നിറയെ ആളുകളുമായി കുതിച്ചുപായുന്ന ബസ്സിന്റെ സൈഡ്‌സീറ്റിൽ ഞാൻ ഒതുങ്ങിയിരുന്നു. പുറത്തുവെയിൽ കത്തിക്കാളുകയാണ്. ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് ചെറുവാഹനങ്ങൾ ബസ്സിനെ മറികടന്നു മുന്നോട്ട്പോയ്കൊണ്ടിരുന്നു.
കയ്യിലിരുന്ന കവർ ഞാനൊരിക്കൽകൂടി നെഞ്ചോട് ചേർത്തുപിടിച്ചു. എന്റെ ജീവിതവും അതിലെ നഷ്ടപ്രണയങ്ങളുമെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ഞാനെഴുതിയ കഥകളുടെ സമാഹാരം. 'ആത്മാവിന്റെ നൊമ്പരങ്ങൾ 'എന്റെ ആദ്യപുസ്തകം. ഈ പുസ്തകം പ്രിയ ഗുരുനാഥയായ 'സുലൈഖ 'ടീച്ചർക്ക് സമ്മാനിക്കാനാണ് എന്റെ ഈ യാത്ര.
സുലൈഖ ടീച്ചറിന്റെ താമസസ്ഥലത്തെത്താൻ ഇനിയും കുറേ സമയമെടുക്കും. എത്രയോ കാലമായുള്ള എന്റെ ആഗ്രഹമാണ് ഇന്ന് പൂവണിയാൻ പോകുന്നത്. ഒരുപാട് കാലമായി ആഗ്രഹിക്കുന്നതാണ് ടീച്ചറിന്റെ വീട്ടിലൊന്നു പോകണമെന്ന് .പോകുമ്പോൾ ടീച്ചറിന് സമ്മാനിക്കാനായി ഞാനെന്റെ ആദ്യപുസ്തകത്തിന്റെ ഒരു കോപ്പിയും കരുതിവെച്ചിരുന്നു .ഒരിക്കൽ പ്രിയ ഗുരുനാഥക്ക് കൊടുത്ത വാക്ക് നിറവേറ്റാണെന്നവണ്ണം. ആ ഓർമ്മകൾ എനിക്ക് വല്ലാത്ത സന്തോഷം പകർന്നു .
ഈ യാത്ര ശരിക്കും എനിക്ക് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. കഴിഞ്ഞുപോയ വിദ്യാലയദിനങ്ങളിലെ ഓർമ്മകൾ പുതുക്കിക്കൊണ്ട്... അക്കാലത്തെ സന്തോഷവും സങ്കടങ്ങളുമെല്ലാം ഒരിക്കൽക്കൂടി പങ്കുവെച്ചുകൊണ്ടുള്ള പ്രിയ ഗുരുനാഥയുമായുള്ള പുനർസമാഗമം .എന്റെ മനസ്സിൽ തണുത്തുറഞ്ഞുകിടന്നിരുന്ന മോഹങ്ങൾക്കും ,സ്വപ്നങ്ങൾക്കുമെല്ലാം ചിറകുമുളപ്പിച്ച എന്റെ സുലൈഖ ടീച്ചറുമായുള്ള പുതുസംഗമം .
പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് ...എന്റെ സ്‌കൂളിൽ പുതുതായി മലയാളം പഠിപ്പിക്കാൻ ദൂരേനാട്ടിൽനിന്നും സ്ഥലമാറ്റംകിട്ടി വന്നതാണ് ടീച്ചർ .ടീച്ചറിന്റെ താമസം എന്റെ വീടിനടുത്തുള്ള വാടകവീട്ടിലും .എത്രപെട്ടന്നാണ് ഞാനും എന്റെ വീട്ടുകാരും ടീച്ചറിന്റെ കുടുംബവുമായി സൗഹൃദത്തിലായത് .
സുലൈഖ ടീച്ചർ സുന്ദരിയായിരുന്നു .സ്വഭാവംകൊണ്ടും ,പെരുമാറ്റംകൊണ്ടുമെല്ലാം കുലീനതനിറഞ്ഞവൾ .ആരാലും ആകർഷിക്കപ്പെടുന്ന വ്യക്തിത്വം .മൂന്നുവർഷക്കാലം ടീച്ചറും കുടുംബവും എന്റെ അയൽവീട്ടിൽതാമസിച്ചു .ഹൈസ്‌കൂൾ പഠനകാലത്ത് സ്‌കൂളിലേക്കുള്ള എന്റെപോക്കും വരവുമെല്ലാം ഗുരുവായ ടീച്ചർക്കൊപ്പമായിരുന്നു .
വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും കുട്ടികളില്ലാത്തതിന്റെ ദുഃഖം ടീച്ചറിന്റെ മനസിനെ നീറ്റിക്കൊണ്ടിരുന്നു. എങ്കിലും സ്നേഹനിധിയായ ഭർത്താവിന്റെ സങ്കടമോർത്ത് അവരെല്ലാം ഉള്ളിലൊതുക്കികൊണ്ട് പ്രസന്നവതിയായി ജീവിച്ചു. അതിരറ്റ സ്നേഹവായ്പായിരുന്നു ടീച്ചറിന് എന്നോട്. പിറക്കാതെപോയ ഒരു മകനായി അവരെന്നെക്കണ്ടു. നല്ലൊരു സുഹൃത്തായും അദ്ധ്യപികയായുമെല്ലാം ടീച്ചറെന്നും എന്റെയൊപ്പം ഉണ്ടായിരുന്നു.
എനിക്കിറങ്ങേണ്ടുന്ന സ്ഥലമെത്തിയത് അടുത്തിരുന്ന യാത്രക്കാരനിൽനിന്നും ചോദിച്ചുമനസിലാക്കികൊണ്ട് ഞാൻ ബസ്സിൽനിന്നും ഇറങ്ങി. എന്നോടൊപ്പം ഏതാനും ആളുകൾ കൂടിയുണ്ടായിരുന്നു ആ ബസ്റ്റോപ്പിലിറങ്ങാൻ. റോഡരികിൽ നിന്നുകൊണ്ട് ഞാൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. ഏതാനും പലചരക്ക് കടകളും, രണ്ടുഹോട്ടലുകളും, ഒരു തുണിക്കടയുമെല്ലാമുള്ള ചെറിയ ഒരു ടൗണായിരുന്നു അത്. തൊട്ടടുത്തുള്ളകടയിൽ കയറി ഏതാനും സ്വീറ്റ്‌സ്കളും കൂടി വാങ്ങിക്കൊണ്ട് ഞാൻ റോഡരികിൽ കിടന്ന ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നു. അഡ്രസ്സ് പറഞ്ഞുകൊടുത്തിട്ട് ഞാൻ ഓട്ടോറിക്ഷയുടെ സീറ്റിൽചാരിയിരുന്നു. ഇനി രണ്ടുകിലോമീറ്റർകൂടി യാത്രയുണ്ട് ടീച്ചറിന്റെ വീട്ടിലെത്താൻ .ആ ഇരിപ്പിൽ എന്റെ മനസിലേക്ക് വീണ്ടും പഴയകാല ഓർമ്മകൾ ചിറകുവിരിച്ചെത്തി .
ആദ്യപുസ്തകത്തിന്റെ കോപ്പി നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടങ്ങനെ ഇരിക്കുമ്പോൾ... ആ പുസ്തകത്തിനുള്ളിലെ കറുത്ത അക്ഷരങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചോർക്കുമ്പോൾ എങ്ങനെ ടീച്ചറിന്റെ മുഖം മനസിലേക്ക് ഓടിയെത്താതിരിക്കും?'' പ്രിയപ്പെട്ട സുലൈഖ ടീച്ചറേ... ഞാനിതാ... ടീച്ചറിന്റെ നാട്ടിലെത്തിച്ചേർന്നിരിക്കുന്നു. ഒരിക്കൽ പറഞ്ഞ വാഗ്ദാനവും പേറി ടീച്ചറിന്റെ പ്രിയശിഷ്യനിതാ വന്നിരിക്കുന്നു ടീച്ചറിനെ കാണാനായി.'' ഞാൻമെല്ലെ മനസ്സിൽ പറഞ്ഞു .
