ഒന്നുറക്കെ കരയണമെന്നുണ്ട്, തൊണ്ടയിലാരോ കെട്ടിവലിക്കുന്നത് പോലെ…!, ഒന്നെണീറ്റിരിക്കണമെന്നുണ്ട്, ചങ്ങലയിൽ കയ്ക്കാലുലകൾ ആരോ കട്ടിലും ചേർത്ത് ബന്ധിച്ചിരിക്കുന്നത് പോലെ..!. മുറിയിലാകെ അടക്കിപിടച്ച തേങ്ങലുകൾക്കിടയിൽ അമ്മമ്മയുടെ ഇടറിയ സ്വരത്തിൽ രാമായണം കേൾക്കുന്നു.
ഓണപ്പരീക്ഷയിൽ മൂന്നാം ക്ലാസ്സിൽ ഒന്നാമനായി അമ്മിണിടീച്ചറുടെ കയ്യിൽ നിന്നും കൂട്ടുകാരുടെ നിറഞ്ഞ കയ്യടികളോടെ സമ്മാനം വാങ്ങിക്കുമ്പോൾ കാദർക്കാക്ക് ഓണബംബ്ബർ അടിച്ചപോലുള്ള പ്രതീതിയായിരുന്നെനിക്ക്.
അപ്പോഴാണ് പ്രഥാനാധ്യാപകൻ ശശി മാഷിൻ്റെ കൂടേ കലങ്ങിയ കണ്ണുകളുമായി മഴയിൽ നനഞ്ഞൊട്ടിയ ലുങ്കിയും കൂട്ടിപിടിച്ച് വരാന്തയിൽ നിൽക്കുന്ന ചെറിയമ്മാവനെ കണ്ടത്. അങ്ങോട്ട് ഇറങ്ങിച്ചെന്ന ടീച്ചറോട് അവരെന്തോ അടക്കം പറഞ്ഞത് കൂട്ടുകാരുടെ കലപില ശബ്ദത്തിൽ അലിഞ്ഞു പോയി.
തിരികെ വന്ന ടീച്ചറെന്നെ ചേർത്തു പിടിച്ചു "ഉണ്ണിക്കുട്ടനെ വീട്ടിലേക്ക് കൊണ്ടുപോകാനാണ്.., മോൻ്റെ മാമൻ വന്നേക്കുന്നത്..!" എല്ലാവരും ഉണ്ണികുട്ടന് ഒരു കയ്യടികൂടെ കൊടുത്തേ..!! കുട്ടുകാർ ഉച്ചത്തിൽ കയ്യടിച്ചു,
ഞാനപ്പോഴും ടീച്ചറുടെ സാരിതുമ്പ് മാറ്റി മാമനെ തന്നേ നോക്കി നിന്നു.
"എന്താ.. മാമാ…!? എന്തിനാ.. മാമൻ കരയുന്നേ…!? ഇന്നന്താ.. നേരത്തേ..മാമൻ കൂട്ടാൻ വന്നത്….!? സ്കൂൾ വിടാൻ ഇനിയും സമയമുണ്ടല്ലോ..!?" വെള്ളക്കുപ്പിയും കഴുത്തിലിട്ട് സ്കൂളിൻ്റെ പടികളിറങ്ങുമ്പോൾ ഞാൻ മാമനോട് ചോതിച്ചു.
ഓട്ടോയുടെ വിരി മാറ്റി കവിളിലൊന്ന് തലോടികൊണ്ട് എല്ലാം വീട്ടിലെത്തീട്ട് പറയാമെന്നും പറഞ്ഞ് എന്നെ ഓട്ടോയുടെ പിറകിലിരുത്തി.
ഇരുഭാകത്തെ വിരിയുടെ വിടവിൽ കൂടി ചീറിപ്പാഞ്ഞു വന്ന മഴത്തുള്ളികളാൽ എൻ്റെ പാൻ്റും, ഷർട്ടും നനഞ്ഞു കുതിർന്നു. ഇടക്കിടെ ശബ്ദത്തിൽ ഹോണടിച്ചു മാമൻ ഓട്ടോ പറപ്പിച്ച് വിട്ടിട്ടും വീട്ടിലെത്താൻ ഇനിയും ഒരുപാട് ദൂരമുളളതുപോലെ തോന്നി.
വീടിൻ്റെ മുന്നിൽ മുൾവേലിയുടെ ഓരം പറ്റി ഓട്ടോ നിന്നപ്പോൾ വലിയമ്മാമൻ നീളൻ കാലൻ കുടയുമായി വന്നു. വലിച്ചു കെട്ടിയ നീലപ്പന്തലിൽ കുറച്ചുപേർ കസേരയിട്ടിരിക്കുന്നു..!, അങ്ങിങ്ങായി കുറച്ചാളുകൾ ചെറു കൂട്ടങ്ങളായി കുടചൂടി നിൽക്കുന്നു.., പിണങ്ങിപ്പോയ ചെറിയമ്മയും,കുട്ടികളും സകല ബന്ധുക്കളും, അടുത്ത വീട്ടുകാരും.. ഉമ്മറതിണ്ണയിലിരുന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു..!!
