“കഥാർസിസിന്റെ സാദ്ധ്യതകൾ മറന്നുപോയി എന്നതാണ് കഥാലോകം ഇന്ന് നേരിടുന്ന വെല്ലുവിളി. എന്റെ സ്ക്രിപ്റ്റ് ഇതിനെ മാറ്റി മറിക്കും. കസ്തൂരിക്കതിൽ നല്ല റോളാണ്. എന്റെ ക്യാൻവാസ് ലോക സിനിമയാണ്".
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ശീതീകരിച്ച ഹാളിൽ സംവിധായകനെ തൊട്ടുരുമ്മി ഇരുന്നുകൊണ്ട് ഇത് പറയുമ്പോൾ അയാൾ വിയർത്തിരുന്നു. എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് കേവലം കൂലിയെഴുത്തുകാരനായി മാറേണ്ടിവന്നതിന്റെ ജാള്യത മറച്ചുപിടിക്കാൻ നന്നേ പാടുപെട്ടു. സ്ഥിരം പറയാറുള്ള ജീവിതകഥയിലെ അമ്മ അയാളുടെ മുഖത്ത് ചിത്രം വരച്ചു. ചാണകം മണക്കുന്ന 'അമ്മ. കൈകൾ നിറയെ വരകളുള്ള ചൂണ്ടുവിരലിന്റെ നഖത്തിൽ ചെളിയുള്ള അമ്മ. അമ്മയുടെ വിരൽ മുങ്ങിത്താഴുന്ന കുണ്ടൻപാത്രത്തിൽ മോര് വെള്ളം കുടിക്കുമ്പോഴും അയാൾ ഓർത്തിരുന്നത് ഐശ്വര്യറായിയുടെ ‘വെണ്ടയ്ക്ക വിരലിനെ' കുറിച്ചായിരുന്നല്ലോ?
“എന്റെ 'അമ്മ ഫെമിനിസ്റ്റാണ്". അയാൾ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടെന്ന് കൂട്ടുകാർ ചോദിച്ചു. ആദ്യത്തെ പെണ്ണിനെ അനുഭവിച്ച് കുറ്റബോധത്താൽ ഒന്നും കഴിക്കാനാവാതെ ഭക്ഷണത്തിനു മുന്നിലിരുന്ന അവനെ അമ്മ ആശ്വസിപ്പിച്ചു.
“സാരമില്ല മാധവിക്കുട്ടി പറയുമ്പോലെ നീ ഡെറ്റോളിട്ട് കുളിക്കുകയൊന്നും വേണ്ട ഇത് മനുഷ്യ സഹജമാണ്." പക്ഷെ അയാളെഴുതിയ കഥ മറ്റൊരാളുടെ പേരിലടിച്ചു വന്നപ്പോൾ 'അമ്മ ചൊടിച്ചു.
കസ്തൂരി സന്തോഷവതിയായിരുന്നു. തന്റെ പഴയ പേരായ തങ്കമണി എന്നത് മാറ്റി കസ്തൂരി എന്ന് വിളിച്ച അയാളോട് അവൾക്ക് എന്തെന്നില്ലാത്ത അടുപ്പം തോന്നി. അവളുടെ ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റായിരുന്നു. മാത്രവുമല്ല തങ്കമണിയുടെ അഴകളവുകളാണ് ഇന്ന് ക്യാമ്പസിൽ ചർച്ച വിഷയം. തങ്കമണി എന്ന പേര് അവളെ അല്പം നാണിപ്പിച്ചു. എങ്കിലും അമ്മയുടെ ഇടപെടൽ പലപ്പോഴും അവളെ സഹായിച്ചു.
ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാനുള്ള സിനിമയിലെ നായികയാണ് അവൾ ഇന്ന്. 'അമ്മ സ്ക്രിപ്റ്റ് മുഴുവനായിട്ട് കണ്ടിട്ടില്ല. ആ ആധി മുഴുവനും അവരുടെ മുഖത്തുണ്ട്. "അടിവയർ തുറന്നു കാട്ടുന്ന സാരി. അകമ്പടിക്കു മഴ, ഗോവണിപ്പടി കയറാൻ ജീൻസ്, മാറിടത്തിന്റെ മുഴപ്പ് കാട്ടുന്ന ടീ - ഷർട്ട്" ഇതാണ് പതിവ് കോമ്പിനേഷൻ. "ഇതെപ്പിടിയാവുമോ എന്തോ?" ബിയറും പൊള്ളിച്ച കരിമീനുമായി സായാഹ്നം ആസ്വദിക്കുകയായിരുന്നു അവർ. ബിയർ കുടിച്ച് കനം വെച്ച അമ്മയുടെ മുഖം നോക്കി അരിശത്തോടെ കസ്തൂരി ചോദിച്ചു.
