mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

( റുക്‌സാന അഷ്‌റഫ്‌)

ആ ഭയാനകമായ സ്വപ്നത്തിന്റെ പുകചുരുളിൽ നിന്ന് മോചിതയാവാൻ അവൾ അൽപ്പസമയം എടുത്തു. പുറത്ത് ഇടി മിന്നലോട് കൂടി മഴ വലിയ ശബ്‌ദത്തിൽ പെയ്യുന്നുണ്ടായിരുന്നു.

എന്നിട്ടും അവൾ ആകെ വിയർത്തു കുളിച്ചു. ഭീതിയോടെ കണ്ണുകൾ തുറന്നപ്പോൾ മുറിയിലാകമാനം അവൾക്കിഷ്‌ടപ്പെട്ട നീല വെളിച്ചത്തിൽ കുളിച്ചാണ്, അവളും ഭർത്താവു വരുണും, കിടക്കുന്നത് എന്ന് കണ്ട് അൽപം സമാധാനിച്ചെങ്കിലും, സ്വപ്നത്തിൽ തന്റെ കഴുത്തിൽ കുരുക്കിട്ട് വലിച്ച ആ കൈകൾ തന്റെ വയറിനു മുകളിലാണ് വിശ്രമിക്കുന്നത് കണ്ട് അവൾക്ക് അയാളോട് വളരെ സഹതാപം തോന്നി. ഉറക്കത്തിലെങ്കിലും അയാൾക്ക് തന്റെ മേൽ ഒരു കരുതൽ ഉണ്ടല്ലോ എന്നോർത്തപ്പോ അവൾക്ക് വളരെയേറെ വേദന തോന്നി.

പ്രേമിച്ചു നടന്ന സമയത്ത് ഈ കൈ വിരലുകൾ തന്റെ വിരലുകളിൽ കോർത്തു കൊണ്ട് വരുൺ പറയുന്നത് അവൾ ഓർത്തു. 

"എന്റെ പ്രിയപ്പെട്ടവളെ ഞാൻ നിനക്ക് എത്രമാത്രം പ്രിയപെട്ടവൻ ആണോ, അതിനേക്കാൾ എത്രയോ മടങ്ങ് പ്രിയപ്പെട്ടവൾ ആണ് നീ എനിക്ക്. നിന്നെ സ്വന്തമാക്കി നിന്നിൽ എനിക്ക് വസന്തത്തെ വിത്തിട്ട് പാകണം."

കുറെ ദിവസമായി അവൾ ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിക്കുന്നു. വന്നുപെട്ട ചെളിക്കുഴിയിൽ നിന്ന് അവളെ കൈപിടിച്ചുയർത്താൻ ആരുമില്ല എന്ന് ഇതിനോടകം അവൾ മനസ്സിലാക്കിയിരുന്നു.

സ്ത്രീ അമ്മയാണ്, ദേവിയാണ്, എന്നൊക്കെ പറയാൻ നല്ല ഒഴുക്കുണ്ട്. എന്നാൽ ഓരോ സ്ത്രീയും ജീവിച്ചു പോരുന്ന ഓരോ കരളലിക്കുന്ന കഥാപാത്രങ്ങൾ എത്ര മാത്രം. അഗ്നി ഗോളം വിഴുങ്ങിയാണ് ജീവിക്കുന്നത് എന്ന് എല്ലാർക്കുമറിയാമെങ്കിലും കണ്ടില്ലന്നു നടിക്കും. കാരണം അവൾ എന്നും സഹന ശക്തിയിൽ അധിപതിയാണല്ലോ. സഹിച്ചു സഹിച്ചു ഗതികെട്ട്, കാൽ ചുവട്ടിലെ മണ്തരികൾ പോലും ആശ്രയമില്ല എന്നറിഞ്ഞു ഈ ഭൂമിയെ വെറുത്തു അവളങ്ങിനെ ജീവനൊടുക്കും. അപ്പോൾ കണ്ണീരും സഹതാപവുമായി, അവൾക്ക് എല്ലാവരും ഉണ്ടാകും.

അവളെ ദയ എന്ന് വിളിക്കാം. മനുഷ്യരാശിയിൽ നിന്ന് അൽപ്പമെങ്കിലും ദയ അർഹിക്കുന്നുണ്ട് അവൾ. അനേകായിരം ദയമാർക്ക് ഒരു പാഠമാവേണ്ടവൾ എന്ന് ഒരിക്കലും പറയാൻ പറ്റില്ല. കാരണം വിവാഹത്തിന് ശേഷം അവൾ ഒരിക്കലും ജീവിതത്തിന്റെ സൂര്യോദയം കണ്ടില്ല. അതിനു മുമ്പേ ആ സ്വപ്ന ചിറകുകൾ വരുൺ എന്ന വേട്ടക്കാരൻ കരിച്ചു കളഞ്ഞിരുന്നു. അതിനൊപ്പം ആ ജീവന്റെ പിടച്ചിൽ അയാളുടെ കൈ കൊണ്ട് നിലക്കുന്നുണ്ടെങ്കിൽ തോറ്റു പോയത് അവളല്ല, വിശ്വാസ വഞ്ചന എന്ന ആ വാക്ക് അതായിരിക്കും ലജ്ജിച്ചു തല കുനിക്കുന്നത്.

