mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇരുട്ടിൻ്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങുമ്പോൾ ചാറ്റൽ മഴ പെയുന്നൂണ്ടായിരുന്നൂ. ചരൽ പാകിയ ഗ്രാമവീഥിയിൽ നിന്നും റോഡിൽ കയറി നേരെ നടക്കുമ്പോൾ യാത്രക്കാരാരും തന്നെ ദൃഷ്ടിയിൽ പതിഞ്ഞില്ല.

മുൻപൊക്കെ രാവേറെ ചെന്നാലും വഴിയോരം ഇക്കണക്കിനു വിജനമാകാറിലായിരുന്നൂ. അത്താഴം കഴിഞ്ഞ് സുഹൃത്തുക്കളുമായി സൊള്ളാൻ മോട്ടോർ സൈക്കിളുമായി ഇറങ്ങുന്ന ചെറുപ്പക്കാർ മുതൽ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ വരെ പതിവ് കാഴ്ചകൾ ആയിരുന്നു. പുറം നാട്ടിലെ നീണ്ട ഔദ്യോഗിക ജീവിതം സ്വന്തം നാടിനെ എതാണ്ട് അന്യമാക്കിയിരുന്നു. സ്ഥിരം സന്ദർശിക്കുന്ന കടഉടമകളും മെഡിക്കൽ ഷോപ്പ് നടത്തുന്ന തൃശൂർകാരനെയും മാറ്റി നിർത്തി കഴിഞ്ഞാൽ ഒരു വരത്തൻ്റെ സ്ഥാനമേ ഇപ്പൊൾ സ്വയം കൽപിച്ചിട്ടുള്ളൂ. അതുകൊണ്ട് രാത്രിയാണ് നടക്കാറ്.

സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. മഴ ചന്നം പിന്നം പെയുന്നുണ്ടായിരുന്നൂ അപ്പോഴും. മഴക്കോട്ടിൻ്റെ മറവിൽ മുഖം ഒളിപ്പിച്ചു ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. അവിടെ കുറച്ച് നേരം വിശ്രമിക്കുന്നതൊരു ശീലമായി മാറി കഴിഞ്ഞു.

അടഞ്ഞു കിടക്കുന്ന ഒറ്റപ്പെട്ട കടകളിൽ നിന്നും ബഹുവർണങ്ങളിൽ പതിക്കുന്ന പ്രകാശം നനഞ്ഞ റോഡിൽ അഴകിൻ്റെ ഒരു പന്തൽ തന്നെ ഒരുക്കിയിയുണ്ട്. നിരത്തിൽ വീണ് ചിതറുന്ന മഴത്തുള്ളികൾ വ്യത്യസ്ത വർണങ്ങൾ വിരിയിച്ചു കാലിന്നു ചുറ്റും തിമിർത്താടുന്നതും നോക്കി നടന്ന് ബസ്സ് സ്റ്റോപ്പിൽ കയറി.

ഇപ്പൊൾ മഴ കുറെ കൂടി ശക്തമാണ്. പെട്ടെന്ന് ഒരു ആംബുലൻസ് ഒരു ദീനരോദനത്തോടെ വെള്ളം തെറിപ്പിച്ച് പാഞ്ഞുപോയി. കുറച്ച് കാലമായി ആംബുലൻസുകൾ തെരുവുകൾ കീഴടക്കിയിരിക്കുന്നു. നഗരവാസികളുടെ സ്വസ്ഥമായ ഉറക്കം കെടുത്തിയിരുന്നവ ഇന്ന് ഗ്രാമത്തിലും എത്തിക്കഴിഞ്ഞു.

തലേന്ന് ടീവിയിൽ കണ്ട ദൃശ്യശകലം മനസ്സിൽ തെളിഞ്ഞ് വന്നു.നൂറുകണക്കിന് വെള്ള പുതപ്പിച്ച ചേതനയറ്റ ശരീരങ്ങൾ ഉറ്റവരോ ഉടയവരോ ഇല്ലാതെ ഒരേ കുഴിയിൽ എറിയപ്പെടുന്ന രംഗം.

അകാരണമായ ഒരു ഭയം മനസ്സിൽ ഊറി വരുന്നതായി അയാൾ അറിഞ്ഞു.

വർഷങ്ങൾക്കു മുമ്പാണ് മാതാപിതാക്കളുടെ വിയോഗം . അന്ന് ചോരത്തിളപ്പിൻ്റെ കാലമായിരുന്നു.എന്നാലിപ്പോൾ ചെറിയ കാര്യങ്ങൾ പോലും മനസ്സിന് വലിയ ഭാരം തരാറുണ്ട്. സിനിമ പോലും തിരഞ്ഞെടുത്തു മാത്രമെ കാണാറുള്ളൂ. അലോസരമുണ്ടക്കുന്ന രംഗങ്ങൾ കാണുമ്പോൾ സ്വന്തം ജീവിതത്തിൽ അവ സംഭവിക്കുമോ എന്ന ആശങ്ക ഉടലെടുക്കാറുണ്ട്. മുടങ്ങാതെ തുടർന്നിരുന്ന പത്രപാരായണം പോലും ഇക്കാരണത്താൽ വല്ലപ്പോഴും മാത്രമായി ചുരുങ്ങി. കേൾക്കുന്ന വാർത്തകളും ശുഭകരമല്ല.

വിളിപ്പാടകലെ ഗ്രാമത്തിൻ്റെ തിലകക്കുറിയായ ഫാക്ടറിയിൽ അടുത്ത ഷിഫ്റ്റ് അറിയിക്കുന്ന സൈറൺ മുഴങ്ങി. മഴ കുറവുണ്ട്. കൈ രണ്ടും പോക്കറ്റിൽ തിരുകി തിരികെ നടക്കാൻ തുടങ്ങി. മനസ്സിൽ തലേന്ന് കണ്ട വാർത്താശകലം വൈറസിനെ പോലെ പെറ്റുപെരൂകിയിരുന്നു. വൈറസ് ബാധ ഏൽക്കാതെ മരിച്ചുപോയ മാതാപിതാക്കളെ ഓർത്തു. അങ്ങിനെ മരിക്കാൻ കിട്ടിയ അവരുടെ ഭാഗ്യത്തെ കുറിച്ചും.

നടന്ന് നടന്ന് വീടടുത്തിരുന്നു. ദൂരെനിന്നും മുഴങ്ങുന്ന മറ്റൊരു ദീനരോദനം അയാൾ നിന്നിടം ലക്ഷ്യമാക്കി വരുന്നത് അറിയാനുള്ള ഇന്ദ്രിയബോധം അയാൾക്കു കൈമോശം വന്നിരുന്നു. നീറുന്ന മനസ്സ് മരിച്ചവരോടൊപ്പമായിരുന്നൂ. ശ്രവണപുടങ്ങളിൽ മഴയുടെ മേളവും. 

ചീറി പാഞ്ഞ് വന്ന ആംബുലൻസ് മുന്നിലുള്ള തടസ്സം ഇടിച്ചകറ്റി വാഹനതിനുള്ളിലെ പ്രാണവായുവിനായി പിടയുന്ന ജീവനെ രക്ഷിക്കാൻ അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. അടുത്ത നിമിഷം കറുത്ത മഴകോട്ടിലെ അവസാന പിടച്ചിൽ ആ രാത്രിയിലെ വിജനതയിൽ നടന്ന വൈറസിതര മരണമായിഎഴുതി ചേർക്കപ്പെട്ടു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