ആർദ്രമായ നിലാവിൽ ഒഴുകുന്ന തണുത്ത കാറ്റിൽ പടർന്നുല്ലസിക്കുന്ന മുല്ലപ്പെണ്ണിന്റെ സുഗന്ധം പോലെ, കടംതരുന്ന കനവുകൾ കൊണ്ട് ഓർമകളിലൂടെ ഒരു യാത്ര. അതൊരു വിധിയായിരിക്കും അല്ലെ? ഒരിക്കലും തിരിച്ചുകിട്ടാത്ത
സ്വപ്‌നങ്ങൾ.. .എന്റെ തറവാടുമുറ്റത്ത് ആ പഴയ കൊട്ടാരത്തിന്റെ പടവുകളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. മുറ്റത്തിന്റെ നാലുഭാഗവും പലതരത്തിലുള്ള ചെമ്പരത്തിച്ചെടികൾ, നാടുമുറ്റത്ത് തുളസിത്തറ. അവിടെ വാടിക്കരിഞ്ഞ തുളസി. പറമ്പിൽ മുഴുവൻ പ്ലാവുകളും മാവുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് വർണ്ണം പകർന്ന് പറക്കാനുള്ള വെമ്പലുകളും വിങ്ങലുകളും നടമാടിയ കൊട്ടാരം. അവിടെ അച്ഛനും അമ്മയും എന്ന രണ്ട് നിധികുംഭങ്ങൾ. എത്രാമനോഹരമാണ്. ആ പഴയതറവാടിന്റെ പറമ്പിലൂടെ എന്റെ കണ്ണുകളിൽ എന്റെ കുട്ടിക്കാലം ഒരു മിന്നായം പോലെ മാറിമറിഞ്ഞു. അവിടൊക്കെ ഓടിച്ചാടിക്കളിക്കാനും രാവിലെ പഴുത്തമാങ്ങ വീഴുമ്പോൾ കൂട്ടുകാരോടോത്ത് ഓടിപോയി എടുത്ത് കഴിക്കാനും ഒരു നിമിഷം ആഗ്രഹിച്ചു. മാഞ്ഞുപോയ ഓരോകാലഘട്ടത്തിന്റെയും മായാത്ത ചിത്രം മനസിൽ ഓടിയെത്തി. ആർത്തുല്ലസിച്ചു പോയ കാലങ്ങൾ... നിലാവുള്ള രാത്രികളിൽ എന്നെ തട്ടിയുണർത്തുന്ന മുല്ലപ്പൂവിന്റ മണമുള്ള ഇളംതെന്നൽ... അതൊക്കെ എന്നിൽനിന്നും ആരോ തട്ടിമാറ്റിയിരിക്കുന്നു. എന്റെ വസന്തകാലത്തിന് താങ്ങും തണലുമായ് നിന്നവർ.... നഷ്ടപ്പെട്ടുപോയ എന്റെ കൊട്ടാരവാതിൽക്കൽ ഒന്നുക്കൂടി തുറക്കാൻ കഴ്ഞ്ഞെങ്കിൽ ഓരോ സ്വപ്നത്തിനും ഓരോ നിറമായിരുന്നു മനസ്സിൽ. ഓരോ കാലഘട്ടത്തിന്റെ നിറം.. മുറ്റത്തെ കൽപ്പടവുകൾക്ക് പോലും ഓരോ നിറമായിരുന്നു .ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നിറങ്ങൾ.....