mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
yoosaf muhammed
കോവിഡിൻ്റെ ആലസ്യത്തിൽ ചുമച്ചും, കുരച്ചും കിടന്ന അവൾ വായിലെ കയ്പ്പും, വിശപ്പില്ലായ്മയും കാരണം ഒന്നും കഴിക്കാതായിട്ട് ദിവസം മൂന്നായി. അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ചൂടുകഞ്ഞി ഊതി കുടിക്കുമ്പോഴാണ് പുറകിൽ ഒരു കാൽ പെരുമാറ്റം കേൾക്കുന്നത്. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ഭർത്താവ് ഗുണശീലനെയാണ്. യാതൊരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു.
"ഞാനിന്ന് സുഹൃത്തുക്കളുടെ കൂടെ ഒരു യാത്ര പോകുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ തിരികെ വരികയുള്ളു." അവൾ അതിനു മറുപടിയായി തലയാട്ടുക മാത്രം ചെയ്തു. എന്തിനും ഏതിനും എതിർ വർത്തമാനം പറഞ്ഞ് ഉടക്കാൻ വരുന്ന ഭാര്യയിൽ നിന്നും ഉണ്ടായ തണുപ്പൻ പ്രതികരണം ഗുണശീലനെ അദ്ഭുതപ്പെടുത്തി. അയാൾ കരുതി കോവി ഡിൻ്റെ വിഷമം കൊണ്ടാവും ഭാര്യ പ്രതികരിക്കാത്തതെന്ന് .ആവി പറക്കുന്ന ചൂടു കഞ്ഞിയുടെ ചൂടേറ്റ് വിയർത്തു പരവശയായ അവൾ സാരിത്തലകൊണ്ട് മുഖം തുടച്ചുകൊണ്ട് ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോൾ പ്ലസ്സ്ടു വിദ്യാർത്ഥിയായ മകൻ അടുത്തുവന്നു പറഞ്ഞു - '
"അമ്മേ, എൻ്റെ പ്ലസ്സ് വൺ പരീക്ഷയുടെ റിസൽറ്റു വന്നു.രണ്ടു വിഷയങ്ങൾക്ക് തോറ്റു പോയി."
അവൻ വളരെ പ്രയാസപ്പെട്ടാണ് അമ്മയോട് റിസൽറ്റിൻ്റെ കാര്യം പറഞ്ഞത്.
"നന്നായി പഠിച്ചു ജയിച്ചാൽ നിനക്കു കൊള്ളാം"
എന്നതായിരുന്നു ആ അമ്മയുടെ മറുപടി.
അമ്മയിൽ നിന്നും വലിയൊരു ശകാരം പ്രതീക്ഷിച്ചിരുന്ന മകൻ, അവരുടെ തണുപ്പൻ പ്രതികരണം കേട്ട് ഞെട്ടി. അല്പനേരത്തെ നിശബ്ദതക്കു ശേഷം മകൻ മുറി വിട്ടു പുറത്തേക്കു പോയി.
കുറച്ചു സമയത്തിനു ശേഷം മകൾ അമ്മയുടെ അടുത്തെത്തി.അമ്മയുടെ ആരോഗ്യസ്ഥിതിയിൽ വേവലാതി പൂണ്ട അവൾ അമ്മയെ സമാധാനിപ്പിച്ച ശേഷം ,ശബ്ദം താഴ്ത്തിപ്പറഞ്ഞു -
"അമ്മേ ഞാൻ സ്കൂട്ടർ ഓടിക്കാൻ പൊയ്ക്കൊട്ടേ?"