സുലൈഖ ടീച്ചറില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, എനിക്ക് ഈ പുസ്തകം ഇറക്കാനാകുമായിരുന്നില്ല. ഞാനൊരു എഴുത്തുകാരനാകുമായിരുന്നില്ല. എന്റെ അയൽവക്കത്തു താമസിച്ചുകൊണ്ടിരിക്കെ പലപ്പോഴും ടീച്ചർ എന്റെ വീട്ടിലേക്ക് കടന്നുവരുമായിരുന്നു. ഉമ്മയോടും സഹോദരിയോടുമെല്ലാം സൗഹൃദം പങ്കിടാനായി. എന്റെ വീട്ടിലെ കൃഷിയിടങ്ങളും, പൂംത്തോട്ടവും, പൂച്ചക്കുട്ടികളെയുമെല്ലാം ടീച്ചറിന് വലിയ ഇഷ്ടമായിരുന്നു. ഉമ്മയോടൊപ്പം ഇവയെല്ലാം പരിചരിക്കാൻ ടീച്ചറും പലപ്പോഴും കൂടുമായിരുന്നു .
അങ്ങനെകഴിയവേ ഒരുനാൾ ടീച്ചർ എന്റെ മുറിയിലേക്ക് കടന്നുവന്നു. മുറിയിലെ അലമാരയിലിരുന്ന പുസ്തകങ്ങൾ എടുത്തുനോക്കുകയും... മേശപ്പുറത്തിരുന്ന എന്റെ ബുക്കുകൾ തുറന്നുനോക്കുകയും ചെയ്തു ടീച്ചർ. അങ്ങനെ നോക്കവേ... ഞാൻ നോട്ടുബുക്കിൽ എഴുതിവെച്ചിരുന്ന എന്റെ ചില സാഹിത്യ സൃഷ്ടികളെല്ലാം ടീച്ചറിന്റെ കണ്ണിൽപെട്ടു .
''ആഹാ... അബ്‌ദു എഴുതാറുണ്ടല്ലേ? നന്നായിട്ടുണ്ടല്ലോ... എന്താണിതൊന്നും പ്രസിദ്ധീകരിക്കാൻ കൊടുക്കാത്തത്?'' അന്ന് ടീച്ചറെന്നെ നോക്കി ചോദിച്ചു.
അവിടുന്ന് അങ്ങോട്ട് ടീച്ചറാണെനിക്ക് പ്രോത്സാഹനങ്ങൾ നൽകിയത്. എന്റെ കഥ ആദ്യമായി സ്‌കൂൾമാഗസിനിലൂടെ പുറംലോകത്തെ അറിയിച്ചതും... തുടർന്ന് വിവിധ പ്രസിദ്ധീകരണങ്ങളിലേക്ക് എന്നെക്കൊണ്ട് നിര്ബന്ധിപ്പിച്ചു കഥകൾ അയച്ചുകൊടുപ്പിച്ചതുമെല്ലാം ടീച്ചർതന്നെ. എനിക്ക് വേണ്ടുന്ന ഭാഷ നിർദേശങ്ങളും തിരുത്തലുകളും നൽകുന്നതിനോടൊപ്പം തന്നെ നല്ലനല്ല പുസ്തകങ്ങൾ ലൈബ്രറിയിൽനിന്നും തിരഞ്ഞെടുത്തു വായിക്കാൻപറഞ്ഞുകൊണ്ട് എനിക്ക് സമ്മാനിക്കുകയും ചെയ്തുപോന്നു ടീച്ചർ. അതുവരെയും മനസ്സിൽ ഒളിപ്പിച്ചുവെച്ച എഴുത്ത് എന്ന സ്വപ്നത്തിന് ടീച്ചറിലൂടെ ചിറകുകൾ മുളക്കുകയായിരുന്നു ആ നിമിഷം.
ചിലരുടെ അകന്നുപോകലുകൾ ഓർക്കാപുറത്താവും നമ്മിൽ വന്നുചേരുക. ടീച്ചറിന്റെ കാര്യത്തിലും അങ്ങനെ സംഭവിച്ചു. ടീച്ചറിന് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. ഹൈസ്‌കൂൾ പഠനത്തിന്റെ അവസാനനാളുകൾ. ടീച്ചർ പിരിഞ്ഞുപോകുന്നു എന്ന അറിവ് എന്നെ ദുഃഖത്തിലാഴ്ത്തി. ടീച്ചറെന്നതിലുപരി നല്ല അയൽവാസിയും വഴികാട്ടിയുമെല്ലാമായ ആളുടെ വിയോഗം മനസ്സിൽ വല്ലാതെ വേദനപടർത്തി.
