സ്വീകരണ മുറിയിൽ നിന്നും യാത്ര പറഞ്ഞു പടിക്കെട്ടുകളിറങ്ങി പോകുന്ന അമ്മയെയും മകനെയും നോക്കി നിൽക്കുമ്പോൾ കുറ്റബോധത്തിന്റെ മുൾമുനകൾ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് അരുണിമ അറിയുന്നുണ്ടായിരുന്നു.
പുതിയ വർഷത്തെ വരവേൽക്കാൻ ഓടിയെത്തിയത് ഇതിനായിരുന്നോ? കഴിഞ്ഞു പോയ ഒരു ന്യൂ ഇയറും തന്നെ ഇത്രയും വേദനിപ്പിച്ചിട്ടില്ല. എത്ര പേരെ വർഷങ്ങളായി ഒഴിവാക്കി കളഞ്ഞിരിക്കുന്നു. പ്രായം ഒരു ബാധ്യത ആണ് എപ്പോഴും എല്ലാവർക്കും!
എത്ര വിവാഹലോചനകൾ ആണ് ഇത് വരെ വന്നതെന്ന് ഒരെത്തും പിടിയുമില്ല. ഓരോന്നും, ഓരോ കുറ്റങ്ങളും കുറവുകളും പറഞ്ഞു ഒഴിവാക്കി വിടുമ്പോൾ തന്റെ ഉള്ള് നിറയെ അന്ന് അഹന്തയുടെ വേരുകൾ ആഴത്തിൽ പടർന്നു കിടക്കുകയായിരുന്നുവല്ലോ.
ഡബിൾ എം എ യും ഹിന്ദി വിദ്വാനും ഒക്കെ പഠിച്ചു ഒരു കോളേജ് പ്രൊഫസർ ആയി ജീവിതം ആസ്വദിക്കുമ്പോൾ തന്നെ കാണാൻ വന്ന ചെറുക്കമ്മാരുടെ ബിരുദങ്ങളും ജോലിയുമൊക്കെ വെറും നിസ്സാരമായി കണ്ട് അവഗണിച്ചു. ഒന്നും തന്റെ യോഗ്യതയ്ക്ക് ചേരുന്നത് അല്ലെന്ന് പറഞ്ഞൊഴിഞ്ഞു. പ്രായം കൂടുന്നതിനെ ചൊല്ലി വീട്ടിൽ ഒരു വലിയ കലഹം പൊട്ടിപ്പുറപ്പെട്ടത്തോടെ ഇനി തനിക്ക് വേണ്ടി ആരും ഈ പണിക്ക് ബുദ്ധിമുട്ടേണ്ടതില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ദൂരെയൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി പോകുമ്പോൾ അമ്മ കരഞ്ഞു കാലു പിടിച്ചു.
"മോളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയ്. നിന്റെ ഇഷ്ടം ആണ് ഞങ്ങളുടെയും ഇഷ്ടം.. "
"എന്റെ മനസ്സിൽ അങ്ങനെ ആരുമില്ലെന്ന് അമ്മയ്ക്ക് അറിയില്ലേ. എന്റെ നിലയ്ക്കും വിലയ്ക്കുമുള്ള ഒരു ചെക്കൻ വരട്ടെ. അപ്പോൾ ഞാൻ സമ്മതം അറിയിക്കാം."
മൂന്നു പെൺകുട്ടികളിൽ ഏറ്റവും ഇളയവളാണ്. മൂത്ത കുട്ടികളുടെ കല്യാണം കഴിഞ്ഞതോടെ ഇനി അധികം വൈകാതെ, അരുണിമക്കും ഒരു നല്ല പയ്യനെ കണ്ടെത്തണം എന്ന് അമ്മ ആഗ്രഹിച്ചു. അപ്രതീക്ഷിതമായി അച്ഛന്റെ മരണവും വിഷമവും ആ കുടുംബത്തെ ആകെ ഉലച്ചുവെങ്കിലും സ്കൂൾ ടീച്ചറായിരുന്ന അമ്മ തളർന്നു പോകാതെ മക്കൾക്ക് വേണ്ടി കാവലായി നിന്നു.
പഠിത്തവും ജോലിയും സൗന്ദര്യവും ഒക്കെയുള്ള ഇളയ മകൾക്ക് വിവാഹം നടക്കാൻ വൈകുന്നത് മാത്രമായിരുന്നു അവരെ എപ്പോഴും അലട്ടിയിരുന്നത്. എവിടേക്കും പോകാൻ കഴിയാതെയായി.