കോലായിലിരുന്ന് രാമായണം വായിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശി എന്നെകണ്ട് വിതുമ്പി കണ്ണട മാറ്റി സാരിതുമ്പ് കൊണ്ട് കണ്ണ്തുടച്ചു.
അകത്തേക്ക് കയറുമ്പോൾ എല്ലാവരുടെയും മുഖത്ത് മാറി മാറി ഞാനുത്തരം തേടി കൊണ്ടിരുന്നു. എന്നെ കണ്ടതും അകത്തുള്ളവരുടെ അടക്കിപിടിച്ച കരച്ചിലുകൾക്ക് ജീവൻ വെച്ചപോലെ തോന്നി. ഞാനെങ്ങും അമ്മയെ.. തേടി കൊണ്ടിരുന്നു. ഒത്തിരി നേരമായി കരയുന്നത്കൊണ്ടാവാം കുഞ്ഞനിയത്തിയുടെ തൊണ്ടയടഞ്ഞിരിക്കുന്നു. എല്ലാ.. ചോദ്യത്തിനുള്ള ഉത്തരമായി അരി വട്ടം വരച്ച് അതിനുള്ളിൽ ദീപം സാക്ഷിയാക്കി വെള്ളപുതച്ച് അമ്മയെ കിടത്തിയിരിക്കുന്നത് കണ്ടത്.!!!!
തൊണ്ട വരണ്ടുപ്പോയി…!! കൈകാലുകൾ മരവിച്ചു..!! കണ്ണിൽ ഇരുട്ട് പടർന്നു..!! പിന്നെ ആരൊക്കെയോ എടുത്ത് എന്നെ കട്ടിലിൽ കിടത്തിയ കിടപ്പാണ്.
"എൻ്റെ.. മോളെ"….!!! എന്ന അമ്മമ്മയുടെ നിലവിളിയിൽ കരച്ചിലടക്കി പിടിച്ചവർക്ക്പ്പോലും നിയന്ത്രണം വിട്ടു. അമ്മാവന്മാർ അമ്മയെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് ഞാൻ കാണുന്നുണ്ട്. എൻ്റെമ്മയെ കൊണ്ടുപ്പോവല്ലമ്മാവാ…!! എന്നുഞ്ഞാൻ ഉച്ചത്തിൽ ഞാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.. പക്ഷേ ബോധമറ്റ എൻ്റെ ശബ്ദം ആരു കേൾക്കാൻ.
ഉണ്ണിക്കുട്ടാ..! ഉണ്ണിക്കുട്ടാ..!! എന്നുവിളിച്ചാരോ എൻ്റെ മുഖത്ത് വെള്ളം തളിച്ചു; ഉറക്കിൽ നിന്നും ഞെട്ടിയണീറ്റ് മെല്ലെ കണ്ണ് തുറന്നപ്പോൾ "അതാ…എൻ്റെയമ്മ"….!! അനിയത്തിയെയും തോളിലിട്ട് നിന്നു് പിറുപിറുക്കുന്നു..!!. ഇന്നലെ അവസാന ഓണപ്പരീക്ഷയും കഴിഞ്ഞു; അതിക വിഷയത്തിലും "ആനമുട്ട"; കിട്ടി. അതിൻ്റെ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ട്. ഞാൻ ചാടി എണീറ്റ് രണ്ട് പേരേയും കെട്ടിപിടിച്ച് അമ്മയുടെ മുഖത്ത് ഉമ്മകൾ കൊണ്ട് പൂക്കളമിട്ടു.
"വായ.. നാ..റീ..ട്ട്.. വയ്യ പോയി പല്ല് തേച്ചിട്ട്..വാ..!!" അമ്മ കയ്യിൽ ബ്രഷെടുത്ത് തന്നു. എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന സമാധാനത്തിലും, അടുത്ത പരീക്ഷക്ക് ഒന്നമനാവണം എന്ന വാശിയും പേറി ഞാൻ കിണറ്റിൻക്കരയിലേക്ക് നടന്നു.
അതിൽ പിന്നെ മൂന്നര പതിറ്റാണ്ട് പല ഓണത്തിനും ഇലയിൽ ചോറ് വിളമ്പി. കുഞ്ഞുന്നാളിൽ കണ്ട ആ ദുസ്വപ്നം ഇനി ഒരോണത്തിന് കാത്ത് നിൽക്കാതെ പുലർന്നിരിക്കുന്നു.
ഇനി വിളിച്ചുണർത്താൻ അമ്മ വരില്ല. പകരം ഒരു പിടി ചാരം മാത്രം.