ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്, അടച്ചിട്ട വാതിലിൽ ആരോ മുട്ടുന്ന പോലെ. കാറ്റ് ആവാൻ വഴിയില്ല. നല്ല കാതലുള്ള വാതിലാണ്. ആരോ മുട്ടിയത് തന്നെ. സംശയമില്ല. ജനാല യുടെ ഒരു പാളി തുറന്നു
കിടക്കുന്നു. ഈശ്വരാ. ഇതു അപക ടമാണ്... ജനാലയുടെ പാളി അടക്കുമ്പോൾ വരാന്തയിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. ഇല്ല, അവിടെ നിന്നു നോക്കിയാൽ വാതിലിന്റെ മുൻ വശം കാണാൻ പറ്റില്ല.
ഇനി ഒന്നിരിക്കണം. അയാൾ കസാല വലിച്ചു അതിൽ ഇരുന്നു. അല്ലെങ്കിൽ തന്നെ താനെന്തിന് പേടിക്കണം? ഓർമയിൽ ഒരു തനിക്കു ശത്രു പോലുമില്ല. പെട്ടെന്ന് ഇങ്ങിനെ ഒരു ഭയം എവിടെ നിന്നു വന്നു?
ജനാലക്കപ്പുറം ഒരു നിഴൽ നീങ്ങിയില്ലേ? വേണ്ട, ഇനി അങ്ങോട്ട് നോക്കണ്ട. കൈ തലങ്ങൾ പിണച്ചു തലക്കു പുറകിലായി വച്ചു. കണ്ണുകൾ ഇറുകെ അടച്ചു. ഒന്നും ഓർക്കാതെ ഇരിക്കണം. കുറച്ചു നേരം അങ്ങിനെ ഇരുന്നു. നല്ല സുഖം. മെല്ലെ മെല്ലെ മയക്കത്തിന്റെ ചുഴികളിലേക്കു അയാൾ ഊളിയിടാൻ തുടങ്ങി.
ആ കാറിന്റെ സ്റ്റിയറിങ് വീലിനു പുറകിൽ താൻ തന്നെയാണല്ലോ. സുഷമ തൊട്ടടുത്തു ചെറിയ മയക്കത്തിലും. കുട്ടികൾ രണ്ടു പേരും പിൻ സീറ്റിൽ ഉറക്കത്തിലാണ്. മുൻപിൽ പാലത്തിന്റെ നിരപ്പ് വരെ പ്രളയ ജലം കയറിയിരിക്കുന്നു. മുന്നോട്ടു പോകണോ. പഴയ വീതി കുറഞ്ഞ പാലമാണ്. വെള്ളം ഉയരുന്നതിനു മുൻപ് പാലം കടക്കുന്നതാണ് ബുദ്ധി. ഗിയർ താഴ്ത്തി വണ്ടി മുൻപോട്ടു. പാലം തീരാറായി കാണും. ഇല്ല. വണ്ടി കിട്ടുന്നില്ല. നിയന്ത്രണത്തിൽ നിന്നും വിട്ടു പോവുന്നു. പാലത്തിന്റെ കൈ വരിയും തകർത്തു അതു താഴോട്ടു, താഴോട്ടു പോവുന്നു.
കാറിന്റെ വിൻഡോ ഗ്ലാസ് ആരോ തകർക്കുന്നു. വെള്ളം ഇരമ്പിയാർത്തു ഉള്ളിലേക്ക്. സുഷമേ. മക്കളേ. മൂന്നു നാലു കയ്യുകൾ അകത്തേക്ക് നീളുന്നു. അതു തന്നെ ശക്തിയോടെ പുറത്തേക്കു വലിച്ചു. സുഷമ.. മക്കൾ. അയാൾ എന്തോ പറയാൻ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. ബോധം മറയുന്നു.
പെട്ടെന്ന്, എന്തോ ശബ്ദം കേട്ട് ഉറക്ക ത്തിൽ നിന്നും അയാൾ ഞെട്ടി ഉണർന്നു. ആരോ മുട്ടുന്നു. അയാൾ ധൈര്യം സംഭരിച്ചു... കസാലയിൽ നിന്നും എഴുന്നേറ്റു.വാതിൽ തുറന്നാലോ. ഒരു പക്ഷെ, വല്ല വഴിപോക്കനോ മറ്റോ ആണെങ്കിലോ..വഴി ചോദിക്കാനോ അല്ലെങ്കിൽ ദാഹമകറ്റാനോ ആണെങ്കിലോ..?
അഥവാ, ആഗതൻ ശത്രു തന്നെ ആണെന്ന് വയ്ക്കുക. അയാൾ അന്യ ഗ്രഹ ജീവിയൊന്നും അല്ലലോ... താനെന്തിന് അയാളെ വെറുക്കണം. ഒരു ദൗത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് അയാളുടെ വരവെങ്കിൽ, അതു ചെറുക്കാൻ തനിക്കു അധികാരമില്ല. ചിന്തകൾ വീണ്ടും കാടു കയറുന്നു.
