ആ വീടിൻറെ പേര് പേരമരവീട് എന്നായിരുന്നു. വീടിനു മുമ്പിൽ നിന്നിരുന്ന ഒരു വലിയ പേരമരം കായ്ച്ചു കഴിഞ്ഞാൽ പക്ഷികൾക്കും വഴിയാത്രക്കാർക്കും പേരക്ക കഴിക്കാൻ അവസരമുണ്ടായിരുന്നു. അക്കാലത്തെ അവിടുത്തെ താമസക്കാരായ ഗോവിന്ദപൊതുവാളും ഭാര്യ സന്താനവല്ലിയും ആ പേരമരം മറ്റുള്ളവർക്കും വിട്ടുകൊടുത്തിരുന്നു.
വിദേശത്തായിരുന്ന മകൻ ശ്രീധരൻ നാട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. പക്ഷേ ഭാര്യാഭർത്താക്കന്മാർതമ്മിൽ ചേർച്ചയിൽ അല്ലെന്ന് അന്നേ പറഞ്ഞുകേട്ടിരുന്നു. അവർക്ക് നാട്ടുകാരുമായി വലിയ ബന്ധം ഇല്ലാതിരുന്നാൽ യഥാർത്ഥ വിവരങ്ങൾ പുറത്താരും അറിഞ്ഞിരുന്നില്ല.
പെട്ടെന്നൊരു ദിവസം മകൻറെയും മരുമകളുടെയും ആത്മഹത്യയാണ് പുറത്തറിയുന്നത്. അതു കഴിഞ്ഞ് ആറുമാസത്തിനകം അമ്മ സന്താന വല്ലിയും ഈ ലോകത്തോട് വിടപറഞ്ഞു. ഒടുവിൽ പൊതുവാൾ തീർത്ഥാടനത്തിന് എന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതാണ്. ഇതു വരെ തിരികെ വന്നിട്ടില്ല.അങ്ങനെ അടഞ്ഞുകിടക്കുകയായിരുന്നു പേരമര വീട്. ഇപ്പോൾ ചില ബന്ധുക്കളൊക്കെ അവകാശവാദ വുമായി കോടതിയിൽ എത്തിയിട്ടുണ്ട് എന്ന് കേൾക്കുന്നു.
ഇത്രയുമായപ്പോൾ നാട്ടുകാർ സ്വാഭാവികമായി ആ വീടുമായി അകലം പാലിച്ചു. അതുവഴി യാത്ര ചെയ്തവർ ആ പേരമരത്തിൽ രാത്രിയിൽ ചില ശബ്ദങ്ങളും വെളിച്ചവും ഒക്കെ കണ്ടതായി പറഞ്ഞു കേട്ടതു മുതൽ അതുവഴി രാത്രിയിൽ ആൾ സഞ്ചാരവും ഇല്ലാതെയായി.
അഞ്ചു വർഷത്തിനിപ്പുറം ഇന്നാണ് അവിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണുന്നത്. റബർ വെട്ടുകാരൻ വിൽസൺ അതുവഴി കവലയിലേക്ക് നടന്നുവരികയായിരുന്നു. അപ്പോൾ പേരമര വീടിൻറെ- അല്ല പ്രേതമര വീടിൻറെ കൊട്ടിയമ്പലം തുറന്ന് ഒരാൾ പുറത്തേക്കു വരുന്നു. അതിശയിച്ച് ഭീതിയോടെ വിൽസൺ ഒന്നുകൂടി നോക്കി. ഒരു സാധാരണ മനുഷ്യൻ തന്നെ. പക്ഷേ പരിചയമുള്ള ആളല്ല. വിൽസൺ നടത്തത്തിനു വേഗം കൂട്ടി. കുറച്ചു ദൂരം പിന്നിട്ട് തിരിഞ്ഞുനോക്കിയപ്പോൾ അയാൾ പിന്നിൽ തന്നെയുണ്ട്.
വിൽസൺ കവലയിലെത്തി, അവിടെനിന്നവരോട് വിവരം പറഞ്ഞു:
“പ്രേതമര വീട്ടിൽനിന്ന് ഒരാൾ ഇറങ്ങി വരുന്നതു കണ്ടു. അതാ അയാളാണ് ഇങ്ങോട്ട് വരുന്നത്. “
എല്ലാവരും ആ അൽഭുതമനുഷ്യനെ നോക്കി. ആർക്കും പരിചയമില്ല.
