മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Shaila Babu)

അഗാധമായ ഏതോ ഒരു ചുഴിയുടെ നടുവിൽ അകപ്പെട്ടതുപോലെ, ആത്മാവു ഞരങ്ങിക്കൊണ്ടിരുന്നു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചിട്ടു സാധിക്കുന്നില്ലല്ലോ! കൈകാലുകൾ അനക്കാനും കഴിയുന്നില്ല.

വികൃതമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് തന്റെ നേരേ നടന്നടുക്കുന്ന ചില ഭീകര രൂപങ്ങളുടെ കരിനിഴലുകൾ ദേഹത്തെ പൊതിയുന്നു. തന്റെ ശരീരത്തിനായി, ഒന്നു രണ്ടു മാലാഖമാർ, ആ രൂപങ്ങളോട് മല്ലടിക്കുന്നു. അവർ ജയിച്ചിരുന്നെങ്കിൽ ഈ കാട്ടാളന്മാരുടെ കൈകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു. 

മഞ്ഞു പോലെ തണുത്തു വിറച്ച ദേഹം ആകെ നനഞ്ഞിരിക്കുന്നു. ആരൊക്കെയോ ചേർന്ന് തന്റെ ശരീരം പൊക്കിയെടുത്ത് പുതപ്പിൽ പൊതിഞ്ഞു, ഒരു പായിൽ ചുരുട്ടി, ഏതോ വണ്ടിയിൽ കയറ്റി പാഞ്ഞു പോയി.

ആശുപത്രിയിലെ വെളിച്ചം കുറഞ്ഞ ഒരു മുറിയിലെ മേശപ്പുറത്തു കിടത്തി. ഭയവും തണുപ്പും ആത്മാവിനെ കീറി മുറിക്കുന്നു. "വെള്ളത്തിൽ വീണു മരിച്ചതാണ്. പോസ്റ്റ് മാർട്ടം കഴിഞ്ഞ് ബോഡി ബന്ധുക്കൾക്കു വിട്ടു കൊടുക്കണം. അവരൊക്കെ പുറത്തു തന്നെയുണ്ട്."  പതിഞ്ഞ ശബ്ദത്തിൽ ആരോ പറയുന്നതു കേട്ടു. 

അപ്പോൾ താൻ മരിച്ചു കഴിഞ്ഞിരിക്കുന്നു. അമ്മയേയും അച്ഛനേയും അനിയനേയും ഒന്നും കാണുന്നില്ലല്ലോ. അവരൊക്കെ ഇപ്പോൾ എവിടെ ആയിരിക്കും? എത്ര സന്തോഷത്തോടു കൂടിയായിരുന്നു നാലുപേരും കൂടി ഇന്നലെ വിനോദയാത്രയ്ക്കു പുറപ്പെട്ടത്. 

പലസ്ഥലങ്ങളും കണ്ടു കഴിഞ്ഞ്, വൈകുന്നേരത്തോടു കൂടിയാണ് തങ്ങൾ കടലു കാണാനായി പോയത്. ഫോട്ടോ എടുക്കുന്നത് തനിക്കൊരു ഹരം തന്നെ ആയിരുന്നു. പല പോസുകളിൽ ചരിഞ്ഞും തിരിഞ്ഞുമൊക്കെയായി നിന്ന് സെൽഫി എടുക്കുമ്പോൾ, വീഴാതെ സൂക്ഷിക്കണേ എന്ന് അച്ഛനും അമ്മയും പലപ്പോഴും പറയുന്നുണ്ടായിരുന്നു. 

അവരുടെ വാക്കുകൾ അവഗണിച്ച്, കടൽത്തിട്ടയിൽ അടുക്കി വച്ചിരുന്ന ഒരു കല്ലിൽ ചവിട്ടി നിന്ന്, പ്രത്യേക പോസിൽ സെൽഫി എടുക്കാനായി ചാഞ്ഞപ്പോൾ ഇളകിയ കല്ലുകളോടൊപ്പം താനും താഴേയ്ക്കു പതിച്ചു. 

