മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

എത്ര പെട്ടന്നാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. പോലീസുകാർ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞ് പോയതേ ഉള്ളൂ. ഒരു മരണവീടാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ വരെ ഒന്നു കരയുകയോ

മറുത്തൊരു വാക്ക് പറയുകയോ ചെയ്യാതെ ദാസിയെപ്പോലെ പമ്മിപ്പമ്മി പുറകെ നടന്നവളാണ് ഒരു നടുക്കം സമ്മാനിച്ച് ഇന്നു പുലർച്ചെ ഫാനിൽ കെട്ടിത്തൂക്കിയ സാരിയിൽ തൂങ്ങിയാടിയത്. എല്ലാം ദീർഘമായ ഒരു നിശ്വാസവായുവിലൂടെ ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു ഇന്ദുലേഖ. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചപ്പോൾ പോലും ഇന്ദുലേഖയെ ഇത്ര അശാന്തയായി കണ്ടിട്ടില്ല...

ഇന്ദുലേഖയുടെ മൂത്ത മകന്റെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. സ്വിച്ചിട്ടാൽ നൃത്തം ചെയ്യുന്ന പാവയായിരുന്നു ഇന്ദുലേഖയ്ക്ക് അവൾ. ആ പെണ്ണ് ഒരു മാൻപേടയെപ്പൊലെ പേടിച്ച് പേടിച്ച് പറയുന്നതെന്തും ചെയ്ത് അടിമയെപ്പോലെ നടക്കുന്നത് കാണാൻ നല്ല ചന്തമുണ്ടെന്ന് പറഞ്ഞ് ഇളയ മകന്റെ ഭാര്യയുമായി ചേർന്ന് ഹരം പിടിച്ച പോലെ ഊറിച്ചിരിക്കുമായിരുന്നു ഇന്ദുലേഖ. അവൾ കണ്ണു തള്ളി നാക്കും പുറത്തേക്ക് വീണ് സാരിത്തുമ്പിൽ നിശ്ചലമായി കിടക്കുന്നത് കണ്ട് നടുക്കത്തേക്കാളേറെ തന്റെ ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ മുരൾച്ചയായിരുന്നു അവരുടെ ഉള്ളു നിറയെ മുഴങ്ങിയത്.പോലീസിന്റെ വരവോടെ കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും വിഷയം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ദുലേഖയ്ക്ക് ബോധ്യപ്പെടാൻ തുടങ്ങി. ഇര ഇല്ലാതായതിന്റെ നഷ്ടബോധങ്ങൾക്കു മേലെ ഭയപ്പാടിന്റെ നിഴലുകൾ വീഴാൻ തുടങ്ങി.
ഗാർഹിക പീഡനമായിരിക്കാം ആ പെണ്ണിന്റെ ആത്മഹത്യക്ക് കാരണം എന്നാണ് പോലീസിന്റെ ഇപ്പൊഴത്തെ നിഗമനം. പക്ഷെ അവൾക്ക് ശാരീരിക ഉപദ്രവങ്ങൾ നേരിട്ടതിന്റെ ഒരു ലക്ഷണങ്ങളും പോലീസുകാർക്ക് കണ്ടെത്താൻ കഴിയില്ലെന്ന് ഇന്ദുലേഖയ്ക്ക് ദൃഢവിശ്വാസമുണ്ടായിരുന്നു. കാരണം മരിച്ചു വിറങ്ങലിച്ചു കിടക്കുന്ന ഒരു ശരീരത്തിൽ നിന്ന് മനസ്സിനേറ്റ മുറിവുകൾ എങ്ങനെ കണ്ടുപിടിക്കാനാണ്ത? തന്നിൽ ഒളിച്ചിരിക്കുന്ന കൊലപാതകിക്കുള്ള ഒളിത്താവളങ്ങൾ ഇന്ദുലേഖ തുടക്കത്തിൽ തന്നെ ഒരുക്കി വച്ചിരുന്നു.

