ചുറ്റും എന്തൊക്കെയോ കോലാഹലങ്ങൾ കേട്ടുകൊണ്ടാണ് അയാൾ കണ്ണുതുറക്കാൻ ശ്രമിച്ചത്! നാശങ്ങൾ; മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ! തികട്ടിവന്ന ഒരു തെറിയുടെ അകമ്പടിയോടെ അയാൾ
ചാടിയെഴുന്നേറ്റു. ഇല്ല, എഴുന്നേൽക്കാൻ പോയിട്ടു് ഒന്നു ചലിക്കാൻ പോലുമാകുന്നില്ല.
ചുറ്റും കുശുകുശുക്കലുകളുടെ ആക്കം കൂടിവരുന്നു.
തലയ്ക്കു തൊട്ടുമുകളിൽ ഏട്ടാ എന്നൊരു നിലവിളി പിടഞ്ഞമർന്നു.
നെഞ്ചിൽ ഒരു കുഞ്ഞിളം കൈയുടെ തലോടൽ.
"ച്ചാ ബാ കളിച്ചാൻ ബാ"
ആ കുഞ്ഞുശബ്ദം തന്റെ കാതിൽ അലയടിക്കുമ്പോൾ തന്റെ കുഞ്ഞിന്റെ മുഖമൊന്നോർത്തെടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു.
വെളുക്കുംമുമ്പേ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ കണ്ടിരുന്ന തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ മുഖം വ്യക്തമാകുന്നില്ല! ഇടവഴികളിൽ ഇരുളുചേക്കേറുമ്പോൾ, ആടിയും പാടിയും ഇഴഞ്ഞും വലിഞ്ഞും വീടെത്തുന്ന അയാൾ പൂർണ്ണബോധത്തോടെ ഒരിക്കലെങ്കിലും തന്റെ കുഞ്ഞിന്റെ മുഖമൊന്നു കണ്ടിട്ടുണ്ടാകുമോ!
രാത്രിയാണോ? അതോ പകലോ? പുകമറയ്ക്കുള്ളിൽ പെട്ടതുപോലെ അയാളുടെ ചിന്തകൾ അപ്പോഴും തലയ്ക്കുമുകളിൽ വട്ടം ചുറ്റി നിന്നു.
പടിക്കലൊരു കാർ വന്നുനിൽക്കുന്ന ശബ്ദം. ഡോറുകൾ തുറന്നടയുന്നു.
"എന്റെ മോനേ", മുഖത്തു് തെരുതെരെ വീഴുന്ന ചുംബനങ്ങൾ. അമ്മ!
കാലുകളിൽ നിർവികാരമായ രണ്ടു തണുത്തകൈകൾ പിടിമുറുക്കുന്നു;
അച്ഛൻ !
നെഞ്ചിൽ വീണുപൊള്ളുന്ന കണ്ണീർച്ചൂട്, കുഞ്ഞിപ്പെങ്ങൾ !
പെറ്റിക്കോട്ടുമിട്ട് ബാലൂട്ടാന്ന് വിളിച്ചു പിന്നാലെ നടന്നവൾ. ഇവൾ ഇത്രയ്ക്ക് വളർന്നോ!
കണ്ണുകളെ മൂടിവെച്ച് താൻ ഇതുവരെ എവിടെയായിരുന്നു?
ഒന്നെഴുന്നേൽക്കണം.
അവൻ നിസ്സഹായനായി തന്റെ ചുറ്റും കൂടിനിൽക്കുന്നവരെ ഒന്നു നോക്കി.
കണ്ണുകളിൽ സങ്കടക്കടലോടെ ജീവിതയാത്രയിൽ എവിടെയോ താൻ മറന്നുവെച്ച കളിക്കൂട്ടുകാർ; കവിതയുടെ അമ്മാവന്മാർ.
കവിത! അവളെവിടെ?
കല്യാണപ്പന്തലിൽ നിന്നും താലിചാർത്തി കൈപിടിച്ചു കൂടെച്ചേർത്തവൾ. മധുവിധുവിന്റെ മധുരം നിറച്ച വാക്കുകളാൽ സങ്കടപ്പെടുത്തില്ലെന്ന് ഉറപ്പു കൊടുത്തവൾ!
എവിടെയാണ് തനിക്കു പിഴച്ചുപോയത്?
മദ്യത്തിന്റെ രുചി നുണഞ്ഞ ആദ്യ ദിനങ്ങളിൽ മദ്യം നമ്മെ കൊന്നുകളയുന്ന നിശബ്‌ദകൊലയാളിയാണെന്നും ഇനിയും ആവർത്തിക്കരുതെന്നും അവൾ കണ്ണീരോടെ തന്നോടു യാചിച്ചിരുന്നു. പക്ഷേ എല്ലാം മൂളിക്കേട്ട് ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് അവളുടെ തലയിൽ തൊട്ടു് വാക്കു കൊടുത്തിട്ടും, വൈകുന്നേരങ്ങളിലെ പുതിയ സൗഹൃദങ്ങൾ അവനെന്നും ലഹരിയായി. മോൻ ജനിച്ചപ്പോൾ അവനും അതിൽ നിന്നുമൊരു മോചനം കൊതിച്ചിരുന്നു. പക്ഷേ ലഹരിയിലേക്ക് വലിച്ചടുപ്പിക്കുന്ന ആസക്തിയെ മറികടക്കാൻ അവനായില്ല. ഇന്നലെയും ലഹരി അവനെ ഉന്മത്തനാക്കി. പതിവു തെറ്റിച്ചു് കൂടെയുള്ളവന്റെ ബൈക്കും എടുത്തുള്ള വീട്ടിലേക്കുള്ള യാത്ര; തീക്കണ്ണുമായി എതിരെ പാഞ്ഞടുത്ത ലോറിക്കടിയിൽ ഞെരിഞ്ഞമരുകയായിരുന്നു!
സമയമായി എന്ന് ആരോ പറയുന്നല്ലോ;
ആരൊക്കെയോ തന്നെ വാരിയെടുക്കുന്നു. എങ്ങോട്ടാണ് ഇവർ തന്നെ കൊണ്ടുപോകുന്നത്.
കൊണ്ടുപോകല്ലേ.
ആരൊക്കെയോ അലറിക്കരയുന്നു.
ഇരന്നുവാങ്ങിയ മരണത്തിന്റെ തണുത്ത കൈകൾ അവന്റെ വായ മൂടിയതറിയാതെ എന്നെ വിടൂ എന്നൊന്നലറിക്കരയാൻ അവനും കൊതിച്ചു.
തെക്കേത്തൊടിയിൽ, ഏറെ ആഗ്രഹിച്ചു അവൻ നട്ട ചെന്തെങ്ങിന്റെ ചോട്ടിൽ ഒന്നു മിണ്ടാൻ കൊതിച്ചു, ഒന്നു ചലിക്കാൻ കൊതിച്ചു, നെഞ്ചു പൊട്ടിക്കരയുന്ന പ്രിയപ്പെട്ടവരോടൊത്തിരിക്കുവാൻ കൊതിച്ചു; ആറടിമണ്ണിൽ എല്ലാ ലഹരികളെയും മറക്കാൻ പഠിച്ചവൻ കിടന്നു!