ആർത്തലച്ചു വന്ന തിരമാലക്കൈകൾ തന്നെയും വഹിച്ചു കൊണ്ട് ഞൊടിയിടയിൽ വാരിധിച്ചുഴിയിലേക്കമർന്നു. അലറിവിളിച്ചു കരയുന്ന അമ്മയും അച്ഛനും അനിയനും. ശക്തമായ ഒഴുക്കിൽപ്പെട്ടതിനാൽ, അവരുടെ കരച്ചിലിന്റെ അലകൾ നേർത്തു നേർത്തു ഇല്ലാതായി. 

നീന്തൽ തീരെ വശമില്ലാതിരുന്നതിനാൽ, ദുരൂഹമായ ഏതോ കയത്തിലേക്കു താണുപോയിരുന്നു. അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു. ആരൊക്കെയോ നടന്നടുക്കുന്നുണ്ടല്ലോ.

"ഇത് പോസ്റ്റ്മാർട്ടം ചെയ്യണ്ട കാര്യമൊന്നുമില്ല. ഉപ്പുവെള്ളം കുടിച്ചു ശ്വാസം മുട്ടി മരിച്ചതാണെന്ന് കണ്ടാൽ തന്നെ അറിയാം."

"നിയമം അനുസരിച്ച് ചെയ്തല്ലേ പറ്റൂ..." മറ്റൊരാളുടെ സ്വരം.

"എത്ര സുന്ദരമായ ശരീരം! കീറിമുറിക്കുവാൻ തോന്നുന്നില്ല."

"നീ എന്തൊക്കെയാണ് ഈ പറയുന്നത്? റിപ്പോർട്ട് തയ്യാറാക്കാൻ പോലീസ് സർജൻ ഇപ്പോൾ ഇങ്ങെത്തും."

വിറകു വെട്ടുന്നതുപോലെ  തന്റെ ശരീരം അവർ അറുത്തു മുറിച്ചു. ഭാഗ്യത്തിന് അല്പം പോലും വേദനിച്ചില്ല. എത്ര സ്വാതത്ര്യത്തോടെയാണ്, അവരുടെ കൈവിരലുകൾ അനിയന്ത്രിതമായി തന്റെ ദേഹത്തിലൂടെ സഞ്ചരിക്കുന്നത്! ആത്മനിന്ദ തോന്നിയ കുറേ നിമിഷങ്ങൾ! 

പരിശോധനകളുടെ അന്ത്യത്തിൽ മരണകാരണം സ്ഥിതീകരിച്ച് എഴുത്തുകുത്തുകളുമായി സർജൻ മടങ്ങി. മുറിച്ചിട്ട ശരീരം കുത്തിക്കെട്ടി പഴയ രീതിയിലാക്കി. ഐസു നിറച്ച പ്രത്യേകം പെട്ടിയിൽ വെള്ളത്തുണികളിൽ പൊതിഞ്ഞ്, പുറത്ത് കാത്തുകിടന്നിരുന്ന വാഹനത്തിൽ കയറ്റി. ഒപ്പം അച്ഛനും ഇളയച്ഛനും അമ്മാവനും കയറി. എല്ലാവരുടേയും മുഖത്തു നല്ല ദുഃഖമുണ്ട്. അച്ഛൻ തന്റെ ശരീരം കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. 

അച്ഛാ... മാപ്പ്! അച്ഛന്റെ വാക്കു കേട്ടനുസരിച്ചിരുന്നെങ്കിൽ, ഇന്നീ പെട്ടിയിൽ ഇങ്ങനെ തണുത്തു വിറച്ചു കിടക്കേണ്ടിവരില്ലായിരുന്നു. 

വീടിനു മുന്നിൽ വലിയൊരു ആൾക്കൂട്ടം. നാട്ടുകാരും ബന്ധുക്കളും എല്ലാവരും തന്നെയുണ്ടല്ലോ. അമ്മയേയും അനിയനേയും മാത്രം കാണുന്നില്ല.

