അയാൾ എന്തെങ്കിലും കൊണ്ടുവരുന്നതും പ്രതീക്ഷിച്ചവൾ കണ്ണുനട്ടു കാത്തിരുന്നു. ആളിക്കത്തുന്ന വയറ്റിലെ വിശപ്പെന്ന അഗ്നിയെ ശമിപ്പിക്കാനുള്ള ഭക്ഷണത്തോട് അവൾക്ക് ആർത്തിയായിരുന്നു.
നാളുകളായുള്ള പട്ടിണി കാരണം വിശപ്പ് രുചിയെ പറ്റി മറന്നിരുന്നു. ഇതിനോടകം വിശപ്പിന് പല ഭാവങ്ങൾ ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
മുമ്പ് രുചികരമായ ഭക്ഷണത്തോടുള്ള കൊതി നിറഞ്ഞ ആർത്തി അവളുടെ വിശപ്പിനെ കൂട്ടിയിരുന്നു.
അതായിരുന്നു വിശപ്പിന്റെ ആദ്യ ഭാവം.
അനാഥത്വം പേറിയ ജീവിതവുമായി അകന്ന ബന്ധു വീട്ടിൽ കഴിഞ്ഞിരുന്ന അവൾക്ക് എടുത്താൽ പൊങ്ങാത്ത ജോലികളും, ശകാര വർഷങ്ങളും, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പഠിപ്പും ഒന്നും ഒരു പ്രശ്നമായിരുന്നില്ല മറിച്ച് ബാക്കിയുള്ള ഭക്ഷണമെങ്കിലും വിശപ്പിനായി കിട്ടുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു.
ഇത് വിശപ്പിന്റെ രണ്ടാമത്തെ ഭാവമായിരുന്നു -സമാധാനത്തിന്റെ ഭാവം.
ആ വീട്ടിൽ അവളെ കൂടി ഉൾക്കൊള്ളാൻ അവരുടെ അവസ്ഥയും മനസ്സും ഒരുപോലെ തയ്യാറായിരുന്നില്ല.
വിവാഹം എന്ന കർമ്മത്തിന് വരന്റെ ഊരും പേരും സ്വഭാവ മഹിമയും ഒന്നും ആവശ്യമില്ലാത്തതു കൊണ്ടുതന്ന അവർക്ക് 'അവൾ' എന്ന ബാധ്യതയെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റി.
അനാഥയും ലോകപരിചയവുമില്ലാത്ത അവൾക്ക് അഭിപ്രായ സ്വാതന്ത്ര്യമോ, ഇഷ്ടാനിഷ്ടങ്ങളോ വേണ്ടായിരുന്നല്ലോ കേവലം അനുസരണ മാത്രം മതിയായിരുന്നു.
വിവാഹം എന്ന കച്ചിത്തുരുമ്പ് ജീവിതത്തിൽ പ്രത്യാശ നിറയ്ക്കുമെന്ന അവളുടെ പ്രതീക്ഷക്ക് നീർക്കുമിളയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് അയാളുടെ പ്രവർത്തികൾ തന്നെ തെളിയിച്ചു.
മറ്റൊരു ആശ്രയമില്ലാത്തതുകൊണ്ടുതന്നെ ആയാളുടെ ദുശ്ശീലങ്ങളും ദുർന്നടപ്പു കളുമൊക്കെ അവൾ നിശബ്ദം സഹിച്ചു.
പരാതികളും പരിഭവങ്ങളും സ്വബോധമില്ലാത്ത അയാൾക്കു മുമ്പിൽ വിലപ്പോവില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ തുടർന്നില്ല.
ദാരിദ്ര്യത്തിലേക്ക് വലിച്ചിഴക്കപ്പെട്ട വിവാഹജീവിതത്തിൽ ഇഷ്ടങ്ങളുടെയും, വികാരങ്ങളുടെയും, മോഹങ്ങളുടെയുമൊക്കെ രസചരടുകൾ ഇല്ലായ്മ എന്ന പച്ചയായ യാഥാർത്ഥ്യത്തിന് മുമ്പിൽ പൊട്ടിപ്പോയിരുന്നു.
