മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(അനുഷ)

അച്ഛനും അമ്മയും നാലഞ്ചു പിള്ളേരും- അതായിരുന്നു അവർ. അവരുടെ കുടുംബം. ദരിദ്രരായിരുന്നു അവർ. പ്രത്യേകിച്ച് വേലയോ കൂലിയോ ഇല്ലാത്തവർ. റോഡിനരികിൽ ഓലയും ഷീറ്റുമൊക്കെ കൊണ്ട് മറച്ചു കെട്ടിയ ഷെഡ്ഡിനെ അവർ തങ്ങളുടെ വീടെന്ന് വിളിച്ചു. ആ അച്ഛൻ- അയാളുടെ രൂപം ദയനീയമായിരുന്നു. കാടു പോലെ വളർന്നു കിടക്കുന്ന തലമുടിയും താടിയും. മുഷിഞ്ഞു നാറിയ വേഷം. അയാൾക്ക് നടക്കാൻ കഴിയില്ല. മുമ്പെന്നോ പറ്റിയ ഒരു അപകടത്തിൽ അയാളുടെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. ആരുടെയോ ദയാവായ്പിനാൽ ലഭിച്ച നീലനിറമുള്ള ഒരു വീല്ചെയറിലാണ്‌ അയാളുടെ സഞ്ചാരം. അയാളുടെ ജോലിയെന്നു പറയാൻ ഇപ്പോഴുള്ളത് ലോട്ടറിക്കച്ചവടമാണ്‌. അത് കൂടാതെ രണ്ട് കണ്ണും രണ്ട് കൈയും ഒറ്റക്കാലും വച്ച് ചെയ്യാൻ പറ്റുന്ന ജോലിയൊക്കെ ചെയ്യാൻ അയാൾ ശ്രമിക്കുന്നു. അഞ്ചാറു വയറുകൾക്ക് ഒരു നേരത്തേക്കെങ്കിലുമുള്ളത് ഉണ്ടാക്കാൻ കാശ് വേണമല്ലോ.
 
അയാളുടെ ഭാര്യ - ആ അമ്മ - അതൊരു എല്ലിൻ കൂട് മാത്രം. മങ്ങി പഴകിയ സാരിയും കഴുത്തിലെ കറുത്ത ചരടും ഇപ്പോ വീഴുമെന്ന മട്ടിലുള്ള നടപ്പും. ഏറ്റവും ഇളയ കുഞ്ഞ് എപ്പോഴും അവളുടെ ഒക്കത്തായിരിക്കും. മക്കൾ വേറെ മൂന്നെണ്ണം. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും.
 
എപ്പോഴാണ്‌ ഈ കുടുംബം കേരളം വിട്ട് ഡല്‌ഹി പോലുള്ള വലിയൊരു നഗരത്തിലെത്തിച്ചേർന്നത്. അത് ഡല്‌ഹി ആയിരുന്നില്ലേ.. അതൊ കാശ്മീരോ..? എന്തായാലും അതൊരു മഞ്ഞു കാലം ആയിരുന്നു. സായാഹ്നത്തിലെ തണുപ്പ് മാറ്റാൻ അവർ വിറകുകൾ കൂട്ടി കത്തിച്ചിരുന്നു. ആ തീയ്ക്ക് ചുറ്റുമിരുന്ന് അവർ ഭക്ഷണം കഴിച്ചു. ആ പിതാവ് ഇടതു കൈയാൽ തന്റെ താടി ഉഴിഞ്ഞു കൊണ്ട് എന്തോ ഓർക്കുകയായിരുന്നു. ആ മാതാവ് തന്റെ ഇളയ കുഞ്ഞിനെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിക്കുന്നതിനോടൊപ്പം മറ്റ് മൂന്നു പിള്ളേർക്കും പഴയ ഏതോ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.
 
അതൊരു ആഗസ്റ്റ് മാസം ആയിരുന്നില്ലേ. സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുക്കാൻ ആരൊക്കെയോ വന്ന് താമസിച്ചത് ആ വലിയ ഹോട്ടലിൽ ആയിരുന്നു. തോളറ്റം വരെയുള്ള മുടി അഴിച്ചിട്ട് തൂവെള്ള സല്‌വാർ ധരിച്ച സുന്ദരി പെൺകൊടി. അവളാ ഹോട്ടലിന്റെ രണ്ടാം നിലയിലെ ബാല്ക്കണിയിൽ പുറം കാഴ്ച്ചകൾ നോക്കി നില്ക്കുകയാണ്‌. അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി പാതി മറഞ്ഞു നില്ക്കുന്നു.
 