എൻജിനീയറിങ്ങിന് കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു ഇന്ദുലേഖയുടെ മൂത്തമകൻ, ഇരുവീട്ടുകാരും അറിയാതെ. നാട്ടിലും വീട്ടിലും അത് വലിയൊരു കോളിളക്കമുണ്ടാക്കി.സ്വാഭാവികമായും ദിവസങ്ങൾകഴിയുന്തോറും കോളിളക്കങ്ങൾ കൊണ്ടുണ്ടായ കേടുപാടുകൾ മാഞ്ഞു തുടങ്ങി. അപരിചിതമായ പുതിയ ക്ഷതങ്ങളേൽക്കാൻ ഒരുങ്ങുകയായിരുന്നു പുത്തൻപെണ്ണ്.

അവൾ സാധാരണയായി അണിയാറുള്ള ഒരു ചെറിയ മാലയും കയ്യിൽ രണ്ടു നേരിയ വളകളും വെള്ള കല്ല് പതിച്ച ചെറിയ കമ്മലും ആയിരുന്നു ആ വീട്ടിലേക്ക് കയറി വരുമ്പോൾ അവളുടെ സ്വർണസമ്പാദ്യം. ഇനി അഥവാ സ്വർണ്ണം ഒരു വില്ലനായാൽ തൻറെ ഏറ്റവും വലിയ സ്വത്തായ ജോലി ആയിരുന്നു അവളുടെ ആത്മവിശ്വാസം.

ആ ആത്മവിശ്വാസം തകരാൻ അധികനാൾ ഒന്നും വേണ്ടി വന്നില്ല. ഇല്ലാത്ത വയ്യായ്കകളുടെയും രോഗങ്ങളുടെയും കെട്ടഴിച്ച് അവളെ തൻറെ മുഴുവൻ സമയ ശുശ്രൂഷകയായി മാറ്റാൻ ഇന്ദുലേഖയ്ക്ക് കഴിഞ്ഞു. ആ പെണ്ണിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം വീട്ടിലേക്കോ, കൂട്ടുകാരോടൊത്ത് ഒന്ന് പുറത്തേക്കോ പോകാൻ അവൾക്ക് കഴിയാതായി. ഇന്ദുലേഖയിൽ നിന്നും അതിനൊക്കെയുള്ള അനുവാദം
ഇരന്നു മേടിക്കലിൽ നിന്നും തുടങ്ങി ആ വീട്ടിൽ അവളുടെ കാരാഗൃഹവാസം.

തനിക്കൊരു ഉത്തമയായ അടിമയെ കിട്ടിയതിൻറെ ആനന്ദത്തിന്റെ പരകോടിയിൽ ആയിരുന്നു ഇന്ദുലേഖ..
മൂത്തമകന്റെ മുന്നിൽ വച്ച് കർക്കശമായ പെരുമാറ്റരീതികൾ ഒന്നും ഇന്ദുലേഖയുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. പക്ഷേ അവളുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഇന്ദുലേഖയിൽ നിന്നും ഉദ്ഭവിക്കുന്ന കാന്തിക വലയത്തിന് പുറത്തേക്ക് കടക്കാൻ ഭയമായിരുന്നു. അത്രമേൽ അവൾ അതിലേക്ക് കീഴ്പ്പെട്ടിരുന്നു.

തന്റെ ജോലിയും പ്രിയപ്പെട്ടവരും ഇഷ്ടങ്ങളും സ്വപ്നങ്ങളും അവളുടെ ജീവിതാസക്തികളുടെ പരിഗണനകളല്ലാതായി.അവൾക്കുള്ളിൽ കെട്ടിക്കിടന്ന് സർഗവാസനകൾക്കു മുകളിൽ പായലുകൾ വളർന്നു.

