മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"നീ എന്തിന് കടം മേടിക്കുന്നു... നീയൊരു പെണ്ണല്ലേ. ..നിനക്ക് പണമുണ്ടാക്കാൻ വേറെ വഴിയില്ലേ?"

വൈകുന്നേരം വീടിന്റെ പൂമുഖത്തിരുന്നു ചായകുടിക്കുകയായിരുന്നു ഞാനും കുടുംബാംഗങ്ങളും. ഈ  സമയത്താണ് അയൽവീട്ടിലുള്ള 'ആരിഫയും' രണ്ടുമക്കളും കൂടി ഓട്ടോറിക്ഷയിൽ അവരുടെ വീട്ടുമുറ്റത്തുവന്ന് ഇറങ്ങിയത് .അസമയത്തുള്ള ആരിഫയുടെ വരവ് കണ്ട് ഞങ്ങൾക്ക് എന്തൊക്കെയോ പന്തികേട് തോന്നി .

ആരിഫ ഇടയ്ക്കിടെ ഭർത്താവുമായി പിണങ്ങി കുട്ടികളുമൊത്ത് വീട്ടിൽ വന്നുനിൽക്കാറുണ്ട് .വീട്ടിൽ അവളുടെ ബാപ്പയും ,ഉമ്മയും ,സഹോദരനും ഭാര്യയും രണ്ടുകുട്ടികളുമുണ്ട് .ചിലപ്പോൾ ... സ്‌കൂളവധിയുള്ളപ്പോൾ ആരിഫ മക്കളേയുംകൂട്ടി വീട്ടിൽ വരും .ഒന്നോ ,രണ്ടോ ദിവസം വീട്ടിൽ താമസിച്ചു മടങ്ങിപ്പോകും .

എന്നിരുന്നാലും ഡ്രൈവറായ അവളുടെ ഭർത്താവ് 'അബ്‌ദുസ്സലാം' ഒരിക്കൽപോലും ഭാര്യ വീട്ടിലേക്ക് വരാറില്ല .വന്നാൽ തന്നെ അത് അപൂർവ്വമായ സംഭവമായിരിക്കും .വീട്ടിൽ കൊണ്ടുവന്നു ഭാര്യയേയും , മക്കളേയും വിട്ട ശേഷം ഉടൻതന്നെ ബൈക്കിൽകയറി ഓടിച്ചുപോകാറാണ് പതിവ് .

ആരിഫയും കുടുംബവും തറവാട്ടിൽ നിന്നും കുറച്ചകലെ ടൗണിനടുത്തുള്ള ഒരു വാടകവീട്ടിലാണ് താമസം .ആരിഫയ്ക്ക് അവിടെ അടുത്തുള്ള ടെയ്‌ലറിങ്ഷോപ്പിൽ തയ്യൽ ജോലിയുണ്ട് .കുട്ടികൾ തൊട്ടടുത്തുള്ള സ്കൂളിൽ വിദ്യാർത്ഥികളാണ് .

ആരിഫ സാധാരണ വീട്ടിൽവരുന്നത് ബസ്സിലാണ് .ഇല്ലെങ്കിൽ ഭർത്താവിന്റെ ബൈക്കിൽ .പക്ഷേ ,ഇത്തവണ ഓട്ടോറിക്ഷയിലാണ് ആരിഫയും മക്കളും വീട്ടുമുറ്റത്തുവന്നിറങ്ങിയത് .ഓട്ടോയിൽ നിന്നും ഇറങ്ങിയ ശേഷം ആരിഫയും ,ഡ്രൈവറും ചേർന്ന് വണ്ടിയിൽനിന്നും എന്തൊക്കെയോ സാധനസാമഗ്രികൾ വീട്ടുവരാന്തയിലേക്ക് ഇറക്കിവെക്കുകയും ചെയ്തു .അതിൽ പാത്രങ്ങളും , തുണികളുമെല്ലാം ഉണ്ടായിരുന്നു .ഈ ഒരു കാഴ്ചയാണ് ആരിഫയുടെ വരവിൽ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നാൻ കാരണം .

ആരിഫയും ഞാനും സഹപാഠികളാണ്. കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചും , പഠിച്ചും വളർന്നവർ .പ്ലസ്ടൂപഠനം കഴിഞ്ഞതോടെ അവളെ വീട്ടുകാർ വിവാഹം ചെയ്തയച്ചു .ടാക്സിഡ്രൈവറായ അബ്‌ദുസ്സലാമുമൊത്തുള്ള ആരിഫയുടെ കുടുബജീവിതം സുഖമുള്ളതായിരുന്നില്ല .വിവാഹംകഴിഞ്ഞൊരുവർഷം ആകുന്നതിനുമുന്നേ അവരുടെ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു തുടങ്ങി .അബ്‌ദുസ്സല്ലാം ആരിഫയ്‌ക്കൊരു ഭാരമായിത്തീർന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

മദ്യപാനത്തിലും ,ചീട്ടുകളിയിലുമെല്ലാം ആസക്തനായിരുന്ന അവൻ ദിവസങ്ങൾ കടന്നുപോകവേ അതിന്റെ സർവ്വ പരിധിയും ലംങ്കിച്ചു തുടങ്ങി .കുടുംബകാര്യങ്ങളിലൊന്നും ശ്രദ്ധചെലുത്താതെ ...സ്വന്തം കാര്യമെന്നതായി അവന്റെ മനോഭാവം .

മദ്യപാനത്തിനും ,കൂട്ടുകെട്ടിനുമൊന്നും പണം തികയാതെ വന്നതോടെ ആരിഫ എവിടെന്നെങ്കിലുമൊക്കെ പണം കടം വാങ്ങികൊടുക്കേണ്ടുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ .ആദ്യമൊക്കെ അവൾ ഉമ്മയോടും ,സഹോദരനോടുമെല്ലാം ഓരോ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് പണം വാങ്ങി ഭർത്താവിന് നൽകി .ഇടയ്ക്കൊക്കെ അവൾ അയൽ വീടുകളിൽ നിന്നും പണം കടംവാങ്ങി ഭർത്താവിന് നൽകിപ്പോന്നു .ഈ കാലയളവിനുള്ളിൽത്തന്നെ അവൾക്ക് സ്ത്രീധനമായികിട്ടിയ പണവും സ്വർണ്ണവുമെല്ലാം ഭർത്താവ് നശിപ്പിച്ചുകഴിഞ്ഞിരുന്നു .ജീവിതം തീർത്തും വഴിമുട്ടിയ അവസ്ഥ .സലാമുമൊത്തുള്ള ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും തോന്നിപ്പോയ നിമിഷങ്ങൾ .ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ആരിഫ ഈ കാര്യം വീട്ടുകാരോട് സൂചിപ്പിച്ചു .

"മോളേ ഒരു കുടുംബജീവിതമാകുമ്പോൾ പലതും നമ്മൾ സഹിക്കേണ്ടിവരും .പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവരും .എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള മനസ്സുണ്ടാകണം .സ്നേഹംകൊണ്ട് നീ നിന്റെ ഭർത്താവിനെ മാറ്റിയെടുക്കണം ."അന്ന് വാപ്പ അവളെ ആശ്വസിപ്പിച്ചു .

"അതെ ,മോളേ ...എല്ലാം സഹിക്കണം .ഈ രണ്ടു കുഞ്ഞുങ്ങളെ ഓർത്തെങ്കിലും നീ അവനോടൊപ്പം ജീവിക്കണം .നീ ഭർത്താവിനെ ഉപേക്ഷിച്ചു ജീവിക്കുകയാണെന്നുവെച്ചാൽ ഈ കുഞ്ഞുങ്ങളുടെ ഭാവി എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ ...അവർക്ക് ബാപ്പയുടെ സ്നേഹം നഷ്ടമാവില്ലേ .?അതുകൊണ്ട് നിന്റെ കുട്ടികളുടെ ഭാവിയെകരുതിയെങ്കിലും നീ എല്ലാം സഹിച്ചുകൊണ്ട് അവനുമൊത്തു മുന്നോട്ടുപോകണം ."ഉമ്മാ അവളെ ഉപദേശിച്ചു .

"എത്രകാലമെന്നുകരുതിയാണ് സഹിച്ചുജീവിക്കുക .എനിക്കും മക്കൾക്കും ഒരുരൂപയുടെപോലും പ്രയോജനമില്ലാത്ത ഭർത്താവിന്റെ ആവശ്യത്തിനനുസരിച്ചു ഞാനെവിടുന്നാണ് അയാൾക്ക് പൈസ ഉണ്ടാക്കികൊടുക്കുന്നത് .?"