അയാൾ നേരെ കുഞ്ഞുണ്ണിയുടെ പലചരക്ക് കടയിൽ ചെന്ന് കുറച്ച് സാധനങ്ങൾ വാങ്ങി.
കവലയിൽ നിന്നവർ പതുക്കെ അയാളുടെ അടുത്തു കൂടി.
“എവിടുന്നാ? മുമ്പ് കണ്ടു പരിചയം ഇല്ലല്ലോ.”
“ഞാൻ ഈ നാട്ടുകാരനല്ല.”
“പിന്നെ ഇതു വഴി വന്നത് - ആ പ്രേതമര വീട്ടിൽനിന്ന് ഇറങ്ങി വരുന്നതു കണ്ടു.“
“അതോ - ഞാൻ ഇന്നലെ അതുവഴി വന്നപ്പോൾ നല്ല മഴ. നനയാതെ ആ വീടിൻറെ വരാന്തയിൽ കയറി നിന്നു. അപ്പോൾ അകത്തു നിന്നും ഒരു പെൺകുട്ടി ജനൽ തുറന്ന് എന്നെ വിളിച്ചു. “
കേട്ടുനിന്നവരുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.
“എന്നിട്ട് ?”
'’ഞാനങ്ങോട്ടു ചെന്നപ്പോൾ വിശക്കുന്നു കഴിക്കാൻ എന്തെങ്കിലും വാങ്ങി തരുമോ എന്നു അവൾ ചോദിച്ചു. ഞാൻ എൻറെ സഞ്ചിയിൽ ഉണ്ടായിരുന്ന ഏത്തപ്പഴവും വെള്ളവും കൊടുത്തു. അവൾ വളരെ അവശയായിരുന്നു. ഞാൻ അകത്തു കയറി നോക്കിയപ്പോൾ ആഹാരം ഉണ്ടാക്കാൻ ആ വീട്ടിൽ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ വന്നതാണ് “
“ആ പെൺകുട്ടിയെ നേരത്തെ കണ്ടിട്ടുണ്ടോ?”
“ ഇല്ല. ഞാൻ ആദ്യമായി കാണുകയാണ്.”
“അവിടെ അങ്ങനെ ഒരു പെൺകുട്ടി ഉള്ള കാര്യം നമുക്കാർക്കും അറിയില്ല.”
“പക്ഷേ ഞാൻ കണ്ടതല്ലേ? ഇപ്പോഴും അവിടെ തന്നെയുണ്ട്. “
നാട്ടുകാർ പരസ്പരം നോക്കി.
അയാൾ, വാങ്ങിയ സാധനങ്ങളുടെ പണംകൊടുത്ത് സഞ്ചിയുമായി തിരികെ നടന്നു. ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടിയ സന്തോഷത്തിൽ നാട്ടുകാർ പ്രശ്നം ചർച്ച ചെയ്തു.
“ഇയാൾ കണ്ടത് ആത്മഹത്യ ചെയ്ത ആ പെണ്ണിൻ്റെ പ്രേതത്തെയാണോ?”
“അല്ലാതെ നമ്മളാരും അവിടെ ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ.”
“എന്തായാലും അയാൾ പറഞ്ഞത് പൂർണമായി വിശ്വസിക്കേണ്ട. അവൻറെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ട്. “
“നമുക്ക് അങ്ങോട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കാം.”
“അതാ നല്ലത്. “
പ്രേതമര വീട്ടിലെ മുൻ അനുഭവങ്ങൾ അറിയാവുന്ന പലരും ആ ഉദ്യമത്തിൽ നിന്ന് പിന്മാറി. അവസാനം വിവരം പോലീസിൽ അറിയിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഇവിടെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പേരമര വീട്ടിൽ ഇന്ന് അപരിചിതനായ ഒരാളിനെ കണ്ടുവെന്നും അയാൾ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും അറിയിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് വന്നു. നാട്ടുകാർ പേരമരവീടിൻറെ മുമ്പിൽ തന്നെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പണ്ട് പേരമര വീട്ടിൽ അടുക്കള സഹായിയായി നിന്നിട്ടുള്ള ഭവാനി അമ്മച്ചിയും വടിയും കുത്തി അവിടെയെത്തി.
