(Jomon Antony)
കഴുതെ... നടക്ക് കഴുതെ... പിന്നിൽ നടക്കുന്ന ആരൊ കഴുതയെ ചാട്ട വീശി അടിക്കുന്നു. കഴുത അസഹ്യമായ ചൂടും ചുമടും താങ്ങി മരുഭൂമിയിലൂടെ നടക്കുകയാണ്. കഴുതക്ക് വിശ്രമിക്കണമെന്നുണ്ട്.
ഈ യാത്രയിൽ കഴുതക്ക് വിശ്രമം മരീചികപോലെയാണ്. വർഷങ്ങളിലെപ്പോഴോ വീണു കിട്ടുന്ന വിശ്രമം. തിന്നു കൊഴുത്ത് അമറുന്ന പശുക്കളേയും കിടാങ്ങളേയും നോക്കി നടക്കുമ്പോൾ കഴുതക്ക് സന്തോഷം തോന്നും. തന്റെ കഠിനമായ കഷ്ടപ്പടുകൊണ്ട് ഇവർക്കു സന്തോഷിക്കാനും ജീവിക്കാനും കഴിയുന്നു. മഴയും കാറ്റും ഇടിയും മിന്നലും പിന്നെ തെളിനീലാകാശവും കണ്ട് കഴുത നടന്ന് തുടങ്ങുമ്പോൾ തന്നെ വിശ്രമപരിധി അവസാനിക്കും. ചുട്ടുപഴുക്കുന്ന മണൽക്കാടുകളിലേക്കുള്ള തിരിച്ചു പോക്ക്. ഉറക്കത്തിലേക്ക് അടഞ്ഞ കണ്ണുകളിൽ തെളിഞ്ഞു വന്ന ദൃശ്യങ്ങൾ.
ഉറങ്ങാൻ കിടക്കുംബോൾ ഒരു കഥയെഴുതണമെന്ന ചിന്തയയിരുന്നു തന്റെ മനസ്സിൽ. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുംബോൾ മോളെ മുലയൂട്ടാനെണീറ്റ ഭാര്യ തന്നെ നോക്കി ചോദിച്ചു.
”എന്തു പറ്റി വയറുവേദനയാണോ? ”
“അല്ല പ്രസവ വേദന.” അങ്ങനെ പറയാനാണ് തോന്നിയത്. എങ്കിലും നിശ്ശബദനായി ചെറു ചിരിയോടെ അയാൾ കണ്ണൂകളടച്ചു.
”ഒരല്ലി വെളുത്തുള്ളിയെടുത്ത് കഴിക്ക്. വയറു നിറച്ച് ചീത്തവിളി എനിക്കു തന്നതല്ലേ . താങ്കൾക്ക് ദഹനക്കുറവുണ്ടാകും.”
വീണ്ടും ഭാര്യയുടെ ശബ്ദം. മനസ്സിൽ തന്നോടുള്ള നീരസമോ ദേഷ്യമോ തളം കെട്ടുമ്പോളാണ് താങ്കൾ, ഇദ്ദേഹം, മിസ്റ്റർ എന്നീവാക്കുകൾ സഹധർമിണി തന്നെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നത്. തനിക്ക് ചിരി വന്നു: കാരണം ഷൂവിന്റെ പ്രശ്നം അവവസാനിച്ചിട്ടില്ല.
ഓഫീസിൽ നിന്നും ഐറങ്ങാൻ നേരമാണ് ഭാര്യയുടെ ഫോൺ വിളി വന്നത്.
“അതേ മോൾടെ ഷൂ വഴിയിൽ വീണു പോയെന്നാ തോന്നുന്നത്. രണ്ടും കാണാനില്ല.”
“അതെങ്ങനെ പോയി. നീ ശ്രദ്ധിച്ചിരുന്നില്ലേ? അല്ലെങ്കിലും നിനക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ല. ആ ചുവന്ന ഷൂ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഹോ കളഞ്ഞില്ലേ?”
തന്നെ വന്ന് കണ്ടിട്ട് ഭാര്യയും മോളും തിരികെപോയിട്ട് അധിക നേരമായിട്ടില്ല. പൊതുവേ ക്ഷിപ്രകോപിയായ തന്റെ തലച്ചോറിലേക്ക് ദേഷ്യം തുളച്ച് കയറി. വാക്കുകൾ അമ്പുകളായി സഹധർമ്മിണിക്ക് നേരേ എയ്ത് ഫോൺ കട്ട് ചെയ്തു. തല വിങ്ങി നിന്നു. ചെവിയിൽ എന്തോ ഇരച്ചു കയറി. മനസ്സിൽ നിരത്തിലെവിടെയോ വീണു കൊടുക്കുന്ന ഷൂവാണ്. കുഞ്ഞിക്കാലുകളോട് ഒട്ടിക്കിടക്കൻ അതെത്ര ആഗ്രഹിച്ചു കാണും. വീണുകിട്ടുന്ന പാസ്സ്പോർട്ടോ മറ്റു വിലപ്പെട്ട രേഖകളോ പോലും കച്ചറ ഡ്രമ്മിലേക്ക് തള്ളുന്ന മുനിസിപ്പാലിറ്റിയുടെ ക്ലീനേഴ്സ് തന്റെ കുഞ്ഞിന്റെ ഷൂ കളയാതിരിക്കുമോ. പകരം ഒന്നു വാങ്ങാം എന്നാലും അതിനു പകരമാകില്ലല്ലോ.