"എന്റെ ശരീരം മാത്രം കണ്ടു കൊണ്ടിരുന്നാൽ പ്രേക്ഷകർക്ക് മടുക്കില്ലേ തള്ളേ?"
"ഇല്ലടി പെണ്ണെ." 'അമ്മ സന്യാസിയെ പോലെ പറഞ്ഞു.
"സെക്സ് പൊള്ളിച്ച കരിമീൻ പോലെയാണ്. തിന്നു കഴിഞ്ഞാൽ മറക്കും. രുചി മാത്രം നാക്കിൽ നിൽക്കും."
പല പെണ്ണിനൊപ്പം ശയിച്ച് തീയറ്ററിലെത്തുന്നവന്റെ മനസ്സിൽ അവളുടെ അടിവയർ ഉയർത്തുന്ന പ്രശ്‌നസഞ്ചയങ്ങളെ കുറിച്ച് 'അമ്മ' സംസാരിക്കവെ നടി ഉറക്കത്തിലേക്ക് വഴുതി വീണു.
"ദൈവമേ" ഇങ്ങനെ ഉറങ്ങിയാൽ അവളുടെ ബോഡിയുടെ കെമിസ്ട്രി ആകെ മാറും. മാർക്കറ്റ് റേറ്റ് കുത്തനെ കുറയുഎം. താരമാതാവ് ആയയെ വിളിച്ച്. പതിനായിരത്തിലധികം രൂപ അധികം നൽകി മാദകനടിയുടെ പക്കൽ നിന്നും കൂടു മാറ്റിയതായിരുന്നു ആയയെ.
"എനിക്കുറങ്ങണം അത് കഴിഞ്ഞു മതി കുളി." കസ്തൂരി വിലപിച്ചു. ആര് ശ്രദ്ധിക്കാൻ.
കസ്തൂരിയെ തറയിൽ കമിഴ്ത്തി കിടത്തി പച്ചില മരുന്നുകളുടെ കുഴമ്പ് തേച്ച് പിടിപ്പിച്ച്. കാർപെറ്റിൽ കിടന്നു തുളുമ്പുന്ന മകളെ നോക്കി 'അമ്മ നിർവൃതി കൊണ്ടു. ശേഷം 'അമ്മ ബാല്യകാല സ്മരണകളിലേക്ക് ചുവടു മാറി.
"ചീവീടുകളുടെ ശബ്ദം. പുഴ മുറിച്ച് നീന്തി കയറി വരുന്ന ബലിഷ്ഠകായൻ. മഴയിൽ അയാൾ വരും. വലിഞ്ഞുമുറുകുന്ന കരങ്ങൾ. സീൽക്കാര ശബ്ദം കെട്ടടങ്ങിയ മൺവിളക്ക്.
താരമാതാവ് ഉഷാറായി.
"നാളെ ഷൂട്ടിങ് ഉള്ളതാണ് നല്ല പോലെ ശ്രദ്ധിക്കണം."
"എനിക്ക് പണി അറിയാം, ആയ ഈറ്റ പുലിയെ പ്പോലെ തിരിച്ചടിച്ചു.
പിറ്റേന്ന് ഷൂട്ടിങ് തുടങ്ങി. ദാരിദ്യ്രവും കാലുഷ്യവും കലർന്ന വേഷം. കസ്തൂരി മുഷിഞ്ഞു. പൊട്ടിച്ചിരിയുടെ ഒരു ക്ലോസപ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവൾ ആശിച്ചു. എപ്പോഴും ദുഖവും പരിഭവവും. ആകെ മടുത്തു. വൃത്തികെട്ട സാരിയും ബ്ലൗസും അവളുടെ ശരീരം വീർപ്പുമുട്ടി. ക്യാമറ അവളുടെ മുഖത്ത് മാത്രം ഫോക്കസ് ചെയ്യുകയാണ്. പുത്തൻ അനുഭവം. സംവിധായകന് ഒരു കുലുക്കവുമില്ല. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ചലച്ചിത്രോത്സവങ്ങൾ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള മഹത്തായ സിനിമയിലാണ് കസ്തൂരി അഭിനയിക്കുന്നത്. അതും മലയാളത്തിന്റെ മഹാനടനോടൊപ്പം" അവളുടെ കണ്ണുനീർ എന്നിട്ടും തോർന്നില്ല. താരമാതാവും, ആയയും അവളെ ആശ്വസിപ്പിക്കാൻ കഴിയുന്നത്ര ശ്രമിച്ചു.
