ആൽബി തന്റെ ഫ്രണ്ട് ജസീന്തക്കൊപ്പം എയർപോർട്ടിനുള്ളിലേക്ക് നടക്കുമ്പോൾ, ഒന്ന് തിരിഞ്ഞു നോക്കി, അവിടെ എലിസയും,മൈക്കിളും കൈ വീശിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് അയാളുടെ കൈകൾ യാന്ത്രികമായി ചലിച്ചുവെങ്കിലും പിന്നെ തിരിഞ്ഞുനോക്കാൻ അയാൾ മെനക്കെട്ടില്ല. കണ്ണിൽ നിന്നും തെറിച്ചു വീണ നീർതുള്ളികളെ തന്റെ കർച്ചീഫ് കൊണ്ട് തുടയ്ക്കുമ്പോൾ അയാൾ ഒന്നുകൂടി വിതുമ്പിപോയി.
"ഒക്കെ. ജെസീന്ത. ഒരുപാട് നന്ദിയുണ്ട്. എന്നെ ഹെൽപ്പ് ചെയ്തതിന്. നമുക്കിവിടെ വച്ച് പിരിയാം.." അയാളുടെ സ്വരം ഇടറിയിരുന്നു.
"എലിസ, ഒരു വിഡ്ഢി തന്നെയാണ്." ജസീന്ത പതുക്കെ പറഞ്ഞു. "നിന്റെ സ്നേഹം അവൾ കാണാതെ പോയി. ഒരു മാസക്കാലം നിന്റെ അടുത്ത് ഉണ്ടായിട്ടും, ഇല്ല ഞാൻ ഒന്നും പറയുന്നില്ല."
വേണ്ട..! എന്തിനീ വെറുതെ..?പാഴായ സംസാരം..! ഹൃദയത്തിനുള്ളിൽ ഭദ്രമായി സൂക്ഷിക്കുന്ന ചില നോട്ട്സ്പാഡുകളുണ്ട്. ആർക്കും അവകാശപ്പെടാനില്ലാത്തത്. അത് അവിടെ തന്നെ കിടന്നോട്ടെ.
"യെസ്"
ജസീന്ത ഹഗ് ചെയ്തുകൊണ്ടു അയാളെ ഹൃദയത്തിൽ തൊട്ടുകൊണ്ട് പറഞ്ഞു, എപ്പോഴെങ്കിലും ഇവിടെ ഒരിടം എനിക്ക് നൽകുവാൻ സ്വീകാര്യമാണെങ്കിൽ ഞാൻ പറന്നെത്താം .. ബൈ... നിറഞ്ഞു വരുന്ന അശ്രുകണങ്ങൾ അയാൾ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നടന്നു.
ഫ്ലൈറ്റിൽ കയറി ഇരുപ്പുറപ്പിച്ചപ്പോഴും തന്റെ ഭാവി എന്താവുമെന്ന് ആൽബിക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. എന്നാലും ജസീന്തയുടെ കലങ്ങിയ കണ്ണുകൾ തനിക്കൊരു ശുദ്ധികലശം വേണമെന്നയാൾ തീരുമാനിച്ചു.
എലിസ, എലിസയായിരുന്നു അയാളുടെ മനം നിറയെ. ആ വട്ട മുഖത്തിന് എന്തൊരു ശോഭയാണ്. തിളങ്ങുന്ന ആ കണ്ണുകൾ, നിതംബം കവിഞ്ഞു നിൽക്കുന്ന കാർകൂന്തൽ, അതൊന്നുമല്ലല്ലോ താൻ ആഗ്രഹിച്ചത്. പനിനീർപൂവിനാൽ ഹൃദയമണിഞ്ഞവൾ. അവളിൽ വിരിഞ്ഞിറങ്ങുന്ന പുഞ്ചിരിയുടെ ഹൃദ്യതയിൽ ഒന്നു തൊട്ടാൽ ശ്രുതിയും, ലയവും, താളവുമൊക്കെ ഒന്നിച്ചു പെയ്തിറങ്ങും. ഒരു നനുത്ത കുളിർതെന്നൽപോലെ, അവളുടെ സാമീപ്യം ആരെയും ഹർഷപുളകിതമാക്കും.