മകൾക്ക് കല്യാണം ഒന്നും ആയില്ലേ ഇത് വരെ എന്നുള്ള ചോദ്യം കേട്ട് അവർ മടുത്തു.
ജാതകം ഒന്ന് നോക്കായിരുന്നില്ലേ, പ്രായം പത്ത് മുപ്പത് കഴിഞ്ഞില്ലേ. പെൺകുട്ടികളെ ഇത്രയൊക്കെ വയസ്സ് വരെ നിർത്തണോ? ബന്ധുക്കൾ ആവർത്തിച്ചു തിരക്കിക്കൊണ്ടേയിരുന്നു. എന്ത് പറയും താൻ അവരോട് ?
അവൾ ഒന്നിനും അടുക്കുന്നില്ലെന്നോ?
അങ്ങനെ പറഞ്ഞാൽ കേൾക്കേണ്ടി വരുന്ന പഴിവാക്കുകൾ ഓർത്ത് ആരോടും ഒന്നും മറുപടി പറയാതെ ആയി. പക്ഷെ മകൾക്ക് മാത്രം ഒരു കൂസലുമില്ല !
അമ്മയെന്തിനാ ഇങ്ങനെ ആവലാതി പിടിക്കുന്നെ? ഇതൊക്കെ ഒരു വലിയ കാര്യമാണോ? സമയം ആകുമ്പോൾ അതൊക്കെ അങ്ങ് നടന്നുകൊള്ളും.
കൊള്ളാം ഇനിയും സമയത്തെ കാത്തിരിക്കാനോ! പ്രായം മുപ്പത്തി മൂന്ന് കഴിഞ്ഞു. നീ എന്നെ പറയിപ്പിച്ചേ അടങ്ങൂ. അത് കേട്ട് ചിരിച്ചു കൊണ്ട് അവൾ ഫോണിലേക്ക് മുഖം താഴ്ത്തും.
ഇപ്പോൾ ട്രാൻസ്ഫർ വാങ്ങി കാണാമറയത്ത് പോയതോടെ ആ പേര് പറഞ്ഞു ശല്യം ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രായമായ അമ്മയെ ഒറ്റയ്ക്ക് ആക്കി പോകുന്നതിന് പോലും അവൾക്ക് തെല്ലും കുറ്റബോധം തോന്നിയില്ല എന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.
പക്ഷെ മക്കളുടെ ഭാവിക്ക് വേണ്ടി ഒരിക്കലും തടസ്സം നിൽക്കാൻ തനിക്ക് കഴിയില്ലല്ലോ.
ഫോൺ വിളിക്കുമ്പോഴൊക്കെയും മനഃപൂർവം വിവാഹ കാര്യം ചോദിക്കാതിരിക്കാൻ ശ്രദ്ധിച്ചു.
ഇനി നടക്കുമ്പോൾ നടക്കട്ടെ !
തന്റെ കണ്ണടയുന്നതിനു മുൻപെങ്കിലും അവളുടെ കഴുത്തിൽ ഒരു മിന്ന് കെട്ടുന്നത് കാണാൻ ഭാഗ്യം ഉണ്ടാവും എന്ന് പോലും ഈയിടെയായി ഉറപ്പില്ലാതായിരിക്കുന്നു.
കണ്ണിന്റെ കാഴ്ച മങ്ങി ത്തുടങ്ങിയതോടെ അമ്പലത്തിലേക്കുള്ള യാത്രയും ഒഴിവാക്കി. ശരീരം അതിന്റെ എല്ലാ കുറുമ്പുകളും കാട്ടിതുടങ്ങിയതോടെ കട്ടിലിൽ തന്നെ അഭയം പ്രാപിക്കുകയെ മാർഗ്ഗമുണ്ടായിരുന്നുള്ളൂ.
ഇളയ മകളുടെ തന്നിഷ്ടപ്പടിയുള്ള ജീവിതമാണ് തന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത് എന്ന യാഥാർഥ്യം അമ്മയെ കാണാൻ എത്തുന്ന മൂത്ത മക്കൾ തുറന്നു പറഞ്ഞതോടെ ഒന്നും മിണ്ടാതെ കണ്ണീരൊഴുക്കാനെ കഴിഞ്ഞുള്ളൂ.
