മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആശുപത്രി മുറ്റത്തുള്ള വലിയ വാകമരം നിറയെ പൂക്കൾ. ഇലകൾ ഒന്നുംകാണാനില്ല. വാകപ്പൂക്കളും, ആകാശവും, നക്ഷത്രങ്ങളും മിന്നുമോൾക്ക് ഏറെയിഷ്ടമാണ്. മമ്മി കിടക്കുന്ന റൂമിന്റെ  ജനലരികിൽ പുറത്തേയ്ക്കു നോക്കി

മിന്നുമോൾ നിന്നു. മുറ്റം നിറയെ വാരി വിതറിയ പോലെ വീണു കിടക്കുന്ന മഞ്ഞയും ചുവപ്പും കലർന്ന പൂക്കൾ. പക്ഷേ ഇന്നതിന്റെ ഭംഗിയൊന്നും ആ കുഞ്ഞിക്കണ്ണുകളിൽ പതിഞ്ഞില്ല .അവളുടെ പ്രിയപ്പെട്ട പപ്പ  കഴിഞ്ഞ  ദിവസം  ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരുക്കുകളോടെ I. C. Uവിലാണ്.  കഴിഞ്ഞ ദിവസം ജനിച്ച  കുഞ്ഞുവാവയെ കാണാൻ കൊതിയാണെന്ന് പപ്പ ഫോൺ വിളിക്കുമ്പോൾ  പറയുമായിരുന്നു .പപ്പയ്ക്ക്  ജോലി ഹൈദ്രാബാദിലാണ്. കുഞ്ഞുവാവയ്ക്കും, അവൾക്കും വേണ്ട  കളിപ്പാട്ടങ്ങളും ഉടുപ്പുകളും പപ്പ ദിവസങ്ങൾക്കു മുൻപേ വാങ്ങി പായ്ക്ക് ചെയ്തു വച്ചു എന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.  പപ്പ വരുന്ന വണ്ടി മറിഞ്ഞു എന്ന് ആരോ പറയുന്നതു കേട്ടു . പക്ഷേ  l.C. U.വിൽ കയറി കണ്ടത് പപ്പയെ ആണെന്നേ തോന്നുന്നില്ല. ആ മുഖത്ത് പഴയ ഭംഗിയില്ല. നീരു വച്ച മുഖം. ശരീരത്തിൽ എവിടെക്കെയോ ഘടിപ്പിച്ച യന്ത്രങ്ങളും, വയറുകളും.
പാവം പപ്പ! എത്രമാത്രം വേദനിക്കുന്നുണ്ടാവും.

'ഞാനെത്ര വിളിച്ചിട്ടും മിണ്ടിയില്ലല്ലോ. കണ്ണു തുറന്നു നോക്കിയുമില്ല.' പപ്പയെക്കുറിച്ച് ഓർത്തപ്പോൾ
അവളുടെ മിഴികൾ നിറഞ്ഞു.

"മോളിവിടെ നിൽക്കുവാണോ. മമ്മീടേം കുഞ്ഞാവേടേം അടുത്ത് ഇരിക്കാം. വരൂ." ജെസിയാന്റിയാണ്. മിന്നുമോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു .
കരഞ്ഞു തളർന്ന് കിടക്കുന്ന മമ്മിയെ കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വല്യമ്മച്ചിയും റോസാന്റിയും റോയിയങ്കിളുമെല്ലാം മമ്മിക്കു ചുറ്റുമുണ്ട്.  പേരമ്മച്ചിയുടെ കൈയ്യിലിരുന്ന് കുഞ്ഞാവ നിർത്താതെ കരയുന്നുണ്ട്.
"മമ്മീ .. മമ്മീ..  കുഞ്ഞാവ കരയുന്നു."  മിന്നുമോൾ മമ്മിയെ കുലുക്കി വിളിച്ചു.
"എന്റെ പൊന്നുമോളേ .." എന്ന ഒരു പൊട്ടിക്കരച്ചിലാരുന്നു മറുപടി.