ഒടുവിൽ യാത്രപറയാനായി ടീച്ചറെന്റെ വീട്ടിൽവന്നു .ആമുഖം കാണാനുള്ള മനക്കരുത്തില്ലാത്തതിനാൽ ഞാനെന്റെ മുറിയിൽത്തന്നെ കഴിച്ചുകൂട്ടി .ജനാലക്കരികിൽനിന്നുകൊണ്ട് മിഴിനീർതൂകുന്ന എന്റെ അരികിലേക്ക് ടീച്ചർ അന്ന് കടന്നുവന്നു .എന്നിട്ടെന്റെ മുഖം പിടിച്ചുതിരിച്ചിട്ട് കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു .
''എന്താ അബ്‌ദു ...ഇത് കൊച്ചുകുട്ടികളെപ്പോലെ? ഞാൻ ഇവിടെനിന്നും പോയെന്നുകരുതി എപ്പോൾ വേണമെങ്കിലും അങ്ങോട്ടോ, ഇങ്ങോട്ടോ വന്നുകൊണ്ട് നമുക്ക് തമ്മിൽ കാണാമല്ലോ! പോരാത്തതിന് എഴുത്തയക്കുകയോ, ഫോൺചെയ്യുകയോ ഒക്കെ ചെയ്യാം. പിന്നെന്താ? അബ്‌ദു ഇതൊന്നും ഓർത്തു സങ്കടപെടരുത്. നന്നായി പഠിക്കണം. പഠിച്ചുവലിയഒരാളാകണം. അതോടൊപ്പം തന്നെ എഴുത്തും മുന്നോട്ടുകൊണ്ടുപോണം.''
''ഒരുപാട് കഥകളൊക്കെ എഴുതിക്കഴിയുമ്പോൾ എല്ലാംകൂടി ഒരു പുസ്തകമാക്കണം.അന്നേരം എന്നെയും വിളിക്കണം .എവിടെയായാലും ഞാൻ വരും .എനിക്ക് വരാൻ പറ്റിയില്ലെങ്കിൽ പുസ്തകവുമായി അബ്‌ദു വരണം .എന്നെക്കാണാൻ.'' പറഞ്ഞിട്ട് എന്റെ മിഴികൾ തുടച്ചുകൊണ്ട് ടീച്ചറന്നു യാത്രപറഞ്ഞുപോയി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു. ടീച്ചറിന്റെ വിയോഗം മനസ്സിൽ നോവായവശേഷിച്ചെങ്കിലും ജീവിതത്തിരക്കുകൾ അതിനെ പതിയെ മനസ്സിൽനിന്നും മായ്ച്ചുതുടങ്ങിയിരുന്നു .എല്ലാദിവസവും പ്രാർത്ഥനയിൽ ടീച്ചറിനും കുടുംബത്തിനും നല്ലതുവരാൻവേണ്ടി പടച്ചവനോട് തേടി. അങ്ങനെ കഴിയവേ എന്റെ കഥകളെല്ലാം സമാഹരിച്ചുകൊണ്ട് ഒരു പുസ്തകമിറക്കാൻ ഞാൻ തീരുമാനിച്ചു .ഈ വിവരം ഞാൻ ആദ്യം അറിയിച്ചത് ടീച്ചറിനെയാണ്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് ടീച്ചറിനെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് ഞാൻ കത്തെഴുതി. ഏതാനും ദിവസങ്ങൾക്കകം എനിക്ക് ടീച്ചറിന്റെ മറുപടി കിട്ടി.
എനിക്കിപ്പോൾ നല്ല സുഖമില്ല. വയറിനുള്ളിൽ ചെറിയൊരു മുഴ. അതിന്റെ ഓപ്പറേഷൻ കഴിഞ്ഞുള്ള വിശ്രമത്തിലാണ് ഞാനിപ്പോൾ. എന്റെ എല്ലാവിധ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എപ്പോഴും അബ്‌ദുവിനുണ്ടാകും. ഒരുനാൾ പുസ്തകവുമായി എന്റെ വീട്ടിലേക്ക് വരൂ .ഇതായിരുന്നു ടീച്ചറിന്റെ മറുപടി കത്ത്.