മൂത്തയാളുടെ വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനു ശേഷം ഇളയമകന്റെ വിവാഹം കഴിഞ്ഞു. പ്രണയ വിവാഹം ആയിരുന്നെങ്കിൽ കൂടി ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ആയതുകൊണ്ട് അത് വലിയ കോളിളക്കങ്ങളൊന്നും സൃഷ്ടിച്ചില്ല.മൂത്തവന്റെ ഭാര്യയേക്കാൾ വിദ്യാഭ്യാസവും സമ്പത്തും ഒന്നും അധികമില്ലെങ്കിലും എന്തുകൊണ്ടോ ഇന്ദുലേഖയ്ക്ക് ഇളയവന്റെ പെണ്ണിനോട് ആർത്തി പിടിച്ച സ്നേഹമായിരുന്നു. മൂത്തവന്റെ ഭാര്യയെ വാക്കുകൾ കൊണ്ട് ഉപദ്രവിച്ച്, ഞെളിപിരികൊള്ളിച്ച് ആനന്ദിക്കുമ്പോൾ അതു പങ്കിടാനൊരാൾ... അതായിരുന്നു ഇളയ മരുമകളോടുള്ള ആർത്തി പിടിച്ച സ്നേഹത്തിന്റെ ഉദ്ദേശ്യം. ഒരുവന്റെ ഇരയെ വേദനിപ്പിച്ച് അവൻ ആനന്ദം കൊള്ളുമ്പോൾ ആ ആനന്ദം ഇയിയുമൊരാളുടെ അല്ലെങ്കിൽ ഇനിയുമൊരുപാടാളുകളുടെ കൂടെ ആനന്ദമാണെന്നറിയുമ്പോൾ അത് ഇരയുടെ മനസ്സിലുണ്ടാക്കുന്ന സമ്മർദ്ദം വളരെയധികമായിരിക്കും. ആ തിരിച്ചറിവ് ഇന്ദുലേഖയെ ഇളയമരുമകളോട് കൂടുതൽ അടുപ്പിച്ചു.

മരിച്ചവൾക്ക് കലയോടുള്ള അടക്കാനാവാത്ത അഭിനിവേശം ഇന്ദുലേഖക്ക് അറിവുള്ളതാണ്. സംഗീതത്തോടും നൃത്തത്തോടും ചിത്രകലയോടും ഒക്കെയുള്ള അവളുടെ ആസക്തി ഇന്ദുലേഖയ്ക്ക് അവളുടെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഒരു ആയുധമായിരുന്നു. അവൾക്ക് ആസക്തിയുള്ള ഏതൊന്നിൽ നിന്നും അവളെ ബലമായി പിടിച്ചകറ്റുക എന്നത് അവളിലെ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതാക്കാനുള്ള ഗൂഢമായ ഉദ്ദേശ്യത്തോട് കൂടിയായിരുന്നു. അത് മറ്റുള്ളവർ മനസ്സിലാക്കാതെ നടപ്പിലാക്കാനുള്ള പ്രത്യേക പാടവം ഇന്ദുലേഖയ്ക്കുണ്ട്.അതുകൊണ്ട് തന്നെയാണ് അവളുടെ വിദ്യാഭ്യാസ നിലവാരത്തെയും സർഗവൈഭവങ്ങളെയും പാടേ അവഗണിച്ച് അതിലൊക്കെ അവളേക്കാൾ ഒരുപാട് പുറകിലായിരുന്ന ഇളയമരുമകളെ അവളുടെ സാന്നിധ്യത്തിൽ ആകാവുന്നിടത്തോളം പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. കഴിവുകെട്ടവൾ എന്നൊരു സ്വയം ബോധ്യം അവളിൽ ഉണ്ടാക്കിയെടുത്താൽ മാത്രമേ തന്റെ ആജ്ഞാനുവർത്തിയായി അവളെ കൊണ്ടുനടക്കാൻ കഴിയുകയുള്ളൂ എന്നുള്ള നികൃഷ്ടമായ ചിന്താഗതിയാണ് ഇന്ദുലേഖയുടെ ഉള്ളിൽ ഉണ്ടായിരുന്നത്.
കലുഷിതമായ ദേഹോപദ്രവങ്ങളോ ശബ്ദമുയർത്തിക്കൊണ്ടുള്ള സംസാരങ്ങളോ അവൾക്കുനേരെ ഉണ്ടാവാറില്ലെങ്കിലും ദ്വയാർഥങ്ങൾ നിറഞ്ഞ വാക്കുകളുടെ മൂർച്ച കൊണ്ട് അവളുടെ മനസ്സിൽ നിരന്തരം മുറിപ്പാടുകളേൽക്കുന്നുണ്ടായിരുന്നു. ഒരു മുഴുവൻ സമയ വീട്ടുജോലിക്കാരിയായി അവളെ മാറ്റിയെടുത്തപ്പൊഴും അവളുടെ പുറകെ നടന്ന്, ചെയ്യുന്ന അടുക്കള ജോലികളിൽപ്പോലും അവൾക്ക് മികവില്ലെന്ന് ആ വീടിന്റെ ചുമരുകൾക്കു പോലും ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്ന പെരുമാറ്റരീതികൾ ആയിരുന്നു ഇന്ദുലേഖയുടേത്.