നാട്ടുകാരിൽ നിന്ന് അത് പ്രേതവീടാണെന്നു മനസ്സിലാക്കിയ എസ്. ഐ. പിന്നിലോട്ടു മാറി, പോലീസുകാരോട് അകത്തു കയറി നോക്കാൻ പറഞ്ഞു. അവർ കൊട്ടിയമ്പലം ഒന്നു തള്ളിയപ്പോൾ തന്നെ തുറന്നു. ശബ്ദം കേട്ട് വീടിൻറെ ജനൽ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്കു നോക്കി. പോലീസുകാരെ കണ്ട് അവൾ വാതിൽ തുറന്നു. ഇത്രയുമായപ്പോൾ എസ്.ഐ. ധൈര്യം സംഭരിച്ച് മുമ്പിലേക്കു വന്നു.
“നീ ആരാ? ഈ വീട്ടിലെ താമസക്കാരിയാണോ?”
“അല്ല.”
“പിന്നെ, ഇവിടെ എങ്ങനെ വന്നു?”
“എന്നെ ഒരാൾ കൂട്ടിക്കൊണ്ടു വന്നതാണ്.”
“അപ്പോൾ നിൻറെ വീട് - “
“എനിക്കു വീടില്ല. ഞാൻ ഓർഫനേജിൽ നിന്ന് അവിടുത്തെ കോളേജിൽ പഠിക്കുകയാണ്.”
“ഏത് ഓർഫനേജ്?”
“മേരി മാതാ ഓർഫനേജ്.”
"നിന്നെ ഇങ്ങോട്ടു കൊണ്ടു വന്ന ആളിനെ നേരത്തെ പരിചയം ഉണ്ടോ?”
“ഇല്ല.”
“പിന്നെ എങ്ങനെ നീ കൂടെ പോന്നു?”
'’ഞാൻ കോളേജിൽ നിന്ന് വരുന്ന വഴി അയാൾ എന്നെ തടഞ്ഞു നിർത്തി. മോളേ, ഞാൻ നിൻറെ അച്ഛനാണ്. നീ എൻറെ കൂടെ വരണം എന്ന് പറഞ്ഞു. എതിർത്തപ്പോൾ അയാൾ എൻറെ കൈയിൽ കടന്നു പിടിച്ചു. പിന്നീട് എനിക്ക് ഓർമ വരുന്നത് ഇവിടെ എത്തിയതിനു ശേഷമാണ്. “
“അതെന്താ? മയങ്ങാൻ ഉള്ള മരുന്ന് എന്തെങ്കിലും തന്നോ?”
°ഇല്ല. പക്ഷേ അയാൾക്ക് എന്തോ അത്ഭുതശക്തി ഉള്ളതുപോലെ തോന്നി. “
'’അതു കൊള്ളാമല്ലോ. അയാൾ എവിടെ?”
“ആ വശത്തുള്ള മുറിയിൽ ഉണ്ടായിരുന്നു.”
പോലീസ് വീടിൻറെ ചായ്പ്പിലേക്ക് നീങ്ങി. ആ വാതിൽ തുറന്നു കിടക്കുകയായിരുന്നു. പക്ഷേ അതിനകത്ത് ആരെയും കണ്ടില്ല. ഇൻസ്പെക്ടർ തിരികെ വന്ന് പെൺകുട്ടിയോട് ചോദിച്ചു:
“നിന്നെ ഇവിടെവച്ച് അയാൾ ഉപദ്രവിക്കുകയുണ്ടായോ?”
“അയ്യോ ഇല്ല. അയാൾ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. മോളേ എന്ന് വിളിച്ചാണ് സംസാരിച്ചത്.”
“നിൻറെ അച്ഛനും അമ്മയും - “
'’അറിയില്ല. ഞാൻ കുഞ്ഞുനാളിലേ ഓർഫനേജിൽ ആയിരുന്നു.”
"നിൻ്റെ പേര്?”
''സോഫിയ.”