ഫിലിം ഫെസ്റ്റല്ലേ .... അപ്പോൾ ഒരു കിടപ്പറ രംഗമെങ്കിലുമുണ്ടാകും. സംവിധായകനെ മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തോ ഒരു രഹസ്യം അയാൾ ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. ചിലപ്പോൾ ഏതെങ്കിലും ചൂടൻ രംഗമാകാം." താരമാതാവ് തന്റെ അനുഭവ സമ്പത്ത് വെളിപാടുപോലെ വിളിച്ച് പറയാൻ തുടങ്ങി.
"പരിശുദ്ധയായ വീട്ടമ്മയായാലെന്ത്? ഭർത്താവ് ബ്രായുടെ ഹുക്കഴിക്കുന്ന രംഗം തിരുകി കയറ്റാമല്ലോ? അല്ലെങ്കിൽ മുറ്റമടിക്കുമ്പോൾ നിതംബത്തിന്റെ നിമ്നോന്നതങ്ങൾ" താരമാതാവ് അവസാനിപ്പിക്കാനുള്ള മറ്റു കാണിക്കുന്നില്ല. സെറ്റിൽ വെച്ച് അവർ സഹസംവിധായകനോട് തുടർന്നു.
"കസ്തൂരിയുടെ ഹിറ്റുകൾ കണ്ടിട്ടുണ്ടോ? അതിലെ പാട്ടു സീൻ... ചുംബന രംഗങ്ങൾ".
ഈ പടം പുറത്തിറങ്ങിയാൽ കസ്തൂരി വലിയ നടിയായി അംഗീകരിക്കപ്പെടും. സാഹസം,വിധായകൻ സവിനയം മൊഴിഞ്ഞു. സ്ക്രിപ്റ്റിന്റെ അവസാന ഭാഗം എങ്ങിനെ? എഴുത്തുകാരനെ പോലും കിട്ടുന്നില്ലല്ലോ? അമ്മയുടെ ആശങ്കകൾ കൂടി കൂടി വന്നു.
"എല്ലാം സംവിധായകന്റെ തലയ്ക്കകത്താണ്." സഹ സംവിധായകന്റെ മൊഴി.
"അപ്പോൾ എഴുത്തുകാരൻ, സംവിധായകൻ ഒരു ബോറനാണ്. "
നായികയുടെ ഏകാന്തത ചിത്രീകരിക്കാൻ ഒരു മഴത്തുള്ള പാട്ടെങ്കിലും ചിത്രീകരിക്കാമായിരുന്നു. അത് കസ്തൂരിയെ ഉത്തേജിപ്പിക്കുമെന്നും, അവൾ മനോധർമ്മമിടുമെന്നും എന്തുകൊണ്ട് അയാൾ ചിന്തിക്കുന്നില്ല. അവളുടെ ആരാധകർ തീയേറ്ററിലേക്ക് ഇടിച്ചുകേറുമെന്നും ഈ മണ്ടൻ ഓർക്കുന്നില്ല"
സഹ സംവിധായകൻ കാര്യങ്ങൾ മനസ്സിലാക്കി പതമുള്ളിടത്ത് കുഴിയ്ക്കുക. ഫീൽഡിലെ തന്റെ ഗുരു (കഞ്ചാവ് +മദ്യം = ലഹരി) വചനം അയാൾ ഓർത്തു.
"അടുത്ത വിഷുവിന് സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ എന്റെ പടം പുറത്തു വരും. അത് 'അമ്മ പറഞ്ഞ രീതിയിലുള്ളതാണ്. കസ്തൂരിയുടെ ഡേറ്റ് വേണം. ഒരു നിർമ്മാതാവിനെ ഞാൻ നോട്ടമിട്ടുവച്ചിട്ടുണ്ട്.”
അപ്പോഴേക്കും സംവിധായകന്റെ ശബ്ദം ഉയർന്നു സ്റ്റാർട്ട് ആക്ഷൻ. മറ്റൊരു സീനിലേക്ക് തിരിയുന്ന ക്യാമറ. ജീവിത വിജയം നേടിയ സഹപാഠിയെ കാണുന്ന നായിക. ലൂസായ ബ്ലൗസും പിഞ്ഞിയ സാരിയും അണിഞ്ഞു കസ്തൂരി. മുഖത്ത് മേക്കപ്പിള്ള. മകളെ കണ്ട താരമാതാവിന്റെ നെഞ്ചു തകർന്നു. സ്ക്രിപ്റ്റ് നോക്കാതെ ഡേറ്റ് കൊടുത്ത തന്റെ മണ്ടത്തരത്തിൽ അവർ ശപിച്ചു. എഴുത്തുകാരനെ കണ്ട് തിരക്കഥയിൽ മാറ്റം വരുത്തുക അതേയുള്ളൂ പോംവഴി.