"അമ്മയാണ് അവളെ ഇങ്ങനെ കയറൂരി വിട്ടേക്കുന്നത്. ഇനിയീ പ്രായത്തിൽ അവൾക്ക് ഏത് രാജകുമാരൻ വരാനാണ്. നാട്ടുകാർ ഓരോന്ന് പറയുന്നത് കേട്ടിട്ട് തൊലിയുരിഞ്ഞു പോകുവാണ്."
അന്ന് എല്ലാവരും കലിയടങ്ങുന്നത് വരെ ഓരോന്നും പറഞ്ഞു തിരിച്ചു പോയതോടെ ഒന്ന് തീരുമാനിച്ചു.
ഇനി രണ്ടിലൊന്ന് അറിഞ്ഞേ മതിയാകൂ. പഠിത്തം കൂടി പോയത് കൊണ്ട് ആരും വിവാഹം കഴിക്കാതെ നിൽക്കുവാണോ എന്നൊന്ന് അറിയണമല്ലോ.
ഫോൺ വിളിച്ചു എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്ന് അമ്മ പറഞ്ഞപ്പോൾ അരുണിമ ആദ്യം പേടിച്ചു പോയി. പുതിയ വർഷം അമ്മയുടെ അടുത്ത് താനുണ്ടാവണം എന്ന് അമ്മയ്ക്ക് വല്ലാത്ത നിർബന്ധം പോലെ !
ക്രിസ്മസ്സ് അവധിക്ക് പോലും നാട്ടിൽ പോകാൻ തോന്നിയില്ല. ആരെയും അഭിമുഖീകരിക്കാൻ വയ്യ.
എല്ലാവർക്കും ഒരു വിഷയം മാത്രമേയുള്ളുവല്ലോ തന്നെ കാണുമ്പോൾ! കല്യാണം!!
അമ്മയ്ക്കും ഇപ്പോൾ നീരസമായിരിക്കുന്നു! ഏതെങ്കിലും വയ്യാഴിക ആയിരിക്കുമോ? കൂടുതൽ ചോദിച്ചിട്ട് അമ്മ ഒന്നും പറയാൻ തയ്യാറായതുമില്ല.
വിവാഹക്കാര്യം ആകാനും വഴിയില്ല. അതിപ്പോൾ എല്ലാവരും മറന്ന മട്ടാണ്. ഓരോ കാരണങ്ങൾ പറഞ്ഞു വന്ന ആലോചനകളൊക്കെ തട്ടി മാറ്റിയ തനിക്കിന്ന് വിവാഹക്കമ്പോളത്തിൽ വിലയിടിവ് വന്നിരിക്കുന്നു. പ്രായം കൂടി പോയ പ്രൊഫസർക്ക് രണ്ടാം കെട്ടുകാരുടെ ആലോചനയാണ് കൂടുതലും ബ്രോക്കർമാർ കൊണ്ട് വരുന്നതെന്ന് ഒരു പരിഹാസം പോലെയാണ് മൂത്ത ചേച്ചി വിളിച്ചപ്പോൾ പറഞ്ഞത്. അന്നത് കേട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
പക്ഷെ അമ്മ പെട്ടെന്ന് എത്തണം എന്ന് പറഞ്ഞെങ്കിൽ എന്തെങ്കിലും കാര്യം കാണും എന്ന് മനസ്സ് പറയുന്നു.
ക്രിസ്മസും, പുതുവർഷവും പ്രമാണിച്ച് കോളേജിന് അവധി ആയത് കൊണ്ട് ലീവ് എടുക്കേണ്ട കാര്യമില്ല.
പിറ്റേന്ന് പുലർച്ചെ തന്നെ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെ ആഗ്രഹത്തെ ഇനിയും തട്ടി തെറിപ്പിക്കുന്നത് ശരിയല്ല എന്ന് തോന്നി.
ഇപ്പോൾ അതിനെക്കുറിച്ചൊന്നും ആരും പറയുന്നത് കേൾക്കാറുമില്ലല്ലോ. അല്ലെങ്കിലും ജോലിയുള്ള ഒരു പെണ്ണിന് വിവാഹം കൂടാതെ ജീവിക്കാൻ കഴിയില്ലേ? അതിലെന്താണ് ഇത്ര തെറ്റ്? ബസ് ഇറങ്ങി നടക്കുമ്പോൾ പരിചയക്കാർ എന്തോ അർത്ഥം വെച്ച് നോക്കുന്നത് പോലെ തോന്നി.