ആൽബർട്ട് എന്ന ആൽബി ഒരു തരിശുനിലമായിരുന്നു. മാതാപിതാക്കൾ സെപ്പറേറ്റഡ് ആയതിനാൽ അയാളിൽ സ്നേഹത്തിന്റെയോ,വിധേയത്വത്തിന്റെയോ വിത്തുകൾ മുളച്ചില്ല. എന്നും ഒറ്റയാനായി ജീവിതത്തിന്റെ പല രസകൂട്ടിൽനിന്നും മുഖം തിരിച്ചു നടന്നു.
അങ്ങിനെയിരിക്കെ മൈക്കിൾ എന്ന സുഹൃത്തിനെ കിട്ടിയതിനാൽ ആൽബിയുടെ ജീവിതംതന്നെ മാറിമറിഞ്ഞു. ആളുകളോട് ഇടപഴകാനും, ഉള്ളറയിൽ ഉറങ്ങികിടക്കുന്ന മാന്ത്രികതന്ത്രികൾ ഓരോന്നായി പുറത്തെടുത്ത്, ഋതുക്കൾ മാറുംമ്പോലെ, കൗമാരത്തിലും യൗവനത്തിലും തുടിക്കുന്ന മനസ്സിനെ സ്വപ്നം കാണാനും പഠിപ്പിച്ചു.
അങ്ങിനെ ഒരുവേളയിലാണ് മൈക്കിൾ ഈയിടെ പരിചയപെട്ട തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ പാറുവിനെ കുറിച്ച് വാതോരാതെ സംസാരിച്ചുതുടങ്ങിയത്.
"എന്റെ മൈക്കിളെ.. നിനക്ക് അത്രയും ഇഷ്ടമാണോ.. അവളെ, നിന്റെ പാറുവിന്, " ഇടക്കിടെ ചോദിക്കും.
"ഇഷ്ടമാണോ എന്നോ...? എന്റെ ജീവനക്കാളേറെ അവളെ ഞാൻ സ്നേഹിക്കുന്നു...!" അവന്റെ കണ്ണിലെ ആഴങ്ങളിലെ പ്രണയ പിടച്ചിൽ കണ്ടു ആൽബി ഇങ്ങനെ പരിഭവം പറഞ്ഞു.
"എനിക്ക് നീ പരിചയപ്പെടുത്തി തന്നില്ലല്ലോ...? ഫോട്ടോ പോലും കാണിച്ചു തന്നില്ല... ഞാനപ്പോൾ നിന്റെ ആരുമല്ലേ...?"
"എടാ, നീ പോയി വേണം അവരുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ... അന്ന് കണ്ടാൽ മതി നീ അവളെ... അവളുടെ ആ സൗന്ദര്യം കണ്ട് വായ പിളർന്നു നിൽക്കുന്നത് എനിക്കൊന്നു കാണണം വായി നോക്കീ..." മൈക്കിൾ ആൽബിയുടെ കവിളൊത്തൊന്നുനുള്ളി.
ഒരുനാൾ മൈക്കിൾ അത്യാവശ്യമായി നാട്ടിൽ പോയസമയത്ത് ആൽബി തന്റെ വീട്ടിൽ നിന്നിറങ്ങി ഉൾവഴിയിലൂടെ ശീതളകാറ്റേറ്റ് ചിന്താവിഷ്‌ടയായി നടക്കുകയായിരുന്നു. പെട്ടെന്നാണ് അയാളുടെ മുന്നിലേക്ക് ഒരു മാൻപേടയെപോലെ ഒരു പെൺകൊടി പ്രത്യക്ഷപ്പെട്ടത്. കണ്ടപ്പോൾ മൈക്കിളിനേയും അവന്റെ പ്രണയേശ്വരിയെയുമാണ് ഓർമ്മ വന്നത്. ആ ഒരു സ്മൃതിയിൽ ആൽബിയുടെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ വിത്ത് മുളക്കാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല. ഒറ്റനോട്ടത്തിൽതന്നെ സ്വന്തമാക്കണമെന്ന് തോന്നി. കൂട്ടുകാരി ജസീന്ത മുഖേന പെണ്ണ് ചോദ്യവും കഴിഞ്ഞു. എല്ലാവർക്കും നൂറുവട്ടം സമ്മതം. രണ്ടാനമ്മയുടെയും, ഉത്തരവാദിത്വമില്ലാത്ത അച്ഛന്റെയും സംരക്ഷണത്തിൽ ആയതിനാൽ കൂടുതൽ എളുപ്പമായി.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു മൈക്കിളിനെ വിളിച്ചിരുത്തി, കാര്യങ്ങളൊക്കെ പറഞ്ഞു. ഫോട്ടോ കാണിച്ചു കൊടുത്തു.