ടീച്ചറിന്റെ അസാന്നിധ്യത്തിൽ അന്ന് എന്റെ പുസ്തകപ്രകാശനം നടന്നു. ടീച്ചർ തിരുത്തിതന്ന് ആദ്യമായി പ്രസിദ്ധീകരിച്ച കഥയുൾപ്പെടെ ഒൻപതു കഥകളുടെ സമാഹാരം. പുസ്തകപ്രകാശനം കഴിഞ്ഞ അന്നുമുതൽ മനസ്സിൽ ആഗ്രഹിക്കുന്നതാണ്. പുസ്തകത്തിന്റെ കോപ്പിയുമായി ടീച്ചറിനെ കാണാൻ പോകണമെന്ന്. ഓരോരോ തിരക്കുകൾ മൂലം ടീച്ചറിനെ കാണാനുള്ള യാത്ര നീണ്ടുനീണ്ടുപോയി .ഇന്നാണ് അതിന് അവസരമൊത്തുവന്നത് .ടീച്ചറിനൊരു സർപ്രയ്‌സെന്ന നിലക്ക് മുന്നറിയിപ്പുകൊടുക്കാതെയുള്ള ഈ യാത്ര.
''എവിടുന്നാ വരുന്നേ .?''പൊടുന്നനെയുള്ള ഓട്ടോറിക്ഷക്കാരന്റെ ചോദ്യം എന്നെ ഓർമ്മയുടെ കയത്തിൽനിന്നും മുക്തനാക്കി .
''കുറച്ചു ദൂരേന്ന് .''
''സുലൈഖ ടീച്ചറിന്റെ ആരാ ...?ബന്ധുവാണോ ...?
''അല്ല ടീച്ചറിന്റെ പഴയ ഒരു ശിഷ്യനാ .''ഞാൻ മറുപടി നൽകി .
''എന്ത് പറയാനാ ... എല്ലാം പടച്ചതമ്പുരാന്റെ തീരുമാനം. എത്ര നല്ല സ്വഭാവമായിരുന്നു ടീച്ചറിന്റേത്. എവിടെല്ലാം ശിഷ്യഗണങ്ങളുണ്ട് ടീച്ചറിന്. എന്തെല്ലാം ഉണ്ടായിട്ടെന്താ? ജീവിച്ചിരുന്ന കാലത്തു സന്തോഷിക്കാനായി ഒരു കുഞ്ഞിനെ പടച്ചവൻ കൊടുത്തില്ല.'' ഓട്ടോറിക്ഷക്കാരൻ ആത്മഗതമെന്നോണം പറഞ്ഞു.
''ഇനിയിപ്പോൾ വീട്ടിലേക്ക് പോകണമെന്നില്ല .സമയം പന്ത്രണ്ട്മണിയായില്ലേ .?മയ്യത്തിപ്പോൾ അടക്കംചെയ്യാനായി പള്ളിയിലേക്ക് കൊണ്ടുവരും. അതുകൊണ്ട് പള്ളിയിൽ നിൽക്കുന്നതാവും നല്ലത് '' പറഞ്ഞിട്ട് ഓട്ടോറിക്ഷക്കാരൻ തലതിരിച്ചു എന്നെനോക്കി.
ഓട്ടോറിക്ഷക്കാരന്റെ വാക്കുകൾ എന്റെ മനസ്സിൽ ഒരു നടുക്കമുളവാക്കി.
''എന്താണ് പറഞ്ഞത്? സുലൈഖ ടീച്ചറിനെന്തുപറ്റി? ഞാൻ നടുക്കത്തോടെ ഡ്രൈവറെ നോക്കി ചോദിച്ചു.
''അപ്പോൾ ഇയാൾ ഒന്നും അറിഞ്ഞിട്ടല്ലേ വരുന്നത്. സുലൈഖ ടീച്ചർ ഇന്നലെ രാത്രി മരിച്ചു. ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ക്യാൻസറായിരുന്നത്രേ. കണ്ടെത്തിയപ്പോൾ വൈകിപ്പോയി .ഇന്ന് ഉച്ചക്കാണ് കബറടക്കം.'' പറഞ്ഞിട്ട് ഓട്ടോറിക്ഷക്കാരൻ തലത്തിരിച്ചുഎന്നെനോക്കി.