ആരെയും ശ്രദ്ധിക്കാതെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ ഒരു കാർ കിഴക്കേ മാവിന്റെ തണലിൽ കിടക്കുന്നത് കണ്ടു.
അമ്മയുടെ നേർത്ത സംസാരവും ചിരിയും കേൾക്കുന്നുണ്ട്. മാറ്റാരുടെയൊക്കെയോ ചെരുപ്പുകളും പടിയ്ക്ക് താഴെ കിടപ്പുണ്ട്.
സങ്കോചത്തോടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ദാ ആള് എത്തിപ്പോയല്ലോ എന്ന് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ട് അപരിചിതർ അവളെത്തന്നെ നോക്കി ഇരിക്കുന്നു.
പെട്ടെന്ന് ഒന്ന് ചിരിച്ചുവെന്ന് വരുത്തി മുറിയിലേക്ക് നടക്കുമ്പോൾ അമ്മയും പിന്നാലെ വന്നു.
അവർ നിന്നെ കാണാൻ കാത്തിരിക്കുകയാണ്. പെട്ടെന്ന് റെഡി ആയി വരൂ. ഇനിയെന്തിനാണ് പ്രത്യേകിച്ച് ഒരു ഒരുക്കം. ഇപ്പോൾ കണ്ടതല്ലേയുള്ളൂ.
എങ്കിലും അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടി കണ്ണാടിയിൽ നോക്കി മുഖം തുടച്ചു, മുടി ചീകിയൊതുക്കി പുറത്തേക്ക് ചെന്നു.
ഭാഗ്യം! അമ്മ അവർക്ക് ചായ കൊടുത്തിരുന്നു. അരുണിമയെ കണ്ട് അമ്മയോടൊപ്പം ഇരുന്ന മകൻ ചിരിച്ചു..
"ഓർമ്മയുണ്ടോ അരുണിമയ്ക്ക് എന്നെ?"
സംശയത്തോടെ അയാളെ ഒന്ന് കൂടി നോക്കി. എവിടെ വെച്ചോ മുൻപ് കണ്ടിട്ടുണ്ടോ? ഓർത്തെടുക്കാൻ പറ്റുന്നില്ല. ഒരുപാട് മുഖങ്ങൾ ദിവസവും കാണുന്നത് കൊണ്ട് പിടുത്തം കിട്ടിയതേയില്ല.
അയാൾ എഴുന്നേറ്റു കയ്യിൽ ഇരുന്ന ഒരു കവർ അവൾക്ക് നേരെ നീട്ടി.
"ഇത് എന്റെ ക്ഷണക്കത്താണ്. ഈ മാസം മുപ്പതിന് എന്റെ വിവാഹമാണ് ഗുരുവായൂർ വെച്ച്..പെൺകുട്ടിക്ക് റിസേർവ് ബാങ്കിൽ ആണ് ജോലി. രണ്ടാളും വരണം."
അയാൾ നീട്ടിയ കവർ യാന്ത്രികമായി വാങ്ങുമ്പോൾ ചിരിക്കാൻ വല്ലാതെ പരിശ്രമിച്ചു.
അമ്മയുടെ വിളറിപ്പോയ മുഖം അവൾ ഇടങ്കണ്ണിലൂടെ കണ്ടു.
അയാളുടെ ചിരിയിൽ ഒരു പരിഹാസം ഉണ്ടോ?
"മോൾക്ക് ഇവനെ മനസ്സിലായോ ?"
കൂടെയുള്ള അമ്മയാണത് ചോദിച്ചത്.
ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ വിദൂരത്തെവിടെ നിന്നോ എന്നത് പോലെ അവരുടെ നേർത്ത സ്വരം കേട്ടു.
"അന്ന് മോളെ പെണ്ണ് കാണാൻ വന്നിട്ട് ഇവനെന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമായിരുന്നു..അമ്മേ ഇനിയെനിക്ക് വേറൊരു കല്യാണം നോക്കണ്ട. ഇത് മതി എന്നാണ്. പക്ഷെ വെറും ബാങ്കിലെ ക്ലർക്കായ അവനെ വിവാഹം കഴിക്കാൻ താല്പ്പര്യം ഇല്ലെന്ന് മാത്രമല്ല മോളന്നു പറഞ്ഞത്. അവനെ പോലെയുള്ള ഒരാളെയല്ല നീ മനസ്സിൽ കണ്ടിരിക്കുന്നത് എന്നാണ്. അത് കേട്ട് അന്നവന് വലിയ വിഷമം തോന്നി.