ഇപ്പോൾ തികഞ്ഞനിശ്ശബ്ദത. ആ മുട്ടു ഒന്നു കൂടി കേട്ടിരുന്നെങ്കിൽ അയാൾ... ആകാംഷ യോടെ വാതിൽകലേക്കു നോക്കി. വാതിൽ ധൈര്യ പൂർവം തുറക്കാം. ആഗതൻ ഒരു ആയുധധാരി ആയാലും ഭയക്കരുത്. ഒരിക്കൽ എന്നായാലും മരിക്കണം. വേദന ഇല്ലാത്ത മരണം പ്രതീ ക്ഷിക്കുന്നതിൽ അർത്ഥമില്ല. അതു ഭാഗ്യവാന്മാർക്കുള്ളതാണ്. കത്തി, ഇരുമ്പു വടി അല്ലങ്കിൽ ഒരു കൈത്തോക്ക്. എന്തുമാവട്ടെ..എത്രയും വേഗം വേണം. സുഷമയും മക്കളും തന്റെ വരവും കാത്തിരിപ്പുണ്ടാവും.സ്വർഗ്ഗ കവാടത്തിൽ വച്ചു അവർ തന്നെ തിരിച്ചറിയില്ലേ. അല്ലെങ്കിലും ഒരു വർഷത്തിനുള്ളിൽ അവർക്കെങ്ങിനെ മറക്കാൻ പറ്റും? അയാൾക്കു തലപെരുക്കുന്നതു പോലെ തോന്നി.
അഴിച്ചു വിട്ട വളർത്തുമൃഗത്തെ പോലെ മനസ്സു അങ്ങോട്ടു മിങ്ങോട്ടും പായുന്നു. ഇനി വയ്യ. കൂജയിൽ നിന്നും വെള്ളം പകർന്ന് കുടിച്ചപ്പോൾ ആശ്വാസം തോന്നി. ഉന്മേഷവും ധൈര്യവും വീണ്ടും വന്ന പോലെ. ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യവും, ശത്രുവിനോട്ഉള്ള അനുകമ്പയും കൃത്രിമ മല്ലേ. വെറുമൊരു കള്ളമല്ലെ.
ഇപ്പോൾ അയാൾ തികച്ചും നിസ്സംഗനായി മാറിയിരിക്കുന്നു.കാറ്റിന്റെ ഗതിയിൽ നീങ്ങുന്ന ഒരു കളി വഞ്ചി പോലെ മനസ്സു ഇനി പ്രത്യേകിച്ചു ഒന്നും ഓർക്കാൻ ഇല്ല. ചെയ്യാനും.
അയാൾ സാവധാനം നടന്നു ചെന്നു വാതിൽ തുറന്നു. ചെറിയ ശബ്ദത്തോടെ കാറ്റു വീശുന്നതൊഴിച്ചാൽ ഒരു ചലനവുമില്ല. ദൂരെ തുറന്നു കിടക്കുന്ന ഗേറ്റിനു മുൻപിൽ പാത നിവർന്നു കിടക്കുന്നു. ഇല്ല... ഈ കാണുന്ന
തു വിശ്വസിക്കാനാവുന്നില്ല. ആരോ ഉണ്ട്.ആയുധവുമായി അയാൾ എവിടെയോ പതുങ്ങി ഇരിപ്പുണ്ട്.
അയാൾ മുറ്റത്തേക്കിങ്ങി. വീടിനു ചുറ്റും നടന്നു. ആരുമില്ല. ആ അറിവ് അയാളെ ദുഃഖിപ്പിച്ചു. ആ ഏകാന്തത അയാളിൽ നിരാശ പടർത്തി.
പെട്ടെന്നാണ് അയാൾ അതു ശ്രദ്ധിച്ചത്..ദൂരെ, വളവിൽ വഴി തിരിയുന്നി ടത്തുആരോ നിൽക്കുന്നുണ്ട്. അയാൾ വീണ്ടും സൂക്ഷിച്ചു നോക്കി. ഈശ്വരാ... അതു സുഷമയാണല്ലോ... അവളുടെ രണ്ടു കയ്യുകളിലും പിടി
ചു നിൽക്കുന്നത് തന്റെ കുട്ടികളല്ലേ. അയാളുടെ കണ്ണുകൾ തിളങ്ങി. മുഖത്തു പ്രകാശം പരന്നു
സുഷമേ. അയാൾ ആവുന്നത്ര ഉറക്കെ വിളിച്ചു.ഒരു പക്ഷെ അയാളുടെ വിളികേട്ട് പ്രകൃതി പോലും ഒരു നിമിഷം ചലനമറ്റു നിന്നു കാണും. ഞാനിതാ വരുന്നു. അയാൾ ആവുന്നത്ര വേഗത്തിൽ നടന്നു. പക്ഷെ അയാളെ അമ്പരപ്പിച്ചു കൊണ്ട് വഴിയിൽ വെള്ളം കുതിച്ചെത്തി. ആദ്യം മുട്ടിനൊപ്പം. പിന്നെ നെഞ്ചിനോടൊപ്പം. അവസാനം കണ്ണുകളോടൊപ്പം ജല നിരപ്പായി.വെള്ളത്തിൽ കനമില്ലാത്ത ഒരു റബ്ബർ പന്തു പോലെ, അയാൾ കിടന്നു അപ്പോഴും ഒരു സ്വപ്നത്തിൽ മയങ്ങുകയായിരുന്നു അയാൾ. നിറയെ വർണ ങ്ങളുള്ള ഒരു മന്ദ്ര മധുരമായ സൈക്കഡലിക് സ്വപ്നം....!