വല്യപപ്പ നിറഞ്ഞ കണ്ണുകളോടെ മുറിയിലേയ്ക്ക് വന്നു, റോയിയങ്കിളിനോട് എന്തൊക്കെയോ പതുക്കെ പറഞ്ഞു..റ യിയങ്കിളിന്റെ മുഖം ചുവന്നു.  കണ്ണുകൾ നിറഞ്ഞു.

"വല്യ പപ്പാ .. എന്റെ പപ്പായെന്താ മിണ്ടാത്തത് ?" മിന്നുമോൾ ചോദിച്ചു.
എല്ലാവരും വിങ്ങുന്ന ഹൃദയവും നിറഞ്ഞ മിഴികളുമായി ആ പിഞ്ചു കുഞ്ഞിന്റെ മുമ്പിൽ മൗനമായ് നിന്നു. ഒരു നേഴ്സ് വന്ന് അവളുടെ മമ്മിയെ കുത്തിവച്ചു.
"സിബിയുടെ ബന്ധുക്കളെ ഡോക്ടർ അന്വേഷിക്കുന്നുണ്ട്. " അവർ പറഞ്ഞു.

അത് കേട്ടതേ വല്യ പപ്പയും റോയിയങ്കിളും ബെന്നിയങ്കിളും പുറത്തേയ്ക്ക് പോയി. കുഞ്ഞാവ യുടെ കരച്ചിൽ കേട്ടിട്ട് മിന്നുമോൾക്ക് വല്ലാത്ത വിഷമം തോന്നി. അവളാ   കുഞ്ഞിക്കൈയ്യിൽ    മെല്ലെ   പിടിച്ചു.

"കുഞ്ഞാവേ .."എന്നു വിളിച്ചു. കുഞ്ഞേച്ചിയുടെ സ്നേഹസ്വരം കേട്ടിട്ടോ എന്തോ.. ആ കുഞ്ഞ് ഒരു നിമിഷം കരച്ചിൽ നിർത്തി.  അവൾക്കു സന്തോഷമായി. അവളാ കുഞ്ഞിക്കവിളുകളിൽ മെല്ലെ തലോടി.

വല്യ പപ്പയും അങ്കിളുമാരുമെല്ലാം സങ്കടത്തോടെ  മുറിയിലേയ്ക്ക് കയറി വന്നു. എല്ലാവരും കരയുന്നുണ്ട്. ആന്റിമാരോട് എന്തൊക്കെയോ പറയുന്നു . "എന്റെ പൊന്നുമോനേ... " എന്ന വിളിയോടെ വല്യമ്മച്ചിയും, ആന്റിമാരും, പേരമ്മച്ചിയും ഉറക്കെ കരയുന്നുണ്ട്. മമ്മി മാത്രം ഒന്നുമറിയാതെ ഉറങ്ങുന്നു. പേരമ്മച്ചിയുടെ കൈയ്യിലിരുന്ന കുഞ്ഞാവയും ഉറങ്ങി.  ഒന്നും മനസിലാവാതെ മിന്നുമോൾ എല്ലാവരേയും മാറി മാറി നോക്കി. 

ഒരു പാട് സ്വപ്നങ്ങളും, മോഹങ്ങളും ബാക്കിവെച്ച് മിന്നു മോളുടെ പപ്പ  യാത്രയായി.  സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാത്ത  ലോകത്തേയ്ക്ക്. വേദനയും സങ്കടവും ഒന്നും അറിയാതെ,  അകലേയ്ക്ക് പറന്നകന്നു. മിന്നു മോളുടെ പപ്പ ഒരു നക്ഷത്രമായി തീർന്നു. അകാലത്തിൽ പൊലിഞ്ഞ  ഒരു നക്ഷത്രമായി..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