വീടിന്റെ സ്വീകരണ മുറിയിൽ പ്രത്യേകം അലങ്കരിച്ച പെട്ടിയ്ക്കുള്ളിൽ, തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിപ്പിച്ച് ഒരു മാലാഖയെപ്പോലെ തന്നെ കിടത്തി. തനിക്കേറെ ഇഷ്ടമുള്ള പനീനീർപ്പൂക്കളും കുടമുല്ലപ്പൂക്കളും വാരിവിതറി. നിലവിളക്കും . ചന്ദനത്തിരികളും കത്തിച്ചു വച്ചു.

അമ്മയും അനിയൻ കുട്ടനും ആശുപത്രിയിൽ ആണെന്ന് ആരോ പറയുന്നതു കേട്ടു.

"കണ്ണിന്റെ മുൻപിലല്ലേ കൊച്ചു ഒഴുകിപ്പോയത്? ആർക്കു സഹിക്കാൻ പറ്റും? ഇതുവരേയും ബോധം വന്നിട്ടില്ലെന്നാണ് പറയുന്നത്? അവർ വരാതെ ചടങ്ങുകൾ നടത്തുവാൻ കഴിയില്ലല്ലോ?"ആരുടെയൊക്കെയോ അടക്കം പറച്ചിലുകൾ! 

പാവം അമ്മ, ഒരുപാടു പ്രതീക്ഷകളോടെ ലാളിച്ചു വളർത്തിയ ഓമന മകളുടെ അപ്രതീക്ഷിതമായ വിയോഗം താങ്ങാനാവാതെ ആശുപത്രിക്കിടക്കയിൽ!

ആരൊക്കെയോ വന്ന് തന്റെ ശരീരത്തിൽ പൂക്കൾ അർപ്പിച്ചു കടന്നുപോകുന്നു.  വരിവരിയായി നടന്നുവരുന്ന തന്റെ കൂട്ടുകാർ ചുറ്റും നിന്ന് കണ്ണുനീർ ഒഴുക്കുന്നു. തന്റെ ഏറ്റവും പ്രിയ കൂട്ടുകാരി വീണ, കരഞ്ഞു തളർന്ന് ഒരു മൂലയിൽ ഇരിക്കുന്നു. 

ആരും വിഷമിക്കരുത്, ഞാൻ ഇവിടെത്തന്നെയുണ്ടെന്നു പറയാൻ ആഗ്രഹിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. തളർന്നു കിടക്കുന്ന അച്ഛന്റ അരികിൽ ചെന്നിരുന്നു. ആ കവിളിലും നെറ്റിയിലും ഉമ്മ വച്ച് ആശ്വസിപ്പിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും  സ്പർശിക്കാനാവാതെ നൊമ്പരപ്പെട്ടു.

കരയല്ലേ അച്ഛാ.. അച്ഛന്റെ പൊന്നുമോൾ ഇതാ അരികിൽ തന്നെയുണ്ടല്ലോ. എത്ര വിളിച്ചിട്ടും കേൾക്കാതെയും തന്റെ നേരേ ഒന്നു നോക്കാതെയും ഇരിക്കുന്ന അച്ഛനോട് ഒത്തിരി സഹതാപം തോന്നി.

പുറത്ത് വലിയ നിലവിളിയും ബഹളവും കേൾക്കുന്നു. ആർത്തലച്ചു മാറത്തടിച്ചു കരഞ്ഞുകൊണ്ട് അമ്മയും കരഞ്ഞു കരഞ്ഞു ചേമ്പിൻ ത്തണ്ടു പോലെ വാടിത്തളർന്ന അനിയനും. ആരൊക്കെയോ അവരെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ഓടിച്ചെന്ന് രണ്ടു പേരേയും കെട്ടിപ്പിടിക്കാനും അമ്മയുടെ മാറിൽ ഒട്ടിപ്പിടിച്ചു കിടക്കാനും തോന്നി. അതിനൊന്നും തനിക്കിനി കഴിയില്ലല്ലോ എന്നോർത്തു ആത്മാവു നീറിക്കൊണ്ടിരുന്നു. 