പഴയ കാര്യങ്ങൾ കുറെയൊക്കെ ഓർമ്മയുള്ള ഭവാനി അമ്മച്ചി പറഞ്ഞു:
“ശ്രീധരന് ഒരു ക്രിസ്ത്യാനിപ്പെണ്ണുമായി രഹസ്യബന്ധമുണ്ടെന്നും അതിലൊരു മോൾ ഉണ്ടെന്നും അന്നേ പറഞ്ഞുകേട്ടിരുന്നു. ശ്രീധരനും ലാലിയും തമ്മിൽ - ങാ - ലാലിയെന്നായിരുന്നു അവൻ്റെ ഭാര്യയുടെ പേര്. അവര് തമ്മിൽ വഴക്കുണ്ടാകാൻ കാരണം അതായിരുന്നു “
പോലീസ്, സോഫിയ എന്ന ആ പെൺകുട്ടിയെ ജീപ്പിൽ കയറ്റി നേരെ ഓർഫനേജ് ലേക്ക് തിരിച്ചു. ജീപ്പിൻ്റെ പിൻസീറ്റിലിരുന്ന പെൺകുട്ടിയെ നോക്കി അമ്മച്ചി തുടർന്നു:
“കാര്യം ശരിയാ. ഈ പെൺകൊച്ചിന് ചത്ത ശ്രീധരൻ്റെമുഖച്ഛായതന്നെ.”
“എന്നു വച്ചാ-?”
“എന്നു വച്ചാ- മനസിലായില്ലേ? ഇവള് ശ്രീധരൻ്റെ മോള് തന്നെന്ന്.”
“അങ്ങനെയെങ്കിൽ നമ്മൾ കണ്ട ആ വഴിപോക്കൻ ആര്?”
“അയാളെ ഇപ്പൊ കാണുന്നില്ലല്ലോ.”
തെല്ലു ഭീതിയോടെ വിൽസൺ അമ്മച്ചിയോട് ഒരു സംശയം ചോദിച്ചു:
“ശ്രീധരൻ എന്നയാൾ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ എത്ര വയസു വരും ?”
“എൻറെ മൂത്ത മോൻ്റെ പ്രായമാണ്. ഒരു 55- 60 വയസ്സ് വരും.”
പെട്ടെന്ന് വിൽസൺ പറഞ്ഞു:
“നമ്മൾ കണ്ട ആളിനും ഏതാണ്ട് ആ പ്രായം വരുമല്ലോ.”
അപ്പോൾ കടയിലെ കുഞ്ഞുണ്ണി ഒരു വിവരം കൂടി നൽകി:
“അയാളുടെ മുൻവശത്തെ ഒരു പല്ല് പാതി പൊട്ടിയിട്ടുണ്ട്. “
അതുകേട്ട് അമ്മച്ചി വിളിച്ചുപറഞ്ഞു: “ശരിയാ. ശ്രീധരൻ്റെയും ഒരു പല്ല് പൊട്ടിയതായിരുന്നു.”
പിന്നെ അല്പ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അങ്ങനെയെങ്കിൽ തങ്ങൾ കണ്ടത്.. സംസാരിച്ചത്.. ശ്രീധരൻ്റെ പ്രേതമായിരുന്നോ അത്? മൗനം ഭഞ്ജിച്ചു കൊണ്ട് അമ്മച്ചി മറ്റൊരു രഹസ്യം കൂടി പുറത്തുവിട്ടു.
“അവരുടെ മരണം തീകൊളുത്തിയായിരുന്നല്ലോ. മുഖമൊന്നും തിരിച്ചറിയാൻ പറ്റിയിരുന്നില്ല. ഇനി മരിച്ചതു ശ്രീധരൻ അല്ലെങ്കിലോ - “
"ഈ അമ്മച്ചി ആളുകളെ പ്രാന്തു പിടിപ്പിക്കുമല്ലോ.”
പ്രേത മരത്തിൻ്റെ നിഴലിൽ നിന്ന് ആളുകൾ സാവധാനം പരിഞ്ഞു പോകാൻ തുടങ്ങി. അതിനിടയിൽ, പോലീസ് അടയ്ക്കാൻ മറന്നുപോയ
പ്രേതമര വീടിൻറെ കൊട്ടിയമ്പല വാതിൽ ആരോ വലിച്ചടച്ചു.