മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സ്കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി വരുമ്പോഴെല്ലാം അയാള്‍ തന്നെ നോക്കുന്നത് മിനിമോള്‍ കാണാറുണ്ട്‌. കവലയിലെ മാടക്കടയുടെ സൈഡില്‍ കാവി കൈലി ഉടുത്ത് പഴയ ഒരു ഷര്‍ട്ടുമിട്ട് നരച്ചു തുടങ്ങിയ കുറ്റി

രോമങ്ങള്‍ നിറഞ്ഞ മുഖവുമായി അയാള്‍ എന്നും ഉണ്ടാവും. ക്ഷീണം നിറഞ്ഞതെങ്കിലും മിനിമോളെ കാണുമ്പോള്‍ ആ മുഖം തെളിയും. ഒരിക്കലും അയാള്‍ മിനിമോളോട് മിണ്ടാറില്ല. വെറുതെ ഇങ്ങനെ നോക്കി നില്‍ക്കും. വീട്ടിലെ പടത്തില്‍ കാണുന്ന ഈശോ മിശിഹായുടെ കണ്ണുകളാണ് അയാള്‍ക്കെന്ന് മിനിമോള്‍ക്ക്‌ തോന്നും. കരുണ നിറഞ്ഞ, കണ്ടാല്‍ സങ്കടം തോന്നുന്ന കണ്ണുകള്‍.  

മമ്മിയോടൊപ്പം ആനിയമ്മായിയുടെ വീട്ടില്‍ നിന്ന് തിരിച്ചു വന്ന ദിവസം മിനിമോള്‍ ഓര്‍ത്തു. അന്ന് മാടക്കടയില്‍ നിന്നും നീണ്ടു വന്ന കണ്ണുകള്‍ മമ്മിയുടെ കണ്ണുകളില്‍ ഉടക്കി നിന്നത് മിനിമോള്‍ കണ്ടതാണ്. നടക്കെടീ അസത്തെ എന്ന് പറഞ്ഞ് മമ്മി അവളുടെ തലയ്ക്കു കിഴുക്കി. പിന്നെ അവളുടെ കൈ പിടിച്ചു വലിച്ച് വേഗം നടന്നു പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ അവരില്‍ നിന്നും മാറാതെ ആ കണ്ണുകള്‍ അവിടെ തന്നെ നിന്നതും മിനിമോള്‍ കണ്ടതാണ്.

പപ്പയും മമ്മിയും വഴക്കിടുമ്പോള്‍ മിനിമോള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കും. ചുറ്റും പാത്രങ്ങള്‍ തകരുകയും അലര്‍ച്ചയും കരച്ചിലും മുറുകുകയും ചെയ്യുമ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കും. അപ്പോള്‍ മാടക്കടയിലെ രണ്ടു കരുണ നിറഞ്ഞ കണ്ണുകള്‍ മനസ്സില്‍ തെളിഞ്ഞു വരും. കള്ളു കുടിച്ചിട്ടു വന്നാല്‍ പപ്പ ചീത്തയാണ്‌. മമ്മിയോടു വഴക്കിടും, പിന്നെ ഒത്തിരി തല്ലും. അപ്പുറത്തെ ഷിജയുടെ അമ്മ തടസം പിടിക്കാന്‍ വന്നാല്‍ ചീത്ത വിളിക്കും. അഴിഞ്ഞാടി നടന്നവളെന്ന് പപ്പ മമ്മിയെ വിളിക്കുന്നത്‌ എന്തിനാണെന്ന് മിനിമോള്‍ക്ക്‌ അറിയില്ല. പപ്പയുടെ തലയില്‍ ആരോ എന്തോ കെട്ടിവെച്ചത് എന്തിനാണെന്നും അവള്‍ക്കറിയില്ല. മമ്മി രാത്രി മുഴുവന്‍ മിനിമോളെ കെട്ടിപ്പിടിച്ചു കരയും.

ഒരു ദിവസം രാവിലെ മമ്മിയെ പപ്പ കാറില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. മിനിമോള്‍ അപ്പോള്‍ ജനലഴികളില്‍ പിടിച്ച് കാറിന്‍റെ പുറകിലെ പാവയെ നോക്കി നില്‍ക്കുകയായിരുന്നു. ഷിജയുടെ അമ്മ മിനിമോളെ ചേര്‍ത്ത് പിടിച്ച് കണ്ണ് തുടച്ചു. മമ്മി തിരിച്ചു വന്നത് നല്ല ഭംഗിയുള്ള ഉടുപ്പൊക്കെ ഇട്ട് ഒരു പെട്ടിയിലായിരുന്നു. മമ്മി അന്ന് നല്ല സുന്ദരിയായിരുന്നു. എപ്പോഴും കാണുന്ന കരഞ്ഞ മുഖമല്ല. മാലാഖമാരെ പോലെ തിളങ്ങുന്ന മുഖം. പെട്ടി അടച്ചു കുഴിയില്‍ ഇറക്കിയപ്പോള്‍ മിനിമോളും ഒരു പിടി മണ്ണു വാരിയിട്ടു.

മമ്മി സ്വര്‍ഗ്ഗത്തില്‍ പോയതാണെന്ന് ആനിയമ്മായി മിനിമോളോട് പറഞ്ഞു. സ്വര്‍ഗ്ഗം നല്ല സ്ഥലമാണെന്ന് മിനിമോള്‍ കേട്ടിട്ടുണ്ട്. മമ്മി അവിടെ പോയത് നന്നായെന്ന് അവള്‍ക്കു തോന്നി. മമ്മിക്ക്‌ ഇനി കരയണ്ടല്ലോ. വലുതാവുമ്പോള്‍ ഒരു കയറില്‍ തൂങ്ങി സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന് മിനിമോള്‍ തീര്‍ച്ചയാക്കി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പോലീസ് മാമന്മാര്‍ വന്ന് പപ്പയെ കൂട്ടിക്കൊണ്ടു പോയി. ആനിയമ്മായി അന്ന് വൈകിട്ട് മിനിമോളുടെ സാധനങ്ങള്‍ പെട്ടിയില്‍ നിറച്ച് വീട് പൂട്ടി ഇറങ്ങി.

ആനിയമ്മായിയോടൊപ്പം  ബസ് കാത്തു നിന്നപ്പോള്‍ മിനിമോള്‍ തിരിഞ്ഞ് മാടക്കടയിലേക്ക് നോക്കി. ഈശോ മിശിഹായുടെ കണ്ണുകള്‍ അവിടെ കണ്ടില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