കരഞ്ഞും മയങ്ങിയും ഉണർന്നും അമ്മയും അവശയായി. ആരോ നിർബന്ധിച്ച് അല്പം വെള്ളം കുടിപ്പിച്ചു. ആൾക്കാരുടെ പ്രവാഹം നിർത്താതെ തുടരുന്നു. പരിചയമുള്ള പലമുഖങ്ങളും വന്നു പോകുന്നു. 

അടുത്ത ബന്ധുക്കളും കൂട്ടുകാരും എല്ലാം വരിവരിയായി വന്ന് തന്നെ ചുംബിക്കുന്നു. ചിലരൊക്കെ പൊട്ടിക്കരയുന്നുമുണ്ട്. ഇവർക്കെല്ലാം തന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ? തെറിച്ച പെണ്ണെന്നു പറഞ്ഞ് കുറ്റപ്പെടുത്തിയവരും കൂട്ടത്തിലുണ്ട്. 

വിങ്ങുന്ന ഹൃദയത്തോടെ, അച്ഛനും അനിയനും തനിക്ക് അന്ത്യചുംബനം നൽകി. അവസാനത്തെ ഊഴം അമ്മയുടേതായിരുന്നു. പൊന്നു മോളേ എന്നു വിളിച്ച്, ഉമ്മ വച്ചുകൊണ്ട് തന്റെ ദേഹത്തിലേക്കു കുഴഞ്ഞു വീണ അമ്മയെ ആരൊക്കെയോ ചേർന്നുപിടിച്ചു മാറ്റി. 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു വെള്ളത്തുണി കൊണ്ട് അച്ഛൻ, തന്റെ സുന്ദരമായ മുഖം മൂടി, സമസ്ത ലോകത്തിനു മുന്നിൽ മറച്ചുവച്ചു. 

അച്ഛനും അനിയനും ബന്ധുക്കളും ചേർന്ന് പെട്ടിയോടു കൂടി തന്നെ വഹിച്ചു മുന്നോട്ടു നടക്കുന്നു. നെഞ്ചു തകരുന്ന വിധം പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മായിയുടെ തോളിൽ ചാരി, പിറകെ അമ്മയും. ആരുടേയും കരളലിയിക്കുന്ന ആ വിലാപയാത്രയിൽ, പ്രകൃതിയും തേങ്ങി... 

ഇളം കാറ്റു വീശി, ഇലകളനങ്ങി, പൈയ്ക്കൾ കരഞ്ഞു, കിളികൾ വിഷാദരാഗം മൂളി, നായ്ക്കൾ മോങ്ങിക്കൊണ്ടിരുന്നു. പനിനീർ തളിച്ച്, വാനവും അനുശോചനം അറിയിച്ചു. 

മൂകമായി എല്ലാവരോടും യാത്ര ചോദിച്ചു ആത്മാവ് വിതുമ്പി.

അച്ഛനോടും അമ്മയോടും അനിയനോടും വിട ചൊല്ലാനാവാതെ സങ്കടപ്പെട്ടു. ദേഹം വിട്ടു പോയാലും ഈ ആത്മാവ് എന്നും നിങ്ങളോടൊപ്പം തന്നെയുണ്ടാവും. ആരേയും വിട്ടുപിരിയാൻ ആവില്ലെങ്കിലും ദുഃഖത്തിന്റെ നെരിപ്പോടിൽ ഉരുകിക്കൊണ്ട്, തൽക്കാലം സങ്കടത്തോടെ യാത്ര ചോദിക്കുന്നു: അച്ഛാ... അമ്മേ... അവിവേകിയായ ഈ മോൾക്കു വിട തരൂ...

അനിയൻ കുട്ടാ... ഈ ചേച്ചിക്കു വിട നൽകിയാലും! 

വിട...വിട...വിട!

 

        ✍️ഷൈലാ ബാബു

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