അടുക്കളയിലെ എച്ചിൽപാത്രങ്ങൾക്കും നിലംതൂക്കുന്ന ചൂലിനും അടുക്കളത്തട്ടിലെ പച്ചക്കറികൾക്കും ഇടയ്ക്കിടയ്ക്ക് അവളുടെ വിരൽതുമ്പിൽ നിന്ന് രക്തത്തുള്ളികൾ തെറിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പിച്ചാത്തിയുടെ മൂർച്ചയ്ക്കും എല്ലാം അവളൊരു കഴിവുകെട്ടവളായിരുന്നു. കണ്ണാടിക്കൂട്ടിലെ അഥിതി പിഞ്ഞാണങ്ങൾക്കും ചില്ലു ഭരണികളിലെ ബേക്കറി പലഹാരങ്ങൾക്കും അവൾ തൊട്ടുകൂടാത്തവളായിരുന്നു...
പരിഹസിക്കപ്പെടാൻ ബാധ്യസ്ഥയായ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ അവൾ അവളെത്തന്നെ വിട്ടു നൽകി.

ശക്തിയും ധൈര്യവും ചോർന്ന് കഴിവില്ലായ്മകളിലേക്കുള്ള കൂപ്പുകുത്തലുകൾക്കിടയിൽ അവൾ ഒരിക്കൽ പോലും അന്വേഷിച്ചിട്ടില്ല, എന്തുകൊണ്ടാണ്. ഇന്ദുലേഖയ്ക്ക് തന്നോടിത്ര വിദ്വേഷമെന്ന്... അതിനുള്ള ഉത്തരം അറിയാതെ തന്നെ കഴിവു കെട്ടവൾ എന്ന് വിശേഷിപ്പിച്ച ആ വീട്ടിൽ അവൾ ആദ്യമായി തന്റെ കഴിവു തെളിയിച്ചു. വർഷങ്ങളുടെ അവഗണനകളും പരിഹാസങ്ങളും സഹിച്ച്, വരിഞ്ഞു മുറുക്കപ്പെട്ട മനസ്സുമായി അവൾ എന്നന്നേക്കുമായി യാത്രയായി.

പോലീസിന്റെ ചോദ്യം ചെയ്യലുകളിൽ നിന്നും ഇന്ദുലേഖ കരുതിയത് പോലെ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മനസ്സിന്റെ കടിഞ്ഞാണുകൾ പൊട്ടിയ നിമിഷങ്ങളിൽ രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങി....