"നിനക്ക് ഇഷ്ടമായില്ലെടാ.. ഇവളെ... നേരിട്ടൊന്നു കാണണം, നിന്റെ പാറുവിനെക്കാൾ സുന്ദരിയായിരിക്കും.നമുക്ക് നാളെ കാണാം പോവാം.."
"എനിക്കിഷ്ടമായി.. മൈക്കിളിന്റെ ചിതറിയ മറുപടി കേട്ടപ്പോൾ ആൽബി ചോദിച്ചു.
"നിനക്കെന്താടാ ഒരു സുഖമില്ലാത്തതു പോലെ.. വീട്ടിൽ പോയിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായോ.."
"ഒന്നുമില്ലടാ... എനിക്കെന്തോ നല്ലൊരു തലവേദന തോന്നുന്നു. നീ വിവാഹം കഴിഞ്ഞ് അവളെ പൊന്നുപോലെ നോക്കണം കേട്ടോ.. ഒരിക്കലും പരിഭവപ്പെടുത്തരുത്."
"ആ കാര്യത്തിൽ നിന്നെ ഞാൻ ഞെട്ടിക്കും.. നിന്റെ കുട്ടിയെയും എനിക്കൊന്നു കാണണം. നമുക്ക് അടുത്തടുത്ത് വീടെടുത്ത് സുഖമായി കഴിയാം. നമ്മുടെ ഈ ഫ്രണ്ട്ഷിപ്പ് എന്നൊന്നും നിലനിൽക്കണം."
എന്നാൽ പിന്നീട് മൈക്കിളിനെ കണ്ടതേയില്ല. ഫോൺ സ്വിച്ച്ഡ്‌ഓഫ്, വീട്ടിൽ അന്വേഷിച്ചു അവിടെയും എത്തിയിട്ടില്ലെന്നറിഞ്ഞു.
വാക്ക് കൊടുത്തവർക്ക് വാക്ക് മാറാൻ കഴിയില്ലല്ലോ എന്ന് ചിന്തിച്ച് മനസ്സില്ലാ മനസ്സോടെ എലിസയുടെ കഴുത്തിൽ മന്ത്രചരട് കെട്ടി കൂടെ കൂട്ടി.
തന്റെ മനസ്സിനുള്ളിൽ കുടിയേറിയ രാജകുമാരിയോടൊത്ത് ജീവിതം തുടങ്ങാൻ വെമ്പി നിൽക്കുമ്പോൾ ആണ് എലിസയുടെ പേടിച്ചരണ്ട കണ്ണുകൾ കണ്ടത്.. സമാധാനിക്കാൻ ആ വിരൽതുമ്പുകളെ ഒന്ന് സ്പർശിച്ചതും, പൊള്ളലേറ്റതുപോലെ അവൾ കൈ പിൻവലിച്ചു.
"എലിസാ...വാട്ട് ഹാപ്പെൻഡ്..?ആകെ പേടിച്ചിരിക്കുന്നല്ലോ... ഒന്നുല്ല, ഒന്നുല്ല..അതും പറഞ്ഞ് ആൽബി അവളുടെ അടുത്തേക്ക് നീങ്ങുന്തോരും അവളും കൈകൂപ്പികൊണ്ട് തെന്നിമാറികൊണ്ടിരുന്നു.