നഷ്ടബോധത്തിന്റെ കൂട്ടിക്കിഴിപ്പുകൾ മനസ്സിൽ നടത്തി ഭാര്യയെ വീണ്ടും ശകാരിക്കാൻ ഫോണെടുക്കുംബോഴാണ് അങ്കപ്പുറാപ്പാടെയുള്ള വിളി വന്നത്.
“അതേ ഇദ്ദേഹത്തിനിതെന്തയിത്ര വിഷമം. ഒരു ഷൂ പോയെന്നു വെച്ച് മറ്റൊന്നു വാങ്ങാൻ പറ്റില്ലേ .. കഴിഞ്ഞ മാസം ഓർമ്മയില്ലാതെ വാച്ച്മാന് അഞ്ചെന്നു കരുതി അഞ്ഞൂറ് എടുത്ത്കൊടുത്തത്? അന്ന് ഞാനെന്തെങ്കിലും പറഞ്ഞോ. ഇതിപ്പോ ഷൂ പോയെന്നും പറഞ്ഞിത്നെന്തൊരു ബഹളമാ?”
ഫോൺ കട്ട് ചെയ്ത പത്നിയുടെ പക്ഷം ന്യായമാണ്. പക്ഷേ...
റൂമിലേക്ക് നടക്കുംബോൾ തന്റെ കണ്ണുകൾ നിരത്തിൽ തിരഞ്ഞത് കളഞ്ഞു പോയ ഷൂവാണ്. വഴിയിൽ നിന്നും അവ രണ്ടും തിരിച്ചുകിട്ടിയിരുന്നെങ്കിൽ.
വിലകകൂടിയ ഷൂവണിഞ്ഞിരുന്ന താൻ മുന്നോട്ട് നടക്കുമ്പോൾ ഓർമ്മകൾ ഉരുണ്ടു കൂടി.
തന്റെ ബാല്യം. ഗ്രാമത്തിലെ ധനികനായ അച്ചായന്റെ മകന്റെ കാലുകളിലായിരുന്നു തന്റെ കണ്ണുകൾ. തനി ലെതറിൽ ഹീലു കൂടിയ ചെരുപ്പ്. റോഡിലെ പൂഴിവെള്ളം തേകി ചെളിപുരണ്ട കാലുകളോടെ നടന്ന് വരുന്ന തന്നെക്കാണുന്ന അവൻ എപ്പോഴും കളിയാക്കാറുണ്ടായിരുന്നു. നഗ്നപാദനായി പ്രത്യക്ഷപ്പെടുന്ന തനിക്ക് തേഞ്ഞുപതം വന്ന ഒരു ജോഡി ലെതർ ചെരുപ്പെങ്കിലും ഇടണമെന്ന മോഹമുണ്ടായിരുന്നു.
ആദ്യകുർബ്ബാന സ്വീകരണത്തിന് തന്റെ സഹോദരികൾക്ക് കിട്ടിയതുപോലെ തനിക്കും ഷൂ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കിട്ടിയത് പാരഗൺ ചെരുപ്പാണ്. ആ പാരഗൺ ചെരുപ്പിൽ തന്റെ നിയോഗത്തിന്റെ മുദ്രയുണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മരണം ആസന്നാമായെന്ന അറിവോടെയാവാകാം അപ്പച്ചൻ തനിക്കന്ന് റബ്ബർ ചെരുപ്പ് വാങ്ങി തന്നത്. കല്ലും മുള്ളൂം താണ്ടി ചുമട് താങ്ങുംബോൾ തന്റെ കാലുകൾ നോവരുതെന്ന് അച്ചായൻ ആഗ്രഹിച്ചിരിന്നിരിക്കും. മണ്ണ് അരിച്ച് കയറി തുടങ്ങിയപ്പോഴാണ് ആ ചെരുപ്പ് ഉപേക്ഷിച്ചത്. അപ്പോൾ കഴുതക്കാലുകൾ പോലെ കാലുകൾ പതംവെച്ചിരുന്നു.
നിയോൺ വെളിച്ചം പൂത്തുകിടക്കുന്ന നിരത്തിൽ നിന്നും ഷൂ കണ്ടെടുക്കാൻ കഴിയാത്ത വിഷമത്തോടെയാണ് താൻ ഡോർ തുറന്ന് കടന്ന് അകത്ത് കയറിയത്. സന്തത സഹചാരിയായ ഇന്റ്യൂഷൻ അതിനിടയിൽ രൂപപ്പെട്ടിരുന്നു. ഭാര്യർയ ഓർമ്മയില്ലാതെ ഷൂ എവിടെയെങ്കിലും ഊരിവെച്ചതായിരിക്കാം. അല്ലെങ്കിൽ മോൾ കളിക്കുന്നതിനിടെ വലിച്ചെറിഞ്ഞതാകാം.
നിനച്ചതുപോലെ തന്നെ സംഭവിച്ചു. താൻ ഷൂ ഊരി വെക്കുംബോൾ കബ്ബോർഡിൽ മോളുടെ ചുവന്ന് ഷൂകൾ. അതേ അവക്ക് മോളുടെ കുഞ്ഞികാലുകളോട് ഒട്ടികിടക്കനാണ് നിയോഗം. ആ ഷൂവെടുത്ത് ഭാര്യയെ കാണിക്കുംബോൾ തനറിയാതെ ചിരിച്ച് പോയി.
ചിന്തകളിൽ നിന്നുമുണർന്ന് തിരിഞ്ഞു നോക്കുംബോൾ അമ്മയും കുഞ്ഞും ഉറങ്ങിയിരുന്നു. ഉറങ്ങിക്കോളു. ഞാനുറങ്ങിയാലും എന്റെ മനസ്സുണർന്നിരിക്കുകയാണ്, മറ്റൊരു നിയോഗമെന്ന പോലെ.