അന്ന് രാത്രി താരമാതാവ് അഹങ്കാരത്തിന്റെ മൂടുപടമൂരിവെച്ച് എഴുത്തുകാരനെ ചെന്ന് കണ്ടു. വിലകുറഞ്ഞ റമ്മിന്റെ മണമുള്ള മുറിയിൽ തലയും ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അയാൾ മക്മൽ ബാഫിനെയും, കിംഗ് ദി ഡുക്കിനെയും മനസ്സിൽ ധ്യാനിച്ച് ക്ലൈമാക്സ് സീൻ എഴുതുവാനുള്ള ആ ഇരുപ്പ് താരമാതാവ് വന്നു അലോസരപ്പെടുത്തി.
"മകൾ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു. താങ്കളുടെ ഡയലോഗുകൾ പറഞ്ഞ് പറഞ്ഞ് അവൾ താങ്കളുടെ ആരാധികയായി മാറി.
"തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി തന്നെ കാണാൻ കത്ത് നിൽക്കുക. സന്തോഷമേയുള്ളൂവെന്നു പറഞ്ഞു എഴുത്തുകാരൻ മെല്ലിച്ച കൈ കൊണ്ട് ഗ്ലാസിൽ നിറഞ്ഞു നിന്ന റം ഒറ്റ വലിക്ക് കുടിച്ചു. അതോടെ അയാൾ പരവശനും ദേഹം വിയർത്തവനുമായി. ഇത്തരം സന്ദർഭങ്ങളെ അപരിചിതമായ ഭാവത്തോടെയും അയാൾ കസ്തൂരിയെ സ്വീകരിച്ചു.
അവൾ ശകുന്തളയെപ്പോലെ ലജ്ജാവതിയായി നിലത്ത് ചിത്രം വരച്ചു.
"നിങ്ങൾ സംസാരിക്കൂ" താരമാതാവ് തന്ത്രപൂർവ്വം അരങ്ങൊഴിഞ്ഞു.
കസ്തൂരി അയാൾക്കരികെ ഇരുന്നു. നേർത്ത വസ്ത്രങ്ങൾ മാംസളമായ ഫ്രെയിമുകൾ തീർത്തു. കസ്തൂരി അയാളെ മുട്ടിയുരുമ്മിക്കൊണ്ട് പറഞ്ഞു.
"കഥയിൽ ചെറിയ മാറ്റം. ഭർത്താവിനോടുള്ള ദേഷ്യം സഹിക്കാതെ പൂർവ്വ കാമുകനുമായി ശയിക്കുന്ന രംഗം അതുമതി. അതിന് പകരം ഞാൻ" എന്തും തരും"
എഴുത്തുകാരൻ വിറയലോടെ പറഞ്ഞു.
"സോദരി എന്റെ മനസ്സിൽ ഉദാത്തമായ അന്വേഷണത്വരയോടെ അലയുന്ന ഒരാൾ ഉണ്ട്. പക്ഷെ പട്ടിണിയും പരിവട്ടവും അന്നേരം കിട്ടിയതാണ് ഈ ചാൻസ്. ഞാൻ പാവം കൂലിയെഴുത്തുകാരൻ. സംവിധായകനാണ് രാജാവ്."
കാര്യമായി ഒന്നും ഭക്ഷിക്കാത്തതിനാൽ അയാളുടെ നാവ് പുറത്തേക്ക് തള്ളി നിന്നു.
"പെങ്ങൾ എന്നോട് ക്ഷമിക്കണം" എഴുത്തുകാരൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. കഥാപാത്രങ്ങളെ മാറ്റി മറിക്കാൻ സ്വാതന്ത്രമില്ലാത്ത എന്നെ വെറുതെ വിടൂ...പെങ്ങളെ"
കസ്തൂരി വിരലിലുണ്ടായിരുന്ന മോതിരങ്ങൾ ഊരിയെടുത്ത് അയാൾക്ക് നേരെ എറിഞ്ഞു.
"ഇത് വിറ്റു പട്ടിണി മാറ്റ്. ഈ വക പണി കളഞ്ഞു ആണിനെ പോലെ ജീവിക്ക്".
ദേഷ്യം കൊണ്ട് അവൾ വിറച്ചു. സാരി മാറി, ബ്ലൗസിനിടയിലൂടെ അവളുടെ മുലകൾ ത്രസിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു. അതുകണ്ട എഴുത്തുകാരൻ കൈകൂപ്പിക്കൊണ്ട് വിളിച്ചു.
"അമ്മേ"