നുണകൾഎങ്ങനെ മിനുക്കിയെടുക്കണം..?കല്ലു വെച്ചത് ,മുത്തുപതിച്ചത്, നിറം പിടിപ്പിച്ചത് , അങ്ങനെയങ്ങനെ?
പക്ഷെ അക്ബറിനോട് എന്ത് നുണപറയും?
ഇക്ക ഇതെന്തിന് ഏറ്റെടുത്തു.?
അക്ബർ ഇത് എങ്ങനെ നേരിടും?
ഇക്ക കല്ലുപോലെ ഇരുന്നു ഡ്രൈവ് ചെയ്തു.
ടെന്ഷന് കൊണ്ട് നെറ്റിയിൽ ഞരമ്പുകൾ പിടഞ്ഞു !
സ്റ്റിയറിങിൽ വെച്ച കൈത്തണ്ടയിൽ വിയർപ്പ് തുള്ളി കുത്തി.
അറേബ്യായുടെ ആകാശത്ത് ആ വലിയ വിളക്ക് പാൽനിലാവൊഴുക്കി 'അല്ലാഡിൻ 'എന്ന കടയുടെ മുൻപിൽ എത്തിയപ്പോൾ ആണ് കാർ നിർത്തിയത്. ബോർഡിലെ അദ്ഭുത വിളക്ക് കണ്ടപ്പോൾ ആണ് അല്ലാഡിൻ ,അലാവുദ്ദീൻ ആണെന്ന് മനസിലായത് .
വണ്ടി നിർത്തി ഇക്ക ഹോണ് അടിച്ചു.എനിക്ക് ആ കടക്കകത്തു കയറി വിളക്കുകൾ കാണണം എന്ന് ഉണ്ടായിരുന്നു.കടയുടെ മുൻവശത്ത് നിരനിരയായി റാന്തലുകൾ തൂങ്ങുന്നു. അകത്ത് കൂറ്റൻ അലങ്കാര വിളക്കുകൾ. ഒരു കല്യാണപ്പുര പോലെ! തുർക്കിക്കാരൻ ആയ യൂസുഫ്ഗുറാബിയുടേതായിരുന്നു ആ വിളക്കു കട. തുർക്കിയിലെ തെരുവുവിളക്കുകൾ തൂങ്ങുന്ന പുരാതനമായ തെരുവ് അവിടെ പുനരാവിഷ്കരിച്ചിരുന്നു. ഷഹറസദ പറഞ്ഞ കഥയിലെ കടലിനടിയിലെ കൊട്ടാരം പോലെ എനിക്ക് തോന്നി. അതിനിടയിലൂടെ ഒരാൾ വന്നു.അതെ..!അക്ബർ..!അക്ബറിനെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.എന്തു നുണ പറയും അവനോട്? നാട്ടിലെ അവന്റെ കൊച്ചുവീടു ഞാൻ ഓർത്തു.മുറ്റത്തു നിറയെ പൂച്ചട്ടികളും ,നന്ദ്യാർവട്ടങ്ങളും,തൊടിയിൽ മാവുകളും,വീശിയടിക്കുന്ന കാറ്റുമുള്ള ഓടിട്ട വീട്.ആ മുറ്റ ത്തു അണ്ണാറക്കണ്ണനുമാരും മൈനകളും സ്വച്ഛന്ദം വിഹരിച്ചു.മാവിലിരുന്ന് മാന്തളിർ തിന്നു കുയിലുകൾ കണ്ഠം തുറന്നുപാടി.
അവിടെ അവന്റെ അതിസുന്ദരിയായ ബീവിയും,ഉമ്മയും അവന്റെ രണ്ടു മക്കളും. അത്രയും സുന്ദരി യായൊരു പുതുപെണ്ണു ഞങ്ങളുടെ നാട്ടിലേക്ക് അതുവരെ ആരും നിക്കാഹ് ചെയ്തു കൊണ്ട് വന്നിട്ടില്ലായിരുന്നു.
അവൻ വരുന്നത് കണ്ട് ഇക്ക പുറത്തിറങ്ങി. ഞാൻ ഇറങ്ങിയില്ല.
പരീക്ഷണശാലയിലെ മേശപ്പുറത്ത് നെഞ്ഞു പിളർന്നു കിടക്കുന്ന തവളയുടെ ഹൃദയം പോലെ എന്റെ ഹൃദയം നെഞ്ചിന്കൂടിനു പുറത്തു മിടിച്ചു.
അക്ബറിനോട് ഇക്ക എന്തൊക്കെയോ പറയുന്നു.. അക്ബർ തലയിൽ കൈവെച്ചു.പിന്നെ ഇക്കാൻറെ നെഞ്ചിലേക്ക് വീണു ..!
ചക്രവർത്തിയുടെ പേരും ചുമന്നു അക്ബർ തേങ്ങിതേങ്ങി കരഞ്ഞു..!
അവന്റെ ഒന്നര വയസ്സുകാരിയായ മോളെ ഞാൻ ഓർത്തു.അനിയത്തിയുടെ കരച്ചിൽ മാറ്റാൻ ബുദ്ധിമുട്ടുന്ന നാലുവയസുകാരിയെ ഓർത്തു.പാൽമണം മാറാത്ത ചുണ്ടുകളുമായി അമ്പരപ്പ് നിറഞ്ഞ കണ്ണുകളുമായി അവൾ ഉമ്മാനെ തിരയുകയില്ലേ. ഏതു അത്ഭുത വിളക്ക് ഉരസി അവരുടെ ഉമ്മാനെ വരുത്തും? ആ കണ്ണുകളിൽ അല തല്ലുന്ന ചോദ്യങ്ങൾക്ക് എന്തു നിറംപിടിപ്പിച്ച നുണ പറയും..?
