mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Madhavan K)

പ്രിയപ്പെട്ടവളേ, നിന്നോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. ദാഹജലം തേടുന്ന വേഴാമ്പലിന് ഒരു വേനൽ മഴയോടുള്ളയിഷ്ടം. ഒരു പക്ഷെ, പ്രണയമെന്ന വാക്കിനേയും കവച്ചുവയ്ക്കുന്ന ഇഷ്ടം.

പ്രണയപർവ്വവുമായി, കഴിഞ്ഞ കാലത്തിൻ്റെ ഇരുൾവീണ വീഥിയിലൂടെ ഏകനായി ഞാൻ സഞ്ചരിക്കുമ്പോൾ, അവിടെ എവിടെയൊക്കെയോ നീയുണ്ട്. സങ്കൽപ്പങ്ങൾക്കും ദുഷ്ട ചൈതന്യത്തിന്നുമപ്പുറത്ത്, എൻ്റെ മനം നിറയെ എപ്പോഴും നീയാണ്. യക്ഷിയെന്ന ഭയത്തേക്കാളേറെ നിന്നോടുള്ള ആരാധനയത്രെ ഇന്നെൻ്റെ പ്രണയം.

മരണത്തെ എനിക്കു ഭയമില്ലാതെയല്ല, സ്നേഹമാണെനിക്കു വേണ്ടത്. ഗുരുകാരണവന്മാർ തലമുറകളിലൂടെ കൈമാറിത്തന്ന ഭീതി നിറച്ച കഥകളിൽ ഒന്നു പോലും ഞാൻ കാര്യമാക്കുന്നേയില്ല.

ഒന്നു ഞാൻ പറഞ്ഞോട്ടെ, നിന്നെ ഞാൻ പ്രണയിക്കുന്നു. രാവായും നിലാവായും കാറ്റായും പൂവായും പൂമ്പാറ്റയായും കുയിലായും മഴയായും സംഗീതമായും കാലങ്ങളിലൂടെ നിന്നെ ഞാൻ തേടുകയായിരുന്നു. യുഗങ്ങൾ നീണ്ട കാത്തിരിപ്പ്! എന്നെങ്കിലും, എവിടെ വെച്ചെങ്കിലും കാണാനാകുമെന്ന പ്രതീക്ഷ, അതവസാനിക്കുന്നത് ഈ നരജന്മത്തിലും.

ഇന്നത്തെ പൗർണ്ണമി രാവ്! ഇരവ് നിലാവിൻ്റെ നനുത്ത ചേലയണിഞ്ഞ ഈ സുരഭിലയാമത്തിൽ, ഭൂവിനെ സ്പർശിക്കാതെ ഒരു സുഗന്ധമായ് നീ എന്നിലേക്കൊഴുകിയെത്തുമ്പോൾ....

മൃദുമേനിയൊളിപ്പിച്ച ഈ വെള്ളാമ്പൽ ചേല, അതിലൊളിച്ച നിന്നംഗലാവണ്യം, നിൻ്റേതുമാത്രമായ ഈ പാൽപ്പുഞ്ചിരി.....  ആകർഷണമെന്ന വാക്കിൻ്റെ പൂർണ്ണതയോ നീ?

നൂറുതേക്കുന്ന വിരലഴക്, അതിൻ സുഖസ്പർശം നീ ഉള്ളം കൈയിൽ ചേർത്തു വച്ച വെറ്റിലയിലല്ല, എൻ ഹൃദത്തിലാണു പ്രണയിനി!

നിൻ മിഴിക്കോണിലെ ആഴങ്ങൾ! ഈ ആഴത്തിലൂടെ ഏകനായി ഞാനെൻ്റെ മോഹത്തിൻ്റെ മുത്തും പവിഴവും തിരയട്ടെ. ഞാനെന്നെത്തന്നെ മറക്കട്ടെ.

നീയില്ലെങ്കിൽ ഞാനില്ല പ്രിയാ, ഞാൻ നിനക്കു വേണ്ടി എന്നോ ജനിച്ചവൻ! കൊണ്ടു പോകാമോ നിനക്കെന്നെ എൻ്റെ പൂർണ്ണതയിലേക്ക്, നീയെന്ന പ്രണയത്തിൻ്റെ പൂങ്കാവനത്തിലേക്ക്.

ഈ പാലമരത്തിനു മുകളിൽ, രാവിൻ്റെ കാറ്റേറ്റ് നീയെന്ന സുഗന്ധത്തോടൊപ്പം ഈ മായാകൊട്ടാരത്തിൽ മൗനിയായിങ്ങനെ കഴിയുമ്പോൾ മരണമെനിക്കൊരു ഭയമേയല്ല. നിയാണു മോഹം, നീ മാത്രമാണു ദാഹം.

നാളെ വിരിയുന്ന പുലരി, അതെനിക്കു വേണ്ടി ഒരിക്കലും പുലരില്ലെന്നറിയാം. പാലച്ചോട്ടിൽ എന്നെ ഓർമ്മിപ്പിക്കുന്ന അവശിഷ്ടങ്ങൾ ആരെങ്കിലും കണ്ടെന്നിരിക്കാം. ഒരു പക്ഷെ, കണ്ടില്ലെന്നുമിരിക്കാം. അതൊന്നും എനിക്കു വിഷയമേയല്ല, അവയൊന്നും എന്നെ അലട്ടുന്നതേയില്ല. മനം നിറയെ പാലപ്പൂവിൻ്റെയും നിന്നോടുള്ള ഉന്മാദത്തിൻ്റെയും മത്തുപിടിപ്പിക്കുന്ന ലഹരിയാണു പ്രണയിനീ. 

പ്രിയപ്പെട്ടവളേ, നിന്നോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. ദാഹജലം തേടുന്ന വേഴാമ്പലിന് വേനൽ മഴയോടുള്ള ഇഷ്ടം. മനസ്സിൻ്റെ കദനഭാരം കാലത്തോടൊപ്പം ചാലിച്ചു കളയാൻ വെമ്പുന്നവന്, ഒരു കണ്ണീർ മറ കിട്ടിയതിൻ്റെ ഇഷ്ടം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