സാധാരണ ഗതിയിൽ വണ്ടി എന്നു കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന അമ്മ മകളെ നോക്കിയിട്ടു പറഞ്ഞു -
"സൂക്ഷിച്ച് വണ്ടിയോടിക്കണം. അപകടങ്ങളുടെ കാലമാണ് " '
അമ്മയുടെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണം കേട്ട് മകളും അദ്ഭുതപ്പെട്ടു.മകൾ അമ്മയെ നോക്കി അല്പ സമയം നിന്നതിനു ശേഷം വരാന്തയിലേക്ക് ഇറങ്ങിപ്പോയി. അവൾ വരാന്തയിലേക്ക് ചെല്ലുമ്പോൾ സഹോദരൻ ഒരു ചാരുകസേരയിൽ തല ചായ്ച്ച് ഇരിപ്പുണ്ട്. അവളുടെ കാലൊച്ച കേട്ടെങ്കിലും അവൻ തല ഉയർത്തിയില്ല. അവൾ അവൻ്റെ തലമുടിയിൽ വിരലുകൾ ഓടിച്ചു കൊണ്ട് ചോദിച്ചു -
"എടാ, നമ്മുടെ അമ്മക്ക് എന്തു പറ്റി? എന്തു പറഞ്ഞാലും പെട്ടെന്ന് ദേഷ്യപ്പെടുന്ന അമ്മ ഇതാ വളരെ കൂളായി സംസാരിക്കുന്നു."
മക്കളുടെ സംഭാഷണം കേട്ടുകൊണ്ട് മുറ്റത്തു നിന്നും വരാന്തയലേക്ക് കയറി വന്ന അച്ഛനും ചോദിച്ചു. -
"നിങ്ങളുടെ അമ്മക്ക് ഇതെന്തു പറ്റി മക്കളെ,? കോവിഡ് വന്നതോടുകൂടി എന്തോ സംഭവിച്ചിരിക്കുന്നു."
മക്കൾ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു -
"അച്ഛാ, നമ്മുക്ക് അമ്മയോടു തന്നെ ചോദിക്കാം."മക്കൾ രണ്ടു പേരും ആദ്യവും അച്ഛൻ പുറകെയും എത്തി. മക്കളും ഭർത്താവും തന്നെ നോക്കി നിശബ്ദമായി നിൽക്കുന്നതു കണ്ട അമ്മ മക്കളെ നോക്കി പറഞ്ഞു.
"നിങ്ങൾ എല്ലാവരും കൂടി വന്നു നിൽക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലായി. ഞാൻ പറയാം കേട്ടോളു
'ഞാൻ ഒരു കാര്യം മനസ്സിലാക്കാൻ വൈകി. സ്വന്തം ജീവിതത്തിന് അവനവനാണ് ഉത്തരവാദി. മറ്റുള്ളവരുടെ കാര്യത്തിൽ ആകുലപ്പെടുന്നതിൽ ഒരർഥവുമില്ല. നിയന്ത്രണ വിധേയമല്ലാത്ത കാര്യങ്ങൾ വരുതിയിലാക്കണമെന്ന ദുർവാശിയാണ് ജീവിതം. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കുന്നതു കൊണ്ടാണ് നിങ്ങൾക്ക് എന്നോട് വെറുപ്പ് തോന്നുന്നത്. ഞാൻ എതിർത്താലും നിങ്ങൾ തീരുമാനിക്കുന്നത് നിങ്ങൾ ചെയ്യും. പിന്നെന്തിനാണ് ഞാൻ നിങ്ങൾക്ക് തടസ്സമാകുന്നത്.?
നിങ്ങളുടെ നന്മയും 'സുരക്ഷയുമായിരുന്നു എൻ്റെ ജീവിത ലക്ഷ്യം. അത് ഞാൻ മാത്രം ആലോചിച്ചിട്ട് കാര്യമില്ലല്ലോ? ഇന്നു മുതൽ ഞാൻ ഒരു പുതിയ തീരുമാനത്തിലെത്തി. നിങ്ങളുടെ ഒരു ഇഷ്ടങ്ങൾക്കും ഞാൻ എതിരു നിൽക്കുന്നില്ല. ഈ കോവിഡിൽ നിന്ന് ഞാൻ പഠിച്ചപാഠമിതാണ് ."
അമ്മയുടെ നീണ്ടു പരന്ന പ്രഭാഷണം കേട്ട് മക്കൾ സ്തബധരായി നിന്നു. പിന്നെ മകൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് വാരിപ്പുണർന്നു. അവളോടൊപ്പം അച്ഛനും. സഹോദരനും ഒത്തുചേർന്നു. അങ്ങനെ അന്നാദ്യമായി ആ വീട്ടിൽ സന്തോഷപ്പൂത്തിരി കത്തി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