അന്ന് ആരിഫ കുടുംബാഗങ്ങൾക്കുമുന്നിൽ തന്റെ ആവലാതി ഉണർത്തിച്ചു .എന്നിരുന്നാലും ഏതാനും ദിവസത്തിനു ശേഷം മക്കളുടെ ഭാവിയെക്കരുത്തി ആരിഫ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി .തയ്യൽജോലി ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു .

ഈ കാര്യങ്ങളൊക്കെ അയൽക്കാരനായ എനിക്കും അറിവുള്ളതാണ് .പക്ഷേ ,ഇപ്പോൾ എന്താണ് പുതിയ വിഷയം .ആരിഫയുടെ ഈ വരവിന് പിന്നിലുള്ള കാരണം എന്താണ് .കാപ്പികുടിച്ചശേഷം ഞാൻ മെല്ലെ അവിടേക്ക് നടന്നു .

ഞാൻ ചെല്ലുമ്പോൾ ആരിഫയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു വീട്ടിലെല്ലാവരും .വീട്ടുകാരും ,അയൽക്കാരുമെല്ലാം അവളെകുറ്റപ്പെടുത്തുകയാണ് .

"ഒരെടുത്തുചാട്ടത്തിന് അവസാനിപ്പിക്കാവുന്നതാണോ കുടുംബജീവിതം .രണ്ടുപെൺകുട്ടികളുടെ അമ്മയാണെന്ന കാര്യം നീ മറന്നുപോയോ .എല്ലാംതികഞ്ഞ ഭർത്താക്കന്മാർ ഏത് കുടുംബത്തിലാണ് ഉള്ളത് .എന്തെല്ലാം വിട്ടുവീഴ്ചകൾ ചെയ്താലാണ് ഒരു കുടുംവജീവിതം മുന്നോട്ടുപോവുക .മദ്യത്തിന്റെപുറത്ത് ഭർത്താവ് എന്തെങ്കിലും പറഞ്ഞെന്നുകരുതി വിവാഹബബന്ധം വേർപിരിഞ്ഞാൽ നീ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവരും ."വീട്ടുകാരുടേയും നാട്ടുകാരുടേയും ഉപദേശങ്ങൾ ഇങ്ങനെ തുടർന്നുപോയിക്കൊണ്ടിരുന്നു .

ഞാൻ ആരിഫയെനോക്കി .അവൾ നിസ്സംഗയായി പൂമുഖത്തെ തൂണിൽച്ചാരി നിൽക്കുകയാണ് .അവളുടെ അടുക്കൽത്തന്നെ അവളുടെ രണ്ടുപെൺകുട്ടികളും നിൽക്കുന്നുണ്ട് .അവളുടെ മുഖഭാവത്തിൽ നിന്നും കാര്യമായതെന്തോ സംഭവിച്ചിട്ടാണ് അവൾ വീട്ടിൽ നിന്നും പിണങ്ങിവന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

"നിന്റെ തീരുമാനം അവസാനത്തേതാണോ .?" ആരിഫയുടെ സഹോദരൻ അവളെനോക്കി ചോദിച്ചു .ഈ സമയം ആരിഫ മടങ്ങിവന്നതിലുള്ള അനിഷ്ടം അവന്റേയും ഭാര്യയുടേയും മുഖത്തു നിറഞ്ഞുനിക്കുന്നത് ഞാൻ കണ്ടു .

"അതെ ,എന്റെ തീരുമാനം അവസാനത്തേതാണ് ."ആരിഫയുടെ വാക്കുകൾ ഉറച്ചതായിരുന്നു .

"നീ ഭർത്താവിനെ ഉപേക്ഷിച്ചുകൊണ്ട് വീട്ടിൽവന്നു നിൽക്കുകയാണെന്നുപറഞ്ഞാൽ അതിന്റെ നാണക്കേട് ഞങ്ങൾക്കുംകൂടിയാണ് .അതു നീ മറക്കരുത് ."ആരിഫയെനോക്കി പറഞ്ഞിട്ട് സഹോദരൻ വീടിനുള്ളിലേക്ക് കയറിപ്പോയി .അവനുപിന്നാലെ ആരിഫയെനോക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവന്റെ ഭാര്യയും അകത്തേക്ക് കയറിപ്പോയി .