ഒട്ടനേകം വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു വീട്. അവിടുത്തെ മൂത്തമകന്റെ ഭാര്യയാണ് ഇന്ദുലേഖ. ഭർത്താവിന്റെ അനുജന്റെ ഭാര്യ യുമായുള്ള തുലനം ചെയ്യലുകളിലും അടുക്കളയിലെ കരിപിടിച്ച ചുമരുകൾക്കിടയിലെ ഒറ്റപ്പെടലുകളിലും മോഹഭംഗം സംഭവിച്ച്, ജീവിതം മൗനത്തിന്റെ നിഗൂഢമായ ഭാഗങ്ങളിൽ ഒളിപ്പിച്ച ഇന്ദുലേഖ. ഇന്നിവിടെ മരിച്ചവളുടെ സ്ഥാനത്ത് അന്ന് ഇന്ദുലേഖ. പക്ഷെ അന്ന് മരിച്ചത് ഇന്ദുലേഖയുടെ ഭർത്താവിന്റെ അമ്മയാണ്. ഒരു മാരകരോഗത്തിന്റെ പിടിയിലമർന്ന് അവരുടെ മരണം കൊണ്ടാണ് ഒരു തരത്തിൽ ഇന്ദുലേഖയ്ക്ക് ജീവിതത്തിലെ വിരക്തിയിൽ നിന്നും ചനമുണ്ടായത്. ഇന്ദുലേഖ ഇന്നിവിടെ തന്റെ മകന്റെ ഭാര്യയെ മാനസിക പീഡനങ്ങൾക്ക് വിധേയയാക്കാൻ ജീവനോടെയുണ്ടായതിന്റെ കാരണവും ഒരുപക്ഷെ ആ സ്ത്രീയുടെ മരണമാണ്. അവരോടുള്ള പക തീർന്നിട്ടില്ല ഇന്ദുലേഖയ്ക്ക്. ആ അനുഭവങ്ങളോടുള്ള പകയും, വീണ്ടും വീണ്ടും ആ അനുഭവങ്ങളെ വലിച്ചിഴച്ച് കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്യാൻ ഇന്ദുലേഖ ആർത്തിയോടെ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിന്റെ ഇരയോ. ആ സാരിത്തുമ്പിൽ കെട്ടിത്തൂങ്ങിയാടിയവൾ.

തന്റെ അനുഭവങ്ങളോടുള്ള വൈരാഗ്യങ്ങളിൽ നിന്നും ഭ്രാന്തമായി അലഞ്ഞ് തന്റെ ഇരയിൽ പഴയ തന്നെ കണ്ടെത്തി ഗൂഢമായി ആനന്ദിച്ച് ആത്മസംതൃപ്തി കണ്ടെത്തുന്ന മനോരോഗിയെ ഇന്ദുലേഖയുടെ ഉള്ളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിച്ചു.

ഓരോ അനുഭവങ്ങളും പലരെയും പല രീതിയിലാണ് മാറ്റിയെടുക്കുന്നത്. തൻറെ വിവാഹാനന്തര പീഡനാനുഭവങ്ങൾ രഹസ്യമായി അയവിറക്കി വർഷങ്ങൾക്കുശേഷവും ഭ്രാന്തമായ പ്രതികാര ലഹരിയുമായി നടക്കുകയാണ് ഇന്ദുലേഖയെന്ന് അറിഞ്ഞത് സ്വന്തം മക്കളിൽ പോലും നടുക്കം ഉണ്ടാക്കി. അതിന് ഇരയായതോ, പാവം പിടിച്ച മറ്റൊരു പെണ്ണ്.

തന്റെ ഭൂതകാലത്തിനേറ്റ മുറിവുകൾ ഉള്ളിൽ നിന്നും പുറന്തള്ളിയതിനു ശേഷം ഇന്ദുലേഖയുടെ മനസ്സ് ശൂന്യമായിരുന്നു. ഇനിയൊന്നും ആരോടും അവർക്ക് ഉരിയാടാനില്ലായിരുന്നു. ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് നിശ്ചലമായി, അലക്ഷ്യമായി നോക്കിയിരിക്കാൻ നിയോഗിക്കപ്പെട്ടവൾ. എന്തിനായിരുന്നു എല്ലാം? എന്തുകൊണ്ടായിരുന്നു എല്ലാം? ഒരു പുനർവിചിന്തനത്തിനു പോലും കഴിയാതെ ഇന്ദുലേഖ നിശബ്ദയായി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