"ഗർഭകാലത്തെ വ്യാക്കൂൺ" അല്ല "വിശപ്പ് എന്ന വ്യാക്കൂൺ" ആണ് അവളിൽ കൊതി നിറച്ചിരുന്നത്.
ഗർഭാവസ്ഥയും പ്രസവാവസ്ഥയുമെല്ലാം മാതൃത്വത്തിന്റെ അതി പാവനമായ
ഉത്കൃഷ്ട വികാരത്തെയും മറികടന്ന് 'വിശപ്പെന്ന' വികാരത്തിൽ മാത്രം നിലകൊണ്ടു.
അപ്പോഴും ഒരുനേരമെങ്കിലും കഴിക്കാൻ കിട്ടുന്നുണ്ടല്ലോ എന്നോർത്തവൾ സമാധാനിച്ചു.
അത് വിശപ്പിന്റെ മറ്റൊരു ഭാവമായിരുന്നു-ദൈന്യതാ ഭാവം.
അയാൾ കിടപ്പിലാകുന്നതുവരെയെ ഉണ്ടായിരുന്നുള്ളൂ ആർത്തി പൂണ്ട ആ പ്രതീക്ഷയുടെ വിശപ്പ്.
പിന്നീട് അവളിൽ തെളിഞ്ഞത് ആളി കത്തുന്ന കൊടും വിശപ്പായിരുന്നില്ല പകരം തന്റെ കുഞ്ഞിന് ചുരത്താനുള്ള അമ്മിഞ്ഞപ്പാലുറവ വറ്റാതിരിക്കാനായുള്ള പേടിപ്പെടുത്തുന്ന വിശപ്പായിരുന്നു.
അതായിരുന്നു വിശപ്പിന്റെ ഭയാനകമായിരുന്ന ഭാവം.
നാളുകളായുള്ള ഭക്ഷണമില്ലായ്മ അവളുടെ ഉടലിനെ ശോഷിപ്പിച്ചു, ചിന്തകളെ ഇടറിച്ചു. താരാട്ട് പാടാൻ ചുണ്ടുകളോ താളം പിടിക്കാൻ കൈകളോ ചലിക്കാത്ത വിധം രക്തം പോലും ഞരമ്പുകളിൽ വറ്റി വരണ്ടിരുന്നു.
ഒന്നിനും ത്രാണിയില്ലാതെ അശക്തയായി കുഞ്ഞിനും അയാൾക്കും കാവൽക്കാരിയായി രണ്ട് ജീവനുകളുടെ കൂടി വിശപ്പ് ഏറ്റുവാങ്ങിയ നിസ്സഹായാവസ്ഥയുമായി അവൾ വിധിയുടെ വിളയാട്ടത്തിനായി നിന്നുകൊടുത്തു. വിശന്ന് വിശന്ന് വിശപ്പറിയാത്ത ഒരു വികാരം അവിടെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
വിശപ്പിന്റെ നിസ്സഹായതയും നിർവികാരതയും കലർന്ന ഭാവം.
അവളുടെ മുലപ്പാൽ വറ്റിയ മാറിൽ നിന്നും ആഞ്ഞാഞ്ഞു വലിച്ചിട്ടും നൊട്ടി നുണയാൻ പോലും അമ്മിഞ്ഞപ്പാൽ കിട്ടാതെ ആ കുഞ്ഞ് കരഞ്ഞു തളർന്ന് അവശനായി.
മാറോടടക്കി പിടിച്ച കുഞ്ഞിനെയും കൊണ്ട് വിദൂരയിലേക്ക് കണ്ണും നട്ടിരുന്ന അവൾക്കു ചുറ്റും പ്രകൃതി സത്യവും, ലോക തത്വങ്ങളും, ആദർശങ്ങളുമെല്ലാം വിറങ്ങലിച്ചു നിന്നു.
അവിടെ മുറവിളികൾ കൂട്ടാതെ, തണുത്തുറഞ്ഞു പോയ നിർവികാരത മുറ്റിയ ശാന്തമാർന്ന വിശപ്പ് മാത്രം.
"വിശപ്പ് അറിയാത്ത" വിശപ്പിന്റെ അവസാനത്തെ ശാന്തതയാർന്ന ഭാവം.