എന്റെ കൂട്ടുകാരിയുടെ മോൾ അങ്ങനെയൊന്നും പറയില്ലെന്ന് ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി. ആ പ്രതീക്ഷയിൽ അവനും മറ്റ് ആലോചനകളൊക്കെ വേണ്ടെന്ന് വെച്ചു. പക്ഷേ ഇതുവരെ വിവാഹം ആകാത്തത് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടാണ് എന്ന് അറിയാവുന്നവരൊക്കെ പറയാൻ തുടങ്ങിയതോടെ അവന്റെ അച്ഛനും സഹോദരങ്ങളുമൊന്നും ഇത് വേണ്ട എന്ന് തീർത്തു പറഞ്ഞു. പക്ഷെ മോൻ അടുത്തിടെ കൂടി മോളെ വിളിച്ചപ്പോൾ താല്പ്പര്യം ഇല്ല എന്ന് പറഞ്ഞുവെന്നും ഇനിയീ ബന്ധത്തിന് വേണ്ടി കാത്തിരിക്കുന്നില്ലെന്നും പറഞ്ഞാണ് മറ്റൊരു വിവാഹം തീരുമാനിച്ചത്. പക്ഷെ ഞങ്ങളെല്ലാവരും ഒരുപാട് മോളെ ആഗ്രഹിച്ചിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. "
ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു നിർത്തുമ്പോൾ അമ്മയിൽ നിന്ന് അറിയാതെ ഒരു തേങ്ങൽ പുറത്ത് ചാടി.
മുഖം കുനിച്ചിരുന്ന മകനെ നോക്കിയാണ് അവർ വീണ്ടും പറഞ്ഞു തുടങ്ങിയത്.
"വിവാഹം ക്ഷണിക്കാൻ എന്റെ നിർബന്ധത്തിന് കൂടെ വന്നതാണ് അവൻ. പക്ഷെ ടീച്ചറിന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്ക് അത് തുറന്നു പറയാൻ പോലും തോന്നിയില്ല. മോളിപ്പോൾ വരുമെന്ന് പറഞ്ഞു ടീച്ചർ ഞങ്ങളെ പിടിച്ചിരുത്തിയതാണ്. അതൊരു കണക്കിന് നന്നായി എന്നിപ്പോൾ തോന്നുന്നു. മോളെ കണ്ട് എല്ലാം തുറന്നു പറയാൻ കഴിഞ്ഞല്ലോ."
യാത്ര പറഞ്ഞ് അവർ രണ്ടു പേരും ഇറങ്ങുമ്പോൾ അമ്മയും കൂടെ ഇറങ്ങി ചെന്നു. കയ്യിൽ ഇരുന്ന ക്ഷണക്കത്തിലേക്ക് ഒന്ന് കൂടി നോക്കി.. അരവിന്ദ് വിത്ത് രശ്മി!
അതെ ഇപ്പോൾ ഓർക്കുന്നുണ്ട്.ഒരു ഫോൺ കാൾ തന്നെത്തേടിയെത്തിയത്. അന്ന് കേട്ട പുരുഷ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായില്ലെങ്കിലും ഒഴിവാക്കാൻ അന്ന് പറഞ്ഞത് മനസ്സിൽ പെട്ടെന്ന് തോന്നിയ ഒരു കള്ളമായിരുന്നു. അയാളുടെ മുഖം പോലും ഓർമ്മയുണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെ പറയാനാണ് അപ്പോൾ തോന്നിയത്.
മൗനത്തിന്റെ മൂടുപടമണിഞ്ഞു കൊണ്ട് അമ്മ, സ്വയം മറന്നത് പോലെ അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ പേരറിയാത്തൊരു നൊമ്പരം തന്റെ ഉടലാകെ മൂടുന്നത് പോലെ തോന്നി. അമ്മ എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ. ആ മൗനം വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്..
ജനുവരിയുടെ മുടിത്തുമ്പിൽ നിന്ന് ഞെട്ടറ്റ് വീണ ജലകണം പോലെ, കയ്യിലിരുന്ന ആ ക്ഷണക്കത്തിലേയ്ക്ക് ഒരു കണ്ണീർക്കണം അടർന്നു വീണു!