ദയ വീട്ടുകാരോട് മത്സരിച്ചായിരുന്നു വരുണിനെ സ്വന്തമാക്കിയത്. വരുണിനെ അത്രയേറെ ഇഷ്‌ടമായിരുന്നു ദയക്ക്. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് ഒരുകുറവും ദയയുടെ വീട്ടുകാർ വരുത്തിയില്ല. ആഡംബര കാർ, ഇഷ്‌ടാനുസരണം സ്വർണം, പണം.സ്വന്തം വീട്ടിൽ നിന്ന് മകളെ പടിയിറക്കുമ്പോൾ കൊടുക്കുന്ന സമ്മാനമായിരുന്നു ഇതൊക്കെ, പിന്നീട് ആ മകൾക്ക് സ്വന്തം വീട്ടിൽ ഉള്ള സ്ഥാനത്തിന് എപ്പോഴും പരിമിതികൾ ഉണ്ടാകും. അതാണല്ലോ നാട്ട് നടപ്പ് എന്ന് എല്ലാരും പറയും. എന്നാൽ അതൊരു നാട്ട് നടപ്പല്ല. മനുഷ്യ മനസ്സിന്റെ ഇടുങ്ങിയ ചിന്താഗതി, കെട്ടിച്ചു വിട്ട മോൾ വീട്ടിൽ വന്ന് നിന്നാൽ ആളുകൾ എന്ത് പറയും എന്ന് വിചാരിച്ചു സ്വയം നടപ്പാക്കുന്നതാണ്. താലി കെട്ടിയവന്റെ കൈ കൊണ്ട് എപ്പോഴും മരണവും പ്രതീക്ഷിച്ചാണ് മകൾ ഇരിക്കുന്നത് എന്ന് വീട്ടുകാരെ അറിയിച്ചാലും, വീട്ടുകാർ പറയുക ഇങ്ങിനെയായിരിക്കും.

മോളെ.... നീ ഇതും പറഞ്ഞു ഇവിടെ വന്നു നിന്നാൽ ആളുകൾ പലതും പറഞ്ഞുണ്ടാക്കും. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കുക.ദയക്കും സംഭവിച്ചത് ഇതായിരുന്നു.

വരുണിന് എന്തേലും മാനസിക പ്രശ്നമുണ്ടോ? ദയ ചിന്തിക്കാതിരുന്നില്ല... വല്ലാത്തൊരു പണകൊതി.

വിവാഹത്തിനു ശേഷം തന്റെ ജീവന്റെ പാതിയാവേണ്ടവൻ, ഇനി മുതൽ ഒരേ മെയ്യും ഒരേ മനസ്സുമാണെന്ന് പറഞ്ഞു ദൈവം കൂട്ടി ചേർത്തപ്പോ വല്ലാത്തൊരു നിർവൃതിയിൽ അലിഞ്ഞിരുന്നു.

ഇന്നിതാ അയാൾ ഭീമാകാര ശബ്ദത്തിൽ അലറുന്നു. നീ എന്ത് വിചാരിച്ച് എന്നെ കുറിച്ച്? നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്നത് നിന്റെ സൗന്ദര്യം കണ്ടിട്ടല്ല. നിന്റെ സ്വത്ത് കണ്ടിട്ട് തന്നെ ആണ്.

പിന്നെ പിന്നെ ദേഹോപദ്രവം ആയിരുന്നു. സഹിക്കാൻ വയ്യാതെ ചുമരുകളെ സാക്ഷിയാക്കി അവൾ വാവിട്ട് കരഞ്ഞു. ജീവിതത്തിൽ വളരെ ദയനീയമായി തോറ്റു പോയതായി അവൾക്ക് മനസ്സിലായി. തന്റെ വ്യക്തിത്വത്തെ പുഷ്പം പോലെ ഞെരുക്കുമ്പോൾ താനെന്ന വ്യക്തി എല്ലായിടത്തും തോറ്റു പോകുന്നതായി അവൾക്ക് തോന്നി.   

ഏയ് സ്ത്രീയെ..... നിന്റെ സ്ഥാനം എവിടെ ആണ്. അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. അനേകം വരുണിലാൽ ചവിട്ട് മെതിക്കപ്പെടുന്ന അബലയും , അശരനായ സ്ത്രീകൾ എനി..... എന്ന്, എപ്പോൾ, സ്വരക്ഷകൈകൊണ്ട് ഉയിർത്തെണീക്കും... ആരുണ്ട് അവർക്കൊരു തുണ. ദയയുടെ മനസ്സ് വല്ലാതെ പതറി പോയിരുന്നു. അവൾ തന്റെ ഭർത്താവിന്റെ കൈ പതുക്കെ എടുത്തു മാറ്റി. എന്നിട്ട് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നിശ്കളങ്ക ഭാവത്തിൽ ഒരു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന അയാൾ ഒരിക്കലും തന്റെ കഴുത്തു ഞെരിച്ചു കൊല്ലില്ല എന്ന് ദയ പല തവണ പറഞ്ഞു അവളെ തന്നെ പഠിപ്പിച്ചു. പിന്നെ അയൽക്കടുത്തേക്ക് അവളും ചേർന്ന് കിടന്നു. കാരണം അവൾക്ക് അയാളെ അത്രയേറെ ഇഷ്‌ടമായിരുന്നു.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