"പ്ലീസ്... ആൽബി.. എനിക്ക് കുറച്ചുസമയം തരണം.പ്ലീസ്...!"
"ഒക്കെ.. ടാ... നീ കൂൾ ആയിരിക്കൂ...റസ്റ്റ് ചെയ്തോളൂ..ഞാൻ പുറത്തുണ്ടാകും."
പുറത്തേക്ക് നടക്കുമ്പോൾ ഒന്ന് വേച്ചുവോ...വിവാഹത്തിന് മുമ്പ് അവളുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിയുവാനും, ഉള്ള തുറന്നൊന്ന് സംസാരിക്കാനും കഴിഞ്ഞിട്ടില്ല. തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സഭാകമ്പസ്വഭാവം തന്നെയായിരിക്കാം അതിനു കാരണം അയാൾ ചിന്തിച്ചു.
പിന്നെ സമാധാനിച്ചു അമ്മയില്ലാത്ത കുട്ടിയല്ലേ, അതിന്റെ കുറവുകൾ ഉണ്ടാകും പതിയെ റെഡിയാക്കിയെടുക്കാം , പക്ഷേ ദിവസങ്ങൾ ആഴ്ച്ചകളായി വഴി മാറികൊണ്ടിരുന്നു.
ഒരു ദിവസം ഐ റ്റി കമ്പനിയിൽ നിന്ന് നേരത്തെയെത്തി ആൽബി എലിസയോട് പറഞ്ഞു.
"നീ ഫ്രഷ് ആയിട്ട് വരൂ...ഒന്ന് പുറത്ത് പോകാം... ഫുഡ് കഴിക്കാം..കുറച്ചു പർച്ചെസിംഗ്."
ഒട്ടും പതർച്ചയില്ലാതെ അവൾ റെഡിയായി വന്നപ്പോൾ ആൽബി ആശ്വസിച്ചു , എല്ലാം ശരിയാകും.
ഇതുവരെ അങ്ങോട്ടോ, ഇങ്ങോട്ടോ ഒന്നും സംസാരിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഒരു തുറന്ന സംസാരം പലപ്പോഴും നല്ലതാണെന്നു തോന്നിയിട്ടുണ്ട്.. പക്ഷേ എവിടെ നിന്ന് തുടങ്ങണം ഡ്രൈവിങ്ങിൽ പലപ്പോഴും ആൽബിയുടെ ചിന്തകൾ ചിതറി. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം തന്റെ അരികിൽ നിന്ന് കേട്ടത്.
"ആൽബീ..."
അയാളുടെ തലക്കുള്ളിൽ ഒരു മിന്നൽ, ഹൃദയത്തിന്റെ അടിതട്ടിൽനിന്ന് ഒരു പിടച്ചിൽ.
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്‌ടമാണ്.. ആ തണുത്ത വാക്കുകൾ കേട്ട ഞെട്ടലിൽ ആക്‌സിലേറ്ററിൽ വിരൽ അമർത്തിയതും വണ്ടി ഒരു കുലുക്കത്തോടെ നിന്നതൊന്നും അയാൾ അറിഞ്ഞില്ല.
"എലിസാ... "അയാൾ കാതരമായ് വിളിച്ചു.
പക്ഷെ... എലിസ കുറച്ചു നേരം മൗനം തൂകികൊണ്ട് മൊഴിഞ്ഞു.
"അത് കൊണ്ട് എനിക്ക് ആൽബിയെ ചതിക്കാൻ കഴിയില്ല."
"വാട്ട് ആർ യു ട്രയിംങ് ടു സെ..?''അയാൾ ഒച്ചയെടുത്തുകൊണ്ട് ചോദിച്ചു.
"ഒന്നുംല്ല.. ഒന്നുല്ല.. "എലിസ തന്റെ കൈകൾ കൂപ്പികൊണ്ട് പറഞ്ഞു, "മാപ്പാക്കണം."
ആൽബിയുടെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞുപോയിരുന്നു. എന്നിട്ടും സമാധാനിച്ചു.. സാവധാനം എല്ലാം ചോദിച്ചു മനസിലാക്കാം.. എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തീർത്തതിന് ശേഷം പതുക്കെ ജീവിതം തുടങ്ങാം.