എപ്പോഴാണ്‌ അവിടെ ഒരു വെടിയൊച്ച മുഴങ്ങിയത്..ആരാണ്‌ വെടിയുതിർത്തത്. ആരെയാണ്‌ കൊല ചെയ്തത്? നീല ഉടുപ്പിട്ട് ഹോട്ടലിന്റെ രണ്ടാം നിലയിലൂടെ ഓടിയത് ആ ദരിദ്ര മാതപിതാക്കളുടെ മൂന്നാമത്തെ കണ്മണിയല്ലേ. അവളുടെ കണ്ണിൽ മരണത്തിന്റെ നിഴൽ. മരണം അവൾക്ക് മുന്നിലോ പിറകിലോ..? അവളെങ്ങനെ ഇവിടെ ഹോട്ടലിൽ വെള്ള സല്‌വാർ ധാരിയുടെ അടുത്തെത്തി! വീണ്ടും വെടിയൊച്ചകൾ. ആരൊക്കെയോ വീഴുന്നു. പിടയുന്നു. പ്രാണൻ പറന്ന് പോകുന്നു. തന്റെ അമ്മയെവിടെ..അച്ഛനെവിടെ.. സഹോദരങ്ങളെവിടെ? മരണത്തിന്റെ മുഴങ്ങുന്ന കാലടികളേക്കാൾ വേഗത്തിൽ ഉച്ചത്തിൽ അവളുടെ കുഞ്ഞുഹൃദയം മിടിച്ചു കൊണ്ടിരുന്നു. അവളെവിടെയോ ഒളിച്ചു. കണ്ണുകളിറുക്കിയടച്ചു. കൈവിരലുകൾ ചെവിയിൽ തിരുകി, മരണത്തിന്റെ ചെറുനിശ്വാസം പോലും കേൾക്കാൻ വയ്യ.
 
ഒരു പ്രഭാതം. ഒരു ജലാശയത്തിനടുത്ത് മരപ്പലകകളാൽ തീർത്ത പാർപ്പിടങ്ങൾ. തടവിലാക്കപ്പെട്ടവരുടെ വിങ്ങുന്ന വികാരങ്ങൾക്കു മേൽ തോക്കുധാരികളുടെ കനത്ത ബൂട്ടിന്റെ ശബ്ദം. അസ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ... മരണത്തേക്കാൾ ഭയാനകം. ഇവിടെ നിന്ന് രക്ഷപ്പെടാൻ, സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ ആ പാവങ്ങളും കൊതിച്ചു. എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. എങ്ങനെയെന്നറിയില്ല. രക്ഷപ്പെടണമെന്ന ചിന്ത മാത്രം മനസിൽ. ഏതൊക്കെ വഴികളിലൂടെ ആ സങ്കേതത്തിനു പുറത്തെത്തിയെന്നറിയില്ല. സഹായത്തിന്‌ ആ പെൺകുട്ടിയുണ്ടായിരുന്നു, വെള്ള സല്‌വാർ ധരിച്ച സുന്ദരി. വീല്ചെയറൂം കൊണ്ടുള്ള യാത്ര വിഷമകരമായിരുന്നു. പിടിക്കപ്പെടുമോ എന്നുള്ള ഭയവും.
 
ഇത് മറ്റൊരു പ്രഭാതം. ആശ്വാസത്തിന്റെ നെടുവീർപ്പുകൾ. റോഡരികിലെ തങ്ങളുടെ കുടിലിനു മുന്നിലെത്തിയപ്പോൾ മനസിലെന്തൊരു കുളിർമ. പൊടി പറത്തിച്ചു കൊണ്ട് ഒരു കാർ ഓടി മറഞ്ഞു. തെങ്ങോലത്തുമ്പുകളെ നൃത്തം ചെയ്യിച്ച് ഒരു കാറ്റ് വീശിയടിച്ചു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