"ഞാൻ മടങ്ങിവന്നിരിക്കുന്നത് നിങ്ങൾക്കാർക്കും മാനക്കേട് ഉണ്ടാകരുത് എന്ന് വിചാരിച്ചിട്ടുകൂടിയാണ് ."അവൾ വീട്ടുകാരെനോക്കി മെല്ലെപ്പറഞ്ഞു .

എന്താണ് സംഭവമെന്ന് ആരിഫയോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ... പിന്നൊരിക്കലാവാമെന്നു മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻമെല്ലെ വീട്ടിലേക്ക് തിരികെപോന്നു .

പിറ്റേദിവസം ,പറമ്പിലെ ജോലികഴിഞ്ഞു കുളിക്കുവാനായി വീടിനുപിന്നിലുള്ള തോട്ടിലേക്ക് ചെന്നു ഞാൻ .ആ സമയം തോട്ടിൽനിന്നും കുളികഴിഞ്ഞു കുട്ടികളുമൊത്ത് നടന്നുവരുന്ന ആരിഫയെ കണ്ടു .അവളെന്നെനോക്കി ചിരിച്ചു ,ഞാനും .ഈ സമയം ഞാൻ അവളോട് മടങ്ങിവരവിന്റെ കാര്യത്തെക്കുറിച്ചു തിരക്കി .അവൾ പറഞ്ഞ വാക്കുകൾ ഒരുനിമിഷം എന്നെ നടുക്കിക്കളഞ്ഞു .

"ഭർത്താവ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണം കൊടുത്തു ഞാൻ .എന്റെ കൈയിൽ ഇല്ലാത്തപ്പോ ...ഉള്ളവരിൽനിന്നും കടംവാങ്ങിക്കൊടുത്തു .ഒടുവിൽ പണമൊന്നും ഇല്ലാത്ത അവസ്ഥയിലായി .കടം തരാനും ആരുമില്ലാത്ത അവസ്ഥ .നാട്ടിലാകെ കടംകൊണ്ടു നിറഞ്ഞിരിക്കുന്നു .ഇതുപറഞ്ഞപ്പോൾ ഭർത്താവ് എന്നോട് പറയുകയാ ."

"നീ എന്തിനു കടം മേടിക്കുന്നു ...നീയൊരു പെണ്ണല്ലേ ...നിനക്ക് പണമുണ്ടാക്കാൻ വേറെ വഴിയില്ലേ ..എന്ന് .?"

"ഇന്ന് എന്നോട് ചോദിച്ചത് ...നാളെ എന്റെ പെണ്മക്കളോട് അയാൾ  ചോദിക്കില്ലെന്ന് ആരുകണ്ടു .?"അതുകൊണ്ട് അങ്ങനുള്ളൊരു ,ബാപ്പയെ  എന്റെ മക്കൾക്ക് വേണ്ടെന്നു ഞാൻ സ്വയം തീരുമാനിച്ചു .എന്റെ തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ."പറഞ്ഞിട്ട് കുട്ടികളെ ചേർത്തുപിടിച്ചുകൊണ്ട് ആരിഫ എന്റെ നേർക്ക് നോക്കി .

ഒരുനിമിഷം എന്തുപറയണമെന്നറിയാതെ അവളുടെ മുന്നിൽ നിശ്ചലം നിന്നുപോയി ഞാൻ .എന്നിട്ട് അവളുടെ വിഷാദംനിറഞ്ഞ മിഴികളിലേക്ക് നോക്കിക്കൊണ്ട് ...മെല്ലെപ്പറഞ്ഞു .

"ആരിഫ ,ചെയ്തതാണ് ശരി."

"ഞാൻ ചെയ്തത് ശരിയാണെന്ന് ഒരാളെങ്കിലും പറഞ്ഞല്ലോ. സന്തോഷമാ യെനിക്ക്." നിറമിഴികളോടെ എന്നെനോക്കി പറഞ്ഞിട്ട് കുട്ടികളേയും കൂട്ടി വീട്ടിലേക്ക്നടന്നു അവൾ.                

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