റെസ്റ്റോറന്റ് ന്റെ പാർക്കിൽ ഏരിയയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം എലിസയുടെ ദേഹത്ത് സ്പർശിക്കാതെ ഇത്തിരി അകലം വെച്ചു നടക്കുന്നതിനിടയിലാണ് എലിസ, അപ്പോൾ അവരെ കടന്നുപോയ സിൽവർ കളറുള്ള ഇന്നോവയുടെ പിറകെ പാഞ്ഞത്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആ ചെറുപ്പക്കാരൻ എലിസയെകണ്ടപ്പോൾ ഞെട്ടിയപാടെ നോക്കുന്നത് ആൽബി കണ്ടിരുന്നു. എന്നാൽ അയാളെ തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ ഞെട്ടിയത് ആൽബിയായിരുന്നു.
മൈക്കിൾ, മൈക്കിൾ അല്ലെ ഇത്.
ഇന്നോവ ശരവേഗതയിൽ പാഞ്ഞുപോയപ്പോൾ ആൽബിയും, എലിസയും പരസ്പരം നോക്കി.
നിനക്ക് അയാളെ അറിയുമോ..? ആൽബിയുടെ സ്വരം അല്പം കടുത്തിരുന്നു.
"ഇല്ല.. പെട്ടെന്ന് ഞാൻ കൺഫ്യൂസ്ഡ് ആയി പോയി."
എന്നാൽ അവളുടെ പതർച്ചയോടുള്ള സംസാരം അവളുടെ കള്ളങ്ങൾ കാണാമായിരുന്നു.
"എന്നാൽ കേട്ടോളൂ... ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന ഫ്രണ്ട് ആണ് അയാൾ.. മൈക്കിൾ."
"നിങ്ങളാണ് അല്ലെ അവന്റെ ആൽബി" അവൾ ഞെട്ടലോടെ ചോദിച്ചു.
പുലർകാലത്തുള്ള നനുത്ത കുളിരിൽ ജോഗിംഗ് ഓക്കെ കഴിഞ്ഞു സ്ട്രീറ്റ് ബെഞ്ചിൽ വിശ്രമിക്കുമ്പോൾ അവന് അവന്റെ പ്രണയിനി പാറൂനെ കുറിച്ച് പറയാൻ നൂറുനാവ് ആയിരുന്നു. ഒരു പാവമായിരുന്നു അവൻ. എന്നാൽ നിന്നെ പെണ്ണ് കാണാൻ അവനെയും കൂട്ടി വരണമെന്നായിരുന്നു വിചാരിച്ചത്. എന്റെ കൈവശമുണ്ടായിരുന്ന നീ യറിയാതെ എടുത്തഫോട്ടോ എന്റെ അടുത്ത് ഉണ്ടായിരുന്നു... ഞാൻ അതവന് കാണിച്ചപ്പോൾ, ഞാൻ ഓർക്കുന്നു... അവന്റെ ഭാവമാറ്റം. അതിനുശേഷമാണവൻ മിസ്സിംഗ് ആയത്. പിന്നീടവനെ കണ്ടിട്ടേയില്ല അന്വേഷിക്കാതെ സ്ഥലവും ഇല്ല."
"ഞാനും... എലിസ പറഞ്ഞു. ഞാനായിരുന്നു അവന്റെ പാറു. ജീവാനോടെ ഉണ്ടെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു എനിക്ക്."
പിന്നീട് ആൽബിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾ വെറും ശൂന്യതമാത്രമായി. മൈക്കിളിനെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മദ്യത്തെകൂട്ട് പിടിക്കാൻ നോക്കി. ഒരു ദിവസം വെറുതെ അലഞ്ഞു നടക്കുന്നതിനിടയിൽ ആണ് ജസീന്തയെ വീണ്ടും കണ്ട്മുട്ടിയത് അത് തുണയായി. അവളോട് എല്ലാം തുറന്ന് പറയാൻ കഴിഞ്ഞപ്പോൾ ആൽബി പൊട്ടികരഞ്ഞുപോയി, അത്രയ്ക്ക്ണ്ടായിരുന്നു.. ആ ഉള്ളിലെ വിങ്ങലുകൾ.
