(മനോഹരമായ ഒരു ചെറിയ കഥ. സുമേഷിന് അഭിനന്ദനങ്ങൾ.
Editorial board)
ധ്യാൻ അന്ന് അസ്വസ്ഥനായിരുന്നു. ഈ മാസത്തെ ടാർഗറ്റിലേക്ക് അവന് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടതായിട്ടുണ്ടായിരുന്നു. മേശപ്പുറത്തുള്ള ഫയലിൽ ഒരു നിധിക്കായി അവൻ തിരഞ്ഞുകൊണ്ടിരുന്നു. അന്വേഷണത്തിനൊടുവിൽ അവനൊരു നിധി ലഭിച്ചു.
മുൻപ് എപ്പോഴോ സംസാരിച്ച് വച്ചിട്ടുള്ള ഒരു വലിയ ജ്വല്ലറിയുടമയുടെ നമ്പറായിരുന്നു അത്. നല്ലൊരു തുക ഡെപ്പോസിറ്റായി നൽകാമെന്ന് അയാൾ വാക്കുപറഞ്ഞതായിരുന്നു. തിരക്കുമൂലം അവരുടെ കൂടിക്കാഴ്ച അൽപമൊന്നു വൈകിപ്പോയി. കാത്തിരിക്കുവാനുള്ള സമയം തന്റെ കൈവശമില്ലാത്തതിനാൽ, മറ്റൊന്നും ചിന്തിക്കാതെ അവൻ അയാളെ ഫോണിൽ വിളിച്ചു.
ധ്യാനിന്റെ പേര് കേട്ടപ്പോൾത്തന്നെ അയാൾക്ക് തന്റെ വാക്ക് ഓർമവന്നു. അന്നത്തെ ദിവസത്തിൽനിന്ന് കുറച്ച് സമയം ധ്യാനിന് നൽകാമെന്ന് അയാൾ ഉറപ്പുപറഞ്ഞു. ആശ്വാസത്തിന്റെ വെളിച്ചം അവന്റെയുള്ളിലേക്കരിച്ചിറങ്ങി. വലിയ തയ്യാറെടുപ്പിനൊന്നും സമയമില്ലെങ്കിലും ഉള്ള നേരംകൊണ്ട് അവനൊന്നൊരുങ്ങി. ബാഗെടുത്ത് ഓഫീസിൽനിന്നും പുറത്തിറങ്ങാൻ തുടങ്ങിയ നേരം അവനെ അസ്വസ്ഥനാക്കിക്കൊണ്ട് കോളിങ്ങ് ബെൽ മന്ത്രിച്ചു. നീരസത്തോടെ അവൻ വാതിൽത്തുറന്നു. പുറത്തുനിൽക്കുന്ന ദയനീയ മുഖം കണ്ടപ്പോൾ അവന്റെ മനസ്സലിഞ്ഞു. മുഖം ചന്ദ്രനേപ്പോലെ തിളങ്ങി!
"ഗൗരി, നീയിവിടെ? എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല!"
അപ്രതീക്ഷിതമായി തന്റെ സുഹൃത്തിനെക്കണ്ടതുകൊണ്ടാവണം അവൾക്ക് മറുപടിയൊന്നും പറയുവാൻ കഴിയാതെയായി.
അവൻ ഗൗരിയെ അകത്തേക്കു ക്ഷണിച്ചു.
"എത്ര നാളായെടോ നമ്മൾത്തമ്മിൽ കണ്ടിട്ട്? എന്തൊക്കെയാണ് തന്റെ വിശേഷങ്ങൾ? വിനോദ് എന്തുപറയുന്നു?"
ഗൗരി: "വിനോദ്..."
ആ പേര് കേട്ടതുകൊണ്ടാവണം വാക്കുപോലും അവളോടു പിണങ്ങി. മറുപടിയെന്നപോലെ കണ്ണുനീരിറ്റുവീണു.
ധ്യാൻ: "അവന് എന്തെങ്കിലും ആപത്ത് സംഭവിച്ചോ?"
ഗൗരി: "അവന് നല്ലതുമാത്രമേ സംഭവിച്ചിട്ടുള്ളൂ. അവനിപ്പോൾ സ്വതന്ത്രനാണ്. സന്തോഷവാനാണ്."
ധ്യാൻ: "നിങ്ങൾ പിരിഞ്ഞുവെന്നോ? എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല."
ഗൗരി: "ഞാനും ഒരിക്കലും കരുതിയിരുന്നതല്ല. എല്ലാം എന്റെ വിധി."
ധ്യാൻ: "നിങ്ങളുടെ അടുപ്പം കണ്ട് ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടിട്ടുണ്ട്! അതുപോലെയായിരുന്നുവെങ്കിലെന്നു ഞങ്ങൾ ആശിച്ചിട്ടുമുണ്ട്. എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത്?"
ഗൗരി: "ഞങ്ങളുടെ തുടക്കം മനോഹരമായിരുന്നു. ഞാനത്രയ്ക്കും സന്തോഷിച്ച നിമിഷങ്ങൾ മുൻപുണ്ടായിട്ടില്ലയെന്നു വേണം പറയുവാൻ. ഒന്നുമില്ലാത്തവളെ സ്വീകരിക്കാൻ അവൻ കാണിച്ച ധൈര്യം കണ്ട് ഏവരും അമ്പരന്നിട്ടുണ്ട്. ഞാൻ പോലും അതിനേപ്പറ്റി അവനോടു ചോദിച്ചിട്ടുണ്ട്. ആ തീരുമാനത്തിൽ അവൻ സന്തുഷ്ടനായിരുന്നു. ചെറിയ ജോലിയായിരുന്നിട്ടുപോലും എല്ലാം അഡ്ജസ്റ്റ് ചെയ്തു സന്തോഷത്തോടെ ഞങ്ങൾ ജീവിച്ചു. വീട്ടുകാരുടെ മുൻപിൽ കൈനീട്ടുവാൻ ഒരിക്കൽപ്പോലും ഞങ്ങൾ പോയിട്ടില്ല. അങ്ങനെയിരിക്കെയാണ് സാമ്പത്തികമാന്ദ്യത്തെത്തുടർന്ന് വിനോദിന് ജോലി നഷ്ടമായത്. കോഴ്സ് പൂർത്തിയാക്കാത്തതുകൊണ്ട് നല്ലതൊന്നും അവന് കിട്ടിയതുമില്ല. നല്ല കരിയർ സ്വപ്നം കണ്ടവന് ഒന്നും കിട്ടാതെയായപ്പോൾ മനസ്സ് പാളിപ്പോയിയെന്നു വേണം പറയുവാൻ.
