ശിഷ്യൻ: ഗുരോ എന്തു ചെയ്തിട്ടും മനസ്സമാധാനം കിട്ടുന്നില്ല.
ഗുരു: പാലം കടന്നു താഴ് വാരത്തെത്തിയാൽ ഒരു വീടു കാണാം. അവിടെ മൂന്നു നാൾ താമസിക്കുക. നീ അന്വേഷിക്കുന്നത് കണ്ടെത്താനാവും.
മൂന്നു നാളുകൾക്കു ശേഷം തിരിച്ചെത്തിയ ശിഷ്യൻ പറഞ്ഞു. അങ്ങു പറഞ്ഞതു പ്രകാരം ഞാൻ അനുസരിച്ചു. ആദ്യ ദിവസം ഒരാൾ എനിക്ക് പക്ഷിക്കുഞ്ഞുങ്ങൾക്ക് തീററ കൊടുക്കുന്നത് കാണിച്ചു തന്നു. രണ്ടാം ദിവസം രാത്രിയിലുടനീളം അയാൾ എന്നെക്കൊണ്ട് ഏതോ ഗ്രന്ഥത്തിലെ വരികൾ പാരായണം ചെയ്യിച്ചു. മൂന്നാം ദിവസം പകൽ മുഴുവൻ തിരക്കേറിയ മാർക്കറ്റിലെ ബഹളത്തിൽ എന്നെ അയാൾ തനിച്ചു നിർത്തി. മറെറാന്നും സംഭവിച്ചില്ല. ഇതിലെവിടെയാണ് മനസ്സമാധാനത്തിന്റെ രഹസ്യമുള്ളതെന്നു മാത്രം മനസ്സിലായില്ല.
ഗുരു: സ്വാതന്ത്ര്യത്തിനും ബന്ധനത്തിനുമിടയിൽ,
കാണലിനും മനസ്സിലാക്കലിനുമിടയിൽ,
ശബ്ദത്തിനും നിശ്ശബ്ദതയ്ക്കുമിടയിൽ,
ആൾക്കൂട്ടത്തിനും ഏകാന്തതയ്ക്കുമിടയിൽ അതുണ്ട്.
ശിഷ്യൻ അന്നു മുതൽ സമാധാനത്തിനായുളള അന്വേഷണം നിർത്തി സാധാരണ ജീവിതം തുടർന്നു.