മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഷീല നാട്ടിലെ അറിയപ്പെടുന്ന ഒരു നല്ല തയ്യൽക്കാരിയാണ്. കൃത്യസമയത്തു തന്നെ ആളുകൾക്ക് തുണി തയ്ച്ചു കൊടുക്കും. അതുകൊണ്ട് ജനങ്ങൾക്കിടയിൽ അവർക്ക് നല്ല മതിപ്പാണ്. 'ശ്രേഷ്ഠമായ മനസ്സിൽ നിന്നു മാത്രമേ  ശ്രേഷ്ഠമായ പ്രവൃത്തികൾ ഉണ്ടാകു'

ഷീലയുടെ ഭർത്താവ് പ്രസന്നൻ ആളൽപ്പം പിശകാണ്. കല്ലുപണിക്കാരനായ അയാൾ നിത്യവും മദ്യപിച്ചാണ് വീട്ടിലെത്തുന്നത്. പണി കഴിഞ്ഞു വരുന്ന പ്രസന്നൻ ഏതെങ്കിലും ഷാപ്പിൽ കയറി മദ്യപിച്ച ശേഷം, ആരെങ്കിലുമായി വഴക്കുണ്ടാക്കി നാലു തല്ലു വാങ്ങിയ ശേഷമേ വീട്ടിലെത്തു.

മിക്ക ദിവസങ്ങളിലും ഷർട്ടും കീറി, ബട്ടൻസും ഇല്ലാതെയാണ് വീട്ടിൽ വരുന്നത്. വീട്ടിലെത്തിയാൽ ആളു പാവമാണ്. ഭാര്യയെയും, കുട്ടികളെയും ഉപദ്രവിക്കാറില്ല. അവരെ വളരെ സ്നേഹമാണ്.

വെടിപ്പും, വൃത്തിയും ഒക്കെയായി ജീവിക്കുന്ന ഷീലക്ക് ഭർത്താവിൻ്റെ ചെയ്തികളിൽ വളരെ സങ്കടമുണ്ട്. കോപത്തോടെ സംസാരിച്ചാലും, സ്നേഹത്തോടെ സംസാരിച്ചാലും, പ്രസന്നൻ എല്ലാം കേട്ട ശേഷം വെറുതെ ഇരുന്നു കരയും.

പ്രസന്നൻ്റെ ഈ അവസ്ഥ എന്നും കാണുന്ന ഷീല അവസാനം അയാളെ സമാധാനിപ്പിച്ചിട്ട് കിടന്നുറങ്ങും.

രാവിലെ പണിക്കു പോകുവാൻ തുടങ്ങുന്ന പ്രസന്നൻ.., ബട്ടൻസില്ലാത്ത ഷർട്ടുമായി നിൽക്കുന്നതു കാണുമ്പോൾ ഷീലക്ക്‌ സങ്കടം വരും.  ഉടനെ തന്നെ ഷർട്ടു വാങ്ങി ബട്ടൻസ് തയ്ച്ചു കൊടുക്കും.

എല്ലാ ദിവസവും പാലുമായി വരുന്ന ദിവാകരൻ കാണുന്ന കാഴ്ച ഷീല ബട്ടൻസ് തയ്ച്ച ശേഷം അതിൽ ചുംബിക്കുന്നതാണ്.

യാതൊരു വിധ ദുസ്വഭാവവും ഇല്ലാത്ത ദിവാകരൻ എന്നും ഇതു കാണുമ്പോൾ ചിന്തിക്കും "തനിക്ക് ഇങ്ങനെ ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചിട്ടും തൻ്റെ ഷർട്ടൊന്നു തേച്ചു തരാനോ. ഒരു ബട്ടൻസ് പിടിപ്പിച്ചു തരാനോ തൻ്റെ ഭാര്യക്ക് നേരമില്ല".

സ്ഥിരമായി ഷീല ചെയ്യുന്ന ഈ പ്രക്രിയ കണ്ടു മടുത്ത ദിവാകരൻ ഒരു ദിവസം തൻ്റെ ഭാര്യയുമായി വന്നു. ദൂരെ നിന്നേ ഷീല തയ്ക്കുന്നതു കണ്ട ദിവാകരൻ, ഭാര്യയെ ആദ്യം പറഞ്ഞയച്ചു.

പതിവില്ലാതെ പാലുമായി കടന്നു വന്ന ദിവാകരൻ്റെ ഭാര്യ ഒന്നും മിണ്ടാതെ ഷീലതയ്ക്കുന്നതും നോക്കി നിന്നു. ബട്ടൻസ് പിടിപ്പിച്ചതിനു ശേഷം ഷീല അതിൽ ചുംബിക്കുന്നതു കണ്ട അവർക്ക് ഒരു കാര്യം പിടികിട്ടി. തൻ്റെ ഭർത്താവ് ഒരു മണ്ടനും. യാതൊരു വിവരവുമില്ലാത്തവനാണെന്ന്.

ഷീല ബട്ടൻസ് തയ്ച്ച ശേഷം അതിൽ ചുംബിക്കുന്നതല്ല, മറിച്ച് ബട്ടൻസ് തയ്ച്ച ശേഷം അതിലെ നൂൽ കടിച്ചു പൊട്ടിക്കുന്നതാണ്

കാര്യം മനസ്സിലായ ദിവാകകൻ്റെ ഭാര്യ പാൽ വരാന്തയിൽ വെച്ചശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. മരമണ്ടനായ ദിവാകരൻ ഭാര്യയോട് എന്തൊക്കെയോ ചോദിച്ചു. ഒന്നിനും മറുപടി പറയാതെ ചെറു പുഞ്ചിരിയോടെ വേഗത്തിൽ നടന്ന ഭാര്യയുടെ പിന്നാലെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ദിവാകരനും നടന്നു നീങ്ങി.... '  അപ്പാഴും അവൻ്റെ മനസ്സിൽ ബട്ടൻസിലെ ചുംബനം......!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