വിഷമങ്ങളിൽനിന്നും ഓടിയൊളിക്കുവാൻ ഒരു പുതിയ സുഹൃത്തിനെ അവൻ കണ്ടെത്തി. പിന്നീടങ്ങോട്ട് മദ്യപിക്കാത്ത ഒരു ദിവസംപോലും അവന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ആദ്യമൊക്കെ മദ്യപിച്ചുവന്നാൽ മിണ്ടാതിരിക്കുകയായിരുന്നു പതിവ്. പിന്നീടവൻ വിഷമങ്ങളും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുവാൻ തുടങ്ങി. അതൊന്നുമെന്നെ തളർത്തിയില്ല. പക്ഷേ, ഞങ്ങൾ തമ്മിലുള്ള പ്രണയമാണ് അവന്റെ ജീവിതം തകർത്തതെന്ന് പറഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. പിന്നീടത് സ്ഥിരം പല്ലവിയായിമാറി. ഇനിയും മുൻപോട്ടു പോകുവാൻ തനിക്ക് കഴിയില്ലായെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ സന്തോഷത്തിനുവേണ്ടി ഞാനത് സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും ഒരു ജീവൻ എന്റെ ഉദരത്തിൽ വളർന്നിരുന്നു."
കുറച്ചുനേരം അവൾ മൗനം പാലിച്ചു. അവളുടെ ചുണ്ടുകൾ വീണ്ടും അനങ്ങുവാൻ തുടങ്ങി.
"ധ്യാനിന്റെ വിശേഷങ്ങളൊന്നും ഞാൻ ചോദിച്ചില്ല. കുടുംബമൊക്കെ?"
ധ്യാൻ: "കുടുംബമൊന്നുമായിട്ടില്ല."
ഗൗരി: "അതെന്തുപറ്റി?"
ധ്യാൻ: "ആരെയും കണ്ടുകിട്ടിയില്ല."
ഗൗരി: "ഒരാൾ വരാതിരിക്കില്ല."
ധ്യാൻ: "ഈ ബാഗിലെന്താണ്?"
ഗൗരി: "ഇതെന്റെ ജീവിതമാർഗമാണ്. ചെറിയ മാർക്കറ്റിങ്ങ്."
ധ്യാൻ: "എന്തൊക്കെയാണ്?"
ഗൗരി: "കിച്ചൺ പ്രൊഡക്റ്റാണ്. എന്നാൽ, ഞാനിറങ്ങുകയാണ്. ധ്യാനിന്റെ ജോലിനടക്കട്ടെ."
ധ്യാൻ: "നിൽക്കൂ, ഒരെണ്ണം ഞാനും വാങ്ങിയേക്കാം."
ഗൗരി: "ബുദ്ധിമുട്ടായോ? സത്യം പറഞ്ഞാൽ ഇവിടുത്തെ സെയിൽസ് കഴിഞ്ഞാൽ വീട്ടിലേക്ക് പോകുവാനിരിക്കുകയായിരുന്നു. ഇന്ന് മോന്റെ രണ്ടാമത്തെ പിറന്നാളാണ്. പോകുംവഴി അവന് എന്തെങ്കിലുമൊരു സമ്മാനം വാങ്ങണം. പിന്നെയൊരു കേക്കും."
ആവശ്യമില്ലാതിരുന്നിട്ടും ധ്യാൻ അതിൽനിന്നും കുറച്ച് ഉത്പന്നങ്ങൾ വാങ്ങി. അവനിൽനിന്നും കിട്ടിയ രൂപയുമായി ഗൗരി വീട്ടിലേക്കു പാഞ്ഞു.
ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന തന്റെ സുഹൃത്തിനെക്കണ്ടപ്പോൾ ധ്യാനിന് അഭിമാനം തോന്നി. അവളുടെ കഷ്ടപ്പാടിന്റെ ഏഴയലത്തുവരില്ല തന്റെ ദുഃഖങ്ങൾ. തനിക്കറിയാവുന്ന ഒരാളുടെ ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ കഴിഞ്ഞാൽ അതിൽപ്പരം പുണ്യം വേറെന്ത്? കുറ്റപ്പെടുത്തുവാനായിട്ട് തനിക്ക് ബന്ധുക്കളൊന്നുമില്ല. ആകെയുള്ളത് കുറച്ച് സുഹൃത്തുക്കൾ മാത്രം. എത്രകാലം ഈ ഏകാന്തയാത്ര തുടരും? ആരോരുമില്ലാത്തവർ കൂടിച്ചേരുന്നതല്ലേ ഉത്തമം? മറുവശത്തുനിന്നുമുള്ള മറുപടിയെന്താകുമെന്നൊന്നും തനിക്കറിയില്ല. ഏതായാലും മുന്നോട്ടുതന്നെ.
ധ്യാൻ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര അവിടെനിന്നും ആരംഭിച്ചു.