ജസീന്തയായിരുന്നു പിന്നെ മൈക്കിളിന് പുറകെ, അവൾ കണ്ടെത്തുകതന്നെ ചെയ്തു.
മൈക്കിൾ ആകെ ക്ഷീണിച്ചിരുന്നു..അവന്റെ വിഷാദമുറ്റിയ കണ്ണുകളിൽ പ്രണയത്തിന്റെ വിരഹനിഴലുകൾ കോറിയിട്ടിരുന്നു.
"നീ... നീ.. എന്ത് പണിയാ കാണിച്ചത്... ആൽബി വിറയാർന്ന സ്വരത്തിൽ ചോദിച്ചു. നിന്നോളം വലുതായി എനിക്കൊന്നുമില്ലെടാ.."
"എനിക്കും.. അതാണ് ഞാൻ മിണ്ടാതെ പോയത്... മൈക്കിൾ തണുത്തസ്വരത്തിൽ പറഞ്ഞു. എലിസയെക്കാൾ പ്രിയപ്പെട്ടത് നീയായിരുന്നു."
എന്നാൽ നമ്മുക്ക് രണ്ട്പേർക്കും തെറ്റ്പറ്റി.. നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് എലിസ.. അവളെ ഇനിയെങ്കിലും നിരാശപെടുത്തരുത്. ആൽബി വിവാഹശേഷമുള്ള എല്ലാകാര്യങ്ങളും മൈക്കിളിനോട് പറഞ്ഞു.
ഡിവോഴ്സിന് എലിസ ഒരിക്കലും തയ്യാറല്ലായിരുന്നു.എന്നാൽ മൈക്കിളെ മറക്കാനും. അവസാനം ആൽബി തന്നെ മുൻകൈയെടുത്തുകൊണ്ട് രണ്ട് പേരെയും സമ്മതിപ്പിച്ചു.
"ആൽബി...എന്നെ വെറുക്കുമോ.." അവൾ അവസാനമായി ചോദിച്ചു.
"ഒരിക്കലും ഇല്ല... ഞാൻ ജസീന്തയെ വിവാഹം കഴിക്കുവാൻ പോവുകയാണ്. നിങ്ങളെ വിവാഹം കഴിയുന്നതോടുകൂടി ഞാൻ ജസീന്തയുമൊത്ത് ദുബായിലേക്ക് പോകും. നിങ്ങൾക്ക് രണ്ട് പേർക്കും സുഖവും, സമാധാനവുമുള്ള ജീവിതം ഉണ്ടാവണം, അത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു .. " അന്ന് ആദ്യമായി എലിസ അയാളുടെ വലത്തേ കൈ എടുത്തുകൊണ്ട് തന്റെ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു.
"നിന്നെ വിട്ടുപോകാൻ എനിക്ക് ഒട്ടും ഇഷ്‌ടമില്ലായിരുന്നു. നീ ജസീന്തയെ വിവാഹം കഴിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം. അത് പോലെ നിന്നെ മനസ്സിലാക്കാൻ ഞാൻ വൈകി പോയ് എന്നും."
ഇത്തവണ ആൽബി ഒന്ന് ഞെട്ടിയെങ്കിലും... അയാൾക്ക് ചോദിക്കാതിരിക്കാനായില്ല.
പിരിയുന്നതിൽ വിഷമമുണ്ടോ..?
പിരിഞ്ഞ്കഴിഞ്ഞില്ലേ... ഇനി ഈ ചോദ്യത്തിനെന്ത് പ്രസക്തി. എലിസ തന്റെ ട്രോളി ബാഗ് മൈക്കിളിനെ എൽപ്പിച്ചു, തോളിൽ ഒരു ബാഗ് തൂക്കി കൊണ്ട് എയർപോർട്ടിൽ വെച്ചു കാണാമെന്ന ഉറപ്പുനാൽ മൈക്കിളിനൊപ്പം നടന്നു നീങ്ങി.