വാർത്ത അറിഞ്ഞപ്പോൾ രാത്രി ആ കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ തലയണയിൽ മുഖമമർത്തി വാവിട്ടു കരഞ്ഞു.'.ഈ ഉമ്മച്ചിക്കെന്താ..'എന്നപരിഭവപ്പെട്ട മകളെ ചേർത്തുപിടിച്ചു ഞാൻ പിന്നെയും പിന്നെയും കരഞ്ഞു. മോളെ ഞാൻ നെഞ്ചോട് ചേർത്തമർത്തി. ഒരിക്കലും അവളെ പിരിയില്ലെന്ന വാശിയോടെ.
നക്ഷത്രങ്ങൾ നിറഞ്ഞ നീലരാവിൽ വീശിയടിക്കുന്ന കാറ്റിൽ അണ്ണാറക്കണ്ണനുറങ്ങുന്ന മാവിനുമപ്പുറം പൂച്ചട്ടികൾ നിരത്തിയ തിണ്ടുകൾ കടന്നു അകബറിൻറ്‍റെ കൊച്ചു വീടിനു മുന്നിൽ നിർത്തിയിട്ട വാഹനത്തിലേക്ക് ,അമ്മിഞ്ഞ നുണയുന്ന കുഞ്ഞു ചുണ്ടുകളിൽ ഉമ്മ വെക്കാതെ,അനിയത്തിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന കുഞ്ഞു കവിളിൽ ഒന്നു തലോടാതെ, അക്ബറിന്റെ സുന്ദരി ബീടര്, മർജാര പദവിന്യാസത്തോടെ കയറി കാമുകന്റെ മാറിലേക്ക് ചായുമ്പോൾ , ഇവിടെ ഖാലിദ്‌ബിൻ വലീദ് സ്ട്രീറ്റിൽ അകബർ വിളക്ക് വിൽപന തകൃതിയായി നടത്തി..ജീവിതത്തിലെ വിളക്ക് കെട്ടുപോയതറിയാ തെ! വണ്ടി ഓടിക്കൊണ്ടിരുന്നു ഒരിക്കലും ഒടുങ്ങാത്ത ഒരു നുണപറയുന്ന നാവുപോലെ റോഡ് ഞങ്ങളുടെ മുൻപിൽ നീണ്ടു നിവർന്ന് കിടന്നു.
രാവിലെ ഉണർന്നു കുഞ്ഞു ആദ്യം തിരയുക ഉമ്മയെ ആയിരിക്കില്ലേ..?? ഞാൻ വീണ്ടും വീണ്ടും അവളെ ശപിച്ചുകൊണ്ടേയിരുന്നു.. ഇക്ക ദേഷ്യപ്പെട്ടു. "നിനക്കെന്താ ,ഇന്നാട്ടിൽ ആർക്ക് ആരുടെ കൂടെയും ജീവിക്കാൻ അവകാശം ഉണ്ട്..'
ഒരു കടിച്ചാൽ പൊട്ടാത്ത നുണപോലെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് തന്നെ അത് വിശ്വാസമില്ലാത്ത പോലെ!! എനിക്ക് ആ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നു വേപഥു.. അക്ബർ നാട്ടിലേക്ക് പോയി. കുട്ടികൾ അവന്റെ മടിയിൽ ഇരുന്ന് കരഞ്ഞു.
ജീനിയെ വരുത്തി കുഞ്ഞുങ്ങളുടെ ഉമ്മാനെ കൊണ്ടുവരാനുള്ള അദ്ഭുത വിളക്ക് തന്റെ പക്കൽ ഇല്ലല്ലോ എന്ന് അക്ബർ നിസ്സഹായനായി. കോടതിയിൽ വെച്ച് കണ്ടപ്പോൾ കുഞ്ഞ് ഉമ്മാനെ നോക്കി കരഞ്ഞു.അവൾ വന്ന് കുഞ്ഞിനെ എടുത്തു.കുഞ്ഞ് അവളുടെ മാറിൽ പരതി.!
പിന്നെ തോളിൽ കിടക്കുന്ന കുഞ്ഞിനെ വേണ്ടെന്നും ഒരിക്കലും അന്വേഷിച്ചു വരില്ലെന്നും അവൾ എഴുതി ഒപ്പ് ചർത്തുമ്പോൾ ഇതെല്ലാം ഒരു പെരും നുണയാവണെ എന്ന് അക്ബർ പ്രാർത്ഥിച്ചു.
ഒരു കണ്ണീർത്തുള്ളി ഇറ്റി ഒപ്പിൽ നീലമഷി പടർന്നു. കുഞ്ഞിനെ അവളിൽ നിന്നും അടർത്തിഎടുക്കുമ്പോൾമ്പോൾ അക്ബറിന്റെ കണ്ണിൽ ഇരുട്ടു കുത്തി. ഒടുവിൽ വീട്ടിലെത്തി അവൻ മക്കളോട് പറഞ്ഞു. അവരുടെ ഉമ്മ ഒരു കല്ലുവെച്ച നുണയായിരുന്നു എന്ന്!!
അതേ..ഈ ദുനിയാവിന്റെ മുനമ്പത്തു കയറി നോക്കുമ്പോൾ താഴെ ,പാട്ടില്ല, താളമേളങ്ങളില്ല. ,മുശാവറകളില്ല,സദിരുകളില്ല..
ദുനിയാവെന്ന ഒരു മുഴുത്ത നുണ മാത്രം..!