എന്ത് എന്റെ ടീച്ചർ മരിച്ചുവെന്നോ? ഇല്ല ഞാൻ വിശ്വസിക്കില്ല. പുസ്തകവുമായി എന്നോട് വരാൻ പറഞ്ഞിട്ട് ... ഞാൻ വരുന്നതിനുമുന്നെ ഈ ലോകംവിട്ടു പോയെന്നോ? അതിനുമാത്രം അസൂഖം ഉണ്ടായിരുന്നോ ടീച്ചറിന് .?അവസാനമായി വിളിച്ചപ്പോഴും രോഗത്തിന്റെ സൂചനകളൊന്നും ടീച്ചർ തന്നില്ലല്ലോ .വീഴാതിരിക്കാനായി ഞാൻ ഓട്ടോറിക്ഷയുടെ സൈഡുകമ്പിയിൽ മുറുക്കെപ്പിടിച്ചു .ഈ സമയം വലിയൊരു പള്ളിയുടെ മുന്നിലായിക്കൊണ്ട് ഡ്രൈവർ ഓട്ടോറിക്ഷ ഒതുക്കിനിർത്തിയിരുന്നു .
പണംകൊടുത്തിട്ടു ഞാൻ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങിനടന്നു. അപ്പോൾകണ്ടു. ദൂരെനിന്നും വൻജനാവലിയുടെ സാന്നിധ്യത്തിൽ സുലൈകടീച്ചറിന്റെ മയ്യിത്തുമായി ആളുകൾ പള്ളിയിലേക്കു നടന്നുവരുന്നന്. പള്ളിക്കാട്ടിൽപുതുതായി തീർത്ത സുലൈഖടീച്ചറിനുള്ള കബറിനരികിൽ ഞാൻ നിന്നു. എന്റെ നെഞ്ചകം പിടഞ്ഞു. കണ്ണുനീതുള്ളികൾ കണ്ണിനുള്ളിൽത്തന്നെ അടക്കിനിർത്തികൊണ്ടുഞ്ഞാൻ നോക്കുമ്പോൾ... പള്ളിമുറ്റമാകെ മനുഷ്യരാൽ നിറഞ്ഞുകഴിഞ്ഞിരുന്നു. എല്ലാവരുടെയും മുഖത്തു ടീച്ചറിന്റെ വിയോഗത്തിലുള്ള ദുഃഖം തളംകെട്ടി നിന്നിരുന്നു .
''പ്രിയപ്പെട്ട എന്റെ സുലൈഖ ടീച്ചറേ... ടീച്ചർ പറഞ്ഞപ്രകാരം എന്റെ ആദ്യപുസ്തകവുമായി ഞാനിതാ വന്നിരിക്കുന്നു. ടീച്ചറിന്റെ പ്രിയശിഷ്യൻ .ഞാൻ വരുന്നതിനുമുന്നെ ഒന്നുകാണാൻപോലും നിൽക്കാതെ എന്തിനീ ലോകംവിട്ടുപോയി? എന്നോട് പറയാമായിരുന്നില്ലേ രോഗത്തെപ്പറ്റി .എങ്കിൽ ഞാൻ നേരത്തെ വരുമായിരുന്നില്ലേ?''എന്റെ ഹൃദയം തേങ്ങിക്കൊണ്ടിരുന്നു.
ഒടുവിൽ ടീച്ചറിന്റെ കബറിടത്തിൽ ഒരുപിടി മണ്ണുവാരിയിട്ടുകൊണ്ട് ഇടറുന്ന കാലടികളോടെ ഞാൻ പള്ളിമുറ്റത്തുനിന്നും പുറത്തേക്ക് നടന്നു .ആ സമയം പൊടുന്നനെ മഴ പെയ്യാൻതുടങ്ങി .ടീച്ചറിന്റെ വിയോഗത്തിൽ പ്രകൃതിപോലും കണ്ണുനീർ വാർക്കുകയാണെന്നു തോന്നി .അപ്പോഴെല്ലാം ടീച്ചറിന് നൽകാനായി ഞാൻ കൊണ്ടുവന്ന എന്റെ ആദ്യപുസ്തകമായ 'ആത്മാവിന്റെ നൊമ്പരങ്ങൾ' എന്റെ കൈയിൽത്തന്നെ ഉണ്ടായിരുന്നു. ടീച്ചറിന്റെ വേർപാട് പകർന്ന ഒരിക്കലും തീരാത്ത നൊമ്പരങ്ങളുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു.