(രാജേഷ് ആട്ടീരി)
സായാഹ്നത്തിന്റെ അലസതയെ വകഞ്ഞു മാറ്റാൻ കടൽത്തീരത്തേക്കു നടന്നു കൊണ്ടിരിക്കുകയാണ് ഞാൻ. ശിരസ്സിനു മുകളിലുള്ള വിശാലലോകത്തെ നോക്കിയപ്പോൾ വെൺമേഘങ്ങൾ തങ്ങളുടെ അനന്തമായ യാത്ര നുകരുന്നതായി തോന്നി.
ഈ ഭൂമിയിൽ മാത്രമെന്തേ എന്നും കാർമേഘങ്ങളുടെ സംഘർഷം? ജീവിതം എന്നുമൊരു സമസ്യ തന്നെ! എന്തോ ഒന്നു കാലിൽ തടയുന്നുണ്ടോ?
ഞാൻ താഴോട്ട് നോക്കി. എൻ്റെ ബാല്യകാല സുഹൃത്തായ അശോകനല്ലേ ഈ കിടക്കുന്നത്?
ഞാൻ അവിടെ മുട്ടുകുത്തി ഇരുന്നു അവനെ വിളിച്ചു:
"അശോകാ ! അശോകാ !"
ഒരു അനക്കവും ഇല്ലല്ലോ!
ഞാൻ എൻ്റെ കൈകൾ അവൻ്റെ നാസികയുടെ സമീപത്തു വെച്ചു.
"ഭഗവാനേ ! അനക്കമില്ലല്ലോ !"
എന്ത് പറ്റി ആവോ?
മനുഷ്യന്റെ നാമങ്ങളും ജീവിതവും എന്തൊരു വൈരുദ്ധ്യം!
ശോകമില്ലാത്തവണത്രെ അശോകൻ!
പക്ഷേ …
അവൻ്റെ ഉറ്റ മിത്രം ആ ശോകം തന്നെയായിരുന്നില്ലേ?
കരിഞ്ഞ ബാല്യം!
കരിങ്കൽ തുറുങ്കിലടച്ച കൗമാരവും യൗവനവും!
ഒരു തെറ്റേ അവൻ ചെയ്തിട്ടുള്ളൂ!
വാർദ്ധക്യകാലത്തു മാതാപിതാക്കളെ പരിചരിച്ചു!
അതിൻ്റെ പേരിൽ അവനു നഷ്ടപെട്ടത് അന്നം കിട്ടാനുള്ള മാർഗ്ഗം തന്നെയായിരുന്നു.
കടക്കാർ വേട്ടയാടിയപ്പോൾ സഹായിക്കാൻ ഈ ഓട്ടക്കാലണക്കും കഴിഞ്ഞില്ല.
കടം കൊടുത്തതിൽ ഒരാൾ അവൻ്റെ സഹോദരൻ തന്നെയായിരുന്നു!
മറ്റു കടക്കാരേക്കാൾ അവനെ കൂടുതൽ പീഢിപ്പിച്ചതും അവരായിരുന്നു!
ഇനി അവനാണോ അശോകന്റെ നാമം അന്വർത്ഥമാക്കിയ ഈ അവസ്ഥയിലെത്തിച്ചത്?
അവനേയും തോളിലേറ്റി ഞാൻ തിരികേ നടന്നു.
ചിന്തകൾ എൻ്റെ സഹയാത്രികനാകുന്നുവോ?
ഞാൻ അവനേയും കൂട്ടി വീട്ടിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ ചെന്നാൽ ഞാനായിരിക്കും പ്രതി!
എന്നാൽ അവനെ ഉപേക്ഷിച്ചു എങ്ങോട്ടും പോകാൻ മനസ്സും അനുവദിക്കുന്നില്ല!
പോകാൻ പറ്റുന്ന ചോദ്യം ചെയ്യപ്പെടാത്ത ഒരേ ഒരു ലോകമേയുള്ളൂ?
ഏകനായ എനിക്കും ഈ ജീവിതം ഒരു സമസ്യ തന്നെ!
അങ്ങകലെ നിന്ന് , എൻ്റെ ആദ്യലക്ഷ്യസ്ഥാനം അതിൻ്റെ അസ്വസ്ഥ സ്വരത്തിൽ എൻ്റെ മനസ്സിനേയും ശരീരത്തേയും യാന്ത്രികമായി അങ്ങോട്ട് നയിച്ചു .
സൂര്യൻ അസ്തമിക്കാനൊരുങ്ങുന്നു ......
അന്ധകാരത്തിന്റെ ശാന്തതയിൽ സമസ്യകൾക്കു ഉത്തരം ലഭിക്കട്ടെ !