കാഠിന്യമറിഞ്ഞില്ലയെന്നു കേട്ടപ്പോൾ അയാൾക്ക് അദ്ഭുതമേറി! നഗരത്തിലെ ചൂടിൽ വെന്തുരുകിയതെല്ലാം അയാളുടെ ചിന്തയിലേക്കു വന്നു. സ്വസ്ഥമായൊന്നുറങ്ങുവാൻ കഴിയാതെ താനെത്രയോ തവണ അന്ന് സൂര്യനെ ശപിച്ചിട്ടുണ്ട്. അവിടെ മരങ്ങളുണ്ടായിരുന്നുവെങ്കിലെന്നു താൻ ആശിച്ചിട്ടുമുണ്ട്.
ഇന്നിപ്പോൾ, തങ്ങളുടെ വീടിനു തണൽ നൽകിക്കൊണ്ടിരിക്കുന്ന മരങ്ങളെല്ലാം വെട്ടിയെറിയുവാനുള്ള ആളെത്തിരക്കി താനിറങ്ങിത്തിരിച്ചിരിക്കുകയാണ്. ഒരുപക്ഷേ, അതിൽ വാസസ്ഥലമൊരുക്കിയിട്ടുള്ള പക്ഷികളുണ്ടെങ്കിൽ അവർക്കെല്ലാം താമസസ്ഥലം നഷ്ടപ്പെടില്ലേ? ഇനിയും ഒരുപാടു കാലം നിലനിൽക്കുവാനുള്ള കരുത്ത് അവയ്ക്കുണ്ടെന്നറിഞ്ഞിട്ടുപോലും തങ്ങളുടെ സ്വാർഥതയ്ക്കുവേണ്ടി അവയെ ബലികഴിക്കുവാനെടുത്ത തീരുമാനത്തിൽ അയാൾ ദുഃഖിച്ചു.
"ഇല്ല, എനിക്ക് മതിയായിട്ടില്ല. അവയുടെ ഫലങ്ങളുടെ രുചി എനിക്കിനിയുമറിയണം. അവയുടെ തണൽ എനിക്കിനിയും അനുഭവിക്കണം." അവരെടുത്ത ക്രൂരമായ തീരുമാനത്തെ നുള്ളിക്കളയുവാനായി അയാൾ വീട്ടിലേക്കു തിരിച്ചു.